Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language 


M K Harikumar 

Translation: Prameela Tharavath 


Crescent crowns are numerous

In my language

It occupies its position

On all lettersIn it’s own sequence

 


Oh! my language dances in the sky 

Fluttering its crescent wings

All living things in the universe 

Are My language 

But it’s laced with the lunar glory forever

 

In the aching totality of existence

All the time 

When overgrown

In reminiscences 

In dreams The moonlit language 

Opens a celestial window  

Of joy and hope

 

 

BACK TO HOME

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

 


ഒരു സാഹിത്യദൈവത്തിൻ്റെ അന്ത:സംഘർഷങ്ങൾ

എം.കെ.ഹരികുമാർ



 
 
 മാനവരാശിയുടെ ചരിത്രത്തിലെ അതിമഹത്തായ  തിരിഞ്ഞുനോട്ടം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പുസ്തകത്തെക്കുറിച്ചാണ് ഇവിടെ എഴുതുന്നത് .വളരെ ക്രൂരവും നിശിതവുമായ പോസ്റ്റ്മോർട്ടമാണിത്. ശരീരത്തിൻ്റെ പോസ്റ്റ്മോർട്ടമല്ല;മനസ്സിൻ്റെ. ഇതുപോലെ ഒരു മനുഷ്യൻ്റെയുള്ളിലേക്ക് ആരെങ്കിലും സഞ്ചരിച്ചിട്ടുണ്ടോയെന്ന് സംശയിക്കണം. കാരണം സാഹിത്യത്തിൻ്റെ പാരമ്യമാണിത്. മനുഷ്യൻ എന്താണ് എന്ന് അറിയണമെങ്കിൽ ഈ കൃതി വായിക്കണം. ദസ്തയെവ്സ്കിയുടെ Notes from Underground (അടിത്തട്ടിൽ നിന്നുള്ള കുറിപ്പുകൾ ,1864 ) എന്ന നോവലിനെക്കുറിച്ചാണ് ഇവിടെ എഴുതുന്നത്.മാനവരാശിയെ അടുത്തറിയാനുള്ള ഒരു മാർഗമാണ് ഈ കൃതി.

ഇതെഴുതാൻ ഒരു സാധാരണ മനസ്സ് മാത്രം പോരാ.സഹിത്യമെഴുതാനുള്ള വെറും പ്രചോദനം പോരാതെ വരും. എഴുതാൻ വേണ്ടി സ്വന്തം രക്തത്തിൽ കൈമുക്കുകയാണ് ദസ്തയെവ്സ്കി .ഒരു നാല്പതുകാരൻ്റെ മനോവിചാരങ്ങളാണിതിലുള്ളത്. അത് വായിക്കുന്നതോടെ നമ്മൾ അയാളെ മാത്രമല്ല ,സകല മനുഷ്യരെയും മനസ്സിലാക്കും.മനുഷ്യൻ എന്താണെന്ന് പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട്‌. മനുഷ്യൻ സാമാന്യം തരക്കേടില്ലാത്ത ഒരു വിഡ്ഢിയാണെന്ന് ഈ നോവൽ വായിക്കുന്നവർക്ക് തോന്നിയേക്കാം. എന്നാൽ മനുഷ്യൻ അവനെത്തന്നെ എത്ര വേണമെങ്കിലും നശിപ്പിക്കുന്നവനാണെന്ന് ഇത് ബോധ്യപ്പെടുത്തും. ഒരു സാധാരണ കിണറല്ല അവൻ്റെ മനസ്സ്; അത്യഗാധമായ ഒരു വലിയ കിണറാണ്. അതിൻ്റെ ആഴങ്ങൾ കണ്ടെത്താനേ കഴിഞ്ഞെന്നു വരില്ല. അതിനു  ആഴം നിശ്ചയമായും ഉണ്ട്. എന്നാൽ അതേ സമയം അത് യാഥാർത്ഥ്യവുമല്ല;അത് അവ്യക്തവും സാങ്കല്പികവും പെട്ടെന്ന് മാറുന്നതുമാണ്.ഒരു അറ്റമില്ലാത്ത ,ആഴമുള്ള കിണറിനെ സങ്കല്പിക്കാനാവുമോ ?അതുപോലെ ആഴമുള്ളതും ആഴം അപ്രാപ്യവുമായ ഒരു കിണറിനെപ്പറ്റി ചിന്തിക്കാനാവുമോ ? ആഴം നല്ലപോലെയുണ്ട്. എന്നാൽ അത് എപ്പോഴും അങ്ങനെയായിരിക്കില്ല .അത് കൃത്യമായ ആഴമായിരിക്കില്ല.ചിലപ്പോൾ അത് മിഥ്യയായിരിക്കും; അല്ലെങ്കിൽ ശൂന്യതയായിരിക്കും. ഈ സന്ദിഗ്ദ്ധാവസ്ഥ ദസ്തയെവ്സ്കിയുടെ കഥാപാത്രത്തിലുണ്ട് .

അയാൾ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ജോലി ഉപേക്ഷിച്ചു പോന്നവനാണ്. തൻ്റെ നാല്പത് വയസ്സിനെ അയാൾ ഒരു മഹാവഴിത്തിരിവായാണ് കാണുന്നത്.ആ പ്രായത്തിൽ അയാൾ ജീവിതത്തെ കാണുകയാണ്.സ്വയം ഇഴപിരിച്ച് പരിശോധിക്കുന്നതിൽ ആനന്ദം കാണുകയാണ്.തൻ്റെ ഭൂതകാലത്തിൻ്റെ വാൽ പരമാവധി ചുരുട്ടി അകർമ്മണ്യതയുടെയും മിഥ്യാ സ്വപ്നങ്ങളുടെയും പരദ്വേഷത്തിൻ്റെയും അടയാളമാക്കി ഭദ്രമായി സൂക്ഷിച്ചിരിക്കയാണ് അയാൾ.
'അടിത്തട്ടിൽ നിന്നുള്ള കുറിപ്പുകൾ' ആ മനുഷ്യൻ്റെ യഥാർത്ഥ സ്വരൂപമാണ് പുറത്തെടുത്തിടുന്നത്. ഒരു ചത്ത മൃഗത്തിൻ്റെ  ആന്തരാവയവങ്ങൾ നായ വലിച്ചു പുറത്തിടുന്നതു പോലെയാണ് അത് വിന്യസിക്കപ്പെട്ടിരിക്കുന്നത്. അയാൾ സ്വയം അനാവൃതനാവുകയാണ്. അതിൽ അയാൾ ആശ്വസിക്കുന്നുമുണ്ട്. താൻ മറ്റുള്ളവരിൽ നിന്ന് എങ്ങനെയെല്ലാം മറയ്ക്കപ്പെട്ടു എന്ന് കണ്ടുപിടിക്കുന്നതിൽ ആ നാല്പതുകാരൻ വിരുതു കാണിക്കുകയാണ്. അടിത്തട്ട് അല്ലെങ്കിൽ ഇടുങ്ങിയ ചെറിയ സ്ഥലം ആ മനസ്സു തന്നെയാണ്.അതാകട്ടെ ,ആ കാലഘട്ടത്തിലെ റഷ്യൻ ജീവിതത്തിൻ്റെ വളരെ വെറുക്കപ്പെട്ടതും ഔദ്യോഗികമായി വാഴ്ത്തപ്പെട്ടതും സ്വീകരിക്കപ്പെട്ടതുമായ ഒന്നാണ്.അങ്ങനെയൊരു ജീവിതം പലരും ആഘോഷിച്ചതിലെ അർത്ഥശൂന്യത അറിഞ്ഞുകൊണ്ടു തന്നെ അയാൾ താൻ എങ്ങനെയാണ് ഒരു ക്രൂരമായ ആനന്ദം നേടിയതെന്ന് വിവരിക്കുന്നു.


ഈ നോവൽ തുടങ്ങുന്നതു തന്നെ വിചിത്രമായ ഒരു കാര്യം അറിയിച്ചുകൊണ്ടാണ്.സെൻ്റ് പീറ്റേഴ്സ് ബർഗ് വിട്ടുപോകാൻ കൂട്ടാക്കാത്ത അയാൾ ഒരു രോഗിയാണെന്ന് പ്രസ്താവിക്കുന്നു. എന്താണ് രോഗമെന്നോ ,എവിടെയാണ് രോഗമെന്നോ അറിയില്ല .ചികിത്സയുമില്ല .എന്നാൽ മരുന്നു കഴിക്കുന്നത് വളരെ ഇഷ്ടവുമാണ്‌. ചികിത്സിക്കാൻ പോകാത്തത് മനസിലെ മടുപ്പ് മൂലമാണ്. എന്നാൽ എന്തിനെങ്കിലും തന്നെക്കൊണ്ട് കൊള്ളാമെന്ന് തുറന്നു പറയാൻ അയാൾക്കാവില്ല .കാരണം ഓഫീസിൽ അയാൾക്ക് തന്നോടു പോലും ആത്മാർത്ഥത കാണിക്കാനായില്ല .എല്ലാവരും അയാളെ വെറുത്തു.എന്നാൽ വെറുപ്പിക്കാൻ വേണ്ടി താൻ കരുതിക്കൂട്ടി വിചിത്രസ്വഭാവം കാണിക്കുകയും അകാരണമായി ദേഷ്യപ്പെടുകയും ചെയ്തുവെന്നാണ് ഇപ്പോൾ പറയുന്നത്. താൻ എന്താണോ അത് മറച്ചുവയ്ക്കുകയും എന്നാൽ എന്താണോ മറ്റുള്ളവർ കണ്ടത് അത് തെറ്റാണെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

 
അയാൾക്ക് ഒടുങ്ങാത്ത പകയാണ്.ഒരു പ്രത്യേക വ്യക്തിയോടല്ല ;ആരോടെല്ലാമാണെന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരമില്ല. അകാരണമാണത്. അതിന് ഉത്തരവാദി മറ്റാരുമല്ല. അയാൾക്ക് മുന്നിൽ വന്നു പെടുന്നതിനെയെല്ലാം വെറുക്കുന്നതിൽ പ്രത്യേക വൈദഗ്ദ്ധ്യമുണ്ട്. ബുദ്ധിയുള്ളവരെ അയാൾ ഇഷ്ടപ്പെടുന്നേയില്ല.എന്നാൽ വിഡ്ഢികളോട് പ്രത്യേക താത്പര്യമുണ്ട്.ഇതിനു സാധൂകരണമായി ഒരു സിദ്ധാന്തം തന്നെ ,ആ ജോലി വേണ്ടെന്നു വച്ച കരം പിരിവ് ഉദ്യോഗസ്ഥൻ നിരത്തുന്നുണ്ട്: വിഡ്ഢിക്ക് എന്തെങ്കിലും ആയിത്തീരാൻ സാധിക്കും.പത്തൊൻപതാം നൂറ്റാണ്ടിൽ വിഡ്ഢിയായി ജീവിക്കുന്നതാണത്രേ ഉത്തമം .കാരണം അത് ഒരു വ്യക്തിത്വമില്ലാതെ ജീവിക്കുന്നതിൻ്റെ സുഖം തരും. ബന്ധു മരിച്ചപ്പോൾ അവകാശമായി ആറായിരം റൂബിൾ കിട്ടിയതോടെ ജോലി ഉപേക്ഷിച്ച് സ്വന്തം സങ്കേതത്തിലേക്ക് അലസമായി ചുരുങ്ങിക്കൂടിയ ഈ മനുഷ്യനെ  റഷ്യയിലെ മധ്യവർഗത്തിൻ്റെ ജീർണതയുടെ പ്രതീകമായി കാണാവുന്നതാണ്. അയാൾ  തുറന്നു സമ്മതിക്കുന്നു ,തനിക്ക് ഒരു കീടം പോലുമാകാനായില്ലെന്ന് .അതിനു കാരണം ,ഒരു പക്ഷേ ,അയാളുടെ ഈ ദുഷിച്ച ചിന്തയായിരിക്കാം. എല്ലാറ്റിനെയും ഓരോ കള്ളികളിലാക്കുന്ന സ്വഭാവം തന്നെ അയാളെ ദുഷിപ്പിച്ചിരിക്കുന്നു. ഒന്നിലും സത്യമോ മേന്മയോ കാണാൻ പറ്റാത്ത വിധം ആ വ്യക്തി സ്വന്തം അന്തരംഗത്തിൻ്റെ കൃത്രിമത്വത്തിൽ അധ:പ്പതിച്ചിരിക്കുന്നു.

യഥാർത്ഥത്തിൽ മനുഷ്യവ്യക്തി ഒരു യാഥാർത്ഥ്യമാണോ ?സ്വഭാവം എന്ന് പറയുന്നത് ഒരു ആവരണം മാത്രമല്ലേ ?സ്വഭാവ കണങ്ങൾ ഓരോന്നായി പരിശോധിക്കുകയാണെങ്കിൽ അവസാനം എന്താവും ശേഷിക്കുക. ? ദസ്തയെവ്സ്കി നടത്തുന്ന പോസ്റ്റ്മോർട്ടം ചെന്നെത്തുന്നത് ഒരു സ്ഥിരമായ സ്വഭാവമോ മഹിമയോ മനുഷ്യനില്ല എന്ന തത്ത്വത്തിലേക്കാണ്. അവൻ സ്വയം കെട്ടിപ്പൊക്കുന്ന ചില ധാരണകൾ മാത്രമാണുള്ളത്. ആ ധാരണകൾ ,പുറംലോകത്തു നിന്നു നോക്കുന്ന ഏതൊരാൾക്കും യഥാർത്ഥമായി തോന്നുമെന്നാണ് അവൻ്റെ ചിന്ത.അതിലാണ് അവൻ ജീവിച്ചു പോകുന്നത് .താൻ ചെയ്യുന്ന തെറ്റുകളെ ഒരുവൻ ന്യായീകരിക്കുന്നത് ഈ ബലത്തിലാണ്. സ്ഥിരതയില്ലാത്ത ,പരസ്പര വിരുദ്ധമായ അനേകം കാര്യങ്ങളുടെ സങ്കീർണമായ ഒരു അസംബന്ധമാണ് താനെന്ന് ഒരാൾ അറിയണമെന്നില്ല .അതറിയാൻ പറ്റാത്ത വിധം അയാൾ ഊരാക്കുരുക്കുകളിലാണല്ലോ. അസ്തിത്വത്തിൻ്റെ പരമപ്രധാനമായ ഒരു താക്കോലാണ് നോവലിസ്റ്റ് അന്വേഷിക്കുന്നത്.



ഈ നോവലിൽ ദസ്തയെവ്സ്കി തുറന്നിടുന്നത് തൻ്റെ പില്ക്കാല നോവലുകളായ കരമസോവ് സഹോദരന്മാർ ,കുറ്റവും ശിക്ഷയും തുടങ്ങിയവ എഴുതാനുള്ള ആത്മീയ പശ്ചാത്തലമാണ്. തൻ്റെ ബൃഹത്തായ  കഥാപാത്ര വിശകലനരീതിയുടെ തുടക്കം ഈ നോവലിൽ കാണാം. മനുഷ്യൻ ഒരു താത്ത്വിക ജീവിയായിരിക്കാം. എന്നാൽ അവൻ്റെ മനസ്സ് ഒരു തത്ത്വശാസ്ത്രത്തെയും അംഗീകരിക്കുന്നില്ല. എല്ലാറ്റിനെയും എങ്ങനെ നശിപ്പിക്കാം ,അപഹസിക്കാം എന്നാണ് ചിന്ത.അതിനോട് യുദ്ധം ചെയ്ത് ഒരു പക്വത നേടുന്നതിനെയോ,കൃത്രിമമായി ഒരു വലിയ തത്ത്വത്തെ അനുസരിക്കാൻ പാകപ്പെടുന്നതിനെയോ ആണ്  ധാർമ്മികത എന്ന് വിളിക്കുന്നത്‌. ധാർമ്മികത ഒരു പുറംമോടിയാണെന്ന് നോവലിൽ പറയുന്നത് ,ഒരാൾ താനൊരു വ്യക്തിത്വമില്ലാത്തവനാണെന്ന് അംഗീകരിക്കുമ്പോഴാണ്  .

സ്വാർത്ഥതയുടെ വലിയ കൂടാരം.

'അടിത്തട്ടിൽ നിന്നുള്ള കുറിപ്പുകളി 'ൽ സ്വന്തം കഥ പറയുന്ന ഈ നാല്പതുകാരനെ റഷ്യൻ പൊതുജീവിതത്തിൻ്റെ അന്ത: ചേതനയുടെ പ്രതിനിധാനമായി കാണാമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് എങ്കിൽ അത് എത്ര ഭയാനകമായിരിക്കും. ?കാരണം പൊതുജീവിതത്തിൻ്റെ എല്ലാ മൂല്യങ്ങളെയും പുച്ഛിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ഇയാൾ എന്താണ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ? ഒന്നും തന്നെയില്ല .ഒന്നിൻ്റെയും വക്താവോ അനുയായിയോ അല്ലാത്ത അയാൾ സകലതിൽ നിന്നും  അകന്നു നില്ക്കുകയാണ്. സ്വാർത്ഥതയുടെ വലിയ കൂടാരമാണയാൾ. എങ്ങനെയാണ് സ്നേഹിക്കാതിരിക്കുക എന്ന് ആലോചിച്ച് രോഗം വന്ന ഈ കഥാപാത്രം ,അധികം ചിന്തിക്കുന്നത് അപകടമാണെന്ന് ആദ്യമേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ആത്മാനുരാഗിക്ക് ആരെയും പ്രണയിക്കാൻ കഴിയുന്നില്ല .അങ്ങനെയാണ് അയാൾ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. ഓരോ ചിന്തയുടെ നട്ടുച്ചയിലേക്കും എത്തിച്ചേരുന്നതോടെ ,താൻ ഇതിനെല്ലാം മുകളിലാണെന്ന് വൃഥാ കരുതുകയാണ്. ഒരാധിപത്യം എല്ലാറ്റിലും വേണം. എന്നാൽ താനത് ആഗ്രഹിക്കുന്നില്ലെന്ന് സ്ഥാപിക്കുകയും വേണം. പ്രണയത്തെക്കുറിച്ച് അയാൾ പറയുന്ന കാര്യങ്ങൾ ഇവിടെ സംഗ്രഹിച്ചെഴുതാം:
"ഒന്നു രണ്ടു തവണ ഞാൻ പ്രണയിച്ചു. എന്നാൽ ഒരു പ്രയോജനവുമുണ്ടായില്ല. വല്ലാത്ത മടുപ്പുണ്ടായി.വല്ലാത്ത ഒരു വെറുപ്പ് എന്നെ ബാധിച്ചു. എന്നാലും പ്രേമിക്കണമെന്നുണ്ട്. എനിക്ക് നല്ല അസൂയയുണ്ട്. ഒരു കാര്യം പറയാം. എനിക്ക് പ്രണയിക്കാൻ കഴിയില്ല. പ്രണയിക്കണമെങ്കിൽ ഞാൻ എൻ്റെ മേൽ ഒരു ശപഥം നടത്തണം. ഒരു കാമുകന് മേൽക്കൈ വേണം. അല്ലെങ്കിൽ അതെനിക്ക് സുഖകരമാവില്ല.എന്നിൽ പ്രേമിക്കാനുള്ള താല്പര്യമുണ്ട്. പ്രണയം ഒരു എതിരിടലാണ്. അവിടെ ഒരാൾ കീഴടങ്ങണം. പ്രണയിക്കുമ്പോൾ കീഴടക്കാനായി മനസിൽ വെറുപ്പാണ് ഉണ്ടാകുന്നത്.പിന്നീട് അതിനു ആധിപത്യം ലഭിക്കുകയാണെങ്കിൽ ഞാൻ വിവശനാകുക തന്നെ ചെയ്യും. കാരണം കാമുകിയെ കൈയിൽ കിട്ടിയ സ്ഥിതിക്ക് പിന്നെന്താണ് ചെയ്യാനുള്ളത്. ?എൻ്റെ ഏകാന്തത നഷ്ടപ്പെടുന്നതറിഞ്ഞ് ഞാൻ കഷ്ടപ്പെടുകയായിരുന്നു."

ഇത് അയാളുടെ മനോവിചാരങ്ങളുടെ ആകെത്തുകയാണ്. ദസ്തയെവ്സ്കി നോവലിൻ്റെ ഒടുവിൽ ,ഈ കഥാപാത്രം എഴുത്തുകാരനാണെന്ന വസ്തുത ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ഇങ്ങനെയുള്ള ഒരാൾ എഴുത്തുകാരനാകുന്നതിൽ അത്ഭുതമില്ല.കാരണം അയാൾ തൻ്റെ വൃത്തികെട്ട മനോഭാവങ്ങളെ നന്നായി സാമാന്യവത്ക്കരിക്കുകയാണ്. എല്ലാവരും ഈ തലങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് പൊതുവായി പ്രസ്താവിക്കാൻ നോവലിസ്റ്റ് ശ്രമിക്കുന്നുമുണ്ട്. മനുഷ്യൻ ആന്തരികമായി ഒരു നരകമാണ്. പളുങ്ക് പാത്രങ്ങൾ കാണുന്നതും സ്വന്തമാക്കുന്നതും അവന് കൗതുകമാണ്. അവൻ യഥാർത്ഥത്തിൽ അതാഗ്രഹിക്കുന്നുമുണ്ട്‌.എന്നാൽ അത് കൈയിൽ വന്നു ചേർന്നാൽ ആ കൗതുകവും ആഗ്രഹവും അസ്തമിക്കും. ആ പാത്രങ്ങൾ എവിടെയെങ്കിലും ,കാണത്തക്കവിധം  പ്രദർശിപ്പിച്ചെന്നിരിക്കും. പക്ഷേ ,പിന്നീട് തിരിഞ്ഞു നോക്കുക പോലുമില്ല.

എന്താണ് കാരണം ?ആ പാത്രങ്ങളെ അയാൾ ജയിച്ചിരിക്കുന്നു. അതിൻ്റെ സൗന്ദര്യത്തെ കീഴടക്കിയതുകൊണ്ട് ,പിന്നെ അതിനു പുതുമയില്ല .ജീവിതം തന്നെ ഇങ്ങനെ പുതുമയില്ലാത്തതാവുകയാണെങ്കിലോ ?അപ്പോഴാണ് നിരാശ ഒരാവരണമായി മനസ്സിനെ വരിയുന്നത്. സ്വന്തം ഇരുട്ടിൻ്റെ അനന്തതകളിലേക്ക് ഉൾവലിഞ്ഞുപോകുന്നത് സുഖമായി  അനുഭവപ്പെടും. ദസ്തയെവ്സ്കി Underground  എന്ന് വിവക്ഷിക്കുന്നത് ഈ ഇരുട്ടിനെയാണ്. അപ്പോൾ സുഖമോ ?

നൈരാശ്യം സുഖമാണെന്ന് നോവലിൽ ഒരിടത്ത്‌ പറയുന്നുണ്ട്. നിരാശയ്ക്ക് ഒരു സ്ഥിരത കിട്ടുകയാണെങ്കിൽ മനുഷ്യമനസ്സ് അതിൽ നിന്ന് സുഖം തേടാൻ തുടങ്ങും.പല്ലുവേദനയെ ഒരു രൂപകമായെടുത്ത് നോവലിൽ ഇത് വിശദീകരിക്കുന്നുണ്ട്. സുഖം ഐച്ഛികമായ ഒരു സമ്പത്തല്ല; എന്നാൽ അത് രോഗത്തിലും ദുഃഖത്തിലും നിരാശയിലുമുണ്ട്. ചിലർക്ക് ദുരിതകാലത്തോട് കുറേ കഴിയുമ്പോൾ ഒരാഭിമുഖ്യം തോന്നും. താൻ ആ അവസ്ഥയ്ക്ക് താരതമ്യേന ഇണങ്ങുന്നവനാണെന്ന ചിന്ത ,ഒരു പ്രത്യേക ഘട്ടത്തിൽ അയാൾക്ക്‌ ആശ്വാസമായിത്തുടങ്ങും.

