Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

 അഭിമുഖം


എം.കെ.ഹരികുമാർ റൗണ്ട് ടേബിൾ/എഴുത്തും പ്രമേയവും



എം.കെ.ഹരികുമാറുമായി എഴുത്തുകാരും വായനക്കാരുമടങ്ങിയ ശ്രദ്ധാലുക്കളായ ഏതാനും പേർ സംസാരിക്കുന്നു.


 

 

 

മനുഷ്യബന്ധങ്ങളിൽ ടച്ച്സ്ക്രീൻ
1)ജർമ്മൻ സെബി :

സമൂഹത്തിലും സാങ്കേതികവിദ്യയിലും സംഭവിക്കുന്ന മാറ്റങ്ങൾ ശരിക്കും വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ടോ ?ഉത്തര- ഉത്തരാധുനിക സമൂഹത്തിൽ വ്യക്തിയുടെ വ്യക്തിത്വത്തിനു എന്താണ് സംഭവിക്കുന്നത് ?

എം.കെ.ഹരികുമാർ :ഉത്തരാധുനികത മരിച്ചത് അറിയാത്ത എഴുത്തുകാരും അദ്ധ്യാപകരുമാണ് ഇവിടെ ഏറെയുമുള്ളത്.1990 കളിലെ ജീവിതം 2020 ആയപ്പോൾ എത്ര മാറി! .ശാസ്ത്ര-സാങ്കേതിക മാറ്റത്തിനൊപ്പം ജീവിതത്തിൻ്റെ വേഗം കൂടി.ഇത് വൈകാരിക ജീവിതത്തെ ബാധിച്ചു കഴിഞ്ഞു. ആഗ്രഹിക്കുന്നത് എന്തായാലും ,അത് തൻ്റെ സാംസ്കാരിക പ്രശ്നമാവുകയാണ്. എന്തും വേഗതയിൽ വേണം. പുതിയതായിരിക്കണം. സുഖവും സംതൃപ്തിയും ഏറ്റവും വലിയ മൂല്യങ്ങളായിരിക്കുന്നു. അതിനു തടസ്സമായി തോന്നുന്നതെന്തും തുടച്ചു നീക്കപ്പെടും. കുട്ടികളെ കൊല്ലുന്ന മാതാപിതാക്കൾ  പെരുകിയതിനു കാരണം ഇതാണ്.

പത്ത് പ്രസവിക്കാൻ  ഇന്ന് ഒരു പെണ്ണും മുതിരില്ല .അതേ സമയം ഒരേയൊരു കുഞ്ഞുള്ളവർ അതിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുന്നു.

മൊബൈൽ ഫോൺ ഓരോരുത്തരെയും ദേവനോ ദേവിയോ ആക്കുന്നു .ആഗ്രഹങ്ങളെയും ആസക്തികളെയും ഒരു വിരൽ തുമ്പിലെന്ന പോലെ സൂക്ഷിക്കാം. അനുഗ്രഹിക്കാനും ശപിക്കാനും ആ വിരൽത്തുമ്പ് മതി .എന്താഗ്രഹിച്ചാലും സ്മാർട്ട് ഫോൺ നടത്തി തരും. അതുകൊണ്ട് ഫോൺ ശരീരത്തിൻ്റെ ഒരവയവം പോലെ എപ്പോഴും കൂടെയുണ്ടാവും.

മനുഷ്യബന്ധങ്ങളിൽ ടച്ച് സ്ക്രീനിനു വലിയ സ്ഥാനമാണിന്നുള്ളത് .നാം സ്പർശിക്കുന്നത് എവിടെയാണ്? മനുഷ്യബന്ധങ്ങൾ ടച്ച്സ്ക്രീൻ ആശ്രയിച്ചാണിരിക്കുന്നത് . വികാരമില്ലാത്ത നമുക്ക് വികാരമുള്ളവരായി ജീവിക്കാൻ ഈ ഫോൺ മതി.  ഫോൺ നമ്മെ  ഇരട്ട വ്യക്തിത്വമുള്ളവരാക്കും. ഒന്ന് , യഥാർഥത്തിലുള്ള വ്യക്തി; മറ്റേത്, നമ്മെക്കുറിച്ച് മറ്റുവർ സങ്കൽപ്പിക്കുകയും  ശരിയാണെന്ന് കരുതുകയും ചെയ്യുന്ന വ്യക്തിത്വം. ഇതുരണ്ടും ഒരാൾ കൊണ്ടുനടക്കുകയാണ് .ഇതിൻ്റെ വ്യാജത്വവും കാപട്യവും സമൂഹം ജനാധിപത്യപരമായി അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു .




ജർമ്മൻ സെബി : മാസ്ക് എങ്ങനെയാണ് ഇപ്പോൾ സാമൂഹിക ഘടനയിൽ ഇടപെടുന്നത് ?

എം.കെ.ഹരികുമാർ: കോവിഡ് നമുക്ക് ഒരു ടെൻഷൻ കൂടി തന്നു. അത് മാസ്കാണ്. ഇപ്പോൾ അത് മുഖത്ത് അവകാശം സ്ഥാപിച്ചിരിക്കുന്നു. ഇപ്പോൾ മാസ്കില്ലാതെ ജീവിക്കാനാണ് പ്രയാസം .അത് അഴിച്ചു താഴെ വച്ചാൽ മുഖത്ത് ഉണ്ടെന്നു തോന്നും.  മനസ്സിൽ നേരത്തെ  ഉണ്ടായിരുന്ന മാസ്‌ക്  ഇപ്പോൾ അംഗീകാരം നേടി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കണ്ണുകൾക്ക് താഴെ വരെ ഉയർത്തി വച്ച് , അടുപ്പമുള്ളവരെ കണ്ടിട്ടും കാണാത്ത പോലെ പോകാൻ സഹായിക്കുന്നു .  മാസ്ക് ഒരു സാംസ്കാരിക വസ്തുവായി. വില കൂടിയ മാസ്ക് വച്ചാൽ ഉയർന്ന സാംസ്കാരിക വർഗം എന്ന പരിഗണന കിട്ടുമെന്ന് പ്രതീക്ഷിക്കുന്നവരെ കാണാം.

