Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

 


ഒരു സാഹിത്യദൈവത്തിൻ്റെ അന്ത:സംഘർഷങ്ങൾ

എം.കെ.ഹരികുമാർ



 
 
 മാനവരാശിയുടെ ചരിത്രത്തിലെ അതിമഹത്തായ  തിരിഞ്ഞുനോട്ടം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പുസ്തകത്തെക്കുറിച്ചാണ് ഇവിടെ എഴുതുന്നത് .വളരെ ക്രൂരവും നിശിതവുമായ പോസ്റ്റ്മോർട്ടമാണിത്. ശരീരത്തിൻ്റെ പോസ്റ്റ്മോർട്ടമല്ല;മനസ്സിൻ്റെ. ഇതുപോലെ ഒരു മനുഷ്യൻ്റെയുള്ളിലേക്ക് ആരെങ്കിലും സഞ്ചരിച്ചിട്ടുണ്ടോയെന്ന് സംശയിക്കണം. കാരണം സാഹിത്യത്തിൻ്റെ പാരമ്യമാണിത്. മനുഷ്യൻ എന്താണ് എന്ന് അറിയണമെങ്കിൽ ഈ കൃതി വായിക്കണം. ദസ്തയെവ്സ്കിയുടെ Notes from Underground (അടിത്തട്ടിൽ നിന്നുള്ള കുറിപ്പുകൾ ,1864 ) എന്ന നോവലിനെക്കുറിച്ചാണ് ഇവിടെ എഴുതുന്നത്.മാനവരാശിയെ അടുത്തറിയാനുള്ള ഒരു മാർഗമാണ് ഈ കൃതി.

ഇതെഴുതാൻ ഒരു സാധാരണ മനസ്സ് മാത്രം പോരാ.സഹിത്യമെഴുതാനുള്ള വെറും പ്രചോദനം പോരാതെ വരും. എഴുതാൻ വേണ്ടി സ്വന്തം രക്തത്തിൽ കൈമുക്കുകയാണ് ദസ്തയെവ്സ്കി .ഒരു നാല്പതുകാരൻ്റെ മനോവിചാരങ്ങളാണിതിലുള്ളത്. അത് വായിക്കുന്നതോടെ നമ്മൾ അയാളെ മാത്രമല്ല ,സകല മനുഷ്യരെയും മനസ്സിലാക്കും.മനുഷ്യൻ എന്താണെന്ന് പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട്‌. മനുഷ്യൻ സാമാന്യം തരക്കേടില്ലാത്ത ഒരു വിഡ്ഢിയാണെന്ന് ഈ നോവൽ വായിക്കുന്നവർക്ക് തോന്നിയേക്കാം. എന്നാൽ മനുഷ്യൻ അവനെത്തന്നെ എത്ര വേണമെങ്കിലും നശിപ്പിക്കുന്നവനാണെന്ന് ഇത് ബോധ്യപ്പെടുത്തും. ഒരു സാധാരണ കിണറല്ല അവൻ്റെ മനസ്സ്; അത്യഗാധമായ ഒരു വലിയ കിണറാണ്. അതിൻ്റെ ആഴങ്ങൾ കണ്ടെത്താനേ കഴിഞ്ഞെന്നു വരില്ല. അതിനു  ആഴം നിശ്ചയമായും ഉണ്ട്. എന്നാൽ അതേ സമയം അത് യാഥാർത്ഥ്യവുമല്ല;അത് അവ്യക്തവും സാങ്കല്പികവും പെട്ടെന്ന് മാറുന്നതുമാണ്.ഒരു അറ്റമില്ലാത്ത ,ആഴമുള്ള കിണറിനെ സങ്കല്പിക്കാനാവുമോ ?അതുപോലെ ആഴമുള്ളതും ആഴം അപ്രാപ്യവുമായ ഒരു കിണറിനെപ്പറ്റി ചിന്തിക്കാനാവുമോ ? ആഴം നല്ലപോലെയുണ്ട്. എന്നാൽ അത് എപ്പോഴും അങ്ങനെയായിരിക്കില്ല .അത് കൃത്യമായ ആഴമായിരിക്കില്ല.ചിലപ്പോൾ അത് മിഥ്യയായിരിക്കും; അല്ലെങ്കിൽ ശൂന്യതയായിരിക്കും. ഈ സന്ദിഗ്ദ്ധാവസ്ഥ ദസ്തയെവ്സ്കിയുടെ കഥാപാത്രത്തിലുണ്ട് .