പല്ലുവേദന മൂലം പുളയുന്ന ഒരാൾ ,പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു സവിശേഷ മാനസികാവസ്ഥയിലൂടെ കടന്നു പോകുകയാണത്രേ. വേദനിച്ചു കരഞ്ഞ അയാളിൽ സാവധാനം മാറ്റമുണ്ടാകുന്നു. അയാൾ വേദനയോടെ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ കുറേക്കൂടി സംസ്കാരത്തിൻ്റെ അടയാളങ്ങളായി കരുതാൻ തുടങ്ങും. മറ്റാളുകൾക്ക് അത് എങ്ങനെയെല്ലാം ദ്രോഹകരമാണെന്ന് ചിന്തിക്കാൻ സമയമില്ല .ആ മനുഷ്യൻ സ്വന്തം വേദനയിലും അതിൻ്റെ ഭാഗമായുള്ള ചേഷ്ടകളിലുമാണ് വിശ്വസിക്കുന്നത്. അത് ആവർത്തിക്കുന്നതിലൂടെ അയാൾക്ക്‌ സുഖം കിട്ടിത്തുടങ്ങുന്നു. മറ്റുള്ളവർ വെറുപ്പോടെ കാണുന്ന ആ ചേഷ്ടകളെ അയാൾ പക്ഷേ ,വ്യത്യസ്തവും മഹത്തരവുമായി കാണുകയാണ്. തൻ്റെ രോഗം മറ്റുള്ളവർ ശ്രദ്ധിക്കണമെന്ന വികാരമാണ് അയാളെ ആവേശിച്ചിട്ടുള്ളത്. അത് അവർ ശ്രദ്ധിക്കാൻ വേണ്ടി അയാൾ അനവസരത്തിലും ,തൻ്റെ മൂളലും കരച്ചിലും ആവർത്തിക്കും. ഇത്തരം സുഖങ്ങളും യഥാർത്ഥമാണ്.മറ്റേതു സുഖവും പോലെ ഇതും പ്രധാനമാണ്. ഒരാൾ ഏത് നരകത്തിലൂടെ പോകുന്നുവെന്നതല്ല പ്രധാനം. ആ നരകത്തെ തനിക്ക് മാത്രം സുഖം പകരുന്നതും മറ്റാളുകൾക്കെല്ലാം ദ്രോഹം വരുത്തുന്നതുമായി വ്യാഖ്യാനിക്കുന്നിടത്താണ് അത് സാമൂഹ്യ ജീവിതത്തിൻ്റെയാകെ ജീർണതയായി പരിണമിക്കുന്നത്.
ഇതിൻ്റെയർത്ഥം അയാൾ തനിക്ക് വേണ്ടി ഇങ്ങനെ വ്യാഖ്യാനിക്കുന്നു. ചിന്തിക്കുന്നവർക്ക് സ്വസ്ഥതയുമില്ല അഭിമാനവുമില്ല. ഇത് എഴുത്തുകാരൻ്റെ അനുഭവവുമാകാം. സങ്കീർണമായ രചനാപ്രക്രിയ ആവശ്യപ്പെടുന്നത് ആത്മപീഡനമാണ്. യാഥാർത്ഥ്യങ്ങൾ എത്ര വികൃതമായിരുന്നാലും ,അതിൽ താൻ എത്രമാത്രം ഗാഢമായി അമർന്നിരിക്കുന്നുവെന്ന് പുറത്തു പറയാനുള്ള ആത്മാർത്ഥതയ്ക്ക് വിലയുണ്ട്.

പിശാചിൻ്റെ ഇടം

സ്വയം നശിക്കുന്നതിനെ മഹത്വമായി കാണുന്ന ജർമ്മൻ ആത്മരതിയുടെ  ബൗദ്ധിക കാലാവസ്ഥയെ രൂക്ഷമായി ആക്രമിക്കുന്ന കൃതിയാണ് Notes from Underground .യൂറോപ്യൻ വ്യക്തിവാദത്തെ ദസ്തയെവ്സ്കി എന്നും എതിർക്കുകയാണ് ചെയ്തത്. മനുഷ്യൻ അവൻ്റെ വിശ്വാസത്തിലും ധാർമ്മികതയിലും ഊന്നി കൂടുതൽ നല്ലവനാകണമെന്ന ഒരു ബോധ്യത്തിലേക്ക് അദ്ദേഹം എത്തുന്നത് പിന്നീടാണ്‌.യൂറോപ്യൻ വ്യക്തിവാദം റഷ്യയെ പിടിച്ചടക്കിയ ആ കാലം എത്രമാത്രം ആന്തരികമായി തകർന്നതാണെന്ന് ഈ കൃതി വായിക്കുന്നവർക്ക് വ്യക്തമാകും. അവനവൻ്റെ വ്യക്തിപരമായ ന്യായവാദങ്ങളെ മറ്റെല്ലാ അനുഭവങ്ങളേക്കാൾ വിലയുള്ളതായി കാണുകയാണ്  .ഒരു അയഥാർത്ഥ സമൂഹത്തെ ലക്ഷ്യം വച്ച് നീങ്ങുന്ന പ്രത്യയശസ്ത്രങ്ങൾ മനുഷ്യനെ നേരത്തേ തന്നെ ആന്തരികമായി കാർന്നു തിന്നിട്ടുണ്ടാവും.അവൻ ശരീരം എന്ന പ്രതീകം മാത്രമായിരിക്കും.



ഒരാളുടെ ഏറ്റുപറച്ചിൽ പോലും കെട്ടുപിണഞ്ഞതും യുക്തിക്ക് വേണ്ടി കരുതിക്കൂട്ടി മെനയുന്നതുമാകുകയാണ്. ഇതാണ്  നോവലിൻ്റെ ആഖ്യാനരീതി.ഇത് Underground അല്ല Crawl space ആണെന്ന്  സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. അതായത് ,റഷ്യൻ നാടോടി കഥാപാരമ്പര്യം വച്ച് ആ ഇടം ദുഷ്ട ആത്മാക്കളുടെ വിഹാര രംഗമാണ്.അങ്ങനെ നോക്കുമ്പോൾ മനുഷ്യൻ്റെയുള്ളിൽ പിശാച് വാഴുന്നിടത്ത് നിന്നുള്ള വിശേഷങ്ങളാണ് ദസ്തയെവ്സ്കി എഴുതുന്നത്. മറ്റാർക്കും പ്രവേശനമില്ലാത്ത അവിടെ ദുഷ്ട ആത്മാക്കളാണുള്ളത്; അവരുടെ ദുഷ്ടവിചാരവും. നിഷേ ,കാഫ്ക തുടങ്ങിയ പ്രഗത്ഭരായ എഴുത്തുകാരെ സ്വാധീനിച്ച കൃതിയാണിത്. ഇത് മനസ്സിൻ്റെ അകം ഭയപ്പെടുത്തുന്ന അധോലോകമാണെന്ന് കാണിച്ചു തരുന്നു.

മിലിട്ടറി എഞ്ചിനീയറിംഗ് പഠനകാലത്ത് തൻ്റെ പിതാവിനെ അദ്ദേഹത്തിൻ്റെ തൊഴിലാളികൾ വധിച്ചത് ദസ്തയെവ്സ്കിയുടെ ജീവിതം തന്നെ കൈവിട്ടുപോകാനിടയാക്കി. അക്കാലത്ത് ഒരാദർശമെന്ന നിലയിൽ  സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി.എന്നാൽ അത് തീരാ ദുരിതമാണ് മടക്കിത്തന്നത്. സോഷ്യലിസ്റ്റ് ലഘുലേഖ വിതരണം ചെയ്തതിൻ്റെ പേരിൽ 1849 ൽ അറസ്റ്റിലാവുകയായിരുന്നു. എട്ട് മാസം ജയിൽശിക്ഷ വിധിക്കപ്പെട്ടു. ഒടുവിൽ സഹതടവുകാരോടൊപ്പം ദസ്തയെവ്സ്കിയെ  വെടിവെച്ച് കൊല്ലാൻ ഉത്തരവായി.എന്നാൽ വിധി നടപ്പാക്കുന്നതിനു തൊട്ടുമുമ്പ് ആ ഉത്തരവ് റദ്ദാക്കപ്പെട്ടു. കുറ്റവാളികളെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു ലക്ഷ്യം .എന്നാൽ ജയിൽ മോചിതനായില്ല. അദ്ദേഹത്തെ സൈബീരിയൻ  ലേബർ ക്യാമ്പിലേക്ക് കൊണ്ടുപോയി .നാല് വർഷം അവിടെ കഴിഞ്ഞു. അതിനു ശേഷം നാല് വർഷം നിർബന്ധിത സൈനിക സേവനത്തിനു നിയോഗിക്കപ്പെട്ടു.ഈ കാലമായപ്പോഴേക്കും അദ്ദേഹം സോഷ്യലിസ്റ്റ് ചിന്തകളിൽ നിന്ന് അകന്നു കഴിഞ്ഞിരുന്നു.



 
 1860 കളിൽ ദസ്തയെവ്സ്കി ജർമ്മനിയിൽ  ജീവിച്ചത് വീക്ഷണപരമായ വ്യതിയാനത്തെ കൂടുതൽ ദൃഢമുള്ളതാക്കി. ആ കാലം ദാരിദ്ര്യവും ദുരിതവും നിറഞ്ഞതായിരുന്നു. ശത്രുവായിരുന്ന തുർജനേവിനോടു പോലും പണം കടം ചോദിച്ച് കത്തെഴുതേണ്ടി വന്നു. ജർമ്മൻ ജനതയുടെ വ്യക്തിവാദപരമായ ആദർശങ്ങളെ വെറുത്ത അദ്ദേഹം പാശ്ചാത്യ യൂറോപ്യൻ ജീവിതമൂല്യങ്ങൾ ആപത്ക്കരമാണെന്ന് മനസിലാക്കി.ഇത് റഷ്യയെയും നശിപ്പിക്കുമെന്ന് ഭയന്നു. യുക്തിവാദവും വ്യക്തിവാദവും റഷ്യയുടെ പരമ്പരാഗതമായ മതമൂല്യങ്ങളെയും സദാചാരത്തെയും നശിപ്പിക്കുമെന്ന് ദീർഘദർശനം ചെയ്ത അദ്ദേഹം അതിനെ പ്രതിരോധിക്കാനാണ് Notes from Underground എഴുതിയത്.എൻ.ജി ചെർണിഷെവ്സ്കിയുടെ വാട്ട് ഈസ് ടു ബീ ഡൺ (1863) എന്ന നോവലിനോടുള്ള പ്രതികരണമായിട്ടും ഇത് വായിക്കപ്പെടുന്നു .ചെർണിഷെവ് സ്കി ഒരു യുക്തിവാദിയും യൂറോപ്യൻ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ വക്താവായിരുന്നു.എന്നാൽ സോഷ്യലിസ്റ്റ് ആശയങ്ങളിലുടെ ഉയരുന്ന ലോകം മനുഷ്യൻ്റെ നന്മകളെ കാണാതിരിക്കുകയും അടിച്ചമർത്തുകയുമാണ് ചെയ്യുന്നതെന്ന വിമർശനമാണ് പില്ക്കാലത്ത് ദസ്തയെവ്സ്കി ഉയർത്തിപ്പിടിച്ചത്.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

 പുനർവായന 


 ഖസാക്ക്: ആന്തരികമായ ഏകാന്തതയ്ക്ക് 

ആഴം കൂട്ടുന്നു

 

എം.കെ.ഹരികുമാർ



ഭാരതത്തിൻ്റെ ആത്മീയമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഒ.വി.വിജയൻ വിഭാവന ചെയ്ത 'ഖസാക്കിൻ്റെ ഇതിഹാസം' (1969) ഇപ്പോൾ ഒരു മലയാള സാംസ്കാരിക മുദ്രയായിത്തീർന്നതിൽ സന്തോഷമുണ്ട്.ഒരു സംഘം യാഥാസ്ഥിതികരായ വായനക്കാരുടെയും വിമർശകരുടെയും എതിർപ്പ് നേരിട്ടാണ്  ഇത് മലയാളത്തിലെ ഏറ്റവും മഹത്തായ നോവൽ എന്ന സ്ഥാനം ഉറപ്പിച്ചത്. സ്വാഭാവികമായും കലയുടെ കാര്യത്തിൽ ആത്മവിശ്വാസം ഇല്ലാത്ത ചിലർ ഇപ്പോഴും ഈ നോവലിനെ അധിക്ഷേപിച്ച് തങ്ങളുടെ പാപ്പരത്തം വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.വിജയൻ്റെ കാലത്ത്  ദൽഹിയിൽ കഴിഞ്ഞിരുന്ന ഒരു കഥാകൃത്ത് ഖസാക്കിൻ്റെ പ്രശസ്തിയിൽ സമനില തെറ്റി ,കിട്ടാവുന്ന ഇടങ്ങളിലൊക്കെ ചെന്ന് ചീത്ത വിളിച്ചു. വിജയൻ്റെ സാഹിത്യം ഹൈന്ദവ പക്ഷമാണെന്ന വലിയ 'കണ്ടുപിടിത്ത'മാണ് ആ എഴുത്തുകാരൻ മുന്നോട്ടുവച്ചത് .വിവരമുള്ള ആരും ഇത് പറയില്ല. കാരണം ഇത് വിജയൻ തന്നെ സമ്മതിച്ചിട്ടുള്ളതാണ്.ഒരു സർഗാത്മകമായ പ്രക്രിയയിൽ പ്രചോദിപ്പിക്കുന്നതെന്താണോ  അതിനെ ഉപയോഗിച്ച് മികച്ച സൃഷ്ടി നടത്തുകയേ വേണ്ടൂ. ബൈബിൾ ഉപയോഗിച്ച് ദസ്തയെവ്സ്കി ,ടോൾസ്റ്റോയി ,കസൻദ്സാക്കിസ് തുടങ്ങിയവർ മികച്ച നോവലുകൾ എഴുതിയത് ഓർത്താൽ ഈ ചിന്താക്കുഴപ്പം മാറിക്കിട്ടും. 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിൻ്റെ ഒടുവിലുള്ള സർപ്പദംശനത്തെക്കുറിച്ച് വിജയൻ എഴുതിയിട്ടുള്ളത് ഇക്കൂട്ടർ വായിച്ചിട്ടില്ലായിരിക്കാം: " കുതിർന്ന മൺകട്ടകളിലേക്ക് യാത്രയുടെ ക്ഷീണം മുറ്റിയ കാലുകൾ നീട്ടിപ്പിടിച്ച് കാത്തിരിക്കുന്നു. ഉറക്കത്തിൻ്റെ ,പുനർജനിയുടെ ,അമൃത് നിറയ്ക്കാൻ നീ അതിൽ ദംശിക്കുക, സർപ്പരൂപായ വിഷ്ണവേ ,വിഷ്ണവേ പ്രഭ വിഷ്ണവേ! "
വിജയൻ്റെ സൃഷ്ടിപരമായ മനോഭാവമാണിത്. ഇത് മനസിലാക്കാനുള്ള വിവേകം നേടുക.




മലയാള നോവലിനു അപരിചിതമായിരുന്ന പ്രമേയവും വിവരണരീതിയും ഭാഷയും ഖസാക്കിലേക്ക് ധാരാളം പേരെ അടുപ്പിച്ചു.പാലക്കാട്ടുള്ള ഒരു ഗ്രാമത്തിലാണ് ഖസാക്കിലെ 'കഥ' നടക്കുന്നത്.ഈ ഗ്രാമം തസ്രാക്ക് എന്ന യഥാർത്ഥ ഗ്രാമത്തിൻ്റെ പകർപ്പാണെന്ന് കരുതുന്നവരുണ്ട്.ഒരു ഗ്രാമത്തെ അതേപടി പകർത്തുന്ന നോവലുകളിൽ നിന്ന് ഇത് വ്യത്യസ്തമാണെന്ന് അറിയിക്കട്ടെ. ഇവിടെ തസ്രാക്ക് എന്ന ഒറിജിനൽ ഗ്രാമമല്ല ഉള്ളത്.തൻ്റെ ആവശ്യത്തിനു വേണ്ടി നോവലിസ്റ്റ് അത് രൂപമാറ്റം വരുത്തിയിരിക്കയാണ്.ഒരു ഞാറ്റുപുര കണ്ട് ഉടനെ അത് തസ്രാക്കിലെ അതേ ഞാറ്റുപുരയാണെന്ന് അനുമാനിക്കേണ്ടതില്ല .ഓത്തുപള്ളിയും വെളിമ്പറമ്പുകളും തനിപ്പകർപ്പുകളാണെന്ന് നിശ്ചയിക്കുന്നത് ഈ നോവലിനോട്  ചെയ്യുന്ന അപരാധമാണ് .അധമവും പൈങ്കിളി എന്ന് വിവക്ഷിക്കാവുന്നതുമായ  ഏർപ്പാടാണ് 'ഖസാക്ക് ഫോട്ടോകൾ ' എന്ന പേരിൽ പുറത്തുവന്നത്. വാക്കുകളിൽ  രൂപപ്പെട്ടിരിക്കുന്ന ഒരു അനുഭൂതി ലോകത്തെ ഫോട്ടോകളാക്കാനും ആളുകൾ റെഡി. ഇതുപോലുള്ള പ്രവൃത്തികൾ ഒരു കോഫിഹൗസ് ചർച്ചയ്ക്ക് പോലും കൊള്ളില്ല .
അമേരിക്കൻ നോവലിസ്റ്റ് വില്യം ഫോക്നർ  തൻ്റെ ചില കൃതികളിൽ 'യോക്നപാടാഫ' എന്നൊരു സാങ്കല്പിക പ്രദേശം സൃഷ്ടിച്ചിട്ടുണ്ട് .എന്നാൽ ഇത് മിസ്സിസിപ്പി പ്രദേശമാണെന്ന് സൂചനയുണ്ട്. ആ ധാരണയിൽ അത് യഥാർത്ഥ പ്രദേശം തന്നെയാണെന്ന രീതിയിൽ മുന്നോട്ടു പോകുന്നത് ശരിയല്ല.തകഴിയുടെ 'ചെമ്മീൻ' കടപ്പുറം കേന്ദ്രീകരിച്ചാണല്ലോ ഭാവന ചെയ്തിട്ടുള്ളത്. അത് കടപ്പുറം തന്നെയാണ്. ആ സ്ഥലത്തിൻ്റെ പുനർവിന്യാസം നോവലിസ്റ്റ് ആഗ്രഹിച്ചില്ല.കാരണം ആ പ്രദേശങ്ങളെ ബോധത്തിലെ പ്രതിബിംബങ്ങൾ എന്ന നിലയിൽ സമീപിക്കുക തകഴിയുടെ പ്രശ്നമായിരുന്നില്ല. കാരണം 'ചെമ്മീൻ' ഒരു യഥാതഥ നോവലാണ്. അതുപോലെയല്ല 'ഖസാക്കിൻ്റെ ഇതിഹാസം' .അവിടെ ഒന്നും യഥാതഥമല്ല; സംഭവങ്ങളുടെ വിവരണത്തിൽ വസ്തുതകളുണ്ട്. എന്നാൽ അതെല്ലാം നോവലിസ്റ്റ് തൻ്റെ വൈയക്തികമായ ,സൗന്ദര്യ ചിന്തയിലധിഷ്ഠിതമായ ,കലാപരമായ ,ദാർശനികമായ ,യോഗാത്മകമായ ഉദ്വേഗങ്ങൾകൊണ്ട് നിർമ്മിച്ചതാണ്.അതുകൊണ്ട് പാലക്കാട്ട് ഒരു ഗ്രാമത്തിൽ പഴയ ഒരു ഞാറ്റുപുര ഉണ്ടെന്ന് കരുതി ഫോട്ടോഗ്രാഫർമാർ അങ്ങോട്ട്
വച്ചുപിടിക്കണ്ട. അവിടെ ഒ.വി.വിജയൻ ഉണ്ടായിരിക്കില്ല .

സ്ഥലപരമായി നമുക്ക് കിട്ടിയിട്ടുള്ള ഈ പരിചയം വളരെ കാതലായ ഒന്നല്ല. അത് ലളിതമെങ്കിലും ചതിക്കുന്നതാണ്.അതിൽ ഭ്രമിക്കേണ്ടതില്ല. നൂതനമായ ഒരു കലാസങ്കേതമാണ് വിജയൻ സൃഷ്ടിച്ചിട്ടുള്ളത്. ഗ്രാമത്തിൽ ചെന്ന് കരിമ്പനകളെ നോക്കിയാൽ ഖസാക്കിൻ്റെ ഇതിഹാസം കാണില്ല.

എൻ്റെ സാഹിത്യജീവിതത്തിൻ്റെ തുടക്കം മുതൽ തന്നെ ഞാൻ 'ഖസാക്കിൻ്റെ ഇതിഹാസ 'വുമായി സമ്പർക്കത്തിലായിട്ടുണ്ട്. 1982 മുതൽ ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു തുടങ്ങിയെങ്കിലും 1984 ലാണ് ഞാൻ ഈ നോവലിനെ മാത്രം ആധാരമാക്കി ' ആത്മായനങ്ങളുടെ ഖസാക്ക് ' (1984) എന്ന സറിയലിസ്റ്റ് ,ഇംപ്രഷണിസ്റ്റിക്, എക്സിസ്റ്റൻഷ്യൽ വിമർശനകൃതി   പ്രസിദ്ധീകരിച്ചത്.അന്ന് ഞാൻ മുവാറ്റുപുഴ നിർമ്മലാ കോളജിൽ എം.എ.ഇക്കണോമിക്സ്  വിദ്യാർത്ഥിയായിരുന്നു.  നോവൽ വായിച്ചപ്പോഴുണ്ടായ ആത്മീയ പ്രതികരണമായിരുന്നു എൻ്റെ കൃതി. സാഹിത്യവിമർശനം യുക്തിയിൽ നിന്ന് വേർപെട്ട് പോകരുതെന്ന് വാദിക്കുന്നവരോട് ഇവിടെ വിയോജിക്കുകയാണ്.കാരണം  സാഹിത്യാനുഭവം എനിക്ക് ഒരു യുക്തിശില്പമല്ല. ആന്തരികമായ ഏകാന്തതയ്ക്ക് ആഴം കൂട്ടുന്ന മൂർച്ചയേറിയ അനുഭവം എന്ന നിലയിലാണ് ഞാൻ വിമർശനപാഠത്തെ സമീപിക്കുന്നത് .ദുർഘടമായ ഒരു പാത തരണം ചെയ്യണമായിരുന്നു. ഒരു നോവലിനെക്കുറിച്ച് എഴുതുമ്പോൾ ,അതിൻ്റെ യഥാർത്ഥ അർത്ഥവും ,സന്ദേശവും ,വ്യാഖ്യാനവും തേടുന്ന ഒരു കൂട്ടം സാമ്പ്രദായിക വായനക്കാരുമായി നാം ഒരു അലിഖിത ഉടമ്പടി ഉണ്ടാക്കേണ്ടതുണ്ടോ ?നമ്മൾ എഴുതാൻ പോകുന്ന കൃതി ഈ പ്രത്യേക വായനാസമുഹത്തിൻ്റെ നാടുവാഴിത്ത മൂല്യങ്ങളോട് സന്ധി ചെയ്യണമെന്ന് നിർബന്ധമുണ്ടോ ? ഇല്ലെന്നാണ് തോന്നുന്നത്. കാരണം ,ഒരാൾ എഴുതുന്നത് കൂട്ടമായി നിന്നുകൊണ്ടല്ല .വ്യക്തിപരമായ സമസ്യ ,സൗന്ദര്യാത്മകമായ തലത്തിൽ എപ്പോഴും സംഭവിക്കുന്നതാണ്. ഫ്രഞ്ച് ചിത്രകാരനായ ഹെൻറി മാറ്റിസ് ഒരു പൂവിൻ്റെ ചിത്രം വരയ്ക്കുമ്പോൾ അത് യഥാർത്ഥ പൂവാകണമെന്നും ,ആ പൂവ് പതിനായിരം തവണ കണ്ടുശീലിച്ച ഒരു ആസ്വാദക സമൂഹവുമായി ഇണങ്ങി നില്ക്കണമെന്നും ശഠിക്കുന്ന ഒരു നിയമസംഹിതയ്ക്ക് അദ്ദേഹം ആദ്യമേ തന്നെ  കീഴടങ്ങണമോ?അതായത് ഹെൻറി മാറ്റിസല്ല പൂവ് വരയ്ക്കുന്നത് ,പൂവ് പല തവണ കണ്ട് ആസ്വദിച്ചിട്ടുള്ള പേരില്ലാത്ത ഒരു വലിയ സമൂഹത്തിൻ്റെ ആഗ്രഹ സാക്ഷാത്കാരത്തിനു വേണ്ടി അവർ തന്നെയാണ് അത് വരയ്ക്കുന്നത്; മാറ്റിസ് ഒരു സാമൂഹിക ഏജൻറായി പ്രവർത്തിക്കണമെന്ന് സാരം. ഇത് അംഗീകരിക്കാൻ മാറ്റിസ് തയ്യാറല്ലായിരുന്നു. അദ്ദേഹം പറഞ്ഞത് ഒരു പൂവ് വരയ്ക്കാൻ വളരെ പ്രയാസമാണ് എന്നാണ്. പലരും കണ്ടും പരിലാളിച്ചും വച്ചിരിക്കുന്ന ഒരു പൂവിനെ വരയ്ക്കാതിരിക്കുക എന്ന നിശ്ചയമാണ് മാറ്റിസിനെ നയിക്കുന്നത്‌. അദ്ദേഹത്തിൻ്റെ മനസ്സിൽ പതിഞ്ഞ ,സുവിശേഷങ്ങളെ അന്തർവഹിക്കുന്ന പൂവാണ് വേണ്ടത്. ഒരു വിമർശകനും തൻ്റെ പാഠം പൂർത്തിയാക്കേണ്ടി വരുമ്പോൾ ഇതുപോലുള്ള നിർണയങ്ങൾ ആവശ്യമാണ്. വിമർശകന് യുക്തിചിന്ത മാത്രമേ പാടുള്ളു എന്ന് അനുശാസിക്കുന്നതിനോട് യോജിപ്പില്ല.