മനുഷ്യൻ ഒരു ക്ളാസിക്കൽ കഥാപാത്രമല്ല

റഷീദ് പാനൂർ: എഴുത്തുകാരൻ  ദൈവമാണെന്ന കാഴ്ചപ്പാടുണ്ടായിരുന്നു. 

അതിനു പ്രസക്തിയുണ്ടോ ?

എം.കെ.ഹരികുമാർ : എല്ലാം അറിയുന്നവനാണ് താൻ എന്ന ചിന്തയിലാണ് എഴുത്തുകാർ ക്ലാസിക്കൽ കൃതികൾ സൃഷ്ടിച്ചത്‌. കഥാപാത്രങ്ങൾ നിശ്ചിത മാനസിക ഘടനയിൽ നിർമ്മിക്കപ്പെട്ടവരായതുകൊണ്ട്, ഒരു സംശയവുമില്ലാതെയാണ് കഥാകൃത്ത് നീങ്ങുന്നത്. മനുഷ്യന് സ്ഥിരമായ ഒരു മനസ്സോ സ്വഭാവമോ ഇല്ലല്ലോ. അവനിൽ നന്മയും തിന്മയും യുക്തിരഹിതമായാണ് പ്രവർത്തിക്കുന്നത്‌.ഫ്രോയിഡിൻ്റെ മനശ്ശാസ്ത്ര ചിന്തകളും ദസ്തയെവ്സ്കിയുടെ നോവലുകളും ഈ വസ്തുത സ്ഥിരീകരിച്ചു. സ്വയം വഞ്ചിക്കുന്നവൻ എങ്ങനെയാണ്  ദൈവമാകുന്നത്‌? മനുഷ്യനെക്കുറിച്ചുള്ള അന്ധവിശ്വാസം ഇല്ലാതാകുമ്പോഴാണ് മനുഷ്യൻ ഒരു ക്ലാസിക്കൽ കഥാപാത്രമല്ല എന്ന സത്യം ഏറെക്കുറെ ബോധ്യപ്പെടുന്നത്‌. മനുഷ്യൻ എപ്പോഴും മാറുന്നു. അവന് കാരക്ടറില്ല. ജന്മവാസനകളുണ്ട്. അത്  നിർമ്മിക്കപ്പെടുന്നതാണ്. മനസ്സ് ഒരു ഒറിജിനൽ വസ്തുവല്ല; പ്രതീതിയാണ്. മനസ്സിൽ തോന്നുന്ന ഇഷ്ടം പോലും  അവ്യക്തമാണ് .അതിനു യുക്തിയില്ല. അത് വാസ്തവമല്ല. അതുകൊണ്ടാണ് The handsomest drowned man in the world  എന്ന കഥ എഴുതിയ മാർകേസ്  തനിക്കോ  കഥാപാത്രങ്ങൾക്കോ കഥയിലെ വസ്തവികതയെക്കുറിച്ച്  അന്തിമ തീർപ്പ് സാധ്യമാകില്ലെന്ന അർത്ഥത്തിൽ പലരുടെ വ്യക്തിഗതമായ അഭിപ്രായങ്ങൾ ചർച്ച ചെയ്യുന്നത്.  എഴുത്തുകാരൻ ദൈവമല്ല ;അയാൾ ഒരു സ്വപ്നദർശിയാണ് ,ക്രാഫ്റ്റ്സ്‌മാനാണ്.




റഷീദ് പാനൂർ: ലാറ്റിനമേരിക്കൻ എഴുത്തുകാർ പ്രത്യക്ഷത്തിൽ സാമൂഹ്യപ്രതിബദ്ധതയിൽ ഊന്നുന്നില്ല. എന്നാൽ നമ്മുടെ ഇടതുപക്ഷ എഴുത്തുകാർ ആ കൃതികളെ പ്രശംസിക്കുന്നു. ഇത് വൈരുദ്ധ്യമല്ലേ ?

എം.കെ.ഹരികുമാർ :ലാറ്റിനമേരിക്കൻ എഴുത്തുകാരുടെ പ്രതിബദ്ധത കലയോടാണ്. അവരെ ബാധിച്ച രാഷ്ട്രീയാന്ധതകളുടെ സമസ്യകൾ തേടുന്നതോടൊപ്പം കലയുടെ അനിവാര്യതയുമുണ്ട്. നമ്മുടെ സാഹിത്യത്തിൽ കലയെപ്പറ്റിയുള്ള ചർച്ച തന്നെ ഉണ്ടാകുന്നില്ല .ലാറ്റിനമേരിക്കൻ എഴുത്തുകാർ  പ്രതിബദ്ധത എന്ന  ആദർശം മുറുകെപ്പിടിക്കുന്നില്ല. ആ പരിഗണന കാലഹരണപ്പെട്ടു. അവരുടേത് ഉപരിപ്ളവ റിയലിസമല്ല .ആഴത്തിൽ പോയി പലതും കാണുന്നു.അവർ ഒരു സമൂഹത്തിൻ്റെ സകല മനുഷ്യാവസ്ഥകളിലും പരതി നോക്കുന്നു. അതിൽ നിന്നുണ്ടാകുന്നത് പുതിയ കലയുടെ അവബോധമാണ് ,അനുഭവമാണ്.മാർകേസിൻ്റെ One hundred years of solitude, യോസയുടെ In praise of stepmother, കാർലോ ഫ്യൂവൻ്റിസിൻ്റെ The death of Artemio cruz തുടങ്ങിയ കൃതികൾ ഇത് വ്യക്തമാക്കിത്തരും.