അയാൾ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ജോലി ഉപേക്ഷിച്ചു പോന്നവനാണ്. തൻ്റെ നാല്പത് വയസ്സിനെ അയാൾ ഒരു മഹാവഴിത്തിരിവായാണ് കാണുന്നത്.ആ പ്രായത്തിൽ അയാൾ ജീവിതത്തെ കാണുകയാണ്.സ്വയം ഇഴപിരിച്ച് പരിശോധിക്കുന്നതിൽ ആനന്ദം കാണുകയാണ്.തൻ്റെ ഭൂതകാലത്തിൻ്റെ വാൽ പരമാവധി ചുരുട്ടി അകർമ്മണ്യതയുടെയും മിഥ്യാ സ്വപ്നങ്ങളുടെയും പരദ്വേഷത്തിൻ്റെയും അടയാളമാക്കി ഭദ്രമായി സൂക്ഷിച്ചിരിക്കയാണ് അയാൾ.
'അടിത്തട്ടിൽ നിന്നുള്ള കുറിപ്പുകൾ' ആ മനുഷ്യൻ്റെ യഥാർത്ഥ സ്വരൂപമാണ് പുറത്തെടുത്തിടുന്നത്. ഒരു ചത്ത മൃഗത്തിൻ്റെ  ആന്തരാവയവങ്ങൾ നായ വലിച്ചു പുറത്തിടുന്നതു പോലെയാണ് അത് വിന്യസിക്കപ്പെട്ടിരിക്കുന്നത്. അയാൾ സ്വയം അനാവൃതനാവുകയാണ്. അതിൽ അയാൾ ആശ്വസിക്കുന്നുമുണ്ട്. താൻ മറ്റുള്ളവരിൽ നിന്ന് എങ്ങനെയെല്ലാം മറയ്ക്കപ്പെട്ടു എന്ന് കണ്ടുപിടിക്കുന്നതിൽ ആ നാല്പതുകാരൻ വിരുതു കാണിക്കുകയാണ്. അടിത്തട്ട് അല്ലെങ്കിൽ ഇടുങ്ങിയ ചെറിയ സ്ഥലം ആ മനസ്സു തന്നെയാണ്.അതാകട്ടെ ,ആ കാലഘട്ടത്തിലെ റഷ്യൻ ജീവിതത്തിൻ്റെ വളരെ വെറുക്കപ്പെട്ടതും ഔദ്യോഗികമായി വാഴ്ത്തപ്പെട്ടതും സ്വീകരിക്കപ്പെട്ടതുമായ ഒന്നാണ്.അങ്ങനെയൊരു ജീവിതം പലരും ആഘോഷിച്ചതിലെ അർത്ഥശൂന്യത അറിഞ്ഞുകൊണ്ടു തന്നെ അയാൾ താൻ എങ്ങനെയാണ് ഒരു ക്രൂരമായ ആനന്ദം നേടിയതെന്ന് വിവരിക്കുന്നു.


ഈ നോവൽ തുടങ്ങുന്നതു തന്നെ വിചിത്രമായ ഒരു കാര്യം അറിയിച്ചുകൊണ്ടാണ്.സെൻ്റ് പീറ്റേഴ്സ് ബർഗ് വിട്ടുപോകാൻ കൂട്ടാക്കാത്ത അയാൾ ഒരു രോഗിയാണെന്ന് പ്രസ്താവിക്കുന്നു. എന്താണ് രോഗമെന്നോ ,എവിടെയാണ് രോഗമെന്നോ അറിയില്ല .ചികിത്സയുമില്ല .എന്നാൽ മരുന്നു കഴിക്കുന്നത് വളരെ ഇഷ്ടവുമാണ്‌. ചികിത്സിക്കാൻ പോകാത്തത് മനസിലെ മടുപ്പ് മൂലമാണ്. എന്നാൽ എന്തിനെങ്കിലും തന്നെക്കൊണ്ട് കൊള്ളാമെന്ന് തുറന്നു പറയാൻ അയാൾക്കാവില്ല .കാരണം ഓഫീസിൽ അയാൾക്ക് തന്നോടു പോലും ആത്മാർത്ഥത കാണിക്കാനായില്ല .എല്ലാവരും അയാളെ വെറുത്തു.എന്നാൽ വെറുപ്പിക്കാൻ വേണ്ടി താൻ കരുതിക്കൂട്ടി വിചിത്രസ്വഭാവം കാണിക്കുകയും അകാരണമായി ദേഷ്യപ്പെടുകയും ചെയ്തുവെന്നാണ് ഇപ്പോൾ പറയുന്നത്. താൻ എന്താണോ അത് മറച്ചുവയ്ക്കുകയും എന്നാൽ എന്താണോ മറ്റുള്ളവർ കണ്ടത് അത് തെറ്റാണെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