ഖസാക്കിൻ്റെ ഇതിഹാസം വളരെ വൈയക്തികമായ ഒരു അനുഭൂതിയും സമസ്യയുമാണ്. അത് അസ്തിത്വത്തെക്കുറിച്ചുള്ള ആലോചനയാണ് .ലോകം പറഞ്ഞുറപ്പിച്ചു വച്ചിരിക്കുന്ന ഒരു ചിന്താധാരയുടെ പ്രചാരണം ഏറ്റെടുക്കന്നതിനു പകരം താൻ ദാർശനികവും അസ്തിത്വപരവുമായി അനുഭവിച്ചത് സത്യസന്ധമായി പറയുന്നതിനാണ് ഇവിടെ നോവലിസ്റ്റ് ശ്രമിക്കുന്നത്.ദുരൂഹവും നോവിക്കുന്നതുമായ ചില അനുരണനങ്ങൾ മനസ്സിൽ സംഭവിക്കുകയാണ്.അത് കലാപരമായിത്തീരുകയും ചെയ്യുന്നു. ഇവിടെ കലാനുഭവം ജീവൻ്റെ പെരുമാറ്റമാണ്. ഭാവന ,കുറേക്കൂടി വിശ്വാസയോഗ്യമായ ഒരു ജീവിതത്തെ അനുഭവിപ്പിക്കുകയാണ്. മനസ്സിൽ കണ്ട കാഴ്ചകളെ നോവലിസ്റ്റ് തൻ്റേതാക്കുന്നു. ഒരു മാനുഷികമായ അതീതബുദ്ധി പ്രവർത്തിക്കുകയാണ് .പ്രത്യക്ഷത്തിനതീതമായ കാഴ്ചകൾ വായനക്കാർക്കുള്ളതാണ്. സൂക്ഷ്മതകൾ വേറൊരു വഴിക്ക് നീങ്ങുകയാണ്. അറിയാത്ത പൊരുളുകളിലേക്ക് ചെന്ന് അത് പുതിയ തുറസ്സുകൾ  രൂപപ്പെടുത്തുന്നു .ഖസാക്കിലെ നായകസ്ഥാനത്ത് രവി എന്ന കഥാപാത്രമാണുള്ളത്. നോവൽ തുടങ്ങുന്നതു തന്നെ അയാൾ ഖസാക്കിലേക്ക് ബസിൽ വന്നിറങ്ങുന്നത് സൂചിപ്പിച്ചു കൊണ്ടാണ്. അയാൾ മനസ്സിൽ കൊണ്ടുവരുന്ന ഒരു ലോകത്തിൻ്റെ തുടർച്ചയാണ് നാം കാണന്ന ലോകം. അയാളാണ് ആ ലോകത്തിൻ്റെ ഉത്തരവാദി.അതിനു പൂരകമായാണ് നോവലിസ്റ്റിൻ്റെ നിരീക്ഷണങ്ങൾ.നോവലിസ്റ്റ് സംഭവങ്ങൾക്ക് മാനം നല്കി മനുഷ്യരുടെ അസ്തിത്വപരമായ അഗാധതകൾ തെളിച്ചെടുക്കുന്നു.

എപ്പോഴും മനസിൽ ഉൾക്കൊണ്ട എന്തിൻ്റെയോ ഒരു പ്രതീതിയുണ്ട്. രവിയല്ല നായകൻ എന്ന് പറഞ്ഞു കൊണ്ട് ചിലർ നോവലിനെപ്പറ്റിയുള്ള ചർച്ചയിൽ വഴിമുടക്കി നിന്നത് ഓർക്കുകയാണ്. അള്ളാപ്പിച്ചാ മൊല്ലാക്ക ,നൈസാമലി, മാധവൻ നായർ തുടങ്ങി ആരെ വേണമെങ്കിലും നായകനാക്കാം,താല്പര്യമുണ്ടെങ്കിൽ.
ഒരു സിനിമ കാണുന്ന അനുഭവമായിരിക്കാം ഇത്തരക്കാർ തേടുന്നത്.അവർക്ക് നായിക ,നായകൻ ,വില്ലൻ തുടങ്ങിയവർ നിർബന്ധമാണ്.

'ഖസാക്കിലെ സുന്ദരി' എന്ന അദ്ധ്യായത്തിലെ ഒരു ഭാഗം ഇവിടെ ചേർക്കുകയാണ്:
"പിറ്റേന്ന് നട്ടുച്ചയ്ക്ക് മൈമുന അറബിക്കുളത്തിൽ കുളിച്ചു നില്പാണ്. അറബിക്കുളത്തിനടുത്തോ രാജാവിൻ്റെ പള്ളിയിലോ ആളുകൾ സാധാരണ ചെല്ലാറില്ല.പ്രത്യേകിച്ചും ത്രിസന്ധ്യകളിൽ. പണ്ട് ആ കുളത്തിൽ അറബികൾ തല വെട്ടിയെറിഞ്ഞിട്ടുള്ളതാണ്. നിലാവു നിറഞ്ഞ രാത്രികളിൽ അവിടെ കബന്ധങ്ങൾ നീരാടാനെത്താറുണ്ടത്രേ .ആഴമേറിയ ജലപ്പരപ്പിനു മുകളിൽ നീലത്താമരകൾ വിരിഞ്ഞു കിടന്നു. മണ്ഡലികൾ അലസമായി തുഴഞ്ഞു നീന്തി.മുലയ്ക്ക് മീതെ അമർത്തിക്കെട്ടിയ കച്ചയിലൂടെ കൈയിറക്കി സോപ്പു തേച്ചു പിടിപ്പിച്ചുകൊണ്ട് മൈമുന നിന്നു.ഉച്ചവെയിലിൽ നീലയും പച്ചയും പീതയുമായി സോപ്പിൻ കുമിളകൾ ചിമ്മി മിഴച്ചു".



ഇതാണ് വിജയൻ്റെ ആഖ്യാനകല. സോപ്പു കുമിളയ്ക്ക് പോലും ജീവിതം നല്കിയിരിക്കുന്നു. പറയുന്നത് എന്തായാലും ,അതിൽ തൻ്റെ ആത്മീയജീവിതം കൂടി അദ്ദേഹം ചേർത്തു വയ്ക്കും. അദ്ദേഹം ജീവിച്ചതാണ് എഴുതുന്നത്. ഓരോ വാക്കും താൻ ജീവിച്ചതാണെന്ന് ഉറപ്പു വരുത്തുന്ന അപൂർവ്വ എഴുത്തുകാരനാണ് അദ്ദേഹം. ഈ അദ്ധ്യായം വായിച്ച ഞാൻ എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്കി'ൽ ഇതിൻ്റെ അർത്ഥമല്ല എഴുതിയത്. എന്നെ എന്താണോ ആന്തരികമായി ബാധിച്ചത് അത് മറ്റൊരു രീതിയിൽ ആവിഷ്കരിക്കുകയായിരുന്നു.
എൻ്റെ പുസ്തകത്തിലെ 'മഹത്തായ അന്തർധാരകൾ ' എന്ന അദ്ധ്യായത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്:
" വ്യസനങ്ങളുടെ ആലോചനാ സന്ധികളിലൂടെ ,ലോകത്തിൻ്റെ അദൃശ്യ സ്പർശനങ്ങളിലൂടെ പ്രപഞ്ചത്തിൻ്റെ മഹത്തായ അന്തർധാരകൾ തേടുകയാണ് കഥാപാത്രങ്ങളും വസ്തുക്കളും. തങ്ങളുടേതായ ദൗത്യവുമായി ലോകാവസരങ്ങളുടെ തുറസ്സുകളിലൂ ടെ എത്തി നോക്കുന്നു. സ്വകാര്യതയുടെ വിശുദ്ധമായ ശിശുവും പേറി അവർ വിദൂരമായ മോഹക്കാഴ്ചകളിലേക്ക് നടന്നു ചെല്ലുന്നു.പുരാതന മെസപ്പെട്ടോമിയൻ സംസ്കാരത്തിൻ്റെ ഓർമ്മകളിൽ മനസ്സ് നടുമ്പോൾ പ്രപഞ്ചത്തിൻ്റെ മഹത്തായ അന്തർധാരയുടെ സ്പർശനം അനുഭവപ്പെടുന്നുണ്ട്. ദൈവങ്ങളുടെ അമ്പലങ്ങൾ ,ധാന്യ പ്പുരകൾ ,ശില്പശാലകൾ, അക്ഷര ഗൃഹങ്ങൾ ,കൃഷിഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന ദൈവങ്ങൾ ,ദൈവത്തിനിഷ്ടവിശുദ്ധ ദാനമായിത്തീർന്ന പുൽത്തോട്ടം ,ആയുധപ്പുരകൾ ,പരിശുദ്ധ വേദനയുടെ വിരലുകൾ ,ദൈവകാമനയുടെ ചിറകുകൾ ,വരദാന സന്ദേശത്തിൻ്റെ മുഖപത്മങ്ങൾ ,സാന്ത്വനത്തിൻ്റെ പാദാരവിന്ദങ്ങൾ എല്ലാം വിശുദ്ധ നിയോഗങ്ങളുടെ തണൽ വഴികളിലൂടെ അദൃശ്യവർത്തമാനങ്ങളുടെ വാത്സല്യം പേറി പ്രയാണം ചെയ്യുന്നു " .

ഇത് വായനയുടെ സൃഷ്ടിയാണ്. വായന സൃഷ്ടിക്കുന്നതാണിത്. ചിലർ പറഞ്ഞത് ,'ആത്മായനങ്ങളുടെ ഖസാക്ക് ' വായിച്ചാൽ മനസ്സിലാകുന്നില്ല എന്നാണ്.ഇത് എങ്ങനെയാണ് മനസ്സിലാക്കുന്നത് .?സംഗീതം ചിന്തിച്ചാണോ മനസ്സിലാക്കുന്നത് ;നിങ്ങൾ ശരീരത്തിൻ്റെ ശക്തി മുഴുവൻ ഉപയോഗിച്ച് എന്നെ കേൾക്കുക എന്ന് പറഞ്ഞ ബ്രസീലിയൻ എഴുത്തുകാരി ക്ളാരിസ് ലിസ്പെക്ടറെ ഓർക്കുകയാണ്.

ഖസാക്കിൻ്റെ ഇതിഹാസം നമ്മുടെ കാലഘട്ടത്തിലെ ഒരു പ്രശ്നവും പരിഹരിക്കാൻ എഴുതിയതല്ല .അത് എഴുത്തുകാരൻ തൻ്റെ ആകുലതകൾക്ക് രൂപം കൊടുക്കാൻ സൃഷ്ടിച്ചതാണ്. എഴുതിയാലേ സൃഷ്ടിയുള്ളു; അല്ലെങ്കിൽ അത് അയഥാർത്ഥമാണ് .എഴുതുമ്പോൾ ഫിക്ഷ്ൻ യഥാർത്ഥമാവുന്നു. രവി ഒരു ജീവിതദർശനമല്ല; ഒരു പ്രത്യയശാസ്ത്രമല്ല; സദാചാര സംഹിതയല്ല, മോക്ഷമാർഗമല്ല .രവിയെ ആരും അനുകരിക്കുകയില്ല.കാരണം അയാളിൽ അനുകരിക്കപ്പെടാൻ യോഗ്യമായ ഒന്നുമില്ല. അയാൾക്ക് രാഷ്ട്രീയമോ ,ലക്ഷ്യമോ ഇല്ല .അയാൾ താൻ കൊണ്ടുനടന്ന അലട്ടിൻ്റെ ഇരയാണ്. കാഫ്കയുടെ നായകന്മാർക്ക്  ഈ പ്രശ്നമുണ്ട്. അവർ തെറ്റു ചെയ്യാൻ തയ്യാറല്ലായിരുന്നു; എന്നാൽ അവർ ശിക്ഷയനുഭവിക്കുന്നു. എന്തിനാണ് ശിക്ഷയനുഭവിക്കുന്നതെന്ന് ചിന്തിച്ച് വിഷണ്ണരാവും. തങ്ങളുടെ തുടലു പൊട്ടിച്ച സന്ദേഹങ്ങളും ആകുലതകളുമാണ് കാഫ്കയുടെ നായകന്മാരെ കുഴയ്ക്കുന്നത്. അവർക്ക് അത് ഒരു കുരുക്കാണ്.അതിൽ നിന്ന് രക്ഷനേടാൻ പരമാവധി ശ്രമിക്കുന്നു. എന്നാൽ ശ്രമിക്കുന്തോറും അവർ വീണ്ടും സങ്കീർണമായ കുരുക്കിലേക്ക് വീഴുന്നു. യുക്തി കൊണ്ട് പരിഹരിക്കാനാവാത്ത വിധം ,ഓരോ നീക്കവും സമസ്യയാകുന്നു.രവിയും അതു തന്നെയാണ് ചെയ്യുന്നത്. അയാൾ എന്തിനാണ് ഖസാക്കിൽ എത്തിയത്. ? ഇപ്പോഴും അത് ദുരൂഹമാണ്. അയാൾ അവിടെ എത്തിയിരിക്കയാണ്. അയാൾ ഓർമ്മകളുടെ ഇരയാണ്. തന്നെ വലയം ചെയ്യുന്ന പാപബോധവും നിരാശയും രവിയെ തളർത്തുന്നു. അയാൾ വീണു കിട്ടുന്ന സന്ദർഭങ്ങളിൽ നിന്ന് ആനന്ദം തേടാൻ നോക്കുന്നു. അയാളുടെ ലൈംഗികമോഹങ്ങൾ അത്തരത്തിലുള്ളതാണ്. എന്നാൽ ഇതൊക്കെ വളരെ ബാഹ്യമായിട്ടുള്ളതാണ്. ഇതൊന്നും അയാളെ ഉള്ളിൽ സ്പർശിക്കുന്നില്ല. കുടത്തിനു പുറത്തു വീണ വെള്ളം പോലെ എല്ലാം നഷ്ടപ്പടുന്നു. അയാൾ എപ്പോഴും തനിച്ചാകുകയാണ്. 'വഴിയമ്പലം ' എന്ന അദ്ധ്യായത്തിൽ അയാളുടെ മാനസികാവസ്ഥ ഇങ്ങനെ വിശദമാക്കുന്നുണ്ട്:
"പത്താം തീയതി എന്നെ കാത്തു നില്ക്കുക....
രവിയുടെ പത്മ...
നേർത്ത മുനകൊണ്ട് കുറിച്ച നേർത്ത സുഭഗമായ കയ്യൊപ്പ് .രവി പേനയെടുത്ത് അതിൻ്റെ ചോടേ സ്വന്തം ഒപ്പ് കുറിച്ചു നോക്കി.ആ ഒപ്പിൽ താല്പര്യമില്ലാത്തതുപോലെ തോന്നി.ആർക്കും കത്തെഴുതാറില്ല. കയ്യൊപ്പിൻ്റെ ഉപയോഗം അങ്ങനെ കുറഞ്ഞു കുറഞ്ഞു വരികയാണ്. കുറേക്കഴിയുമ്പോൾ പ്രയോഗ ഹീനമായ അവയവത്തെപ്പോലെ അത് ഓർമ്മയിൽ നിന്ന് മായും.പിന്നെ അവശേഷിക്കക പെരുവിരലിൻ്റെ ചുഴികൾ മാത്രമാവും .ഞാനെന്ന ഭാവം അവയിൽ കുടികൊള്ളും .കാലം ചെല്ലുമ്പോൾ അവയും തേഞ്ഞു പോകും .പരിണമിക്കും."



രവി സ്റ്റേഹിച്ചിരുന്ന പെണ്ണാണ് പത്മ .അവൾ വന്നു വിളിച്ചിട്ടും രവി കൂടെ പോകുന്നില്ല .അയാൾ മറ്റേതോ ജ്വരത്തിലാണ്. സ്വന്തം കുരുക്കുകളിലേക്ക് അയാൾ നിർബാധം സഞ്ചരിക്കുകയാണ്.ലക്ഷ്യമുള്ള ഒരാളല്ല രവി ;അയാൾ ഓടിയൊളിക്കുകയാണ് .അതുകൊണ്ടാണ് ചിലപ്പോൾ ഒരു ഭീരുവിനെപ്പോലെ, ജിവിതം മടുത്തവനെപ്പോലെ അയാൾ പെരുമാറുന്നത്‌. ഖസാക്കിലെ ചെറിയ വിദ്യാലയത്തിലും  സെക്സിലും വാറ്റുചാരായത്തിലും പ്രേത താഴ്വരകളിലും അയാൾ സ്വയം ഒളിപ്പിക്കുകയാണ്.അതുകൊണ്ട് രവിയുടെ സന്ദേശം എന്താണെന്ന് ചോദിക്കുന്നവർ വളരെ അപരിഷ്കൃതരാണ് ,സാഹിത്യാനുഭവത്തെ ഉൾക്കൊള്ളുന്നതിൽ ,എന്ന് പറയേണ്ടതില്ലല്ലോ.
ഖസാക്കിൽ ഒരു മനുഷ്യാത്മാവിൻ്റെ, ഇതുവരെ കാണാത്ത അവസ്ഥയാണുള്ളത്.അതാണ് നോവലിസ്റ്റ് പിടിച്ചെടുക്കാൻ തുനിയുന്നത്. മനുഷ്യൻ ഇങ്ങനെയുമാണ് .അവനെക്കുറിച്ച് ഇനിയും പലതും അറിയാനുണ്ട്. ജീവിതം ദുർഗ്രഹമായി തുടരുകയാണ്.
ഖസാക്കിൻ്റെ ഇതിഹാസത്തെക്കുറിച്ച് വിജയൻ എഴുതിയ ആത്മകഥാപരമായ 'ഇതിഹാസത്തിൻ്റെ ഇതിഹാസം' (1989) എന്ന കൃതിയിൽ രവിയെക്കുറിച്ച് പറയുന്നത് ഇതിന് സാധുത നല്കുന്നു:
''മരണത്തെയും ജീവിതത്തെയും അറിയാൻ കഴിയാത്ത ,ക്ഷീണിതനായ ,ഒരു മനുഷ്യൻ്റെ കഥയാണ് ഇതിഹാസം.രവി നിഹിലിസത്തിൻ്റെ (സർവ്വനിഷേധം) പ്രവാചകനല്ല ,അനാർക്കിസത്തിൻ്റെ (അരാജകവാദം) കുറ്റവാളിയുമല്ല. മനുഷ്യവർഗത്തിൻ്റെ വിശാല രാശികൾ എന്നും അറിയുന്ന സന്ദേഹം മാത്രമാണ് അയാളുടേത്. മൂടുപടമില്ലാതെ ,നഗ്നനായി ,ശിശുവായി ,രവി ഈ സന്ദേഹത്തിൻ്റെ പരപ്പിൽ ഉഴലുന്നു. നമ്മുടെ കരുണ തേടുന്നു".

നോവൽ പിറന്ന് വർഷങ്ങൾ കഴിഞ്ഞാണല്ലോ വിജയൻ രവിയെക്കുറിച്ച് ഇത്ര തുറന്നെഴുതിയത്.ഇക്കാര്യം 'അത്മായനങ്ങളുടെ ഖസാക്കി'ൽ തൊള്ളായിരത്തി എൺപത്തിനാലിൽ തന്നെ ഞാനെഴുതിയിട്ടുണ്ട്. അതിങ്ങനെയാണ്:
" കാഴ്ചകളുടെ ഓരോ നിനവിലും രവി അസന്തുഷ്ടനായിരുന്നു. കൃഷ്ണമണികളുടെ അനുസ്യൂതമായ വ്യഗ്രതകൾ തന്നെ വിശപ്പിനും അഗ്നിക്കും ഇരയാക്കുന്നുവെന്ന് രവിക്ക് തോന്നിയിരുന്നു. അച്ഛൻ്റെ സാദൃശ്യവും കുഷ്ഠരോഗികളുടെ പൊട്ടിയൊലിക്കുന്ന വ്രണങ്ങളും അയാളെ ബന്ധിക്കുകയായിരുന്നു.ജന്മത്തിൻ്റെ നൈരന്തര്യം പോലും അയാൾക്ക് ഊഷരമായ സാന്ത്വനം പകർന്നത് അങ്ങനെയാണ് .കാഴ്ചയുടെ ചുഴികളിൽ നിന്നും ഖസാക്കിൻ്റെ മണ്ണിലെ നിത്യതയുടെ വിസ്മൃതിയിലേക്ക് ലയിക്കുക. വസ്തുവിൻ്റെ നാദവും സംഗീതത്തിൻ്റെ ഖരവും ഖസാക്കിലേക്ക് മടങ്ങുകയാണ് " .

ഈ നിഷ്കളങ്കതയിൽ രവിക്ക് മറ്റെന്താണ് തേടാനുള്ളത് ? അയാൾക്ക് ഒന്നിനെക്കുറിച്ചും സമഗ്രമായ അറിവില്ല. ഇത് വിജയനും ,പിന്നീട് എഴുതിയിട്ടുണ്ട്. അയാൾ കണ്ടും അനുഭവിച്ചും അതിൽ തന്നെ മുക്തി തേടുകയായിരുന്നു.

ഞാൻ എൺപതുകളുടെ തുടക്കത്തിൽ ഖസാക്കിനെക്കുറിച്ചെഴുതുമ്പോൾ വിജയൻ ഇന്നത്തേത് പോലെ ഒരു വിഗ്രഹമായിരുന്നില്ല. അതുകൊണ്ട് നമ്മുടെ സ്വാതന്ത്ര്യം വേറിട്ട് നില്ക്കുമായിരുന്നു. അന്ന് വിജയനെ കലാശാലകളും വേട്ടയാടിയിരുന്നില്ല. ഇപ്പോൾ ഖസാക്ക് നേരിടുന്ന പ്രതിസന്ധി സർവകലാശാല ഗവേഷകരുടെ യാന്ത്രിക വായനയാണ്.പി.എച്ച് .ഡിക്കുള്ള ഒരു വിഷയം എന്ന നിലയിൽ വിജയനെ സമീപിക്കുകയാണ്‌. ഇവർക്ക് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു വിഷയമാണുണ്ടാവുക. അത് സ്ഥാപിക്കാനായി അവർ എല്ലാത്തിനെയും ലഘൂകരിച്ച് അതിലേക്ക് കൊണ്ടുവരും. രവിക്ക് അച്ചനുമായുള്ള ബന്ധം ,അമ്മയുമായുള്ള ബന്ധം ,സ്ത്രീകളുമായുള്ള അടുപ്പം ,ഖസാക്കിലെ ചുമ്മാതുള്ള വഴികൾ ,ഖസാക്കിലെ മഴകൾ ,ഖസാക്കിലെ പ്രേതങ്ങൾ തുടങ്ങി ഗവേഷണം വളരെ സാഹിത്യ ബാഹ്യവും അർത്ഥശൂന്യവുമായിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ ഭാഗമായാണ് സമീപനാളിൽ 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തെക്കുറിച്ചുള്ള ഒരു ചർച്ചയിൽ ഒരാൾ ഈ നോവലിനു ആധുനികതയുമായി ഒരു ബന്ധവുമില്ലെന്ന് തട്ടിവിട്ടത്! .


BACK TO HOME

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

 

The Showers At Koothattukulam

M K Harikumar 

Translation: Geetha Ravindran*


Years ago
It showered
in koothattukulam,
The unfamiliar rains !

The rains;
Though aged
Had heavy hubbub
In it's throat!