ഈ  എഴുത്തുകാർ അവരുടെ രാഷ്ട്രീയ അനുഭവങ്ങളാണ് എഴുതിയത് .പക്ഷേ, അതെല്ലാം  കലാപരമാണ്, ഒരു സൃഷ്ടിയാണ്. കലയിൽ വിട്ടുവീഴ്ചയില്ല .ഭാഷയിൽ, ശൈലിയിൽ പുതിയത് കണ്ടെത്തുന്നു. താൻ സൗന്ദര്യമാണ് അന്വേഷിക്കുന്നതെന്ന ബോധ്യത്തിൽ നിന്ന് എഴുത്തുകാർ മാറുന്നില്ല. ഇതാണ് അവരുടെ പ്രതിബദ്ധത. ഇടതുപക്ഷ എഴുത്തുകാരുടെ റിയലിസമൊക്കെ  കാലഹരണപ്പെട്ടു .പുരോഗമന സാഹിത്യം എന്ന ശാഖ ഇപ്പോൾ ലോകത്ത് ഒരിടത്തുമില്ല.  ഉത്തരാധുനികതയ്ക്ക്  ശേഷമുള്ള പുതിയ ചിന്തകളും സാമൂഹിക വിഷയങ്ങളുമാണ് പലരും  എഴുതിക്കൊണ്ടിരിക്കുന്നത് .

രക്തം പരിശോധിച്ച് പ്രവേശനം

സണ്ണി തായങ്കരി:മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലേക്ക് സൃഷ്ടികൾ അയച്ചാൽ അത് ഗൗനിക്കുകയില്ലെന്നും ചിലർ തങ്ങൾക്ക് പ്രയോജനമുള്ളവരുടെ (പര പ്രേരണമൂലവും) കോക്കസ് സൃഷ്ടിച്ച് മാധ്യമങ്ങളെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും വളരെക്കാലമായി എഴുത്തുകാർ പരാതിപ്പെടുന്നു. മാറ്റർ പ്രസിദ്ധീ കരിച്ചില്ലെങ്കിലും അയയ്ക്കുന്ന ആളോട്  നന്ദിയെങ്കിലും പറഞ്ഞുകൂടെയെന്നും അവർ ചോദി ക്കുന്നു. അതല്ലേ പ്രതിപക്ഷ ബഹുമാനം? ഒരെഴുത്തുകാരന് ആ പദവിക്കുള്ള ലൈസൻസ് കൊടു ക്കുന്നത് രണ്ടോ മൂന്നോ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളാണെന്നും അത് മറ്റ്  എഴുത്തുകാരും സമൂഹവും അംഗീകരി ക്കുന്നത് അധാർമികതയല്ലേയെന്നും ആരാണ് ഇവരെ ലൈസൻസിംഗ് അതോറിറ്റിയായി നിശ്ചയിച്ചതെന്നും ഇവർ ചോദിക്കുന്നു. ?

എം.കെ.ഹരികുമാർ :വായനക്കാരെ ബഹിഷ്കരിച്ചുകൊണ്ടാണ് ഇവിടെ ചിലർ ഗൂഢതാല്പര്യങ്ങൾ പലതും അടിച്ചേൽപ്പിച്ചത്.എഴുത്തുകാരെ വല്ലാതെ വർഗീകരിച്ചു. ഒരു റിക്രൂട്ട്മെൻറ് ബോർഡ് അദൃശ്യമായി നിലനിർത്തി .സർഗാത്മക രംഗത്തുള്ളവരുടെ രക്തം പരിശോധിച്ചു പ്രവേശനം നൽകുന്ന എർപ്പാട് അവർ നടപ്പാക്കി.തങ്ങൾക്കിഷ്ടമില്ലാത്തവരെ പരദൂഷണത്തിലുടെ മലർത്തിയടിക്കും. പഴയ ഫ്യൂഡൽ കോംപ്ലക്സ് ചിലർ കൊണ്ടുനടക്കുകയാണ്‌. ചിലർക്ക് സ്ഥിരമായി അവിടങ്ങളിൽ കാരായ്മയുണ്ട്. ഇവർ മഹാന്മാരാണ് എന്ന് പ്രചരിപ്പിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുകയാണ്. ഒരു ചാനൽ മാധ്യമ പ്രവർത്തകൻ ആദ്യമായി ഒരു കഥയെഴുതിയപ്പോൾ അതിനു ഫുൾപേജ് ഫോട്ടോ വച്ച് പരസ്യം ചെയ്ത ഒരു വാരിക കൊച്ചിയിലുണ്ട്! .ഇതുകൊണ്ടൊന്നും ഒരു നല്ല എഴുത്തുകാരൻ പരാജയപ്പെടാൻ പാടില്ല.മറ്റുള്ളവർ എത്ര ശ്രമിച്ചാലും സ്വയം ഉപേക്ഷിക്കരുത്.



സണ്ണി തായങ്കരി:സമഗ്ര സംഭാവനയ്ക്ക് ഒഴിച്ചുള്ള അവാർഡുകൾ ഇന്ന് നൽകുന്നത് സൃഷ്ടികൾക്കോ വ്യക്തികൾക്കോ? അവാർഡുകൾ ഒന്നിനു പിറകെ ഒന്നായി ഏതാനും വ്യക്തികളിലേക്ക് നിരന്തരം ഒഴുകുന്നതായി കാണുന്നു. എങ്ങനെ കാണുന്നു ?

എം.കെ.ഹരികുമാർ:അർഹിക്കുന്നവർക്ക് അവാർഡ് കിട്ടാതെ വരുമ്പോൾ അവർക്ക് കൊടുക്കൂ എന്ന് പറയാനുള്ള വിവേകം മറ്റെഴുത്തുകാരിൽ നിന്ന് ഉയരുന്നില്ല. എല്ലാം തനിക്ക് കിട്ടണമെന്ന ഒരൊറ്റ സദാചാരം മാത്രമേ ഇവിടെയുള്ളു. എല്ലാവരെയും അന്യരായി കാണുകയാണ്. സഹജീവികൾ ഉണ്ടെന്ന് പോലും ചിന്തിക്കുന്നില്ല.