 
അയാൾക്ക് ഒടുങ്ങാത്ത പകയാണ്.ഒരു പ്രത്യേക വ്യക്തിയോടല്ല ;ആരോടെല്ലാമാണെന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരമില്ല. അകാരണമാണത്. അതിന് ഉത്തരവാദി മറ്റാരുമല്ല. അയാൾക്ക് മുന്നിൽ വന്നു പെടുന്നതിനെയെല്ലാം വെറുക്കുന്നതിൽ പ്രത്യേക വൈദഗ്ദ്ധ്യമുണ്ട്. ബുദ്ധിയുള്ളവരെ അയാൾ ഇഷ്ടപ്പെടുന്നേയില്ല.എന്നാൽ വിഡ്ഢികളോട് പ്രത്യേക താത്പര്യമുണ്ട്.ഇതിനു സാധൂകരണമായി ഒരു സിദ്ധാന്തം തന്നെ ,ആ ജോലി വേണ്ടെന്നു വച്ച കരം പിരിവ് ഉദ്യോഗസ്ഥൻ നിരത്തുന്നുണ്ട്: വിഡ്ഢിക്ക് എന്തെങ്കിലും ആയിത്തീരാൻ സാധിക്കും.പത്തൊൻപതാം നൂറ്റാണ്ടിൽ വിഡ്ഢിയായി ജീവിക്കുന്നതാണത്രേ ഉത്തമം .കാരണം അത് ഒരു വ്യക്തിത്വമില്ലാതെ ജീവിക്കുന്നതിൻ്റെ സുഖം തരും. ബന്ധു മരിച്ചപ്പോൾ അവകാശമായി ആറായിരം റൂബിൾ കിട്ടിയതോടെ ജോലി ഉപേക്ഷിച്ച് സ്വന്തം സങ്കേതത്തിലേക്ക് അലസമായി ചുരുങ്ങിക്കൂടിയ ഈ മനുഷ്യനെ  റഷ്യയിലെ മധ്യവർഗത്തിൻ്റെ ജീർണതയുടെ പ്രതീകമായി കാണാവുന്നതാണ്. അയാൾ  തുറന്നു സമ്മതിക്കുന്നു ,തനിക്ക് ഒരു കീടം പോലുമാകാനായില്ലെന്ന് .അതിനു കാരണം ,ഒരു പക്ഷേ ,അയാളുടെ ഈ ദുഷിച്ച ചിന്തയായിരിക്കാം. എല്ലാറ്റിനെയും ഓരോ കള്ളികളിലാക്കുന്ന സ്വഭാവം തന്നെ അയാളെ ദുഷിപ്പിച്ചിരിക്കുന്നു. ഒന്നിലും സത്യമോ മേന്മയോ കാണാൻ പറ്റാത്ത വിധം ആ വ്യക്തി സ്വന്തം അന്തരംഗത്തിൻ്റെ കൃത്രിമത്വത്തിൽ അധ:പ്പതിച്ചിരിക്കുന്നു.

യഥാർത്ഥത്തിൽ മനുഷ്യവ്യക്തി ഒരു യാഥാർത്ഥ്യമാണോ ?സ്വഭാവം എന്ന് പറയുന്നത് ഒരു ആവരണം മാത്രമല്ലേ ?സ്വഭാവ കണങ്ങൾ ഓരോന്നായി പരിശോധിക്കുകയാണെങ്കിൽ അവസാനം എന്താവും ശേഷിക്കുക. ? ദസ്തയെവ്സ്കി നടത്തുന്ന പോസ്റ്റ്മോർട്ടം ചെന്നെത്തുന്നത് ഒരു സ്ഥിരമായ സ്വഭാവമോ മഹിമയോ മനുഷ്യനില്ല എന്ന തത്ത്വത്തിലേക്കാണ്. അവൻ സ്വയം കെട്ടിപ്പൊക്കുന്ന ചില ധാരണകൾ മാത്രമാണുള്ളത്. ആ ധാരണകൾ ,പുറംലോകത്തു നിന്നു നോക്കുന്ന ഏതൊരാൾക്കും യഥാർത്ഥമായി തോന്നുമെന്നാണ് അവൻ്റെ ചിന്ത.അതിലാണ് അവൻ ജീവിച്ചു പോകുന്നത് .താൻ ചെയ്യുന്ന തെറ്റുകളെ ഒരുവൻ ന്യായീകരിക്കുന്നത് ഈ ബലത്തിലാണ്. സ്ഥിരതയില്ലാത്ത ,പരസ്പര വിരുദ്ധമായ അനേകം കാര്യങ്ങളുടെ സങ്കീർണമായ ഒരു അസംബന്ധമാണ് താനെന്ന് ഒരാൾ അറിയണമെന്നില്ല .അതറിയാൻ പറ്റാത്ത വിധം അയാൾ ഊരാക്കുരുക്കുകളിലാണല്ലോ. അസ്തിത്വത്തിൻ്റെ പരമപ്രധാനമായ ഒരു താക്കോലാണ് നോവലിസ്റ്റ് അന്വേഷിക്കുന്നത്.