It rained 
Day and night
lncessantly; yet pale !
Simply kept dropping down...


It was a holiday
People neither got out
Nor wandered any where

As if aged 
with greys n wringles
It roamed in every street
of Koothattukulam.
Could a small child at Ieast
be heard singing
With no relief 
No support
Those downpours
disappeared.

Once during the
Festivities of Onam
lt was as a light- hearted
feminine drizzling !

Now 
The rains laughed
As the clinging of anklets
Kept dancing
Again and again !

When
Prem Nazeer - enacted
Thacholi Ambu was played
She was gaurding outside.
Aട if ready for a fight
In a love-scene field
She threw lovely glances
In every step made
In her elegant healing humility
There was a touch
of cheer
There wasn't a room left
unseen by her.
 
 

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

 മരച്ചീനി


എം.കെ.ഹരികുമാർ


ശരീരത്തിൽ
എവിടെ നിന്നും
പൊട്ടിമുളച്ച് മറികടക്കും.

എനിക്ക് മരണമില്ല
ഞാനൊരു തണ്ടിൽ
പല ജീവിതങ്ങളാണ് .
പല ജന്മങ്ങളാണ്
ഒരു തണ്ട് പല തുണ്ടുകളായി
ഒടിച്ചാലും
അതു മൃതിയല്ല;
പല ജീവിതങ്ങളാണ്.

എവിടെപ്പോയാലും
എവിടെ ജീവിച്ചാലും
സ്വയം തണ്ടായി വളർന്ന്
പുതിയ ജീവിതമായി പന്തലിച്ച്‌ ....

ദുഃഖത്തിൽ നിന്നും
സന്തോഷത്തിൽ നിന്നും
പൊട്ടിമുളയ്ക്കണം.
വിരഹവും വിരക്തിയും
പുതിയ മുളകളാണ്.


എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

 


മാസ്കുമായി കൊറോണയുടെ 

വേഷപ്പകർച്ചകൾ


 

എം.കെ.ഹരികുമാർ



കൊറോണ വൈറസ് ഒരാഗോള വ്യാപനത്തിൻ്റെ പ്രക്രിയയിലൂടെ, മനുഷ്യരെക്കുറിച്ചുള്ള ധാരാളം സൗന്ദര്യ ,ദാർശനിക ചിന്തകളെ കശക്കിയെറിഞ്ഞിരിക്കുന്നു. മനുഷ്യൻ വെറുമൊരു ഇര എന്ന നിലയിൽ ഇപ്പോൾ ചുരുങ്ങുകയാണ്. ഒന്നിനെയും വെറുതെയങ്ങ് മഹത്വവത്ക്കരിക്കേണ്ടതില്ലെന്ന് കൊറോണക്കാലം  പ്രഖ്യാപിക്കുകയാണ്.ഒരു ഐസൊലേഷൻ വാർഡിനപ്പുറത്ത് മനുഷ്യന് അധികം സ്ഥലമില്ല .ക്വാറൻ്റൈനിലാണ് ധ്യാനം; ധ്യാനത്തിനു പദവിയോ സ്വത്തോ വേണ്ട . ജീവിതത്തെക്കുറിച്ചുള്ള വിശേഷണപദങ്ങൾ ഉച്ചരിക്കുമ്പോൾ തന്നെ കെട്ടഴിഞ്ഞു വീഴുകയാണ് .ജീവിതത്തെ തനിച്ചു കിട്ടുന്നത് ചിലപ്പോൾ ഇങ്ങനെയെല്ലാമാണ് ;അത് അധികമാനങ്ങളെ ലഘൂകരിക്കുകയും ജീവിതത്തെ അസ്തിത്വദു:ഖത്തിൽ നിന്ന് സാവകാശം മോചിപ്പിക്കുകയുമാണ്. ഫ്രഞ്ച് എഴുത്തുകാരൻ സാർത്രിൻ്റെ 'നോസിയ ' എന്ന നോവലിലെ കഥാപാത്രമായ റൊക്വിൻ്റിൻ ,ഒരു സമയത്ത് ചിന്തിച്ചത് താൻ ഒരു ബെഞ്ച് അല്ലെങ്കിൽ മരം ആയിരുന്നെങ്കിൽ നന്നായേനെ എന്നാണ്. മനുഷ്യനായിരിക്കുന്നത് ഭയാനകവും ശൂന്യതയുടെ ചൂടിൽ വേവുന്നതും മനംപിരട്ടലുണ്ടാക്കുന്നതുമായ അവസ്ഥയാണെന്ന് അയാൾ സ്വാനുഭവത്തിലൂടെ കണ്ടെത്തി.എല്ലാവർക്കും ഇങ്ങനെ തോന്നണമെന്നില്ല .എല്ലാവരും ഒരേ പോലെ വൈകാരികമായി ജീവിതത്തെ നേരിടുന്നില്ലല്ലോ. ഇത് ചിലരുടെ അനുഭവമാണ്. അവരുടെ ഉൾക്കാതുകൾ അവരെ അസാധാരണമായ വിധം രോഗികളാക്കുന്നു. അതവരുടെ വ്യക്തിഗതമായ അറിവാണ്; അതേസമയം അവർ അതിൻ്റെ പേരിൽ ദുരിതമനുഭവിക്കുകയും ചെയ്യുന്നു.

സ്ഥൂലമായതെല്ലാം സ്വയം പിൻ വാങ്ങുകയാണ്. വസ്ത്രം, സഞ്ചാരം ,ഭക്ഷണം ,ഓർമ്മ ,സൗന്ദര്യം ,ബന്ധങ്ങൾ ,മരണം തുടങ്ങിയവയെല്ലാം സ്ഥൂലമായിരുന്നു. കൊറോണ അതിനെയെല്ലാം ലഘൂകരിച്ചു, അതിവേഗത്തിൽ .മനുഷ്യർക്ക് വസ്ത്രത്തിൻ്റെ പേരിലുള്ള തനിമ ഗാന്ധിജി എന്നേ തള്ളിക്കളഞ്ഞതാണ്. ഗാന്ധിജിയെ പരിഷ്കൃതരും വിദ്യാസമ്പന്നരും മുതലാളിമാരും വിലയിരുത്തിയത് അദ്ദേഹം ധരിച്ച വസ്ത്രങ്ങളുടെയോ ചെരുപ്പുകളുടെയോ അടിസ്ഥാനത്തിലല്ലല്ലോ.




കൊറോണ വേഷങ്ങളുടെ ഗർവ്വ് അവസാനിപ്പിച്ചു.മുഖത്തിനു മേലേ ഒരു കർട്ടൻ വലിച്ചുകെട്ടേണ്ടി വന്നത് മുഖസൗന്ദര്യ ശസ്ത്രക്രിയകളെയും സൗന്ദര്യവർധക വസ്തുക്കളെയും  അപ്രസക്തമാക്കി. സൗന്ദര്യത്തെക്കുറിച്ചുള്ള ,നമ്മുടെ ബാഹ്യവും അനാത്മീയവുമായ നൈമിഷികസങ്കല്പങ്ങളെ തകർത്ത് പുതിയ മിഥ്യകളുടെയും പരിമിതികളുടെയും ഭാവികളുടെയും നവസൗന്ദര്യശാസ്ത്രമാണ് കൊറോണയുടെ കാലം പകരുന്നത് ;അതാകട്ടെ വ്യാകുലതകളും വ്യർത്ഥതകളും കൊണ്ട്  നിർമ്മിച്ചതുമാണ്.

ഒരു വേഷം പലതും മൂടിവയ്ക്കുന്നുണ്ട്; പൂക്കൾ മൂടിവയ്ക്കുന്നത് വൃത്തികേടിനെയാണെന്ന് ഫ്രഞ്ച് നാടകകൃത്ത് ഷെനെ പറഞ്ഞല്ലോ. അതുപോലെ ആഡംബരഭ്രമവും ബാഹ്യസൗന്ദര്യജ്വരവും മനുഷ്യജീവിത യാഥാർത്ഥത്തെ മറയ്ക്കുകയാണ്. ആധുനിക മുതലാളിത്തം എത്ര വിധ്വംസകമായാണ് അതിൻ്റെ വർണ വിവേചനം ഒളിപ്പിച്ചിരിക്കുന്നതെന്ന് അമേരിക്കയിൽ ജോർജ് ഫ്ളോയിഡ് എന്ന കറുത്ത വർഗക്കാരനെ കാൽമുട്ട് കഴുത്തിലമർത്തി നഗരമധ്യത്തിൽ പരസ്യമായി ശ്വാസം മുട്ടിച്ചു കൊന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഫുടീകരിക്കുന്നുണ്ട് .
ഇവിടെ നാടകകൃത്ത് ഓസ്ക്കാർ വൈൽഡിൻ്റെ ഒരു ചിന്ത ഓർമ്മയിലെത്തുന്നു.മുഖത്തെ മാസ്ക് വേറൊരു അസ്തിത്വത്തിലേക്ക് നമ്മെ എത്തിക്കുന്നതിനെക്കുറിച്ചാണ്. "അവർക്ക് ആരെങ്കിലും ഒരു മാസ്ക് കൊടുക്കൂ ,അവർ തങ്ങളുടെ ശരിയായ മുഖം കാണിച്ചു തരും."
മറയ്ക്കാൻ പലതുമുള്ളവരാണ് നാം. മാസ്ക് അത് നന്നായി ചെയ്യുന്നതോടെ നമുക്ക് കൂടുതൽ യഥാർത്ഥമായ നമ്മളിലേക്ക് തിരിച്ചു പോകാം.

ദൈവത്തിൻ്റെ ഇടം

മനുഷ്യന് അവൻ്റെ ശരീരത്തിൻ്റെ അതിർത്തിയിലെവിടെയോ പുതിയ ദൈവത്തെ ,അകൽച്ചയുടെ തലത്തിൽ, കണ്ടെത്തേണ്ടി വന്നു. ഇതുവരെ കാണാത്ത വ്യാധിയും അതിനു കാരണമായ വൈറസിൻ്റെ ഉൾപ്പരിവർത്തനവും ഭാവിയെ നിർവ്വചിക്കാൻ പറ്റാത്ത വിധം അകറ്റുന്നു. യൂറോപ്യൻ പതിപ്പും ഇന്ത്യൻ പതിപ്പും രംഗപ്രവേശം ചെയ്തതായി ശാസ്ത്രലോകം വിലയിരുത്തുന്നു.ഇനിയും പതിപ്പുകൾ ഉണ്ടായേക്കാം. ഒരു അവബോധത്തിൻ്റെയോ ,നിർണയനത്തിൻ്റെയോ ബലത്തിൽപ്പോലും നീങ്ങാനാവാതെ വരുന്നു. ഒരു പക്ഷേ, വാക്സിൻ കണ്ടു പിടിക്കുന്നതിനു മുന്നേ തന്നെ മനുഷ്യൻ സ്വന്തം പ്രതിരോധശേഷി വർധിപ്പിച്ച് ,ആൻഡിബോഡിയുടെ കരുത്തിൽ വൈറസിനെ ചെറുത്തു തോല്പിച്ചേക്കാം. അപ്പോഴും അതൊരു പൂർണസജ്ജമായ നിലനില്പല്ല .യാദൃച്ഛികതകളുടെ ദൈവം എവിടെയോ വസിക്കുന്നു .ശരീരത്തിനുള്ളിൽ വസിക്കുന്ന ദൈവം അന്യൻ്റെ ശരീരത്തോടുള്ള അകലത്തിനുള്ളിൽ പുതിയ വ്യവഹാരമേഖല തിരഞ്ഞെടുത്തിരിക്കുന്നു.

പുതിയക്രമം

നിലവിൽ മുതലാളിത്ത  ലോകക്രമത്തിൽ ആഗോള അതിജീവനം കിട്ടിയാൽ മാത്രമേ അർത്ഥമുള്ളു. ഒരു കാർട്ടൂൺ പരമ്പരയോ ,പാവക്കുട്ടിയോ ,വിനോദപാർക്കോ ,സംഗീതമോ ,ഗുസ്തിയോ ,കലയോ ,സാഹിത്യമോ ,വിസ്കിയോ എന്തുമാകട്ടെ ,അതിനു ആഗോളബ്രാൻഡിംഗ് ലഭിച്ചില്ലെങ്കിൽ അസ്തിത്വമില്ല; ചരിത്രം നിർമ്മിക്കുന്നത് മുതലാളിത്തവും അതിൻ്റെ വിപണിയുമാണ്. അതിനായി വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. സർഗാത്മകത പിന്തള്ളപ്പെടുകയും വിപണിമൂല്യം പരമപ്രധാനമാകുകയും ചെയ്യുന്നു. വിപണിയുടെ അധീശത്വം പുതിയ സദാചാരമായിക്കഴിഞ്ഞു.

ഒരു വിവാഹത്തെ പ്രകീർത്തനത്തിനു യോഗ്യമാക്കുന്നത് എത്ര ആയിരം പേർക്ക് ബിരിയാണി വച്ചുവിളമ്പി എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വിവാഹം ,കല ,രാഷ്ട്രീയം എല്ലാം അതിൻ്റെ ആർഭാടത്തിലാണ് മൂല്യം കാണുന്നത്. യുവമിഥുനങ്ങളുടെ മാനസിക ചേർച്ച അനാവശ്യമാണ്.
മുതലാളിത്തം സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലേക്കും ആത്മാവുകളിലേക്കും ചേഷ്ടകളിലേക്കും മര്യാദകളിലേക്കും പടർന്നു കഴിഞ്ഞു.ഒരു ഓഫീസിൽ മുപ്പതോ നാല്പതോ വർഷം ഒരുമിച്ചു പ്രവർത്തിച്ചാലും പരസ്പരം ആത്മ ബന്ധമുണ്ടാകാത്തത് ഇതുകൊണ്ടാണ്. അതായത് ഒരാൾ മറ്റൊരാളുടെ ആത്മവസ്തുവല്ല ,ഉപഭോഗവസ്തുവാണ്.ഒരു ഇരയാകാതിരിക്കാൻ മുൻകൂർ സോഫ്റ്റ് വെയർ തലച്ചോറിൽ തയ്യാറാക്കി വച്ചിരിക്കയാണ്. ആത്മാവിനടുത്ത് ആരുമില്ല ;ആരുടെയും ഹൃദയത്തിൽ നമ്മളില്ല .നമ്മുടെ ഹൃദയത്തിലും മറ്റാരുമില്ല .ഇതല്ലേ ഭീകരമായ അന്യവത്ക്കരണം ?വാസ്തവത്തിൽ കൊറോണ വ്യാപനം ഈ സാമൂഹ്യ മായ അന്യവത്ക്കരണ വ്യാപനത്തിൻ്റെ പ്രത്യക്ഷവത്ക്കരണ മല്ലേ ?

മുതലാളിത്തത്തിൽ അവനവനു മാത്രമേ ജീവിതമുള്ളു;മറ്റെല്ലാം നിഴലുകളാണ്.സാഹിത്യ ,കലാരംഗങ്ങളിൽ ചീഞ്ഞഴുകിയ വൈയക്തിക ലക്ഷ്യങ്ങളുടെയും ഓക്കാനമുണ്ടാക്കുന്ന സ്വാർത്ഥ താല്പര്യങ്ങളുടെയും ദുരവസ്ഥയെ ചോദ്യം ചെയ്യാനോ ,അതിൽ നിന്നു മാറിനില്ക്കാനോ ശ്രമിക്കുന്നതിനു പകരം എസ്റ്റാബ്ളാഷ്മെൻ്റിൻ്റെ പുളിച്ച മോരു കുടിക്കാൻ സാംസ്കാരിക സ്ഥാപനങ്ങൾക്കു മുമ്പിൽ മുതിർന്നവരും അവരുടെ  യുവആശ്രിതരും തിക്കിത്തിരക്കുകയാണ്.

സംസ്കാരം വിലയ്ക്ക് വാങ്ങാമെന്ന നവമുതലാളിത്ത അതിബുദ്ധി ഇപ്പോൾ തത്കാലത്തേക്കെങ്കിലും റദ്ദാക്കപ്പെട്ടു. സ്വയം ജീവിക്കുന്നു ,താൻ മാത്രം അതിജീവിക്കുന്നു ,തൻ്റെ സമ്പാദ്യമാണ് എല്ലാറ്റിൻ്റെയും അവസാനം എന്ന ചിന്ത  മന്ദീഭവിച്ചിരിക്കയാണ്. മറ്റുള്ളവരുടെ രോഗം തന്നെ പല വിധത്തിലും ബാധിക്കും എന്ന സത്യം എല്ലാവരും അംഗീകരിച്ചിരിക്കുന്നു. ലോകത്തിൻ്റെ ഏത് കോണിലുള്ള രോഗാണുവും നമ്മെ  തേടി വരാം എന്ന വസ്തുതയാണ് ആഗോളവത്ക്കരണത്തിൻ്റെ ഒടുവിലത്തെ ഉദാഹരണം.

നേട്ടങ്ങൾ ,ചിലപ്പോൾ മിഥ്യകളായി മാറുന്നു. താലോലിച്ചിരുന്നത് ഓർമ്മകളായി അലറാം. അയ്യപ്പപ്പണിക്കർ ഹൂഗ്ളി നദി  കരകവിഞ്ഞപ്പോൾ അടങ്ങൂ അടങ്ങൂ എന്ന് പടിയത് ഓർക്കുകയാണ് .
പക്ഷേ, ഹൂഗ്ളി മനുഷ്യരുടെ ആഹ്വാനം കേൾക്കാറില്ല .എത്ര വില കൂടിയ മാസ്ക് ആണെങ്കിലും തടയേണ്ടത് വൈറസിനെയാണ്.മാസ് കിനടിയിലെ മുഖം ആരുടേതാണെന്ന് കോവിഡ് നോക്കുന്നില്ലല്ലോ .അതുകൊണ്ട് ഐഡൻ്റിറ്റി രാഷ്ട്രീയം ഏറ്റവും വലിയ ഒറ്റമൂലിയായി ഇനി അവതരിപ്പിക്കാനാവില്ല. വലിയ ആശുപത്രികളുടെ സാങ്കേതിക മൂല്യം വൈറസിനു മുന്നിൽ ഒന്നുമല്ല.

വൈറസ് സ്റ്റാറ്റസ് ഒരു സിവിക് ഐഡൻ്റിറ്റിയായി നിലനിന്നേക്കാനാണ് സാധ്യത. കാരണം ഭരണകൂടങ്ങൾക്ക് ഇന്നത്തെ ഭീകരപ്രവർത്തനങ്ങളെയും രാഷ്ട്രവിരുദ്ധശക്തികളെയും ഒതുക്കാൻ ഇത് സഹായിക്കും.സമൂഹത്തിൽ ഒരു നിരീക്ഷണം നിലനിർത്താൻ ഏറ്റവും സ്വീകാര്യമായ മാർഗം കൊറോണ തടയുന്നതിനു അവലംബിച്ച സംവിധാനമാണ്. ആരോഗ്യവകുപ്പിൻ്റെ പ്രോട്ടോക്കോൾ തുല്യതയുടെ പുതിയ മേഖലയാണ്.മാസ്ക് ധരിച്ച് വേർപിരിഞ്ഞ സൗഹൃദങ്ങൾ ഇനി എന്ന് ഒരുമിക്കും. ?

അണുകുടുംബവും തകരുന്നു.

മുതലാളിത്തത്തിൻ്റെ വളരെ ദീർഘവീക്ഷണത്തോടെയുള്ള ഒരു കൗശല പദ്ധതിയാണ് അണുകുടുംബം. ഉല്പന്നവും സേവനവും  വില്ക്കാൻ കണ്ടുപിടിച്ചതാണിത്. വളരെ മധുരമുള്ളതും മാർദ്ദവമുള്ളതുമായ ഒരു കുരുക്കാണിത്.അഴിക്കാൻ പറ്റില്ല. അഴിച്ചാൽ തന്നെ മോചനമില്ല .അണുകുടുംബത്തെ ലക്ഷ്യം വച്ചാണ് പുതിയ പല അഭിരുചികളും നിർമ്മിക്കപ്പെട്ടത്.അതിനായി സ്വകാര്യത എന്ന ആശയത്തെ വികസിപ്പിച്ചെടുത്ത് വ്യക്തിശുചിത്വം പോലെ മഹത്വവത്ക്കരിച്ചു.അംഗങ്ങൾ കൂടിയാൽ സ്വകാര്യത ഇല്ലാതാകുമെന്ന് മൂലധനത്തിൻ്റെ വിവിധ ധാരകളിലൂടെ ഒരു സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടു. വ്യക്തികൾ കുടുംബമാകുന്നതു തന്നെ സ്വകാര്യതയ്ക്ക് വേണ്ടിയാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. സ്വന്തം വീട് ,സ്വന്തം സ്വകാര്യത തുടങ്ങിയ ആശയങ്ങളാണ് പടമിടപാടു സ്ഥാപനങ്ങളും വാണിജ്യ മാധ്യമങ്ങളും സമൂഹത്തിലേക്ക് പ്രവഹിപ്പിച്ചത്. അവനവനു വേണ്ടി എന്ന മനശ്ശാസ്ത്രം വ്യക്തികളുടെ മനസ്സിൻ്റെ അഗാധഘടനകളിലേക്ക് സംക്രമിപ്പിച്ചു.പുതിയ അനേകം ആഗ്രഹങ്ങളുടെയും തെറ്റുകളുടെയും പ്രലോഭനങ്ങളുടെയും ഒരു രഹസ്യമേഖല അങ്ങനെ ഉദയം ചെയ്തു.

വീടുകളിലെ ലഹള ഇന്നു കാണുന്ന തരത്തിൽ രൂപകല്പ്ന ചെയ്തത് മുതലാളിത്ത വിപണി സമ്പദ് മേഖലയുടെ അനിവാര്യമായ ചില ലക്ഷ്യങ്ങളുടെ ഭാഗമായാണ്. അണുകുടുംബങ്ങൾ  ഇന്ന് ജീർണാവസ്ഥയിലാണെന്ന് അനുദിനമെന്നോണം പുറത്തുവന്നു കൊണ്ടിരിക്കുന്ന കൊലപാതകങ്ങൾ വിളിച്ചു പറയുന്നു.ഇതിനെല്ലാം പിറകിലുള്ളത് വ്യക്തികളുടെ സ്വകാര്യത ,അന്തസ്സ് തുടങ്ങിയ നവീന ആവശ്യങ്ങളാണ്. പുതിയ വീടുകൾ ,താമസസ്ഥലങ്ങൾ ഉണ്ടാകുന്നതാണ് വികസനം എന്ന് ഏറെക്കുറെ എല്ലാവരും സമ്മതിച്ചു കഴിഞ്ഞു.പുതിയ ഉപഭോഗവസ്തുക്കൾക്ക് വിപണി  ഉണ്ടാവണമെങ്കിൽ ഇതാവശ്യമാണ്.
ഈ അണുകുടുംബത്തെ അസ്ഥിരപ്പെടുത്തുകയോ അലങ്കോലമാക്കുകയോ ചെയ്യാൻ കൊറോണയുടെ വരവിനു കഴിഞ്ഞു. അണുകുടുംബ സൗന്ദര്യാത്മകതയെ വൈറസ് ബാധ എന്ന സംശയത്തിൻ്റെ മുനകൾ ആഴത്തിൽ ചികഞ്ഞിട്ടു.ബാംഗ്ളൂരിൽ നിന്നു കൊല്ലത്ത് എത്തിയ യുവതിയെ വീട്ടിൽ ക്വാറൻ്റൈനിൽ കഴിയാൻ അനുവദിക്കാതെ ഭർത്താവ് ഇറക്കിവിട്ടത് ഒരു സൂചനയാണ്. ഭാര്യ ഒരു വ്യക്തിഗത വൈറസ് സ്റ്റാറ്റസ് മാത്രം. വൈറസ് ബാധ ഇല്ലെങ്കിലും അതിൻ്റെ ദുരൂഹത നിലനില്ക്കുന്നതു കൊണ്ട് പല വിവാഹബന്ധങ്ങളിലും ഊഷ്മളത നഷ്ടപ്പെട്ടു. പ്രായമായവരും രോഗികളും ജീവിതത്തിൻ്റെ റിവേഴ്സ് ക്വാറൻ്റൈനിലേക്ക് എന്നേക്കുമായി വേർതിരിക്കപ്പെട്ടിരിക്കുന്നു. പല സൗഹൃദങ്ങളും അസ്തമിച്ചപോലെയായി.