എൻ്റെ  'ആത്മായനങ്ങളുടെ ഖസാക്ക് ' (1984) എന്ന കൃതിയുടെ പേരിൽ തുടങ്ങിയ അവാർഡ് (1995)ഇപ്പോൾ 25 വർഷമാകുന്നു. എൻ്റെ  കൃതിയുടെ പേരിൽ ഈ അവാർഡ് വാങ്ങിയ എഴുപതോളം എഴുത്തുകാരുണ്ട്.ഞാൻ ഒഴുക്കിനെതിരെയാണ് എന്നതിനു ഇതാണ്  തെളിവ് .ഞാൻ എൻ്റെ സ്വന്തം വീക്ഷണത്തിൽ മുന്നോട്ടു പോകുന്നു. ഇത് ചെയ്തത് എന്തിനാണ്?
അവാർഡുകൾ ലഭിക്കേണ്ടവർ വേറെയുണ്ട്. അതിനു നിമിത്തമാകാൻ എൻ്റെ പുസ്തകവും.  ആത്മായനങ്ങളുടെ ഖസാക്ക് ഒരു യാഥാസ്ഥിതിക കലാപ്രസ്ഥാനത്തെയും അംഗീകരിക്കുന്നില്ല. അത് ഒരു കലാകാരൻ്റെ  മനസ്സിലെ പ്രകമ്പനങ്ങളാണ്. അത്  സ്വതന്ത്രമായ ഭാഷയിലാണ് ആവിഷ്കരിച്ചത്.

എല്ലാവരും ഒരേ ആംഗിളിൽ വരയ്ക്കേണ്ട

മനീഷ് മുഴിപ്പിലങ്ങാട്: മലയാളത്തിലെ ചില എഴുത്തുകാരുമായി ഞാൻ നടത്തിയ അഭിമുഖങ്ങൾ ഒരു പ്രസിദ്ധീകരണത്തിൽ തുടർച്ചയായി വന്നുകൊണ്ടിരുന്ന സമയത്ത് അവയുടെ ആമുഖങ്ങളിൽ ആധുനികതയ്ക്കെതിരെ പരാമർശം നടത്തിയതിന് എന്നെ 'മെട്രോ വാർത്ത'യുടെ 'അക്ഷരജാലകം' പംക്തിയിൽ അതിനിശിതമായി വിമർശിച്ചയാളാണു താങ്കൾ. എങ്കിലും ചോദിക്കട്ടെ, ആധുനികത മലയാള സാഹിത്യത്തിന് നൽകിയ സംഭാവന എന്താണ്?



എം.കെ.ഹരികുമാർ :മനീഷിനെ വിമർശിക്കുകയായിരുന്നില്ല ഞാൻ. മനീഷ് സ്വന്തം കർമ്മമേഖലയിൽ, പ്രത്യേകിച്ച് സാഹിത്യപത്രപ്രവർത്തനത്തിൽ വളരെ സമർത്ഥനും ശ്രദ്ധാലുവുമാണെന്ന് എനിക്കറിയാം. പക്ഷേ , ആധുനികതയെക്കുറിച്ചുള്ള ചില പരാമർശങ്ങളോട്  ഞാൻ പ്രതികരിക്കുകയാണ് ചെയ്തത്. വേണമെങ്കിൽ എനിക്ക് അവഗണിക്കാമായിരുന്നു. എന്നാൽ  സംവാദവും വിമർശനവുമാണ് ഞാൻ ഇഷ്ടപ്പെടുന്നത് . ജീവിതത്തിൻ്റെ  സത്യസന്ധതയുടെയും ആഭിമുഖ്യത്തിൻ്റെയും അടിസ്ഥാനമാണത്. അതുകൊണ്ടാണ് ഞാൻ തുറന്നു പറഞ്ഞത് .

ആധുനികത ,തീർച്ചയായും ലോകത്തിന് വലിയ സംഭാവന ചെയ്തു. നമ്മുടെ നാട്ടിലും അത് നല്ല ഫലങ്ങൾ ഉണ്ടാക്കി. ആധുനികത  എന്നാൽ ആർത്തവരക്തമാണെന്ന് ധരിക്കുന്ന പിന്തിരിപ്പന്മാർ ഇപ്പോഴുമുണ്ട്. അവരെ എപ്പോഴും എതിർക്കണം. മനീഷിൻ്റെ  അഭിപ്രായപ്രകടനങ്ങളെ  വെച്ച് ഞാൻ അവർക്കാണ് മറുപടി പറഞ്ഞത്.  ആധുനികരായ കാക്കനാടൻ ,ഒ.വി.വിജയൻ തുടങ്ങിയവർ സാഹിത്യത്തിൻ്റെ നവ്യാനുഭവത്തിലൂടെ ധാരാളം മലയാള വായനക്കാർക്ക്  സമകാലികത നല്കി. കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ ആഗോള ചിന്തയിൽ വന്നുകൊണ്ടിരുന്ന രൂപപരവും സൗന്ദര്യാത്മകവുമായ മാറ്റങ്ങൾ നമ്മുടെ ഭാഷയ്ക്ക് അജ്ഞാതമായിരുന്നു.അത് അതേപടി അനുകരിക്കുന്നതിൽ അർത്ഥമില്ല .അതിൻ്റെ സമകാലികത ,പക്ഷേ നമുക്ക് അന്യമാകേണ്ടതില്ല. ഭാഷയിലും ചിന്തയിലും ഉള്ളടക്കത്തിലും ആഖ്യാനത്തിലുമുള്ള വ്യക്തിഗതമായ തത്ത്വചിന്തയും ദാർശനികതയും അസ്തിത്വപരമായ വ്യഥകളും അറിയാതെ ഇനി എഴുതിയിട്ട് കാര്യമില്ല. ആധുനികത അനുകരിക്കണം എന്നല്ല ഇതിനർത്ഥം .ആ സംസ്കാരം ഉൾക്കൊള്ളണം. ഇപ്പോൾ  മൊബൈൽ  ഫോൺ വാങ്ങാൻ കടയിൽ പോകുന്ന ആൾ തൊണ്ണൂറുകളിലെ പ്രസ് ബട്ടൺ വേണമെന്ന് പറയുമോ ?ഇല്ല. ടച്ച്‌ സ്‌ക്രീൻ വേണമെന്ന് പറയും. കാരണമെന്താണ് ? ടച്ച് സ്‌ക്രീൻ പുതിയ ചിന്തയാണ്;സംസ്കാരമാണ്.