ഈ നോവലിൽ ദസ്തയെവ്സ്കി തുറന്നിടുന്നത് തൻ്റെ പില്ക്കാല നോവലുകളായ കരമസോവ് സഹോദരന്മാർ ,കുറ്റവും ശിക്ഷയും തുടങ്ങിയവ എഴുതാനുള്ള ആത്മീയ പശ്ചാത്തലമാണ്. തൻ്റെ ബൃഹത്തായ  കഥാപാത്ര വിശകലനരീതിയുടെ തുടക്കം ഈ നോവലിൽ കാണാം. മനുഷ്യൻ ഒരു താത്ത്വിക ജീവിയായിരിക്കാം. എന്നാൽ അവൻ്റെ മനസ്സ് ഒരു തത്ത്വശാസ്ത്രത്തെയും അംഗീകരിക്കുന്നില്ല. എല്ലാറ്റിനെയും എങ്ങനെ നശിപ്പിക്കാം ,അപഹസിക്കാം എന്നാണ് ചിന്ത.അതിനോട് യുദ്ധം ചെയ്ത് ഒരു പക്വത നേടുന്നതിനെയോ,കൃത്രിമമായി ഒരു വലിയ തത്ത്വത്തെ അനുസരിക്കാൻ പാകപ്പെടുന്നതിനെയോ ആണ്  ധാർമ്മികത എന്ന് വിളിക്കുന്നത്‌. ധാർമ്മികത ഒരു പുറംമോടിയാണെന്ന് നോവലിൽ പറയുന്നത് ,ഒരാൾ താനൊരു വ്യക്തിത്വമില്ലാത്തവനാണെന്ന് അംഗീകരിക്കുമ്പോഴാണ്  .

സ്വാർത്ഥതയുടെ വലിയ കൂടാരം.