കൊറോണയെ ചൂഴ്ന്ന് നില്ക്കുന്ന ദുരൂഹത ഏറുകയാണ്. ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാലും രോഗപ്രതിരോധശേഷിയുണ്ടെങ്കിൽ അത് ദോഷകരമായി പ്രവർത്തിക്കില്ലത്രേ. അതേസമയം മറ്റൊരാൾക്ക് രോഗാണുവിനെ കൈമാറാൻ അയാൾ പ്രാപ്തനായിരിക്കുകയും ചെയ്യും. പരിശോധനയിൽ ,രോഗമുണ്ടെങ്കിലും പോസിറ്റീവായി കാണിക്കണമെന്നില്ല; ഇതും വൈറസിൻ്റെ അസ്തിത്വത്തെ ദുർഗ്രഹമാക്കുന്നു. ചുരുക്കി പറഞ്ഞാൽ ഏതവസ്ഥയിലാണ് രോഗമുള്ളത് ,രോഗമില്ലാത്തത് എന്ന് വ്യക്തമായി പറയാൻ കഴിയില്ല.യാതൊരു രോഗലക്ഷണവുമില്ലാത്തയാൾ അനേകം പേർക്ക് രോഗം പകരാം എന്നുള്ളത് കാര്യങ്ങൾ സങ്കീർണമാക്കുന്നു. ആരാണ് നേര് ,ആരാണ് പൊയ് എന്നറിയാത്ത അവസ്ഥ. ഇതാണ് ഭാവിയെ കൂടുതൽ ആഴമുള്ളതാക്കുന്നത്‌. അതുകൊണ്ട് സംശയത്തിൻ്റെ ആനുകൂല്യം ഏതാണ്ട് എല്ലാ പൗരജനങ്ങൾക്കും ലഭിക്കുന്നു.

ജനാധിപത്യത്തിൻ്റെ ജലരേഖകൾ

ഒരു നേതാവ് എന്ന നിലയിലുള്ള റോൾ മിക്ക രാഷ്ടീയ പ്രവർത്തകർക്കും നഷ്ടപ്പെടുന്നതാണ് കഴിഞ്ഞ ഏതാനും മാസങ്ങളിൽ കണ്ടത്. പലരും അർത്ഥശൂന്യമായ പ്രസ്താവനകളിൽ അഭയം തേടി. ഭരണാധികാരികളിലേക്ക് എല്ലാം ചുരുങ്ങി.എന്നാൽ അവരും നിഴലുകളായിരുന്നു. അവർക്ക് ദിനംപ്രതി കിട്ടുന്ന മെഡിക്കൽ  ഗവേഷണഫലങ്ങളായിരുന്നു മുഖ്യം. ആരോഗ്യരംഗത്തെ ഗവേഷകരും ഡോക്ടർമാരും ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളിലെ വൈറസ് സ്പെഷലിസ്റ്റുകളുമാണ് യഥാർത്ഥ നേതാക്കളായത്.ആഗോളവത്കരണകാലത്ത് ലോക പണമിടപാട് സ്ഥാപനങ്ങളാണ് വികസനത്തെയും കയറ്റുമതിയെയും നിയന്ത്രിച്ചത്.രാഷ്ട്രീയ നേതാക്കൾ ആ സ്ഥാപനങ്ങളുടെ നിർദ്ദേശങ്ങൾ നടപ്പാക്കുകയാണ് ചെയ്തത്. അതു കൊണ്ടാണ് കുടിയേറ്റ തൊഴിലാളികൾ, അത്മഹത്യാപരമായി , നൂറുകണക്കിനു കിലോമീറ്ററുകൾ നടന്നു പോകാൻ തീരുമാനിച്ചത്.അവർ നടന്ന വഴിയിൽ ഒരിടത്തും രാഷ്ട്രീയക്കാരോ ,രാഷ്ട്രീയ പാർട്ടി പ്രവർത്തകരോ ഉണ്ടായിരുന്നില്ല! .അവർ കണ്ടത് കൊറോണ സൃഷ്ടിച്ച വിജനതയാണ്.  കൊറോണയെ നിർവ്വചനാതീതമാക്കുന്നത് മന്ത്രിമാരല്ല;ചികിത്സയുടെ പ്രോട്ടോക്കോൾ തീരുമാനിക്കുന്നവരാണ്. അവർ ആരാണെന്ന് ജനങ്ങൾ അറിയുന്നില്ല ,അറിയേണ്ടതില്ല .




കുടിയേറ്റ തൊഴിലാളികളുടെ പലായനം ,നിരീക്ഷണത്തിനായി താമസം ,ടെസ്റ്റുകൾ ,ഭക്ഷണ വിതരണം ,ഗതാഗതം ,കർഫ്യു, മാസക് ധരിക്കൽ തുടങ്ങിയ വിഷയങ്ങളെല്ലാം ഭരണകൂടമാണ് നിശ്ചയിച്ചത് .ജനാധിപത്യത്തിനുള്ളിൽ വേറൊരു വിഭാഗമായി പൗരജീവിതം വഴിപിരിഞ്ഞൊഴുകി .

ജനാധിപത്യം പാതി മറയ്ക്കപ്പെട്ടു എന്ന് മനസ്സിലാക്കാം; ലോക്ക്ഡൗൺ കാലത്ത് ലോകത്തെ പല വാർത്തകളും പുറത്തു വന്നില്ലല്ലോ.ഏതാനും വിഷയങ്ങളിലേക്ക് മുഖ്യധാരാ ജീവിതം ഒതുങ്ങിപ്പോയി.പലയിടത്തും മാധ്യമപ്രവർത്തകർക്ക് എത്തിച്ചേരാനായില്ല .ഇപ്പോൾ സ്റ്റാറ്റിസ്റ്റിക്സ് മാത്രമാണ് വാർത്ത .ഹോട്ട്സ്പോട്ട് ഏതാണെന്നല്ല, എത്രയെണ്ണമുണ്ടെന്ന താണ് വാർത്ത .രോഗനിർണയം സ്റ്റാറ്റിസ്റ്റിക്സിൻ്റെ വിജയമായി മാറുന്നു .അവിടെ രോഗി എന്ന വ്യക്തി ഇല്ല .

മാധ്യമങ്ങളെയും ലോക്ക്ഡൗൺ ക്ഷീണിപ്പിച്ചു.രാജ്യങ്ങൾ നല്കുന്ന വൈറസ് സ്റ്റാറ്റസ് സ്വീകരിക്കാതെ നമുക്ക് വേറെ വഴിയില്ല .യുദ്ധരംഗത്ത് ഇതിനു സമാനമായ സാഹചര്യമുണ്ട് .രണ്ടു രാജ്യങ്ങൾ തമ്മിൽ യുദ്ധം നടന്നു എന്ന് തെളിയിക്കാനാവശ്യമായ യാതൊന്നും ലോകജനതയുടെ പക്കലില്ല. യുദ്ധത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ നല്കുന്ന ഫോട്ടോകളും വീഡിയോകളുമാണ് മാധ്യമങ്ങളുടെ പക്കൽ ആകെയുള്ളത്. അത് വിശ്വസിക്കുന്നതാണ് രാഷ്ട്രീയ ധാർമ്മികത .



വാർത്തകൾ എല്ലാം തന്നെ കൊറോണയിൽ ധ്രുവീകരിച്ചു. ഏതാനും മാസങ്ങൾ ഇന്ത്യയൊട്ടാകെ കൊറോണകൊണ്ടാണ് ജീവിച്ചത്.പല സംഭവങ്ങളും ഉണ്ടായിടത്തു വച്ചുതന്നെ അപ്രത്യക്ഷമായി. പുതിയ നിയമങ്ങൾ ഉണ്ടായി. അതിൻ്റെ പേരിൽ ആയിരക്കണക്കിനു കേസുകളും നാട്ടുനടപ്പും ഉണ്ടായി.വാഹനങ്ങൾ റോഡിലിറക്കുന്നതും മാസ്ക് ധരിക്കാതിരിക്കുന്നതും പുതിയ നിയമമമായി. ലോകത്ത് വേറൊന്നും ഉണ്ടായിരുന്നില്ല. ഒരു നിഗൂഢമായ ലോകത്തിൻ്റെ സാന്നിദ്ധ്യമല്ല: മറിച്ച് ലോകം തന്നെ അപ്രത്യക്ഷമായതു പോലെ നാം വിശ്വസിച്ചു. അല്ലെങ്കിൽ ലോകത്തെക്കുറിച്ച് ചിന്തിക്കാൻ വിസ്മരിച്ചു. ലോകം ചുരുങ്ങിപ്പോയി. ലോകം വെൻറിലേറ്ററും ഹൈഡ്രോക്സി ക്ലോറോക്വിനുമായി ചുരുങ്ങി. മനുഷ്യജീവിതം ഐസൊലേഷൻ വാർഡിൻ്റെ ഒരു അനുബന്ധമായി മാറി.

ചൈനയിൽ നിന്നുള്ള ചില വീഡിയോകൾ കണ്ടിരുന്നു.തെരുവിൽ രോഗബാധിതരായി വീണു കിടക്കുന്നവരെ കണ്ടു. വെടിയൊച്ചകൾ കേട്ടു . പൊലീസ് വന്ന് വീടുകൾ പുറത്തു നിന്നു പൂട്ടുന്നതു കാണാമായിരുന്നു. വൈറസ് കാലത്ത് ചോദ്യം ചെയ്യലുകളില്ല;അനുസരിക്കൽ മാത്രമേയുള്ളു.കാറോടിച്ചു പോകുന്നത് ഏത് ഉദ്യോഗസ്ഥനായാലും ആൻ്റിബോഡി ടെസ്റ്റ് നടത്തും. രോഗലക്ഷണമുള്ളവരെ അപ്പോൾ തന്നെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും .

കൊറോണ കമ്മ്യൂണിസം പോലെയാണ്. എല്ലാവരും തുല്യരാണ്. കൊറോണയിൽ സൈനികവാഴ്ചയുടെ നിശ്ശബ്ദ സാന്നിദ്ധ്യമുണ്ട്; വേറെ വഴിയില്ല .ചികിത്സാകേന്ദ്രത്തിൽ തത്ത്വചിന്താപരമായ മൗനം ഏകാന്തതയെ ആവാഹിക്കുകയാണ്.

ജനാധിപത്യത്തിൽ അഭിപ്രായസ്വാതന്ത്ര്യത്തിനാണ് വിലയെങ്കിൽ കൊറോണയിൽ ആരോഗ്യരക്ഷാപ്രവർത്തകരുടെ പ്രത്യേക ആവരണത്തിനാണ് വില. ശരീരം മുഴുവൻ മൂടിയ ആ വേഷം ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും ഒരു ഫോട്ടോഗ്രാഫിക് ഇഫ്കടായി നിലനില്ക്കുകയാണ്. കൊറോണ രാജ്യങ്ങളെ ആരോഗ്യ റിപ്പബ്ളിക്കുകളാക്കിയിരിക്കുന്നു. രാജ്യങ്ങളുടെ സാംസ്കാരിക ചിന്തകളും ആവിഷ്കാര ഉപാധികളും  ചില്ലുകൂട്ടിലേക്ക് പിൻവാങ്ങിയിരിക്കുന്നു. മരണത്തെ നേരിടാനുള്ള മാർഗങ്ങളും പ്രതിരോധശേഷിയും മറ്റെല്ലാറ്റിനെയും തള്ളിമാറ്റി പ്രദർശനയോഗ്യമാകുകയും ചെയ്യുന്നു. രോഗം വന്നവരുടെയും സുഖപ്പെട്ടവരുടെയും മരിച്ചവരുടെയും കണക്ക് മാത്രമാണ് കൊറോണക്കാലത്ത് സംസ്കാരം.

ബ്രിട്ടനിലെ വിജനമായ നഗരങ്ങളിലൂടെ ആടുകളും പന്നികളും കൂട്ടമായി നടന്നു നീങ്ങുന്ന ദൃശ്യം കാണാനിടയായി.അവ കാട്ടിൽ നിന്നു വന്നതാകാം; അല്ലെങ്കിൽ അവയെ വളർത്തുന്ന ഫാമുകളിൽ നിന്ന് ഇറങ്ങിപ്പോന്നതാകാം. മാംസാഹാരമായി മാറേണ്ടിയിരുന്ന അവരാണ് യഥാർത്ഥ അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ അർത്ഥമാരാഞ്ഞത്.അവർ  ചരിത്രം കീഴടക്കുകയായിരുന്നു.അവർ മൃഗങ്ങളായി ജനിച്ച് മനുഷ്യരായി ജീവിക്കുകയായിരുന്നു. ഒരു പന്നിക്ക് മനുഷ്യജീവിതമുണ്ട്. അത് സഫലമാവുന്നത് മനുഷ്യന് ആ ജീവിതം നഷ്ടപ്പെടുമ്പോഴാണ്‌.

പുതിയ സമ്പദ് മേഖലകൾ

കൂടുതൽ ഗോളാന്തരമായതും മുതൽ മുടക്കുള്ളതുമായ ഉല്പാദനങ്ങളേക്കാൾ ചെറിയ ഇടങ്ങളിലേക്ക് മനുഷ്യൻ മാറുന്നത് മനസുകൊണ്ടാണ്.ഒരു വീണ്ടുവിചാരമുണ്ടായിരിക്കുന്നു. കൊറോണ വ്യാപിച്ചതിനുശേഷം സസ്യഭുക്കായ ധാരാളം പേരുണ്ട് .അനാസക്തിയുടെ ഒരു മഹാക്ഷീരപഥം കുറച്ചു പേരിലെങ്കിലും ഉരുത്തിരിയുകയാണ്. മറ്റുള്ളവരെ ,മറ്റുള്ളതിനെ അലോസരപ്പെടുത്താതെ കഴിഞ്ഞു പോകുന്നവനാണ് യഥാർത്ഥ ജീവിതം  ജീവിക്കുന്നതെന്ന വേദാന്തം രൂപപ്പെട്ടിരിക്കുന്നു. ദ്രോഹികൾ സകലതിനെയും നശിപ്പിക്കുന്നത് ,അവരുടെ ഉള്ളിൽ തിന്മ നിറയുന്നതുകൊണ്ടാണ് .സമ്പത്ത് ,സമ്പാദ്യം എന്നിവയൊക്കെ ഒരാളുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് മുൻപിൽ നിഷ്ക്രിയമാണെന്ന് വെറുതെ പറഞ്ഞാൽ മനസിലാകില്ല.എന്നാൽ കൊറോണയുടെ പേരിൽ ലോകത്തിൻ്റെ രണ്ട് ധ്രുവങ്ങളിലായവർക്ക് അത് വേഗത്തിൽ മനസ്സിലാകും.രാജ്യങ്ങളിലെ നേതാക്കളോ മറ്റ് പ്രമുഖരോ നിശ്ശബ്ദരായിപ്പോകുന്ന നിമിഷമാണത്. മഹാശക്തിശാലികൾ ,കർമ്മവ്യഗ്രതയുള്ളവർ എവിടെയോ സ്വയം തടവറയിലായി.

ഒരാൾ വൈറസിൻ്റെ അദൃശ്യ സാന്നിദ്ധ്യമാണെന്ന ചിന്ത, എല്ലാറ്റിനെയും അവിശ്വസിക്കാനാണ്  പ്രേരിപ്പിക്കുന്നത്.ഈ അവിശ്വാസം അയാളുടെ സ്വഭാവത്തെപോലും മാറ്റുകയാണ്. അതുകൊണ്ട് അടുപ്പമുള്ളവരെ ഫോൺ ചെയ്യാൻപോലും മടിച്ചവരുണ്ട്. കൊറോണ എന്നും മാനവരാശിയോടൊപ്പമുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ വിഭാഗം  പ്രഖ്യാപിച്ചത് ലോകത്തെ പുതിയൊരു സാമ്പത്തിക ക്രമത്തിലേക്ക് നയിക്കാനാണെന്ന് വ്യക്തം. ഏകാന്തജീവിതങ്ങൾക്ക് വീണ്ടും സാധ്യത തെളിയുകയാണ്. അറുപതുകളിലും മറ്റും ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ ഒരു തരംഗമുണ്ടായിരുന്നു .രാജ്യം ചുറ്റി നടന്നു ജീവിച്ച അവർ വല്ലപ്പോഴുമാണ് വീടുകളിൽ എത്തിയിരുന്നത്.നാട്ടിൽ തന്നെ ഒറ്റയാനായി നടന്നവരുണ്ടായിരുന്നു.അവർ സ്വന്തമായി ഒരു കുടുംബം എന്ന സങ്കല്പത്തിലേക്ക് ആകർഷിക്കപ്പെട്ടില്ല. അവരുടെ വർഗം കൂടുതൽ കരുത്തോടെ ഉയിർത്തുവരാൻ പോകുകയാണ്. അമിതസുഖമല്ല ,അമിത ജാഗ്രതയും നിയന്ത്രണവുമായിരിക്കും ഇനി പ്രധാനമാവുക.



സാമ്പത്തികമായ നഷ്ടത്തിൽ നിന്ന് കുറെ കഴിഞ്ഞായാലും രാഷ്ട്രങ്ങൾ രക്ഷപ്പെടുമായിരിക്കും. പക്ഷേ ,കൊറോണ തകർത്തു കളഞ്ഞ ദരിദ്ര ജീവിതങ്ങൾക്കായി എല്ലാ രാജ്യങ്ങളും ചേർന്ന് ഒരു പാക്കേജ് ഉണ്ടാക്കുകയാണ് വേണ്ടത്.ദരിദ്ര രാജ്യങ്ങളിലെ കുട്ടികൾ അസ്ഥിരൂപങ്ങളായി ഭക്ഷണത്തിനു വേണ്ടി ഇഴയുന്നത് മുതലാളിത്ത രാജ്യങ്ങളിലെ മാധ്യമങ്ങളിൽ ഒരു ഫീച്ചർ വിഷയമായി ഇപ്പോഴും അവശേഷിക്കുകയാണ്. ധനശേഷിയുള്ള രാജ്യങ്ങളിലെ മുഴുവൻ പൗരജനങ്ങളും ചേർന്ന് ഇതിനായി പിരിവെടുക്കണം.അതിനു വേണ്ടിക്കൂടിയാകണം ജി 7 രാജ്യങ്ങളും ജി 20 രാജ്യങ്ങളും നിലകൊള്ളേണ്ടത് .ആഫ്രിക്കൻ രാജ്യങ്ങളിലെ പട്ടിണി മാറ്റാൻ ഐക്യരാഷ്ട്രസഭയ്ക്ക് പരിമിതി ഉണ്ടായിരിക്കാം. എന്നാൽ മറ്റ് രാഷ്ട്രങ്ങൾ ഇതിനായി നീക്കിവയ്ക്കാൻ ഒരു ഫണ്ട് കണ്ടെത്തുകയാണ് വേണ്ടത്. വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണിത്. ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്താൽ ഇക്കാര്യത്തിൽ ഉറച്ച ചുവടുകൾ വയ്ക്കാനാവും. പട്ടിണി ആധുനിക ലോകത്തിനു ഒട്ടും ഇണങ്ങില്ല .നേരത്തേ ദാരിദ്യത്താൽ വലഞ്ഞ രാജ്യങ്ങളാണ് കൊറോണ മൂലം കൂടുതൽ ദുരിതക്കയത്തിലേക്ക് വീണത്. അവിടങ്ങളിലെ മരണം മുതലാളിത്ത മാധ്യമലോകം  റിപ്പോർട്ടു ചെയ്യാതിരിക്കുന്നതിൽ അത്ഭുതമില്ല .

കൊറോണ സമ്പന്നരെ തറപറ്റിച്ച സംഭവങ്ങളുമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ വീടു (4500O സ്ക്വയർ ഫീറ്റ് ) വയനാട്ടിൽ പണികഴിപ്പിച്ച ജോയി അറയ്ക്കൽ എന്ന വ്യവസായി  ദുബായിയിൽ തൻ്റെ സ്വപ്നപദ്ധതിയായ റിഫൈനറി പൂർത്തിയാക്കാനാവാത്ത മനോവിഷമത്തിൽ അവിടെ ബഹുനിലമന്ദിരത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിച്ചത് ഓർക്കുമല്ലോ. അപ്രതീക്ഷിതമായ സാമ്പത്തിക തിരിച്ചടിയാണ് കൊറോണ വരുത്തി വച്ചത്.കൊറോണ ഒരു പാഠമായി നില്ക്കുകയാണ്.

കുറെ കാര്യങ്ങൾക്ക് കൊറോണ 'നോ' പറഞ്ഞു കഴിഞ്ഞു.  അമിതസ്വാതന്ത്ര്യം,ഭീകരപ്രവർത്തനം പ്രകൃതിചൂഷണം ,അത്യാഘോഷം ,ആസക്തികളുടെ വിളയാട്ടം ,അതിസമ്പന്നതയുടെ ക്രൂരതകൾ ,ടൂറിസത്തിൻ്റെ മറവിലുള്ള ധർമ്മധ്വംസനം തുടങ്ങിയവയെല്ലാം നിയന്ത്രിക്കാൻ രോഗവ്യാപനംകൊണ്ടു കഴിഞ്ഞു.കഴിഞ്ഞ നൂറ്റാണ്ടിലെ യുദ്ധങ്ങൾ ഉണ്ടാക്കിയ നാശം കൊറോണയ്ക്ക് അപ്രാപ്യമായിരിക്കാം. എന്നാൽ അതിവേഗത്തിൻ്റെയും അതിസാങ്കേതികതയുടെയും നൂറ്റാണ്ടിൽ പെട്ടെന്നുണ്ടാകുന്ന  ബ്രേക്ക് ആന്തരികമായ പരിവർത്തനത്തിനു സഹായിക്കാതിരിക്കില്ല. ക്രൂരത ഒരു വ്യവസായമാകുന്നതും അത് സമ്പത്തും സംസ്കാരവുമാകുന്നതും ആധുനിക മനുഷ്യൻ്റെ ജീവിത ശൈലിയുടെ ഭാഗമാണ്. കോഴികൾക്കും ഞണ്ടുകൾക്കും മാനവസംസ്കാരത്തിൻ്റെ നിർദ്ദയവും ക്രൂരവുമായ ഭക്ഷാവ്യവസായത്തിൽ ഒഴിച്ചുകൂടാനാവാത്ത പങ്കാളിത്തമാണ് നല്കപ്പെട്ടിരിക്കുന്നത്. അവയുടെ മേൽ മനുഷ്യൻ നൂറ്റാണ്ടുകളായി തുടരുന്ന അതിക്രമം ഒരു രുചി സംസ്കാരത്തിൻ്റെ നിലനില്പിനായി ഡിസൈൻ ചെയ്തതാണ്.

വ്യക്തികളുടെ വൈറസ് സ്റ്റാറ്റസ്

ഇസ്രായേലിൽ കൊറോണ വാഹകരെ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്നത്  ഭീകരപ്രവർത്തകരുടെ മേൽ പ്രയോഗിക്കുന്ന സാങ്കേതികവിദ്യയാണെന്ന്  പ്രമുഖ നരവംശശാസ്ത്രജ്ഞനായ നോവാ ഹരാരി ഒരു ലേഖനത്തിൽ എഴുതിയത് ശ്രദ്ധിക്കണം. ശരീര ഊഷ്മാവ് ,രക്തസമ്മർദ്ദം എന്നിവ മനസ്സിലാക്കാനുള്ള ബയോമെട്രിക് ഉപകരണങ്ങൾ ഓരോ വ്യക്തിയിലും ഘടിപ്പിക്കുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. കാരണം ഇപ്പോൾ കൊറോണ ശമിച്ചാലും അത് വീണ്ടും വന്നേക്കാം. പുതിയ തരംഗങ്ങളുണ്ടായേക്കാം  എന്ന സാധ്യത രാഷ്ട്രങ്ങളെ അതിജാഗ്രതയിലേക്ക് നയിക്കും. അവിടെ പ്രജ എന്ന സങ്കല്പം ഉണ്ടാകില്ല. മറ്റ് പദവികളോ ,അറിവുകളോ റദ്ദാക്കപ്പെടുന്നു.എന്നാൽ നിരീക്ഷണവും സ്റ്റാറ്റിസ്റ്റിക്സും മുന്നാട്ടു പോകുന്നു. ഈ സാഹചര്യത്തിൽ
ഒരു വ്യക്തി നിലനില്ക്കുന്നു എന്ന് പറഞ്ഞാൽ അതിൻ്റെയർത്ഥം അയാൾ കൊറോണയുമായി ഏത് തരത്തിലുള്ള ബന്ധമാണ് സ്ഥാപിച്ചത് എന്നാണ് .രോഗമുണ്ടോ ,വരാൻ സാധ്യതയുണ്ടോ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാ ബന്ധങ്ങളിലും നിഴലിക്കും.
കോവിഡ് കാലത്തും പിന്നീടും സെക്സ് ഒരു വലിയ ഉരകല്ലായി രൂപാന്തരപ്പെടുന്നു. ഇണകൾക്കുപോലും സെക്സ് നിഷേധിക്കപ്പെടുന്നത് പുതിയ സാമൂഹിക പ്രശ്നമാകും. ആളുകളുമായി ഇടപഴകാത്തത് സദ് സ്വഭാവമായി വിലയിരുത്തപ്പെടും.