ചിന്താപരമായ കണ്ടുപിടിത്തങ്ങൾക്ക് നേരെ എന്തിനാണ് മുഖം തിരിക്കുന്നത്‌?. കാഫ്ക ,ക്ലാരിസ് ലിസ്പെക്ടർ, വ്ളാഡിമിർ നബോക്കോവ് തുടങ്ങിയ എഴുത്തുകാരുടെ ആകുലതകൾ നാം എന്തിനാണ് കുറച്ചു കാണുന്നത് ? സൂര്യനു ചുറ്റും ഭൂമി കറങ്ങുകയാണെന്ന് അറിഞ്ഞാൽ പിന്നെ പഴയ സങ്കല്പം വച്ചു സംസാരിച്ചിട്ട് കാര്യമില്ല . പഴയ വാദം ഉപേക്ഷിക്കണം .അതിന് ഇവിടെ പലരും തയ്യാറാകുന്നില്ല . ആധുനിക കൃതികൾ നല്കിയ വൈകാരിക, ദാർശനിക പാഠങ്ങൾ ഉൾക്കൊണ്ടാൽ  പുതിയ സൃഷ്ടിക്ക് അത് സഹായകമാകും.ഇത് മനസ്സിലാക്കാനുള്ള ശേഷി പ്രധാനമാണ്.വൈയക്തികത ,ഇംപ്രഷണിസം ,സറിയലിസം, മാജിക്കൽ  റിയലിസം, അവാങ്ങ് ഗാർദ് ,പോസ്റ്റ് ഇംപ്രഷണിസം ,മോഡേണിസം ,പോസ്റ്റ് മോഡേണിസം തുടങ്ങിയ  ചിന്താപദ്ധതികൾ അറിയാതെ ഒരാൾ ഇനി എഴുതുന്നതുകൊണ്ട് ഒരു  പ്രയോജനവുമില്ല. വേറൊരാൾ ഒരു പൂവ് വരച്ചു;എന്തിനാണ് എല്ലാവരും അതേ ആംഗിളിൽ തന്നെ വരയ്ക്കുന്നത്. വഴി മാറണം. ഇതാണ് നവീനതയിലേക്കുള്ള ചുവടുവയ്പ്പ്.

ഇതൊന്നും മനസ്സിലാക്കാതെ സാഹിത്യരചനയിൽ ഏർപ്പെടുന്നവർ പഴയ റിയലിസത്തിൻ്റെ ചതുപ്പിൽ തന്നെയാണ് വീഴുക.നല്ല വായനക്കാരനു അതിൽ നിന്ന് ഒന്നും ലഭിക്കുകയില്ല. ശൈലി എങ്ങനെ നവീകരിക്കും? എന്തുവന്നാലും ഗദ്യശൈലി ,കലാവബോധം എന്നിവയിൽനിന്ന് എഴുത്തുകാരൻ വ്യതിചലിക്കരുതെന്ന്  ആൽബേർ കമ്യൂ  പറഞ്ഞത് ശ്രദ്ധേയമാണ്.  കഥ പറയാൻ ഇനി ആവർത്തന വിരസമായ ശൈലി മതിയാകില്ല. പുതിയത് വേണം. ആ കണ്ടെത്തലിൽ  ആധുനികതയുടെ ശിക്ഷണം സഹായകരമാണ്.

ഗുരു ഇപ്പോഴും ജാതിയുടെ വേലിക്കകത്ത്

ഷാബു എസ് ധരൻ: താങ്കൾ ശ്രീനാരായണഗുരുവിൻ്റെ ദർശനങ്ങളെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ട് 'ശ്രീനാരായണായ' എന്ന നോവൽ എഴുതിയല്ലോ.ഗുരുവിൻ്റെ കാഴ്ച്ചപ്പാടുകൾക്ക് ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിലുള്ള പ്രസക്തി എന്താണ് ?

എം.കെ.ഹരികുമാർ: 'ശ്രീനാരായണായ ' എന്ന നോവൽ  എൻ്റെ  ജീവിതത്തിലെ ഏറ്റവും മഹത്തായ ഒരു സംഭവമാണ്. അത് എൻ്റെ സാഹിത്യാഭിരുചിയുടെ പര്യായമാണ്. സാഹിത്യത്തെ ആവിഷ്കരിക്കുന്നതിൽ ഇതിനപ്പുറം ഒരു ബിന്ദുവുണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല .അത് ഗുരുവിൻ്റെ  ജീവചരിത്രം കഥയായി എഴുതിയതല്ല; കലയാണത്. ആഖ്യാനത്തെയും ഉള്ളടക്കത്തെയും ശൈലിയെയും നവീനമായ  കലാനുഭവമാക്കിയിരിക്കയാണ്. അതിനൊപ്പം വേദാന്തവും തത്ത്വചിന്തയും ദാർശനികവിചാരങ്ങളും കലർന്നൊഴുകുകയാണ്. ഇതുപോലെ വേറൊരു കൃതി മലയാളത്തിലില്ല.

ഗുരുവിൻ്റെ  ചിന്തകൾ ഇനിയും നമ്മെ  സ്വാധീനിച്ചിട്ടില്ല. കുറേപ്പേർ  ജാതിക്കെതിരെ പറയുന്നുണ്ട്. മതേതരത്വത്തിന് സ്വീകാര്യത ലഭിച്ചു. പക്ഷേ , ഇപ്പോഴും പലരുടെയും മനസ്സിൽ ജാതിയുടെ വേലിക്കകത്താണ് ഗുരുവിൻ്റെ സ്ഥാനം. അതുകൊണ്ടാണല്ലോ നമ്മുടെ മുഖ്യധാരാസിനിമ ഗുരുവിൻ്റെ ഒരു ചിത്രം പോലും വെള്ളിത്തിരയിൽ കാണിക്കാതെ മറച്ചു പിടിച്ചിരിക്കുന്നത്.