'അടിത്തട്ടിൽ നിന്നുള്ള കുറിപ്പുകളി 'ൽ സ്വന്തം കഥ പറയുന്ന ഈ നാല്പതുകാരനെ റഷ്യൻ പൊതുജീവിതത്തിൻ്റെ അന്ത: ചേതനയുടെ പ്രതിനിധാനമായി കാണാമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് എങ്കിൽ അത് എത്ര ഭയാനകമായിരിക്കും. ?കാരണം പൊതുജീവിതത്തിൻ്റെ എല്ലാ മൂല്യങ്ങളെയും പുച്ഛിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ഇയാൾ എന്താണ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ? ഒന്നും തന്നെയില്ല .ഒന്നിൻ്റെയും വക്താവോ അനുയായിയോ അല്ലാത്ത അയാൾ സകലതിൽ നിന്നും  അകന്നു നില്ക്കുകയാണ്. സ്വാർത്ഥതയുടെ വലിയ കൂടാരമാണയാൾ. എങ്ങനെയാണ് സ്നേഹിക്കാതിരിക്കുക എന്ന് ആലോചിച്ച് രോഗം വന്ന ഈ കഥാപാത്രം ,അധികം ചിന്തിക്കുന്നത് അപകടമാണെന്ന് ആദ്യമേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ആത്മാനുരാഗിക്ക് ആരെയും പ്രണയിക്കാൻ കഴിയുന്നില്ല .അങ്ങനെയാണ് അയാൾ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. ഓരോ ചിന്തയുടെ നട്ടുച്ചയിലേക്കും എത്തിച്ചേരുന്നതോടെ ,താൻ ഇതിനെല്ലാം മുകളിലാണെന്ന് വൃഥാ കരുതുകയാണ്. ഒരാധിപത്യം എല്ലാറ്റിലും വേണം. എന്നാൽ താനത് ആഗ്രഹിക്കുന്നില്ലെന്ന് സ്ഥാപിക്കുകയും വേണം. പ്രണയത്തെക്കുറിച്ച് അയാൾ പറയുന്ന കാര്യങ്ങൾ ഇവിടെ സംഗ്രഹിച്ചെഴുതാം:
"ഒന്നു രണ്ടു തവണ ഞാൻ പ്രണയിച്ചു. എന്നാൽ ഒരു പ്രയോജനവുമുണ്ടായില്ല. വല്ലാത്ത മടുപ്പുണ്ടായി.വല്ലാത്ത ഒരു വെറുപ്പ് എന്നെ ബാധിച്ചു. എന്നാലും പ്രേമിക്കണമെന്നുണ്ട്. എനിക്ക് നല്ല അസൂയയുണ്ട്. ഒരു കാര്യം പറയാം. എനിക്ക് പ്രണയിക്കാൻ കഴിയില്ല. പ്രണയിക്കണമെങ്കിൽ ഞാൻ എൻ്റെ മേൽ ഒരു ശപഥം നടത്തണം. ഒരു കാമുകന് മേൽക്കൈ വേണം. അല്ലെങ്കിൽ അതെനിക്ക് സുഖകരമാവില്ല.എന്നിൽ പ്രേമിക്കാനുള്ള താല്പര്യമുണ്ട്. പ്രണയം ഒരു എതിരിടലാണ്. അവിടെ ഒരാൾ കീഴടങ്ങണം. പ്രണയിക്കുമ്പോൾ കീഴടക്കാനായി മനസിൽ വെറുപ്പാണ് ഉണ്ടാകുന്നത്.പിന്നീട് അതിനു ആധിപത്യം ലഭിക്കുകയാണെങ്കിൽ ഞാൻ വിവശനാകുക തന്നെ ചെയ്യും. കാരണം കാമുകിയെ കൈയിൽ കിട്ടിയ സ്ഥിതിക്ക് പിന്നെന്താണ് ചെയ്യാനുള്ളത്. ?എൻ്റെ ഏകാന്തത നഷ്ടപ്പെടുന്നതറിഞ്ഞ് ഞാൻ കഷ്ടപ്പെടുകയായിരുന്നു."

ഇത് അയാളുടെ മനോവിചാരങ്ങളുടെ ആകെത്തുകയാണ്. ദസ്തയെവ്സ്കി നോവലിൻ്റെ ഒടുവിൽ ,ഈ കഥാപാത്രം എഴുത്തുകാരനാണെന്ന വസ്തുത ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ഇങ്ങനെയുള്ള ഒരാൾ എഴുത്തുകാരനാകുന്നതിൽ അത്ഭുതമില്ല.കാരണം അയാൾ തൻ്റെ വൃത്തികെട്ട മനോഭാവങ്ങളെ നന്നായി സാമാന്യവത്ക്കരിക്കുകയാണ്. എല്ലാവരും ഈ തലങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് പൊതുവായി പ്രസ്താവിക്കാൻ നോവലിസ്റ്റ് ശ്രമിക്കുന്നുമുണ്ട്. മനുഷ്യൻ ആന്തരികമായി ഒരു നരകമാണ്. പളുങ്ക് പാത്രങ്ങൾ കാണുന്നതും സ്വന്തമാക്കുന്നതും അവന് കൗതുകമാണ്. അവൻ യഥാർത്ഥത്തിൽ അതാഗ്രഹിക്കുന്നുമുണ്ട്‌.എന്നാൽ അത് കൈയിൽ വന്നു ചേർന്നാൽ ആ കൗതുകവും ആഗ്രഹവും അസ്തമിക്കും. ആ പാത്രങ്ങൾ എവിടെയെങ്കിലും ,കാണത്തക്കവിധം  പ്രദർശിപ്പിച്ചെന്നിരിക്കും. പക്ഷേ ,പിന്നീട് തിരിഞ്ഞു നോക്കുക പോലുമില്ല.