രോഗിയും മുതലാളിത്തവും

സമ്പന്ന രാജ്യങ്ങളിൽ ആരോഗ്യരംഗത്ത് സംഭവിക്കുന്ന ഗവേഷണങ്ങൾ ചികിത്സയുടെ വേഗത്തെ വർധിപ്പിച്ചിട്ടുണ്ട്. മൂത്രം പരിശോധിച്ചാൽ കാൻസർ കണ്ടു പിടിക്കാൻ കഴിയുമെന്ന് ഒരു ജാപ്പനീസ് ഗവേഷണസംഘം കണ്ടെത്തിയതായി വായിച്ചിരുന്നു. സ്പെഷലൈസേഷൻ മുതലാളിത്തത്തിൻ്റെ അരുമസന്താനമാണ്. ഓരോ രോഗത്തിനും സ്പെഷലിസ്റ്റുകൾ എന്ന നിലയെത്തിയിട്ടുണ്ട് .കരൾ ,കണ്ണ് ,കിഡ്നി ,ഹൃദയം ,കാൽമുട്ട് ,തൊണ്ട ,മൂത്രാശയം ,സ്തനം ,കാല്പാദം ,കുടൽ എന്നിങ്ങനെ ഓരോ അവയവത്തിനും പ്രത്യേക ചികിത്സ എന്ന ആശയം കൂടുതൽ രോഗികളെ ആകർഷിക്കാൻ സഹായിക്കും.ചികിത്സ എന്ന സങ്കല്പത്തെ നവീനകാലത്തെ ആരോഗ്യബോധമാക്കി വിപുലീകരിക്കുകയാണ് ഹൈടെക് ആശുപത്രികൾ ചെയ്യുന്നത്. രോഗിയും ഹൈടെക് ആയി മാറുന്നു. കൃത്രിമ അവയവങ്ങൾ ശരീരത്തിനുള്ളിൽ നിക്ഷേപിക്കുന്നത് ഇതിനു തെളിവാണ്.




സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർമാർക്ക് ശരീരത്തെയാകെ നോക്കേണ്ടതില്ല. ഉപകരണങ്ങളാണ് രോഗങ്ങൾ കണ്ടു പിടിക്കുന്നത്.രോഗലക്ഷണങ്ങൾ ഉപകരണങ്ങളിലേക്ക് നീങ്ങാനുള്ള ചവിട്ടുപടി മാത്രമാണ്. ഉപകരണങ്ങൾ എന്താണ് രോഗമെന്ന് വിധിച്ചാൽ പിന്നെ ഡോക്ടർക്ക് ഒന്നും ചെയ്യാനാവില്ല.ഉപകരണങ്ങൾക്ക് ഒരു കോടതി പദവിയാണുള്ളത്. അതിനു അപ്പീലില്ല.ഡോക്ടർ രോഗനിർണയം നടത്തുന്നില്ല എന്ന  വലിയ യാഥാർത്ഥ്യത്തെയാണ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെ രോഗികൾ തങ്ങളുടെ പ്രത്യേക പദവിയായി അംഗീകരിക്കുന്നത്. അവിടെ ശരീരം ഒരു പ്രവൃത്തി മേഖലയാണ്. രോഗി ഉല്പന്നമാണ്.മുതലാളിത്തത്തിൽ ഉല്പന്നത്തിനു മാത്രമാണ് പ്രാധാന്യം .ഉല്പാദനോപാധികളെ യാന്ത്രികമാക്കുന്നതിൽ അത് പ്രതിജ്ഞാബദ്ധമാണ്. രോഗി ഒരു പാക്കേജാണ്.അത് കയറ്റി അയയ്ക്കാനുള്ളതാണ്. അതിനാണ് ടൂറിസം വികസിപ്പിക്കുന്നത്. ടൂറിസം വികസിക്കാത്ത  കമ്പോഡിയ ,വിയറ്റ്നാം , സൗത്ത് സുഡാൻ ,സൊമാലിയ ,ബംഗ്ളാദേശ് ,പാകിസ്ഥാൻ ,ക്യൂബ തുടങ്ങിയ  ഇടങ്ങളിലേക്ക് രോഗിയെ കയറ്റി അയയ്ക്കാനൊക്കില്ല .വികസിത രാജ്യങ്ങളിലേക്ക് അവയവങ്ങൾ കയറ്റി അയയ്ക്കുന്നതാണ് അടുത്ത ഘട്ടം.എന്നാൽ സൂപ്പർ സ്പെഷ്യാലിറ്റികൾ ഒരിക്കലും ആരോഗ്യം വാഗ്ദാനം ചെയ്യാറില്ല .അതിനു രോഗി എന്ന് അറിയപ്പെടുന്നവൻ വീട്ടിൽ പോയി അതികാലത്ത് നടക്കാൻ പോവുകയോ ,ട്രഡ്മില്ലിൽ പരിശീലിക്കുകയോ വേണം.ഈ സംവിധാനത്തെ കേന്ദ്രീകൃതമായ മുതലാളിത്തത്തിലേക്കും ഉല്പന്ന  വ്യവസ്ഥയിലേക്കും സംക്രമിപ്പിക്കുന്ന ഒരു പുതിയ പുലരിയാണ് കൊറോണ.

വൈറസ് വാഹകരുടെ മരണം

വൈറസ് ബാധിക്കുന്നവരാണ് ഇന്ന് ഏറ്റവും അന്യവത്ക്കരണം നേരിടുന്നത്. അവർ അന്യവത്ക്കരണത്തിൻ്റെ പ്രത്യക്ഷതയാണ്.നവലോകത്തിൻ്റെ വേഗതയിലെ ഇടർച്ചയാണ് മരണം. വേഗതയുടെ പതനമാണ് മരണം. കൊറോണയിലെ മരണം ഒരു വാർത്തപോലുമില്ല.വിദൂരനാടുകളിൽ മരിക്കുന്നവരെ അവിടെ ആരൊക്കെയോ സംസ്കരിക്കുന്നു ;അന്ത്യോപചാരമില്ല, ആളനക്കമില്ല. മരണം ഒരു അന്യഗ്രഹ വിചാരമാകുന്നു. അത് ജീവിച്ചിരിക്കുന്നവരുടെ ഭൗതികതയ്ക്ക് പുറത്ത് മറ്റൊരു അപ്രശസ്ത ജീവിതതുരങ്കമാവുന്നു.

വൈറസ് വ്യാപനത്തിൽ മരണം ഒരു പ്രോട്ടോകോൾ മാത്രമായി.മറ്റാർക്കും പ്രവേശനമില്ലാത്ത മരണത്തിൻ്റെ വ്യവഹാരം .ചൈനീസ് എഴുത്തുകാരി ഫാംഗ് ഫാംഗ് വൂഹാനിലെ കൊറോണക്കാലത്ത് എഴുതിയ ഡയറി വിവാദമായിരുന്നു. അതിനെതിരെ അധികാരികളുടെ വിമർശനമുയർന്നപ്പോൾ ചൈനയ്ക്ക് പുറത്തുള്ളവരാണ് അതിനെ  സത്യത്തിൻ്റെ ഭാഷയിലുള്ള വെളിപ്പെടുത്തലായി അംഗീകരിച്ചത്.വൂഹാനിലെ മനുഷ്യരുടെ വിലാപങ്ങളും പീഡനങ്ങളും  മരണങ്ങളും അവർ തുറന്നെഴുതി .പാശ്ചാത്യലോകം ചൈനയിലെ കൊറോണ വിശേഷങ്ങൾ അറിഞ്ഞത് ഇങ്ങനെയാണ്‌.

പ്രമുഖ ചൈനീസ് നോവലിസ്റ്റ് യാൻ ലിയാൻകെ (yan Lianke) വിദ്യാർത്ഥികളോടുള്ള ഒരു ഓൺലൈൻ പ്രഭാഷണത്തിൽ ,സത്യം വിളിച്ചു പറഞ്ഞ ഫാംഗ് ഫാംഗിനെ പ്രശംസിക്കുന്നുണ്ട്. എന്നാൽ ചൈനയെ ഇപ്പോൾ ഭീകരമായ മറവി ബാധിച്ചതായി അദ്ദേഹം തുറന്നു പറയുന്നു. കൊറോണ നാളുകളെപ്പറ്റി ആർക്കും ഒന്നും ഓർമ്മയില്ലാത്ത പോലെ പെരുമാറുന്നു. എവിടെയോ ഭയം കെട്ടിനില്ക്കുന്ന പോലെ.

മനഷ്യൻ്റെ വിശേഷഗുണമാണ് ഓർമ്മ. ഓർമ്മകളെ കണ്ടെത്തുകയും പരിരക്ഷിക്കുകയും വേണം. ഇതിനുള്ള കഴിവിൻ്റെ പേരാണ് മനുഷ്യൻ.ഓർമ്മകൾ ഇല്ലാതായാൽ മനുഷ്യൻ പൊങ്ങുതടി പോലെ ലക്ഷ്യമില്ലാതെ ഒഴുകി നടക്കും.യുവഎഴുത്തുകാർക്കായി സംഘടിപ്പിച്ച ഒരു ഇ സെമിനാറിൽ അദ്ദേഹം ഇങ്ങനെ ആഹ്വാനം ചെയ്തു:
''എത്ര പേർ മരിച്ചു എന്നറിയില്ല. അന്വേഷിച്ചാലും ഒന്നും കിട്ടാൻ പോകുന്നില്ല.എന്നാൽ എല്ലാം വിജയകരമായി നേരിട്ടു എന്നവകാശപ്പെട്ടുകൊണ്ട് ആഘോഷത്തിൻ്റെ ഒരാരവം കേൾക്കുന്നുണ്ട്. യഥാർത്ഥ സംഭവങ്ങളെക്കുറിച്ച് ആരും ഓർക്കുന്നില്ല .ഓർമ്മകൾ മായ്ച്ചുകളയുകയാണല്ലോ പതിവ്. എന്നാൽ നമ്മൾ സ്വന്തം ഓർമ്മകളെ തീക്ഷ്ണമായി ഓർമ്മിച്ചെടുക്കണം ,കണ്ടെത്തണം.കോവിഡ് നേരിട്ട തലമുറകൾ ഓർമ്മകളുള്ളവരായിരിക്കണം " .

ഉള്ളിൽ ജീവിക്കുന്ന എഴുത്തുകാരെയും കലാകാരന്മാരെയുമാണ് കോവിഡ് ബാധിക്കുക. അവർക്ക് അവനവനിൽ നിന്ന് എങ്ങോട്ടും പോകാനാവില്ല. ഇതിനുമുമ്പും പ്ലേഗ് ഉണ്ടായിരുന്നല്ലോ. പതിനാറാം
നൂറ്റാണ്ടിലെ ഇറ്റാലിയൻ ചിത്രകാരനും ശില്പിയുമായിരുന്ന മൈക്കലാഞ്ജലോ തൻ്റെ മനസ്സിനെയാണ് ആ കാലത്തെ കറുത്ത മരണങ്ങൾ ബാധിച്ചതെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. തൻ്റെ സുഹൃത്തും ചിത്രകാരനുമായ വസാ രി (vasari )ക്ക് അദ്ദേഹം ഇങ്ങനെ എഴുതി: "മരണം കൊത്തി വച്ചിട്ടില്ലാത്ത ഒരു ചിന്തയും എന്നിലുണ്ടാകുന്നില്ല ".
ഇത് വ്യക്തമാക്കുന്നത് ഒരു യഥാർത്ഥ കലാകാരനു ഇതുപോലുള്ള സന്ദർഭങ്ങളിൽ വലിയ പദ്ധതികൾ പ്രഖ്യാപിക്കാനുള്ള ഏകാന്തത ലഭിക്കില്ല എന്നാണ്. കൊറോണ നമ്മുടെ ജീവിതവീക്ഷണത്തെ മാറ്റി, തത്ത്വചിന്തയെയും.

 

BACK TO HOME

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021




 
പരിതാപപ്രണയം

എം.കെ.ഹരികുമാർ


 

 

പരിതാപമില്ലാതെ
ഒരു പുവും വിടരുന്നില്ല .
പുവ് വിടർന്ന ശേഷം
അത് തായ്ത്തടിയിലേക്ക്
മടങ്ങില്ല .

പൂവിനു സുന്ദരമായതെന്താണ് ?
പ്രണയവും സത്യവും നീതിയും.
പൂവ് മറയ്ക്കുന്നതെന്താണ് ?
മറക്കേണ്ട ഓർമ്മകൾ .
പൂവിനു മൃത്യുവിനെ വേണ്ട.




പരിതാപഗ്രസ്തമായ
പ്രണയമില്ലാതെ
രാവില്ല
പകലില്ല.

മനസ്സുമില്ല ഇന്നലെകളുമില്ല.
രാവേറിയിട്ടും
ഉറങ്ങാതിരിക്കുന്ന പ്രണയപ്രാവുകൾ -
പകലുകളും രാത്രികളും
തീർന്നുപോകുമെന്ന്
അവർ എന്നേ മനസ്സിലാക്കി.

ഇറച്ചിവെട്ടുകാരൻ്റെ കടയിൽ
വെട്ടാൻ നിറുത്തിയിരിക്കുന്ന
പോത്തുകൾ
ഭൂതകാല പാഴ് പ്രണയങ്ങളിൽ
അമരുന്നു.
ഇണകൾ അരികിലില്ലെങ്കിലെന്താണ് ?
പ്രണയം പരിതാപമായിത്തന്നെ
ജീവിക്കും.

ഒരാൾ പ്രേമിച്ചാൽ
സൂര്യൻ പോക്കുവെയിലായി ഒഴുകും .
ചന്ദ്രൻ കൂടുതൽ തുടുക്കും.
ആകാശത്തിലെ പേരറിയാത്ത
നക്ഷത്രങ്ങൾ മിന്നിത്തിളങ്ങും.

തൊടിയിലെ ചെടികൾ
പുഷ്പിക്കും.
മന്ദാരങ്ങൾ കൂടുതൽ പൂവുകൾ പുറത്തെടുക്കും.
വഴിയോരങ്ങളിലെ മരങ്ങളും.

പ്രണയം പൂർണതയല്ല,
പരിതാപരാഗമാണ്.

BACK TO HOME 

 


എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

കവിതയിൽ അവ്യക്തരാഗം

എം.കെ.ഹരികുമാർ


മലയാളകവിതയിൽ ഇപ്പോൾ ഒരു പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. ആധുനികതയുടെ ക്ഷീണം എൺപതുകളുടെ ഒടുവിൽ തുടങ്ങി, രണ്ടായിരത്തോടെ പൂർണമായി. ഇപ്പോഴും ചിലർ ആധുനികതയുടെ അവശിഷ്ടഭാവുകത്വത്തെ  അവതരിപ്പിക്കുന്നുണ്ടെങ്കിലും അതെല്ലാം നിർജ്ജീവമായാണ്  അനുഭവപ്പെടുന്നത്. ഒറ്റക്കവിത എന്ന നിലയിൽ ഗാഢമായ മനനത്തിനും വിചിന്തനത്തിനും ഉതകുന്ന രചനകൾ തീരെയില്ലെന്ന് പറയാം .എങ്ങോട്ടാണ്   പോകേണ്ടതെന്ന ഒരു ശൂന്യത കവികൾ അഭിമുഖീകരിക്കുന്ന പോലെ  തോന്നുന്നു .

ആധുനികതയും ഉത്തരാധുനികതയും പാരമ്പര്യവാദവും എല്ലാം കൂടി ചേർന്ന് അവ്യക്തമായി  ഒഴുകുകയാണ് മലയാളത്തിൽ . അയ്യപ്പപണിക്കരുടെ കവിതകൾ തിരിച്ചുവരുന്നുണ്ട്. ഒ.എൻ.വിയുടെ  'കുഞ്ഞേടത്തി' യും മറ്റും വീണ്ടും കേൾക്കാൻ ആളുകൾ ആഗ്രഹിക്കുന്നു .സുഗതകുമാരിയുടെ 'തുലാവർഷപ്പച്ചകൾ' വല്ലാതെ ഗൃഹാതുരമാക്കുന്നു. അക്കിത്തത്തിൻ്റെ മൗനകാലം, ആ കവിയുടെ വേദാത്മകമായ പദാനുരണനങ്ങളിൽ വായനക്കാർ മോഹാലസ്യപ്പെട്ടു കഴിയുന്ന കാലമായിരുന്നല്ലോ.

ഓരോ കവിയും ഓരോ ആവിഷ്കാര നീർച്ചാലായി മാറുകയാണിന്ന്. കുറേ കവികളുടെ പേര് ചേർത്ത് ഒരു ഭാവുകത്വത്തിനു ശ്രമിക്കാൻ പറ്റാത്ത വിധം വിചിത്രമായ പഥങ്ങൾ ഉണ്ടായിരിക്കുന്നു.നവഭാവുകത്വവുമായിപരിചയമുണ്ടായാൽ പോരാ, അത് രസാനുഭവമാക്കണം. കവിത ഗണിതശാസ്ത്രമോ ഭാഷാശാസ്ത്രമോ അല്ല;അത് സൗന്ദര്യാനുഭവമായി മാറണം . ഈയിടെ  കെ.എ.ജയശീലൻ കവിതയെ കവികൾ  ഭാഷാശാസ്ത്രപരമായാണ്  കാണുന്നുതെന്ന് വിശദീകരിച്ചതോർക്കുന്നു .കവിത അതിൻ്റെ അബോധത്തെ  സൃഷ്ടിക്കുന്നത് കവിയുടെ പോലും ജ്ഞാനമണ്ഡലത്തിന് പുറത്താണെന്ന് ടി.എസ്.എലിയറ്റ് പറഞ്ഞിട്ടുണ്ട്. വാസ്തവികതയെ അറിയാനുള്ള സിദ്ധി പ്രധാനമാണ്. 'കരുണ'യിൽ വാസവദത്ത ഒടുവിൽ  കഴിയുന്ന ചുടലക്കാടിൻ്റെ  വിവരണം ആശാൻ നല്കുന്നത് കവിയുടെ ഈ നിരീക്ഷണ ബോധത്തിന് തെളിവാണ് .



പോയവർഷം വായിച്ച കവിതകളിൽ നിന്ന് പുതിയ തലമുറയിൽപ്പെട്ട കുറേ കവികളെയും അവരുടെ കവിതകളെയും ഓർത്തെടുക്കുകയാണിവിടെ. കെ.എ.ജയശീലൻ (നദീവൃത്തം,  മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 15), സ്റ്റെല്ലാമാത്യൂ (പൂവിറുക്കും പോലെ  മീൻപിടിക്കുന്നൊരുവൻ, ഭാഷാപോഷിണി ,നവംബർ ) , എം. ആർ .വിഷ്ണുപ്രസാദ് (ദൈവത്തിന് നിരക്കാത്ത വൈദ്യുതി, മലയാളം, നവംബർ 15 ) , കുഞ്ഞപ്പ പട്ടാനൂർ (ബഹുസ്വരത ,പ്രഭാതരശ്മി, ഒക്ടോബർ ), കെ.വി.സുമിത്ര (സൂര്യപ്രഭയുടെ ഇലക്കാലം, പ്രസാധകൻ, ഡിസംബർ ) , അനുഭൂതി ശ്രീധരൻ ( ഒരു വൈശാഖക്കനവ് ,കേസരി ,ഡിസംബർ 11 ) ,എം.എസ്. ബനേഷ് (പരിശീലനം, ഭാഷാപോഷിണി, ഡിസംബർ ),സുറാബ് (മടങ്ങിവന്ന കവിതകൾ ,എഴുത്ത് ,ഡിസംബർ ) ,വിജേഷ് എടക്കുന്നി (പനി ,മാധ്യമം ആഴ്ച്ചപ്പതിപ്പ് ,നവംബർ 9 ) , രാധാകൃഷ്ണൻ എടച്ചേരി (രാമകൃഷ്ണൻ, എഴുത്തു, ഡിസംബർ ) ,സുധീഷ് കോട്ടേമ്പ്രം (പച്ചിലപ്പേടി ,മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ,നവംബർ 28 ) ,എൻ.ജി. ഉണ്ണികൃഷ്ണൻ (സ്വകാര്യം ,മാധ്യമം ആഴ്ചപ്പതിപ്പ് നവംബർ  30 ) ,കാര്യാവിൽ  രാധാകൃഷ്ണൻ (അശരീരികൾ , അപ്രത്യക്ഷം, കേസരി , ഡിസംബർ 18 ) ,അടുതല ജയപ്രകാശ് (അമ്ളമഴ, ഗ്രന്ഥാലോകം ,നവംബർ ) , ജയപ്രകാശ് എറവ് (ചിന്തകൾക്ക് കൂട്ടിരിക്കുമ്പോൾ ,കലാപൂർണ ,ഡിസംബർ ) ,ബിജൂ  കാഞ്ഞങ്ങാട് (മീൻചാറിലെ നാവികൻ ,എഴുത്ത്, നവംബർ ) ,ശ്രീകല ചിങ്ങോലി ( ഒരേ തൂവൽ, എഴുത്തു, നവംബർ ) , തുടങ്ങിയവർ ഒരു പ്രസ്ഥാനത്തിനു വേണ്ടിയല്ല എഴുതിയത് .ഒരു വനത്തിലകപ്പെട്ട് ദിക്കറിയാതെ ഉഴറുമ്പോൾ നമ്മൾ സ്വയമൊരു  വഴിയായിത്തീരും. അതുപോലെയാണ് കവനങ്ങൾ.

കുരീപ്പുഴ ശ്രീകുമാറിൻ്റെ ചില  സ്ഥലനാമങ്ങൾ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 22 ) , പി. നാരായണക്കുറുപ്പിൻ്റെ അമ്മൂമ്മച്ചന്തം (ആശ്രയ മാതൃനാട് ,ഡിസംബർ ) , കെ. വി .ബേബിയുടെ മാതൃകാ ദമ്പതികൾ (മാധ്യമം ആഴ്ചപ്പതിപ്പ്, നവംബർ 30 ) , മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെ  കപ്പിത്താൻ (കേസരി ഓണപ്പതിപ്പ് ) ,എസ്‌. രമേശൻ നായരുടെ വയലാർ (പ്രഭാത രശ്മി, സെപ്റ്റംബർ ) , ശ്രീകുമാരൻതമ്പിയുടെ പ്രണവോത്സവം (ജന്മഭൂമി ഓണപ്പതിപ്പ്) എന്നീ കവിതകൾ  സ്വതന്ത്രാവിഷ്കാരമായി നില്ക്കുകയാണ്.

രാജൻ കൈലാസിൻ്റെ 'മാവ് പൂക്കാത്ത കാലം' (ഡി.സി.),ഡോ.മധു മീനച്ചിലിൻ്റെ 'പാക്കനാർ തോറ്റം ' (വേദ ബുക്സ് )എന്നീ കവിതാസമാഹാരങ്ങളാണ് പോയവർഷം എന്നെ ആകർഷിച്ചത്. രണ്ടുപേരും ആധുനികവും  ഉത്തരാധുനികവുമായ ലോകത്തിൻ്റെ മിഥ്യകളെ മറികടന്നുകൊണ്ട് സ്വകീയമായ മിത്തുകൾ  കണ്ടെടുക്കുകയാണ്‌.അത് സമകാലികമാകുമ്പോൾ കവിതയുടെ രസച്ചരട് മുറിയുന്നുമില്ല.
"മാവു പൂക്കാത്ത ഒരു കാലത്ത് എങ്ങനെയാണ് കവിത പൂക്കുക "
എന്ന് രാജൻ കൈലാസ് ചോദിക്കുന്നത് നിഷ്കളങ്കമായാണ്.അതിൽ ,പക്ഷേ തൻ്റെ കാലവും കവിതയും നേരിടുന്ന പ്രശ്നങ്ങൾ അന്തർവഹിക്കുന്നുണ്ട്.