ഷാബു എസ്. ധരൻ: ഗുരു നമുക്ക് ജാതിയില്ല എന്ന് പറഞ്ഞിട്ടുണ്ടല്ലോ. മതമേതായാലും മനുഷ്യർ നന്നായാൽ മതി എന്നും ഗുരു ഉപദേശിച്ചു .ഈ പശ്ചാത്തലത്തിൽ താങ്കൾ ഗുരു  ഹിന്ദുവാണെന്ന് സ്ഥാപിച്ചുകൊണ്ട് ലേഖനങ്ങൾ എഴുതി .എന്താണ് ഇതിനു അടിസ്ഥാനം ?

എം.കെ.ഹരികുമാർ :ഗുരുവിൻ്റെ പേര് നാണു എന്നായിരുന്നല്ലോ.ഗുരു തന്നെ യാണ് നാരായണൻ എന്ന പേരു സ്വീകരിച്ചത്‌. എന്തുകൊണ്ട് സ്വീകരിച്ചു. ഇതിൽ എല്ലാമുണ്ട്. ജാതി സംഘർഷം നിറഞ്ഞു നിന്ന ഘട്ടത്തിലും ഗുരു മതം മാറിയില്ല. എന്തിനാണ് ഗുരു ശിവനെ പ്രതിഷ്ഠിച്ചത് ?എന്തിനു ഭദ്രകാള്യഷ്ടകം എഴുതി ? .ശിവശതകം എന്തിനെഴുതി ?സുബ്രഹ്മണ്യ കീർത്തനം എഴുതിയതും ഓർക്കണം. മണ്ണന്തല ദേവീസ്തവം ഗുരുവിൻ്റെ ഹൈന്ദവമായ വിശ്വാസവും ദർശനവും വ്യക്തമാക്കുന്നതാണ് .ഇതൊന്നും വായിക്കാത്തവരാണ് ഗുരു ഹിന്ദുവല്ല എന്നു പറയുന്നത്.ഗുരുവിൻ്റെ മനസ്സിലേക്ക്‌ നോക്കണം. ആകെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യണം.ഹിന്ദു എന്നു പറയുന്നത് അപമാനമാണോ ?എങ്കിൽ ടാഗോറിനും അരബിന്ദഘോഷിനും സ്വാമി വിവേകാനന്ദനും അത് അപമാനമായിരിക്കുമല്ലോ. എല്ലാ സ്വാതന്ത്ര്യത്തോടെയും ജീവിച്ചു കൊണ്ട് ,ഒരേ സമയം മതരഹിതനും മതവ്യക്തിയുമായി നില്ക്കാൻ ഹിന്ദു മതത്തിൽ ഇടമുണ്ട്. മതമൗലികവാദമില്ലാതെ ഹിന്ദുവായിരിക്കാനാവും.

ഗുരു ജാതിയില്ല എന്ന് പറഞ്ഞത് നേരാണ്. ഗുരുവിന് എങ്ങനെയാണ് ഒരു ജാതിക്കാരനായിരിക്കാൻ  കഴിയുന്നത് ?. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞത് മനുഷ്യൻ മതത്തിനു വേണ്ടി വാശിപിടിച്ച് മനുഷ്യത്വം ഇല്ലാത്തവനായി മാറുന്നത് കണ്ടപ്പോഴാണ്.അങ്ങനെയല്ലേ  പറയേണ്ടത് ? മനുഷ്യത്വം ഉണ്ടായാൽ മതി ,മതസ്പർദ്ധ നശിക്കും. അതുകൊണ്ട് ഒരാൾക്ക് ഏതു മതത്തിലും തുടരാം; പക്ഷേ, മനുഷ്യത്വമാണ് പ്രധാനം.

പ്രണയിച്ചാൽ പ്രകൃതിയിൽ പ്രതിഫലിക്കും

അജിത്കുമാർ ഓട്ടുപാറ: താങ്കൾ പ്രണയത്തെക്കുറിച്ച്  പലപ്പോഴും എഴുതിക്കണ്ടിട്ടുണ്ട് .'എൻ്റെ മാനിഫെസ്റ്റോ ' എന്ന പേരിൽ താങ്കൾ സ്വന്തം ചിന്തയുടെയും കലയുടേയും മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. ഇനി എന്നാണ് പ്രണയത്തിൻ്റെ  മാനിഫെസ്റ്റോ എഴുതുന്നത്?