എന്താണ് കാരണം ?ആ പാത്രങ്ങളെ അയാൾ ജയിച്ചിരിക്കുന്നു. അതിൻ്റെ സൗന്ദര്യത്തെ കീഴടക്കിയതുകൊണ്ട് ,പിന്നെ അതിനു പുതുമയില്ല .ജീവിതം തന്നെ ഇങ്ങനെ പുതുമയില്ലാത്തതാവുകയാണെങ്കിലോ ?അപ്പോഴാണ് നിരാശ ഒരാവരണമായി മനസ്സിനെ വരിയുന്നത്. സ്വന്തം ഇരുട്ടിൻ്റെ അനന്തതകളിലേക്ക് ഉൾവലിഞ്ഞുപോകുന്നത് സുഖമായി  അനുഭവപ്പെടും. ദസ്തയെവ്സ്കി Underground  എന്ന് വിവക്ഷിക്കുന്നത് ഈ ഇരുട്ടിനെയാണ്. അപ്പോൾ സുഖമോ ?

നൈരാശ്യം സുഖമാണെന്ന് നോവലിൽ ഒരിടത്ത്‌ പറയുന്നുണ്ട്. നിരാശയ്ക്ക് ഒരു സ്ഥിരത കിട്ടുകയാണെങ്കിൽ മനുഷ്യമനസ്സ് അതിൽ നിന്ന് സുഖം തേടാൻ തുടങ്ങും.പല്ലുവേദനയെ ഒരു രൂപകമായെടുത്ത് നോവലിൽ ഇത് വിശദീകരിക്കുന്നുണ്ട്. സുഖം ഐച്ഛികമായ ഒരു സമ്പത്തല്ല; എന്നാൽ അത് രോഗത്തിലും ദുഃഖത്തിലും നിരാശയിലുമുണ്ട്. ചിലർക്ക് ദുരിതകാലത്തോട് കുറേ കഴിയുമ്പോൾ ഒരാഭിമുഖ്യം തോന്നും. താൻ ആ അവസ്ഥയ്ക്ക് താരതമ്യേന ഇണങ്ങുന്നവനാണെന്ന ചിന്ത ,ഒരു പ്രത്യേക ഘട്ടത്തിൽ അയാൾക്ക്‌ ആശ്വാസമായിത്തുടങ്ങും.

പല്ലുവേദന മൂലം പുളയുന്ന ഒരാൾ ,പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു സവിശേഷ മാനസികാവസ്ഥയിലൂടെ കടന്നു പോകുകയാണത്രേ. വേദനിച്ചു കരഞ്ഞ അയാളിൽ സാവധാനം മാറ്റമുണ്ടാകുന്നു. അയാൾ വേദനയോടെ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ കുറേക്കൂടി സംസ്കാരത്തിൻ്റെ അടയാളങ്ങളായി കരുതാൻ തുടങ്ങും. മറ്റാളുകൾക്ക് അത് എങ്ങനെയെല്ലാം ദ്രോഹകരമാണെന്ന് ചിന്തിക്കാൻ സമയമില്ല .ആ മനുഷ്യൻ സ്വന്തം വേദനയിലും അതിൻ്റെ ഭാഗമായുള്ള ചേഷ്ടകളിലുമാണ് വിശ്വസിക്കുന്നത്. അത് ആവർത്തിക്കുന്നതിലൂടെ അയാൾക്ക്‌ സുഖം കിട്ടിത്തുടങ്ങുന്നു. മറ്റുള്ളവർ വെറുപ്പോടെ കാണുന്ന ആ ചേഷ്ടകളെ അയാൾ പക്ഷേ ,വ്യത്യസ്തവും മഹത്തരവുമായി കാണുകയാണ്. തൻ്റെ രോഗം മറ്റുള്ളവർ ശ്രദ്ധിക്കണമെന്ന വികാരമാണ് അയാളെ ആവേശിച്ചിട്ടുള്ളത്. അത് അവർ ശ്രദ്ധിക്കാൻ വേണ്ടി അയാൾ അനവസരത്തിലും ,തൻ്റെ മൂളലും കരച്ചിലും ആവർത്തിക്കും. ഇത്തരം സുഖങ്ങളും യഥാർത്ഥമാണ്.മറ്റേതു സുഖവും പോലെ ഇതും പ്രധാനമാണ്. ഒരാൾ ഏത് നരകത്തിലൂടെ പോകുന്നുവെന്നതല്ല പ്രധാനം. ആ നരകത്തെ തനിക്ക് മാത്രം സുഖം പകരുന്നതും മറ്റാളുകൾക്കെല്ലാം ദ്രോഹം വരുത്തുന്നതുമായി വ്യാഖ്യാനിക്കുന്നിടത്താണ് അത് സാമൂഹ്യ ജീവിതത്തിൻ്റെയാകെ ജീർണതയായി പരിണമിക്കുന്നത്.
ഇതിൻ്റെയർത്ഥം അയാൾ തനിക്ക് വേണ്ടി ഇങ്ങനെ വ്യാഖ്യാനിക്കുന്നു. ചിന്തിക്കുന്നവർക്ക് സ്വസ്ഥതയുമില്ല അഭിമാനവുമില്ല. ഇത് എഴുത്തുകാരൻ്റെ അനുഭവവുമാകാം. സങ്കീർണമായ രചനാപ്രക്രിയ ആവശ്യപ്പെടുന്നത് ആത്മപീഡനമാണ്. യാഥാർത്ഥ്യങ്ങൾ എത്ര വികൃതമായിരുന്നാലും ,അതിൽ താൻ എത്രമാത്രം ഗാഢമായി അമർന്നിരിക്കുന്നുവെന്ന് പുറത്തു പറയാനുള്ള ആത്മാർത്ഥതയ്ക്ക് വിലയുണ്ട്.