 BACK TO HOME

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

 

എം.എസ്.മണി: എതിർപ്പിൻ്റെ 
സൗകുമാര്യതയും പ്രബുദ്ധതയുടെ 
പ്രക്ഷുബ്ധതയും


എം.കെ.ഹരികുമാർ


കേരളകൗമുദിയുടെ മുൻ  മുഖ്യപത്രാധിപരും കലാകൗമുദിയുടെ ചീഫ് എഡിറ്ററുമായിരുന്ന  എം.എസ്.മണി (മണിസാർ ) വിടവാങ്ങിയ പശ്ചാത്തലത്തിൽ ,ഒരു കാലഘട്ടത്തിലെ സാംസ്കാരിക ,രാഷ്ടീയ മനോഭാവത്തെ അടുത്ത് നിന്ന് കാണാനാണ് ഇവിടെ ശ്രമിക്കുന്നത്.

ദീർഘകാലമായി രോഗബാധിതനായിരുന്ന അദ്ദേഹം കൂത്താട്ടുകുളം ശ്രീധരീയം  കണ്ണാശുപത്രിയിൽ ചികിത്സയ്ക്ക് വന്നപ്പോഴാണ് ആ ശാരീരികമായ അസ്വസ്ഥതകൾ നേരിട്ടറിഞ്ഞത്.അന്ന് സാറിനു അവിടെ ഒരാഴ്ച താമസിച്ച് ചികിത്സ നേടേണ്ടതുണ്ടായിരുന്നു.ശ്രീധരീയത്തിലെ പബ്ളിക് റിലേഷൻസ് ഓഫീസറായിരുന്ന ത്യാഗരാജൻ പോറ്റി (മുൻ കണയന്നൂർ താലൂക്ക് ഓഫീസർ )എൻ്റെ സുഹൃത്തായിരുന്നു. ഞങ്ങൾ രണ്ടു പേരും കൂടിയാണ് അന്ന് സാറിനു വേണ്ടി ആശുപത്രിയിൽ സംസാരിച്ച് വേണ്ട ക്രമീകരണങ്ങൾ ചെയ്തത്.സാർ അഡ്മിറ്റായ ദിവസം ഞങ്ങൾ രണ്ടു പേരുമുണ്ടായിരുന്നു.

ഡോക്ടറുമായി കൂടിക്കാണുന്നതിനു മുമ്പുതന്നെ അവർ സാറിനെ ആശുപത്രിക്കുള്ളിലെ നെല്ലിക്കാട്ട് ഭഗവതിയുടെ കോവിലിൽ കൊണ്ടുപോയി. പാദരക്ഷകൾ അഴിച്ചുവച്ച്  സാർ കോവിലിൽ കയറി പത്ത് മിനിട്ടോളം പ്രാർത്ഥനയിൽ മുഴുകി.ഞങ്ങൾ മുറിക്ക് പുറത്ത് നിന്നു.മണി സാറിൻ്റെ പത്നി കസ്തൂരി മാഡവും ഒപ്പമുണ്ടായിരുന്നു.





ഡോക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മണി സാർ ഞങ്ങളോടു സ്നേഹത്തോടെയും അല്പം വിഷമത്തോടെയും ഇങ്ങനെ പറഞ്ഞു: "എൻ്റെ ഒരു കണ്ണിൻ്റെ കാഴ്ചശക്തി ഏതാണ്ട് പൂർണമായിത്തന്നെ നഷ്ടപ്പെട്ടു. മറ്റേ കണ്ണിനു കാഴ്ചശ്ക്തി കുറവാണ്. അത് ഇനി വർധിപ്പിക്കാൻ കഴിയില്ല. അത് നിലനിർത്താനുള്ള ചികിത്സയേ ചെയ്യാനുള്ള എന്നാണ് ഡോക്ടർ പറഞ്ഞത്. ലേസർ ചികിത്സയാണ് വിനയായത്."

പിന്നീടുള്ള ഒരാഴ്ചക്കാലം പോറ്റിയുടെ പ്രത്യേക ശ്രദ്ധയിലും മേൽനോട്ടത്തിലുമാണ് മണി സാർ കഴിഞ്ഞത്. സാറിനു വേണ്ടി പ്രത്യേക മുറി അനുവദിക്കപ്പെട്ടു. ഇടയ്ക്ക് ഞാൻ ഫോണിലൂടെ വിവരങ്ങൾ തിരക്കി. ഒരാഴ്ചക്കിടെ മൂന്ന് തവണ ഞാൻ ആശുപത്രിയിലെത്തി മണി സാറിനെ സന്ദർശിച്ചു.

പരിവർത്തനത്തിൻ്റെ ചിന്തകൾ

മണി സാറിനോട് ഒരു ആദരവ് എനിക്ക് നേരത്തേയുണ്ടായിരുന്നു .അത് കേരളകൗമുദിയിൽ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പേയുള്ളതാണ്.അദ്ദേഹത്തിൻ്റെ ആവേശകരമായ പത്രപ്രവർത്തന ശൈലിയാണ് എന്നെ എന്നും ആകർഷിച്ചത്. അദ്ദേഹം വെറും പത്രമുതലാളിയല്ല; എപ്പോഴും യുവാക്കൾക്കു പോലും യുവത്വം സംഭാവന ചെയ്യുന്ന ഒരു പരിവർത്തനവാദിയായിരുന്നു. തൻ്റെ പരിവർത്തനോന്മുഖമായ ചിന്തകൾക്കും പ്രചോദനങ്ങൾക്കും അനുസൃതമായി പ്രതികൂല സാഹചര്യങ്ങള സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹത്തിൻ്റെ സ്വഭാവമായിരുന്നു. എതിർപ്പുകൾ സൃഷ്ടിച്ചേക്കാം എന്നുള്ളതുകൊണ്ട് ഒരു കാര്യം അദ്ദേഹം ചെയ്യാതിരിക്കില്ല.മണിസാർ ഒരു സ്വഭാവമായിരുന്നു. തൻ്റെ ക്രിയാത്മകമായ ,സൃഷ്ടിപരമായ ഉദ്യമങ്ങളെ തിരിച്ചറിഞ്ഞ് അതിൽ ഉറച്ചു നിന്നത് മണിസാറിൻ്റെ പോരാട്ട വീര്യമുള്ള മനസ്സിനെയാണ് കാണിച്ചു തരുന്നത്. ഒരു വാർത്തയോടുള്ള മനോഭാവം ഒരു സംസ്കാരത്തിൻ്റെ ഭാഗമാണ്.

മണിസാർ പരിവർത്തനത്തിൻ്റെ ബിംബമായിരുന്നു. അതിനു വേണ്ടി യാതന അനുഭവിക്കുന്നതും ഒറ്റപ്പെടുന്നതും യുദ്ധം ചെയ്യുന്നതും തൻ്റെ മനസ്സിൻ്റെ നിർമ്മാണത്തിൻ്റെ ഭാഗമായി അദ്ദേഹം കരുതി. സ്വന്തം അഭിപ്രായങ്ങൾക്ക് മൂർച്ച കൂട്ടുന്ന വിധം സാഹസികത അതിൻ്റെ ഭാഗമായി.പിതാവ് കെ.സുകുമാരനെപ്പോലെ എഡിറ്റോറിയലിനുള്ള ഇടം ഒഴിച്ചിട്ട് പ്രതിഷേധിക്കുന്നതിൽ മണിസാറും മൂല്യം കണ്ടെത്തി. ധാർമ്മിക മൂല്യങ്ങൾ ഉടഞ്ഞു വീണ് ,മാനവികതയുടെ നാശം സംഭവിക്കുമ്പോൾ ഒരു പത്രം എന്ന നിലയിൽ തങ്ങൾ സ്വയം മൗനത്തെ അവലംബിക്കുകയാണെന്ന് ആ ശൂന്യമായ എഡിറ്റോറിയൽ ഇടങ്ങൾ വിളിച്ചു പറഞ്ഞു.

ശിവഗിരിയിൽ എ.കെ.ആൻ്റണിയുടെ പൊലീസ് അർദ്ധരാത്രിയിൽ  കയറി സന്യാസിമാരെ തല്ലിച്ചതച്ചപ്പോൾ മണിസാർ എന്ന എഡിറ്റർ പ്രകോപിതനായി .വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ട് പിൻവാങ്ങി നിൽക്കുന്നതിനു പകരം അദേഹം അധികാരിഗർവ്വിനോട് കലഹിച്ചു.ഒരു പോരാട്ടത്തിനു അദ്ദേഹം തയ്യാറായി. പ്രതിഛായയുടെ തടവുകാരനായി തുടരുന്നത് പരാജയസമ്മതമാണെന്ന് എം.എസ്. മണി എന്ന കലാപകാരി പ്രവർത്തിച്ചു കാണിച്ചു കൊടുത്തു.

പത്രത്തിൻ്റെ മുൻ പേജിലുള്ള 'കേരളകൗമുദി' തന്ന ടൈറ്റിൽ ( മാസ്റ്റ്ഹെഡ്) താഴേക്ക് ഇറക്കി വച്ച് ,അവിടെ 'ശിവഗിരി തല്ലിപ്പൊളിച്ചവർക്ക് മാപ്പില്ല 'എന്ന വലിയ തലക്കെട്ട് അടിച്ചു.ഇത് വെറും റിപ്പോർട്ടിംഗല്ല; ഒരു പത്രാധിപരുടെ മൂല്യാന്വേഷണമാണ്. കേരളകൗമുദിയെക്കാൾ തനിക്ക് വിലപ്പെട്ടതാണ് ശിവഗിരിയിലെ ഈ അനീതിയോടുള്ള പ്രതിഷേധമെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. പത്രം സമുദായ വികാരം ഇളക്കി വിടുകയാണെന്ന് ആരോപിച്ച് ചിലർ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് പരാതി കൊടുത്തതും ഇവിടെ ഓർക്കേണ്ടതാണ്. ബോധ്യങ്ങളോട് സത്യസന്ധത കാണിക്കുകയാണ് പ്രധാനം. അതാണ് ഒരു പത്രാധിപരെ യുക്തിജീവിയാക്കുന്നത്.ശിവഗിരിയെ ഒരു മതേതര ആത്മീയ കേന്ദ്രമാക്കണമെന്ന ,അന്നത്തെ ട്രസ്റ്റ് പ്രസിഡൻ്റ് ശാശ്വതികാനന്ദ സ്വാമികളുടെ നിലപാടിനു മണിസാർ പിന്തുണ പ്രഖ്യാപിച്ചത് പരിവർത്തനവാഞ്ചയായി കാണണം. അത് സ്വതന്ത്രബുദ്ധികളുടെ പ്രവർത്തനപഥമാണ് .

ജാതിവിരുദ്ധതയുടെ സാമൂഹികബോധം

ശ്രീനാരായണ ഗുരുവിൻ്റെ നവോത്ഥാന സങ്കല്പമാണ് കേരളകൗമുദിയും പിന്നീട് മണി സാറും പിന്തുടർന്നത്. അത് വർഗീയതയോ സമുദായവാദമോ അല്ല. അവശ ജനവിഭാഗങ്ങളോടുള്ള പത്രധർമ്മമാണ്; അത് ഇന്ത്യയിൽ കുറവാണല്ലോ. ശ്രീനാരായണ ഗുരുവിൻ്റെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം ' എന്ന ആത്മീയ സൂക്തം ആദർശമായി സ്വീകരിച്ചിട്ടുള്ള കേരളകൗമുദിക്ക് നിലയിലുള്ള പ്രതിബദ്ധത ഒഴിവാക്കാനാവില്ലായിരുന്നു.എന്നാൽ അത്മീയ വിമോചനത്തെ ചരിത്രപരമായി കണ്ട പത്രം ചട്ടമ്പി സ്വാമികളെയും ആ സമരത്തിൽ ഗുരുസ്ഥാനത്ത് നിറുത്തി.സ്വാമികളുടെ വാർത്തകൾ ഒരിക്കലും മുടക്കാറില്ല. ഇത് മണിസാർ തുടർന്നത് അദ്ദേഹത്തിൻ്റെ സവിശേഷമായ സാമൂഹികബോധം വെളിവാക്കുന്നു.

ചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണ ഗുരുവിൻ്റെയും ആദർശങ്ങൾ രാഷ്ട്രീയ ,സാമുഹിക ചിന്തകളുടെ നെല്ലും പതിരും വേർതിരിച്ചെടുക്കുന്ന തിൽ മണിസാർ ഉപയോഗപ്പെടുത്തിയിരുന്നു.തിരിച്ചറിവുകളുടെ ലോകമാണത് .മണി സാറിനു ജാതിയുണ്ടായിരുന്നില്ല. എന്നാൽ  ജാതിവിരുദ്ധതയുടെ തീക്ഷണ വ്യക്തിത്വമായിരുന്നു. ഗുരുവിൻ്റെ നവോത്ഥാന സങ്കല്പം പ്രാവർത്തികമാകേണ്ട സമകാലിക സന്ദർഭങ്ങളിൽ നിർഭയമായി അതിനു വേണ്ടി നിലകൊണ്ട പത്രാധിപരാണ് അദ്ദേഹം. അതിൻ്റെ ഏറ്റവും നല്ല ഉദാഹരണം കെ.ആർ.നാരായണനെ ഉപരാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം എഡിറ്റോറിയൽ എഴുതിയതാണ്.ഒരു ദളിതനെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയാക്കണമെന്ന ചിന്ത മണിസാറിൻ്റെ സൃഷ്ടിയാണ്. അദ്ദേഹം അങ്ങനെ ചിന്തിച്ചതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അത് ഇംഗ്ളിഷിലേക്ക് തർജമ ചെയ്ത് ഇന്ത്യയിലെ മുഴുവൻ പാർലമെൻ്റ് അംഗങ്ങൾക്കും അയച്ചുകൊടുത്തതോടെ ആ ചിന്ത വി.പി.സിംഗിൻ്റെ ശ്രദ്ധയിൽ വന്നു.അവശ ജനതയോടു പ്രത്യേക ആഭിമുഖ്യമുണ്ടായിരുന്ന സിംഗ് ആ ആശയത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും അംഗീകരിക്കുന്ന വിധത്തിൽ ഉച്ചത്തിൽ അവതരിപ്പിച്ചു.അങ്ങനെ കെ.അർ.നാരായണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി .ഒരു പത്രത്തിൻ്റെ പ്രതിബദ്ധതയ്ക്ക് ലഭിച്ച അംഗീകാരമാണിത്. ഇതാണ് നവോത്ഥാനം.അർഹതയുള്ള സാമൂഹിക വിഭാഗങ്ങളെ കണ്ടു പിടിച്ച് ജനാധിപത്യപരമായ അവകാശങ്ങൾ വാങ്ങി കൊടുക്കുന്നതാണ് ആധുനിക കാലഘട്ടത്തിലെ കലാപമെന്ന് ആ പ്രവൃത്തിയിലൂടെ മണി സാർ തെളിയിച്ചു.




പത്രത്തിൻ്റെ സർക്കുലേഷനല്ല അതിൻ്റെ ശക്തി എന്ന് തെളിയിക്കുന്നിടത്താണ് മണിസാറിൻ്റെ പ്രസക്തി. പത്രം പ്രസിദ്ധികരിച്ച് ,ലോകത്ത് ഒരു മാറ്റവുമുണ്ടാക്കാതെ കടന്നു പോകുന്നതിൽ ആനന്ദം കണ്ടെത്തുന്നവരുണ്ട്. ശരിയായ പ്രതിഭകളെ മാറ്റി നിറുത്തി സാഡിസ്റ്റ് സന്തോഷത്തിൽ മുഴുകുന്നവർ കണ്ടേക്കാം. എന്നാൽ മണിസാർ തൻ്റെ സത്യാന്വേഷണത്തെ ലോകക്രമത്തിൻ്റെ അർത്ഥവത്തായ മാറ്റത്തിനായി ഉപയോഗപ്പെടുത്തി. താൻ മനസ്സിൽ ദർശിക്കുന്ന പുതിയൊരു ഉണർവ്വിൻ്റെ ആലോചനകൾ ലോകോപകാരപ്രദമായി തീരുന്നതിനായി സൗഹൃദങ്ങളുടെയും എതിർപ്പുകളുടെയും പുതിയൊരു കൂട്ട് അദ്ദേഹം സ്ഥാപിച്ചു.ഇത് അനായാസമായി നേടാവുന്നതല്ല .അതിനായി ചിലപ്പോൾ യുദ്ധങ്ങൾ നയിക്കേണ്ടി വരും ,തോൽക്കുമെന്ന് അറിഞ്ഞു കൊണ്ടു തന്നെ. തോറ്റുകൊണ്ടും ചില സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കാനാവും.ഒരു പ്രോട്ടഗോണിസ്റ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ  ക്രിയാത്മക നേതൃത്വം അല്ലെങ്കിൽ വർത്തമാനകാല നവോത്ഥാന പത്രപ്രവർത്തനത്തിലെ നായകത്വം കെ.ആർ.നാരായണനെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയാക്കുന്നിടം വരെ എത്തിച്ചു. വിട്ടുവീഴ്ചയില്ലാത്ത സാമൂഹ്യ സമത്വവാദിയായതുകൊണ്ട് മണിസാർ ആ ഉപരാഷ്ട്രപതിയുടെ പദവി അവസാനിച്ചപ്പോൾ വീണ്ടും എഡിറ്റോറിയൽ എഴുതി ,കെ.ആറിനെ രാഷ്ട്രപതിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് .ഇതാണ് വിശാലമായ സാമൂഹ്യ ജാഗ്രതയുടെ ,രാഷ്ട്രീയ ബോധത്തിൻ്റെ പത്രപ്രവർത്തനം. ഇത്തവണ ആ ആവശ്യം ഇന്ത്യയുടെ പൊതു രാഷ്ട്രീയമനസ്സാക്ഷി പെട്ടെന്ന് അംഗീകരിച്ചു .അദ്ദേഹം രാഷ്ട്രപതിയായത് ഇന്ത്യൻ ദളിതു സമൂഹത്തിൻ്റെ രാഷ്ട്രീയവും സാംസ്കാരികവുമായ അസ്തിത്വത്തെ കുടുതൽ  പ്രകടനാത്മകമാക്കുകയും വികസിപ്പിക്കുകയും ചെയ്തു.

കലാകൗമുദിയുടെ 'കഥ' മാസികയിൽ ഞാൻ തൊണ്ണൂറുകളിൽ ഒരു കോളം എഴുതിയിരുന്നു.അത് സാന്ദർഭികമായി സംഭവിച്ചതാണ്.ഒരിക്കൽ കലാകൗമുദി ഓഫീസിൽ വച്ച് പത്രാധിപസമിതിയംഗമായ  ഇ.വി.ശ്രീധരനുമായി സംസാരിച്ചപ്പോഴാണ് 'കഥ' മാസികയിലെ കോളം എന്ന ആശയം ഉണ്ടായത്. അദ്ദേഹം ഉടനെ 'കഥ'യു ടെ ചുമതലയുണ്ടായിരുന്ന വത്സാമണിയുമായി സംസാരിച്ചു.വത്സാമണി എനിക്ക് പ്രതിഫലം തന്നുകൊണ്ടാണ് കോളം തുടങ്ങിയത്.നാല്പത്  കഥാവിമർശനലേഖനങ്ങൾ അതിൽ പ്രസിദ്ധീകരിച്ചു. എന്നാൽ വത്സാമണി 'കഥ'യുടെ ചുമതല വിട്ടതോടെ എൻ്റെ കോളവും അവസാനിച്ചു.തുടർന്ന് 'കഥ'യുടെ മേൽനോട്ടം ഏറ്റെടുത്ത എസ്.ജയചന്ദ്രൻ നായർ എൻ്റെ കോളം കൊടുക്കേണ്ടതില്ല എന്ന് പറഞ്ഞതായി അവിടുത്തെ ഒരു സ്റ്റാഫ് എന്നെ അറിയിച്ചു.

ജയചന്ദ്രൻ നായർ വിട്ടു നിന്ന ചെറിയ ഇടവേളയിലാണ് എൻ്റെ ആദ്യലേഖനം കലാകൗമുദിയിൽ അച്ചടിച്ചുവന്നത്. അത് തൊണ്ണൂറുകളുടെ ആദ്യമാണ്.'ധിഷണയുടെ കാൽപ്പെരുമാറ്റം' എന്ന ആ ലേഖനം സുകുമാർ അഴീക്കോടിനെക്കുറിച്ചായിരുന്നു. അതിനും നിമിത്തമായത് ഇ.വി.ശ്രീധരനാണ്. ഞാനിത് പറയാൻ കാരണം കലാകൗമുദി എനിക്ക് ഒരു കാലഘട്ടത്തിൽ കാലെടുത്ത് വയ്ക്കാൻ പറ്റാത്ത ഇടമായിരുന്നു എന്ന് വ്യക്തമാക്കാനാണ്.എന്നാൽ ഇതിലൊന്നും മണിസാറിനു പങ്കില്ല.ഞാൻ ആ കാലത്ത് സാറിനെ കണ്ടിട്ടുപോലുമില്ല. അദ്ദേഹം ഇതൊന്നും അറിഞ്ഞിരുന്നില്ല എന്ന് എനിക്ക് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു.

കേരളകൗമുദി കൊച്ചി ബ്യൂറോയിൽ റിപ്പോർട്ടറായി ഞാനെത്തുന്നത് 1998ലാണ്.'മംഗളം' പത്രത്തിൽ നിന്ന് കൗമുദിയിലേക്ക് മാറുകയായിരുന്നു. മാന്യതയുടെ പ്രതീകമായ എക്സികുട്ടീവ് എഡിറ്റർ എ.പി.വിശ്വനാഥൻ സാറാണ്
എനിക്ക് കേരളകൗമുദിയിലേക്കുള്ള വഴി തുറന്നത്. അദ്ദേഹത്തിൽ നിന്ന് എനിക്ക് നല്ല പിന്തുണ കിട്ടി. ജോലിയിൽ ചേരുന്നതിനു മുന്നോടിയായി ,വിശ്വനാഥൻ സാർ പറഞ്ഞതനുസരിച്ച് ,ഞാൻ തിരുവനന്തപുരത്ത് പേട്ടയിലുള്ള കൗമുദി ഓഫീസിൽ ചെന്നു. വിശ്വനാഥൻ സാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം എന്നെ മണിസാറിൻ്റെ മുറിയിലേക്ക് കൊണ്ടുപോയി. ഞാൻ ആദ്യമായാണ് സാറിനെ കാണുന്നത്. ഞാൻ ആദരവോടെ നോക്കിക്കൊണ്ടിരുന്നു . മനസ്സിലുള്ള ക്ഷോഭിക്കുന്ന പത്രാധിപബിംബവുമായി ,എൻ്റെ മുന്നിലിരിക്കുന്ന വ്യക്തി എങ്ങനെയാണ് 'സിങ്ക് ' ആകുന്നതെന്ന ചിന്തയാണ് മനസിൽ പതഞ്ഞത്.
മണിസാർ എന്നെ വളരെ വാത്സല്യത്തോടെയാണ് നേരിട്ടത്. അദ്ദേഹം പറഞ്ഞു: "ഹരികുമാർ ,പത്രപ്രവർത്തനം ഒരു ക്ലെറിക്കൽ ജോബാണ്. അതിന് ആ സ്കിൽ മതി. നിങ്ങൾ കേരളകൗമുദിയെ ഒരു ലക്ഷ്യമായി കാണേണ്ടതില്ല .വളർന്നങ്ങ് പോകണം."
ഞാൻ ആ വാക്കുകളെ ആഴമുള്ള കണ്ടെത്തലായി ഉൾക്കൊണ്ടു. ഒരാളെ പഠിക്കുന്ന ആൾക്കേ ഇങ്ങനെ പ്രതികരിക്കാനൊക്കുകയുള്ളു.