എം.കെ.ഹരികുമാർ :കേൾക്കാൻ വളരെ സുഖമുള്ള കാര്യമാണ്. മനസ്സിൽ പ്രണയവും സംഗീതവും കവിതയും ഉണ്ടായാലേ സ്വാതന്ത്രത്തോടെ മുന്നോട്ട് നീങ്ങാനാവൂ.  പ്രണയവികാരവും പരിതാപപ്രണയവും എന്നിൽ ഒരുമിച്ചാണ് കഴിയുന്നത്. ഇങ്ങനെ ജീവിക്കുന്നതിൽ ഏതോ ഒരു ശരിയുണ്ടെന്ന് എനിക്കു തോന്നുന്നു.ഒരു ആട്ടിൻകുട്ടിയുടെ തലവെട്ടാൻ അറവുകാരൻ വാളുയർത്തുമ്പോൾ അത് പ്രണയത്തെക്കുറിച്ച് ആലോചിക്കുകയാണ്. ഇത്  പറയുന്നിടത്താണ് ജീവിതത്തിനു ഒരു സാധൂകരണമുണ്ടാകുന്നത്‌. പ്രണയം  ദൈവം തന്നതാണ്. പെണ്ണിൽ നിന്ന് കിട്ടേണ്ടത് പെണ്ണിൽ നിന്നേ കിട്ടൂ. പ്രണയത്തിന് രാഷ്ട്രത്തിൻ്റെയോ  മതത്തെയോ അതിർവരമ്പില്ല. അത് പക്ഷിയെപ്പോലെ പറക്കുകയാണ്, രാജ്യങ്ങളുടെ അതിർത്തിക്കപ്പുറത്തേക്ക് .ഒരു പെണ്ണിനെ പ്രേമിച്ചാൽ ചുറ്റിനുമുള്ള സസ്യങ്ങൾ പെട്ടെന്ന് പൂവിടും. നമ്മുടെ മനസ്സിലെ ഊർജതരംഗങ്ങൾ ചുറ്റുപാടുകളെ ഉണർത്തും. നമ്മുടെ സമീപത്തുള്ള കുറ്റിക്കാടുകൾ പോലും ഇതാഗ്രഹിക്കുന്നുണ്ട് .നമ്മുടെ പ്രണയ മറിഞ്ഞിട്ടുവേണം അവയ്ക്കെല്ലാം പുഷ്പിക്കാൻ. ആകാശത്ത് കടും നീല നിറത്തിൻ്റെ അജ്ഞേയമായ സൗന്ദര്യം നിറയുമ്പോൾ അവിടേയ്ക്ക് വെളുത്ത തൂവൽ പോലെ കുറെ ചെറിയ മേഘങ്ങൾ നീങ്ങുന്നത് കാണാം. അതല്ലേ പ്രണയമാനസം ?

മനുഷ്യൻ്റെ മുന്നിലെ ശൂന്യത

ബി.ശിഹാബ് : മഹാമാരി മനുഷ്യനെ തടവറയിലാക്കിയിരിക്കയാണല്ലോ.  വെബിനാർ ,ലൈവ് തുടങ്ങിയവയിലുടെ നമുക്ക് അതിജീവിക്കാനാകുമോ ?



എം.കെ.ഹരികുമാർ :മഹാമാരിയുടെ കാലത്ത് സാഹിത്യത്തിലെ പൗരോഹിത്യവർഗവും സാംസ്കാരിക പൊങ്ങച്ചത്തിനായി പത്രപ്രവർത്തനം നടത്തുന്ന ചിലരും മറ്റു പലരേക്കാൾ  വിഷമിച്ചു പോയിട്ടുണ്ട്. എന്നാൽ സാഹിത്യത്തെ മനസ്സിൽ കൊണ്ടു നടക്കുന്നവർ ,നിർവ്യാജമായി എഴുതാൻ ശ്രമിച്ചവർ ശരിക്കും സമൂഹ മാധ്യമങ്ങളിലുടെ സവിശേഷ ശ്രദ്ധ നേടി.

നമ്മുടെ ആവശ്യങ്ങളെ ക്രമീകരിക്കണമെന്ന  വലിയൊരാഹ്വാനം ഞാൻ പ്രകൃതിയിൽ നിന്നു കേട്ടു .ഭാവിയിലെ രചനകളെ അത് സ്വാധീനിക്കാതിരിക്കില്ല. ലോക്ഡൗണിൽ മൃഗങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബ്രിട്ടണിലെ നഗരങ്ങളിലൂടെ നടക്കുന്നത് നാം കണ്ടു .ആ മൃഗങ്ങളുടെ മുന്നിലെ ശൂന്യത മനുഷ്യൻ ഏറ്റുവാങ്ങിയത് അടച്ചുപൂട്ടിയ മുറിക്കുള്ളിലിരുന്നാണ്. എല്ലാ തരത്തിൽപ്പെട്ട മനുഷ്യരും ശൂന്യതയെ നേരിടുക തന്നെ ചെയ്തു. ആത്മബലമുള്ളവർ പുറത്തു കാണിച്ചില്ല.

ഇനി എഴുതപ്പെടാൻ പോകുന്ന ചരിത്രനോവലുകളെയും പ്രണയകഥകളെയും കോവിഡ്  അച്ചടക്കങ്ങൾ സ്വാധീനിക്കാതിരിക്കില്ല. വെബിനാർ ,ലൈവ് തുടങ്ങിയവ നാം മരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ ഉപകരിച്ചു.നമ്മുടെ സുഹൃത്തുക്കളെ കാണാതിരുന്ന് ശീലമായാൽ പിന്നെ കാണണമെന്ന് തോന്നില്ല. ക്രമേണ തുരുമ്പ് മനസ്സിനെ പൊതിയും .പിന്നീട് ആ തുരുമ്പ് പോകണമെന്ന് തോന്നില്ല.സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക്  ശരീരം ഇല്ലാതായിട്ട് എത്ര വർഷങ്ങളായി! .

നവാദ്വൈതവും നവനിർമ്മാണവും

തുളസീധരൻ ഭോപ്പാൽ: താങ്കളുടെ  നവാദ്വൈതം ഒരു ജീവിതവീക്ഷണമാണോ?



എം.കെ.ഹരികുമാർ:നവാദ്വൈതം പ്രാപഞ്ചികാവസ്ഥയാണ് .കലാരഹസ്യമാണ് , അനുഭവമാണ് ,സമൂഹ മനസ്സാണ് , മനശാസ്ത്രമാണ്, മൃത്യുവിൻ്റെ മേലുള്ള വിജയമാണ് , അനന്തതയാണ്.