പിശാചിൻ്റെ ഇടം

സ്വയം നശിക്കുന്നതിനെ മഹത്വമായി കാണുന്ന ജർമ്മൻ ആത്മരതിയുടെ  ബൗദ്ധിക കാലാവസ്ഥയെ രൂക്ഷമായി ആക്രമിക്കുന്ന കൃതിയാണ് Notes from Underground .യൂറോപ്യൻ വ്യക്തിവാദത്തെ ദസ്തയെവ്സ്കി എന്നും എതിർക്കുകയാണ് ചെയ്തത്. മനുഷ്യൻ അവൻ്റെ വിശ്വാസത്തിലും ധാർമ്മികതയിലും ഊന്നി കൂടുതൽ നല്ലവനാകണമെന്ന ഒരു ബോധ്യത്തിലേക്ക് അദ്ദേഹം എത്തുന്നത് പിന്നീടാണ്‌.യൂറോപ്യൻ വ്യക്തിവാദം റഷ്യയെ പിടിച്ചടക്കിയ ആ കാലം എത്രമാത്രം ആന്തരികമായി തകർന്നതാണെന്ന് ഈ കൃതി വായിക്കുന്നവർക്ക് വ്യക്തമാകും. അവനവൻ്റെ വ്യക്തിപരമായ ന്യായവാദങ്ങളെ മറ്റെല്ലാ അനുഭവങ്ങളേക്കാൾ വിലയുള്ളതായി കാണുകയാണ്  .ഒരു അയഥാർത്ഥ സമൂഹത്തെ ലക്ഷ്യം വച്ച് നീങ്ങുന്ന പ്രത്യയശസ്ത്രങ്ങൾ മനുഷ്യനെ നേരത്തേ തന്നെ ആന്തരികമായി കാർന്നു തിന്നിട്ടുണ്ടാവും.അവൻ ശരീരം എന്ന പ്രതീകം മാത്രമായിരിക്കും.



ഒരാളുടെ ഏറ്റുപറച്ചിൽ പോലും കെട്ടുപിണഞ്ഞതും യുക്തിക്ക് വേണ്ടി കരുതിക്കൂട്ടി മെനയുന്നതുമാകുകയാണ്. ഇതാണ്  നോവലിൻ്റെ ആഖ്യാനരീതി.ഇത് Underground അല്ല Crawl space ആണെന്ന്  സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. അതായത് ,റഷ്യൻ നാടോടി കഥാപാരമ്പര്യം വച്ച് ആ ഇടം ദുഷ്ട ആത്മാക്കളുടെ വിഹാര രംഗമാണ്.അങ്ങനെ നോക്കുമ്പോൾ മനുഷ്യൻ്റെയുള്ളിൽ പിശാച് വാഴുന്നിടത്ത് നിന്നുള്ള വിശേഷങ്ങളാണ് ദസ്തയെവ്സ്കി എഴുതുന്നത്. മറ്റാർക്കും പ്രവേശനമില്ലാത്ത അവിടെ ദുഷ്ട ആത്മാക്കളാണുള്ളത്; അവരുടെ ദുഷ്ടവിചാരവും. നിഷേ ,കാഫ്ക തുടങ്ങിയ പ്രഗത്ഭരായ എഴുത്തുകാരെ സ്വാധീനിച്ച കൃതിയാണിത്. ഇത് മനസ്സിൻ്റെ അകം ഭയപ്പെടുത്തുന്ന അധോലോകമാണെന്ന് കാണിച്ചു തരുന്നു.