അക്ഷരജാലകം

എൻ്റെ 'അക്ഷരജാലകം' പ്രതിവാര പംക്തി പിറക്കുന്നത് കേരളകൗമുദിയിലാണ്. കൊച്ചി യൂണിറ്റ് ചീഫ് ആയിരുന്ന പി.വി.മുരുകൻ നല്ലൊരു സാഹിത്യ വായനക്കാരനുമായിരുന്നു.1998 ജൂലൈയിൽ , അദ്ദേഹമാണ് ഒരു വീക്ക്ലി കോളം എഴുതാൻ എന്നെ ഉപദേശിക്കുന്നത്. സാംസ്കാരിക ,സാഹിത്യസംഭവങ്ങൾ ആളുകൾ വായിക്കുന്ന തരത്തിൽ വിശകലനം ചെയ്ത്  അവതരിപ്പിക്കണം. പത്രത്തിൻ്റെ അവസാന പേജിൽ ചിത്രങ്ങളോടെ ആരംഭിച്ച ആ പംക്തി പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. ഞാൻ തന്നെയാണ് 'അക്ഷരജാലകം' എന്ന് പേരിട്ടത്.ഏതാനും ആഴ്ചകൾ പിന്നിട്ടതോടെ വിശ്വനാഥൻ സാർ മുരുകനെ വിളിച്ച് ചോദിച്ചത് ,എന്തുകൊണ്ടാണ് ആ കോളം തിരുവനന്തപുരത്തേക്ക് അയയ്ക്കാത്തതെന്നാണ്? ഇതല്ലേ കോളത്തിൻ്റെ യഥാർത്ഥ വിജയം ? പിന്നീട് സാർ ആ കോളത്തെ കേരളകൗമുദിയുടെ ഒരു പ്രധാന വിഭവമായി അവതരിപ്പിച്ചു. അത് പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിലാണ് അച്ചടിച്ചത്.അന്ന് അതൊരു പുതിയ തുടക്കമായിരുന്നു. കാരണം എഡിറ്റോറിയൽ പേജിൽ സാഹിത്യപംക്തികൾ അച്ചടിക്കാറില്ല .അക്ഷരജാലകത്തിനു മാത്രമേ ആ സന്ദർഭം ഒത്തുവന്നിട്ടുള്ളു. കേരളകൗമുദിയിൽ ഇതുപോലൊരു പംക്തി അതിനു മുമ്പില്ല .പത്രത്തിലെ ഒരു റിപ്പോർട്ടറുടെ പ്രതിവാര പംക്തി എഡിറ്റോറിയൽ പേജിൽ കൊടുക്കാറില്ലല്ലോ.അക്ഷരജാലകം വായനക്കാർ രണ്ടു കൈയും നീട്ടി സ്വീകരിച്ചു എന്ന് മനസ്സിലാക്കാൻ ആ പംക്തി പത്രത്തിൽ എട്ട് വർഷം തുടർന്നത് ഓർത്താൽ മതി. ഒരിക്കൽ വിശ്വനാഥൻ സാർ കൊച്ചിയിൽ വന്നപ്പോൾ ഞാൻ കോളത്തെപ്പറ്റി ആരായുകയും ചെയ്തു. അദ്ദേഹം പറഞ്ഞത് ഇതാണ്: നല്ല പ്രതികരണമുണ്ട്.കത്തുകൾ വരാറുണ്ട്. കോളത്തെ അഭിനനിച്ച് ഡോ.ബാബു പോൾ വിളിച്ചിരുന്നു.മണിക്കും ഇഷ്ടമാണ്.''

അതുകൊണ്ട് അക്ഷരജാലകം തുടരാൻ ഇടയാക്കിയതിനു പിന്നിൽ മണിസാറുണ്ട്.ഒരു പത്രത്തിൽ വർഷങ്ങളോളം കോളം എഴുതി ഒരാൾ പ്രശസ്തനാവുന്നു എന്നിരിക്കട്ടെ ,അതിൽ മുഖ്യമായ അദ്ധ്വാനം കോളമിസ്റ്റിൻ്റേത് തന്നെയാണല്ലോ. എന്നാൽ അതിൽ എഡിറ്ററോട് ഒരു കടപ്പാടും വേണ്ട എന്നാരെങ്കിലും പറഞ്ഞാൽ ഞാൻ ശക്തിയായി വിയോജിക്കും.മണിസാറിൻ്റെ കാലത്താണ് അക്ഷരജാലകം ഉണ്ടായത്.


2005 ൽ കലാകൗമുദി പുന:സംഘടിപ്പിച്ചപ്പോൾ അക്ഷരജാലകം അതിലേക്ക്  മാറ്റുകയായിരുന്നു. അന്ന് കലാകൗമുദി എക്സിക്യുട്ടീവ് എഡിറ്ററായി ചുമതലയേറ്റ പ്രസാദ് ലക്ഷ്മൺ അതിനു സഹായകമായി.കലാകൗമുദി ചീഫ് എഡിറ്റർ മണിസാർ തന്നെ. തുടക്കത്തിൽ ജാലകം എന്ന് മാത്രമാണ് കൊടുത്തിരുന്നത്. കാരണം അപ്പോഴും ഞാൻ കേരളകൗമുദിയിൽ അക്ഷരജാലകം തുടരുകയായിരുന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ കലാകൗമുദിയുടെ നാല് പേജുകൾ അക്ഷരജാലകത്തിനായി ഒഴിച്ചിട്ടു തന്നു. അത് 2013 വരെ തുടർന്നു. പെട്ടെന്ന് ,ആളുകൾ കാത്തിരുന്ന് വായിക്കുന്ന  പംക്തിയായി അത് മാറി. അതിനുള്ള സ്വാതന്ത്ര്യം പ്രസാദ് ലക്ഷ്മണും   കോപ്പി എഡിറ്റർ വി.ഡി.ശെൽവരാജും  നല്കി. എൻ്റെ ഒരു വാക്യം പോലും അവർ വെട്ടിയിട്ടില്ല.

കൂത്താട്ടുകുളത്ത് ആശുപത്രിയിൽ മണിസാറുമായി സംസാരിച്ചിരിക്കവേ അക്ഷരജാലകം ചർച്ചാവിഷയമായി. എൻ്റെ കൂടെ പതിവുപോലെ ത്യാഗരാജൻ പോറ്റിയുമുണ്ടായിരുന്നു.മണിസാർ പറഞ്ഞത് ഇതാണ്: "അക്ഷരജാലകം കൊടുക്കരുതെന്ന് പറഞ്ഞ് ഒരു പ്രമുഖൻ സ്ഥിരമായി വിളിക്കുമായിരുന്നു. എന്നിൽ നിന്ന് അനുകൂലമായ മറുപടി ഉണ്ടാകാത്തതുകൊണ്ട് അദ്ദേഹം ഒരു ദിവസം എൻ്റെ മുറിയിലേക്ക് കയറി വന്നു. എന്നിട്ട് ആവശ്യം ആവർത്തിച്ചു.അപ്പോൾ ഞാൻ എൻ്റെ നേത്രരോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയുമെല്ലാം വിവരിച്ചു കൊടുത്തു. വായിക്കാനുള്ള ക്ലേശം ബോധ്യപ്പെടുത്തി. അതുകൊണ്ട് പലതും വായിക്കാറില്ലെന്നും വസ്തുത മനസ്സിലാക്കണമെന്നും പറഞ്ഞു.ഇത് കേട്ടശേഷം ആ വ്യക്തി ഒന്നും പറയാതെ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് ശല്യമൊന്നുമുണ്ടായില്ല" . തൻ്റെ പത്രാധിപതീരുമാനങ്ങളിൽ പുറത്തു നിന്നുള്ള ആരുടെയും കുത്തി തിരുപ്പുകൾ വിലപ്പോവില്ല എന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.അദ്ദേഹം അത് അനുവദിക്കുകയില്ല .സാഹിത്യ രംഗത്ത് കുശുമ്പിനും പരദൂഷണത്തിനും കാളിദാസനേക്കാൾ സ്ഥാനമുണ്ട്. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ചിലർ പരദൂഷണത്തിലൂടെ തകർക്കും. അതിനായി വിശ്വസനീയമായ കഥകൾ ഉണ്ടാക്കും.സംഘടിതമായി കുറ്റം പറയും.പ്രത്യക്ഷത്തിൽ ചിരിക്കുകയും സൗമ്യഭാവം പ്രകടിപ്പിക്കുകയും യാതൊന്നിനോടും പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നവർ വലിയ അപകടകാരികളാണ് .അവർ  പ്രസാധകനെ കിട്ടാൻ സമ്മതിക്കില്ല.അവർ വൈറസിനെപ്പോലെ പതുങ്ങിയിരുന്നാവും ആക്രമിക്കുക. ചിന്തിക്കാൻ കഴിവുള്ള ആളാണെന്ന് കണ്ടാൽ സംഘം ചേർന്ന് സകല  വാതിലുകളും അടയ്ക്കും.ഇതിനെക്കുറിച്ച് നല്ലപോലെ അറിയാമായിരുന്ന മണിസാർ അക്ഷരജാലകത്തെ പരുന്തുകൾ റാഞ്ചാതെ പതിനഞ്ചു വർഷം കാത്തു രക്ഷിച്ചത് ഞാൻ നന്ദിയോടെ ഓർക്കുന്നു.



അക്ഷരജാലകം തുടങ്ങിയിട്ട് ഇത്  ഇരുപത്തിമൂന്നാം വർഷമാണ്. ഇപ്പോൾ അത് മനോഹരമായി പ്രസിദ്ധീകരിക്കുന്ന  മെട്രോവാർത്ത പത്രത്തിൽ ആഴ്ച്ച തോറും വന്നു കൊണ്ടിരിക്കുന്നു. ധാരാളം പേർ വിളിക്കുന്നുണ്ട്, വാട്സ്അപ്പ് ചെയ്യുന്നു. അക്ഷരജാലകം ഒരിക്കലും മുടങ്ങിയില്ല എന്ന സവിശേഷതയുമുണ്ട്.കലാകൗമുദിയിൽ തുടരുന്ന കാലത്ത് പ്രശസ്ത സംവിധായകനായ കെ.എസ്.സേതുമാധവൻ്റെ ഒരു കത്ത് വന്നിരുന്നു.അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അദ്ദേഹം പതിവായി വായിക്കുകയാണെന്നും അത് പുസ്തകമാക്കിയാൽ ഭാവി തല മുറകൾക്ക് ഉപകാരപ്രദമാവുമെന്നുമാണ് എഴുതിയിരുന്നത്.പ്രശസ്ത കവി ചെമ്മനം ചാക്കോ 'ഒന്നു വേറെ തൊഴുന്നേൻ 'എന്നു പറഞ്ഞു കൊണ്ട് ഒരു കത്തെഴുതി പ്രസിദ്ധീകരിച്ചു.

സുകുമാർ അഴീക്കോടിനെ ആകർഷിച്ചത് കോളത്തിലെ സവിശേഷ യുക്തിയായിരുന്നുവെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുണ്ട്.
ഒ.എൻ.വി.യുടെ ഒരു ദീർഘകാവ്യം കലാകൗമുദിയിൽ വന്നപ്പോൾ ഞാൻ അതിനെക്കുറിച്ച് അക്ഷരജാലകത്തിൽ ഒരു കുറിപ്പെഴുതി. വായിച്ച ഉടനെ അദ്ദേഹം എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു: " ഹരികുമാർ ഇങ്ങനെ എഴുതിയത് എനിക്ക് കൂടുതൽ എഴുതാനുള്ള പ്രചോദനമാണ്. ഞാൻ ഇനിയും എഴുതും " .ഇക്കാര്യം ഒ. എൻ.വിയുടെ കുടുംബാംഗങ്ങൾക്കും അറിവുള്ളതാണ്. കോളം കലാകൗമുദിയിൽ തുടങ്ങി അധികകാലമാകുന്നതിനു മുമ്പു തന്നെ എഡിറ്റർ എൻ.ആർ.എസ്.ബാബുസാറുമായി ഫോണിൽ സംസാരിക്കാനിടയായി. കോളം ധാരാളം പേർ വായിക്കുന്നുണ്ടെന്നും അത് സർക്കുലേഷനിൽ ഉപരി (Irrespective of its circulation) യാണെന്നും അദ്ദേഹം പറഞ്ഞത് ഇപ്പോഴും മനസ്സിലുണ്ട്.

നവജേർണലിസത്തിൻ്റെ അപ്പോസ്തലൻ

പരമ്പരാഗതമായ മിഥ്യാധാരണകൾ , മിത്തുകൾ എന്നിവയെ തച്ചുതകർത്ത വിഗ്രഹഭഞ്ജകനാവുകയാണ് മണി സാർ. അദ്ദേഹം മാമൂലുകളിൽ നിന്ന് രക്ഷപ്പെടാനായി എപ്പോഴും പരിശ്രമിച്ചു. തൻ്റെ പത്രപ്രവർത്തന രഥ്യയിൽ ഒരു വഴിത്തിരിവിൻ്റെ ഘട്ടത്തിലാണ് അദ്ദേഹം കലാകൗമുദി ആരംഭിക്കുന്നതെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്.അദ്ദേഹം പനമ്പിള്ളി ,എ.കെ.ജി, എം.എൻ ,ഗൗരിയമ്മ, കെ.കെ.വിശ്വനാഥൻ തുടങ്ങിയവരുടെ പൊതു പ്രവർത്തന രാഷ്ട്രീയത്തെ ഒരു ഭാവുകത്വമായി കൊണ്ടു നടന്ന പത്രാധിപരായിരുന്നു.അനീതിയോട് എതിർക്കുക എന്ന സന്ദേശത്തെ അദ്ദേഹം മുറുകെപ്പിടിച്ചു. സി. കേശവൻ ,കുമാരനാശാൻ ,ടി.കെ.മാധവൻ ,സി.നാരായണപിള്ള തുടങ്ങിയ ഉല്പതിഷ്ണുക്കൾ മണിസാറിൻ്റെ പ്രകോപനങ്ങൾക്ക് പിന്നിൽ ഒരു റാന്തൽ വിളക്കുമായി നില്പുണ്ടായിരുന്നു.
സാഹിത്യ പത്രപ്രവർത്തനത്തിൽ ഒരു നവതരംഗമാണ് മണിസാർ സൃഷ്ടിച്ചത്. പഴയ കാര്യങ്ങളെ പുതിയ കോണിലൂടെ നോക്കുന്നത് വിപ്ലവമാണ്. അദ്ദേഹം അങ്ങനെയേ നോക്കിയുള്ളു. ഒരു നവജേർണലിസം കേരളത്തിൽ ഉദയം ചെയ്യുന്നതിനു കലാകൗമുദി നിമിത്തമായത് സ്വാഭാവികമായാണ്. എഴുത്തുകാർ ചിന്താസ്വാതന്ത്ര്യത്തിൻ്റെയും രൂപപരമായ കാഴ്ചകളുടെയും പുതിയ പരിപ്രേക്ഷ്യത്തിലേക്ക് ആനയിക്കപ്പെട്ടു.എം.ഗോവിന്ദൻ ,പി.ഭാസ്ക്കരൻ,ദേവ് ,തകഴി, എം.കൃഷണൻ നായർ, കെ.പി.അപ്പൻ, അയ്യപ്പപ്പണിക്കർ, എം.ടി. ,ഒ.വി.വിജയൻ ,വൈലോപ്പിള്ളി, നിത്യചൈതന്യയതി, അരവിന്ദൻ  തുടങ്ങിയവർ കലാകൗമുദിയിൽ വന്നതോടെ പുതിയൊരു ആധുനികതയുടെ ഭാവുകത്വം മലയാളിയുടെ വായനയിലേക്ക് സംക്രമിച്ചു.ഈ നവജേർണലിസത്തിൻ്റെ അപ്പോസ്തലൻ എം.എസ്.മണിയാണ്‌.ഗദ്യകവിതകളെ  മുഖ്യധാരയാക്കുകയും രാഷ്ട്രീയത്തെയും സാഹിത്യത്തെയും സമ്മേളിപ്പിക്കുകയും ചെയ്തത് ഈ കാലത്താണ്.

മണിസാറിൻ്റെ രാഷ്ട്രീയ ഭാവുകത്വം ഇടതുപക്ഷമോ വലതുപക്ഷമോ അല്ല; സാമൂഹിക നീതിയും പുതിയ മനുഷ്യത്വവുമായിരുന്നു. യാന്ത്രികമായ ജനാധിപത്യമല്ല ,ആഗോള മാനവികതയുടെ രാഷ്ടീയമാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്.നീതിക്ക് വേണ്ടിയാണ് ,അദ്ദേഹം വഴക്കുണ്ടാക്കിയത്.അത് ഒരേ സമയം  മതേതരത്വവും സാഹോദര്യവുമാണ്. അടിയന്തരാവസ്ഥക്കാലത്ത് തുടങ്ങിയ കലാകൗമുദി ഒ.വി.വിജയൻ്റെ ' അരിമ്പാറ ' എന്ന നോവലറ്റും 'ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം ' എന്ന കാർട്ടൂൺ പരമ്പരയും പ്രസിദ്ധീകരിച്ചത് ഈ നവഭാവുകത്വത്തിൻ്റെ ഭാഗമായി കാണണം.

പ്രവൃത്തിയിലെ ബ്രാഹ്മണ്യം

യാഥാസ്ഥിതിക നാടുവാഴിത്ത മൂല്യങ്ങളല്ല ,സ്വാതന്ത്ര്യത്തിൻ്റെ ആഗോള മാനവികതയാണ് മണിസാറിൻ്റെ സാംസ്കാരിക ഇടതു പക്ഷമായിത്തീർന്നത്. ജാതിരാഷ്ടീയത്തിലേക്ക് കൂപ്പുകുത്തിയ കേരളീയ യുവജനങ്ങളെ, വിശേഷിച്ചും കോളജ് യൗവ്വനങ്ങളെ ,വഴിതിരിച്ചുവിടാൻ കലാകൗമുദിയുടെ നീക്കങ്ങൾക്ക് കഴിഞ്ഞു. കുറവിലങ്ങാട് ദേവമാതാ കോളജിലെ പ്രിൻസിപ്പലായിരുന്ന പ്രൊഫ.എബ്രഹാം നിധീരി ,പൊളിറ്റിക്സ് വിഭാഗം പ്രൊഫ. കുര്യാക്കോസ്  എന്നിവർ ഇക്കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്.
എഴുപതുകളുടെ ഒടുവിൽ കൊല്ലത്ത് കെ.പി.അപ്പനെ കണ്ടപ്പോഴും മണിസാർ സംഭാഷണത്തിൽ വന്നു.അപ്പൻ പറഞ്ഞു: 'കലാകൗമുദിയുടെ കാരക്ടർ  മണിയുടെ സംഭാവനയാണ് '. ഇതിനു സമാനമായാണ് സുകുമാർ അഴീക്കോടും  പ്രതികരിച്ചത്: ''ഒരു സീരിയസ് പത്രം എന്ന നിലയിൽ കേരളകൗമുദി നിൽക്കുന്നത് മണിയുടെ നിശ്ചയദാർഢ്യം  കൊണ്ടാണ് ".

കൊടുങ്ങല്ലൂരിൽ പലതവണ അഭിമുഖങ്ങൾക്കും റിപ്പോർട്ടുകൾക്കുമായി പ്രൊഫ. എം.എൻ.വിജയനെ കാണാൻ  പോയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് എം.എസ്.മണി അധ:സ്ഥിതരുടെ നീതി എന്ന പ്രശ്നം ഉയർത്തിക്കൊണ്ട്  ചെയ്ത പത്രപ്രക്ഷോഭങ്ങൾ ഒരു സാമൂഹ്യ വിവേകോദയം സാധ്യമാക്കിയെന്നാണ്.
എൻ്റെ പുസ്തകത്തിനു ഒരു അവാർഡ് ലഭിച്ചപ്പോൾ തിരുവനന്തപുരത്ത് പേട്ടയിലുള്ള കേരളകൗമുദി ഓഫീസിനുള്ളിൽ വച്ച് എനിക്ക് സ്വീകരണം നൽകിയിട്ടുണ്ട്. വിശ്വനാഥൻ സാറാണ് അതിനു വഴിയൊരുക്കിയത്. ആ യോഗത്തിൽ മണിസാർ അദ്ധ്യക്ഷത വഹിച്ചു. വിശ്വനാഥൻ സാറിനെ കൂടാതെ പി.വി.മുരുകൻ ,രാജേന്ദ്രപ്രസാദ് എന്നീ പത്രാധിപസമിതിയംഗങ്ങൾ  പ്രസംഗിക്കുകയും ചെയ്തു. ഇതൊക്കെ മണിസാറിൻ്റെ പ്രതിബദ്ധ പത്രപ്രവർത്തനത്തിൻ്റെ അടയാളമായി കാണാനാണെനിക്കിഷ്ടം.



മണിസാർ ഒരിക്കലും പത്രത്തെ സ്വന്തം പ്രശസ്തിക്കോ പ്രതിഛായാനിർമ്മിതിക്കോ ഉപയോഗിച്ചിട്ടില്ല .പൊതുചടങ്ങുകളിൽ പോവുകയോ പത്രത്തിൻ്റെ സ്വാധീനശക്തി ഉപയോഗിച്ച് എന്തെങ്കിലും സ്ഥാനം നേടുകയോ ചെയ്തില്ല .ഇത് പ്രവൃത്തിയിലെ ബ്രാഹ്മണ്യമാണ്. എല്ലാ ബാഹ്യ ഇടപാടുകളിൽ നിന്നും ഒഴിഞ്ഞു നിന്ന അദ്ദേഹം തൻ്റെ  ഒരു ചിത്രം പോലും പത്രത്തിൽ വരാതെ ശ്രദ്ധിച്ചു.താൻ ശബ്ദിക്കുന്നതും ഇടപെടുന്നതും  കേവലം വ്യക്തിപരമായല്ല ,അത് പത്രത്തിലെ വാർത്തകളിലാണ് പ്രതിഫലിക്കുന്നതെന്ന്  അദ്ദേഹം ചിന്തിച്ചു. ബാഹ്യമായ പ്രകടനങ്ങൾ ഒരു പത്രവ്യക്തി എന്ന നിലയിൽ താൻ പവിത്രമായി കരുതുന്ന പല ആശയങ്ങങ്ങളുടെയും മരണത്തിനു ഇടയാക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടി. ഒരു പത്രാധിപർ എന്ന തലം വിട്ട് മറ്റെന്തെങ്കിലും കച്ചവടത്തിലേക്കോ ജോലിയിലേക്കോ പോകുന്നത് പത്രധർമ്മത്തിൻ്റെ നാശമാണ് വരുത്തി വയ്ക്കുന്നതെന്ന് നന്നായി മനസ്സിലാക്കിയ പ്രതിഭയായിരുന്നു അദ്ദേഹം.പിന്നിലേക്ക് മാറിനിൽക്കുന്നതിനു ഒരു സൗന്ദര്യമുണ്ട്‌. വാർത്തയെ മനോഭാവമാക്കുന്നത് പത്രധർമ്മമാണ്. അനീതിയെക്കുറിച്ച് ബോധമുള്ളവർ വാർത്തകളുടെ വരികൾക്കിടയിൽ വിട്ടുപോയത് കണ്ടെത്താൻ ശ്രമിക്കും. എഡിറ്ററെ ശാരീരികമായല്ല ,മനോഭാവത്താലാണ് വായനക്കാർ അനുഭവിക്കേണ്ടതെന്ന പാഠം ഇതിലുണ്ട്.

രാഷ്ട്രീയത്തിലും സാഹിത്യത്തിലും സിനിമയിലും പുതിയ പ്രതിഭകൾ വരുന്നതിനെ സ്വാഗതം ചെയ്ത മണിസാർ അതിനായി മാമൂലുകൾ പൊളിച്ചെഴുതി. പല വഴക്കങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു.
അദ്ദേഹം എന്തെങ്കിലും എഴുതിയത് മറ്റാരും എഴുതാനില്ലാത്ത ഘട്ടങ്ങളിലാണ്.ഒരു പുതിയ ശൈലിയാണ് അതിലൂടെ പുറത്തുവന്നത്. ചിലിയൻ കവി പാബ്ളോ നെരൂദയുടെ ജീവചരിത്ര (Neruda: The poet's calling) മെഴുതിയ അമേരിക്കൻ ഗവേഷകനും പരിഭാഷകനുമായ മാർക്ക് ഈസ്നെർ നെരൂദയെ resistance poet എന്ന് വിളിച്ചത് ഓർക്കുകയാണ്. മണിസാർ തൻ്റെ രാഷ്ട്രീയ ,സാമൂഹിക ദർശനത്തിൽ ഒരു ചെറുത്തുനിൽപ്പിൻ്റെ  പ്രതിബിംബമാണ്. പ്രതിലോമപരമായ ആദർശധൂർത്തിനെയും സാംസ്കാരിക നാടുവാഴിത്ത മുൻഗണനകളെയും അദ്ദേഹം ജീവിതത്തിലുടനീളം പ്രതിരോധിച്ചു .അത് ഈ കാലഘട്ടത്തിലെ സാംസ്കാരിക അഭയാർത്ഥികളെന്ന നിലയിൽ നമ്മളോരുത്തരും പങ്കുപറ്റിയ ഒരു നേരാണ്.

back to home 

m  k harikumar     








 

 


എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...