മിലിട്ടറി എഞ്ചിനീയറിംഗ് പഠനകാലത്ത് തൻ്റെ പിതാവിനെ അദ്ദേഹത്തിൻ്റെ തൊഴിലാളികൾ വധിച്ചത് ദസ്തയെവ്സ്കിയുടെ ജീവിതം തന്നെ കൈവിട്ടുപോകാനിടയാക്കി. അക്കാലത്ത് ഒരാദർശമെന്ന നിലയിൽ  സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി.എന്നാൽ അത് തീരാ ദുരിതമാണ് മടക്കിത്തന്നത്. സോഷ്യലിസ്റ്റ് ലഘുലേഖ വിതരണം ചെയ്തതിൻ്റെ പേരിൽ 1849 ൽ അറസ്റ്റിലാവുകയായിരുന്നു. എട്ട് മാസം ജയിൽശിക്ഷ വിധിക്കപ്പെട്ടു. ഒടുവിൽ സഹതടവുകാരോടൊപ്പം ദസ്തയെവ്സ്കിയെ  വെടിവെച്ച് കൊല്ലാൻ ഉത്തരവായി.എന്നാൽ വിധി നടപ്പാക്കുന്നതിനു തൊട്ടുമുമ്പ് ആ ഉത്തരവ് റദ്ദാക്കപ്പെട്ടു. കുറ്റവാളികളെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു ലക്ഷ്യം .എന്നാൽ ജയിൽ മോചിതനായില്ല. അദ്ദേഹത്തെ സൈബീരിയൻ  ലേബർ ക്യാമ്പിലേക്ക് കൊണ്ടുപോയി .നാല് വർഷം അവിടെ കഴിഞ്ഞു. അതിനു ശേഷം നാല് വർഷം നിർബന്ധിത സൈനിക സേവനത്തിനു നിയോഗിക്കപ്പെട്ടു.ഈ കാലമായപ്പോഴേക്കും അദ്ദേഹം സോഷ്യലിസ്റ്റ് ചിന്തകളിൽ നിന്ന് അകന്നു കഴിഞ്ഞിരുന്നു.



 
 1860 കളിൽ ദസ്തയെവ്സ്കി ജർമ്മനിയിൽ  ജീവിച്ചത് വീക്ഷണപരമായ വ്യതിയാനത്തെ കൂടുതൽ ദൃഢമുള്ളതാക്കി. ആ കാലം ദാരിദ്ര്യവും ദുരിതവും നിറഞ്ഞതായിരുന്നു. ശത്രുവായിരുന്ന തുർജനേവിനോടു പോലും പണം കടം ചോദിച്ച് കത്തെഴുതേണ്ടി വന്നു. ജർമ്മൻ ജനതയുടെ വ്യക്തിവാദപരമായ ആദർശങ്ങളെ വെറുത്ത അദ്ദേഹം പാശ്ചാത്യ യൂറോപ്യൻ ജീവിതമൂല്യങ്ങൾ ആപത്ക്കരമാണെന്ന് മനസിലാക്കി.ഇത് റഷ്യയെയും നശിപ്പിക്കുമെന്ന് ഭയന്നു. യുക്തിവാദവും വ്യക്തിവാദവും റഷ്യയുടെ പരമ്പരാഗതമായ മതമൂല്യങ്ങളെയും സദാചാരത്തെയും നശിപ്പിക്കുമെന്ന് ദീർഘദർശനം ചെയ്ത അദ്ദേഹം അതിനെ പ്രതിരോധിക്കാനാണ് Notes from Underground എഴുതിയത്.എൻ.ജി ചെർണിഷെവ്സ്കിയുടെ വാട്ട് ഈസ് ടു ബീ ഡൺ (1863) എന്ന നോവലിനോടുള്ള പ്രതികരണമായിട്ടും ഇത് വായിക്കപ്പെടുന്നു .ചെർണിഷെവ് സ്കി ഒരു യുക്തിവാദിയും യൂറോപ്യൻ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ വക്താവായിരുന്നു.എന്നാൽ സോഷ്യലിസ്റ്റ് ആശയങ്ങളിലുടെ ഉയരുന്ന ലോകം മനുഷ്യൻ്റെ നന്മകളെ കാണാതിരിക്കുകയും അടിച്ചമർത്തുകയുമാണ് ചെയ്യുന്നതെന്ന വിമർശനമാണ് പില്ക്കാലത്ത് ദസ്തയെവ്സ്കി ഉയർത്തിപ്പിടിച്ചത്.

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...