അനന്തത എന്ന ആശയം  നാം എവിടെയും അഭിമുഖീകരിക്കുന്നു. നവാദ്വൈതം അത് വ്യക്തമാക്കിത്തരും.
നവാദ്വൈതം ഒരു നിമിഷത്തിനുള്ളിലാണ് സംഭവിക്കുന്നത്. നവമായ അദ്വൈതമാണത്;വേദാന്തികളുടെ  പ്രാപഞ്ചികമായ അദ്വൈതമല്ല .രണ്ട് ഇല്ല എന്ന് അവർ പറയുന്നതിൻ്റെ  അർത്ഥം ബ്രഹ്മം മാത്രമേ ഉള്ളൂ എന്നാണ്. ഇവിടെ രണ്ട് ഇല്ല എന്നാൽ  ഒരു നിമിഷം മാത്രമേയുള്ളൂ എന്നാണർത്ഥം; മറ്റൊന്നില്ല .ആ നിമിഷത്തിൽ ചില കാര്യങ്ങൾ സംഭവിക്കുന്നു. നാമവിടെ സ്വയം നിരസിക്കുന്നു; സ്വയം മായ്ച്ചുകളയുന്നു, പുറത്തുള്ള യാതൊന്നുമായി കൂടിച്ചേരാൻ .ആ നിമിഷത്തിൽ തന്നെ സ്വയം നിർമ്മിക്കുകയും ചെയ്യുന്നു .ഒരു നിർമ്മാണം എന്ന ക്ലിപ്തതയില്ല. പല രീതികളിൽ ,പല തലങ്ങളിൽ, പല ഭാവങ്ങളിൽ ആ നിർമ്മാണം നടക്കുന്നു. മനസ്സ് അങ്ങനെയാണ് നിലനിൽക്കുന്നത്. കല അങ്ങനെയാണ് ഉണ്ടാകുന്നത്. ഒരു വലിയ കരിങ്കല്ലിൽ നിന്ന് യേശുവിനെ കൊത്തിയെടുക്കണമെങ്കിൽ രണ്ടു കാര്യങ്ങൾ സംഭവിക്കണം. ഒന്ന് , ശില്പി തൻ്റെ  മനസ്സിൽ നിന്ന് സ്വയം മായ്ച്ചകളയണം. രണ്ട് ,കല്ല് സ്വയം ഉപേക്ഷിച്ച് ക്രിസ്തുവാകണം .കല്ലിനു ക്രിസ്തുവായാൽ മതിയെന്ന് തീരുമാനിക്കുന്നതിൽ നിർണായകമാകുന്നത് കലാകാരൻ്റെ  മനസ്സാണ് .അതുകൊണ്ട് കല്ലിൽ മറ്റൊരു രൂപവുമില്ലെന്ന്  അർത്ഥമില്ല. കല്ല് അപ്പോൾ ക്രിസ്തുവാകുന്നു എന്നു മാത്രം. കല്ലിലെ അനന്തകോടി ഭാവങ്ങൾ മറയ്ക്കപ്പെടുന്നു. ഇങ്ങനെയാണ് മനസ്സും കലാസൗന്ദര്യവും നിലനിൽക്കുന്നത്.

വ്യക്തിവാദം ആന്തരികമായി ജീർണിക്കാനുള്ളതല്ല

അജിത് കെ : കലയുടെ വ്യക്തിവാദം  സമൂഹത്തിൽ എത്രത്തോളം ഫലപ്രദമാണ് .യൂറോപ്യൻ വ്യക്തിവാദത്തെ വിമർശിച്ച് ദസ്തയെവ്സ്കി എഴുതിയ ആദ്യനോവലായ Notes from underground എഴുതിയത് ഇപ്പോഴും പ്രസക്തമാണോ ?



എം.കെ.ഹരികുമാർ: വ്യക്തിവാദി ആയിരിക്കുക എന്നത് വലിയ തത്ത്വചിന്തയുടെ വിഷയമാണ്. അമേരിക്കൻ അതീന്ദ്രിയവാദികളായ എമേഴ്സൺ ,തോറോ തുടങ്ങിയവർ വ്യക്തികളായിരുന്നു. സമൂഹത്തിൻ്റെ  പൊതുവായ ലക്ഷ്യത്തെ മുൻനിർത്തി വ്യക്തികളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സർഗാത്മകകഴിവുകളും നശിപ്പിക്കപ്പെടാൻ പാടില്ല എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് .ഒരു വ്യക്തിക്ക് ചിന്തകളുടെ ചിറകിലേറി ആകാശത്തിലേക്ക് പറക്കണം . ഓഷോ ഉദാഹരണം .അദ്ദേഹത്തിൻ്റെ  ബൗദ്ധികമായ അന്വേഷണങ്ങൾ സമൂഹത്തിൻ്റെ നിർമ്മിതി ആയിരുന്നില്ലല്ലോ .സമൂഹം ഒടുവിൽ അദ്ദേഹത്തെ എതിർക്കുന്നതാണ് നാം കണ്ടത്.ഏകാന്തതയുടെ ആഴത്തിൽ നിന്നും അന്തര്യാമിയായ സാഹിത്യം ഉണ്ടാകുന്നു .ഇത് വെറും റിയലിസമല്ല .സമകാലികമാവുന്നത്  ഒഴിവാക്കാനാവില്ല .അതിനാൽ വൈയക്തികമായ അനുഭവങ്ങളെ  ചുറ്റുമുള്ളവരിലേക്കു കൂടി പ്രവഹിപ്പിക്കുന്നു. ഓരോ സമൂഹജീവിക്കും വേണ്ടിയാണ് വാൻഗോഗിൻ്റെ വരകൾ ആത്യന്തികമായി നിലകൊള്ളുന്നത്. വാൻഗോഗ് തൻ്റെ തോന്നലുകളെ ആത്മപീഡനമാക്കുന്നത് സർഗ്ഗാത്മകതയുടെ വിധിയാണ്. ഒരു വസ്തുവിൻ്റെ  അങ്ങേയറ്റത്തെ അർത്ഥത്തിനു വേണ്ടി ശ്രമിക്കുമ്പോൾ അത് സംഭവിക്കുന്നു. പക്ഷേ ,അത് പിന്നീട് ഓരോ വ്യക്തിക്കുമുള്ള വെളിച്ചമാകുന്നു. 

 നിഷേധിയായ ജർമ്മൻ ചിന്തകൻ ഫ്രഡറിക് നിഷേ  ദൈവത്തെ നിരാകരിച്ചത് ഓരോ വ്യക്തിയുടെയും അതിജീവനം എന്ന ലക്ഷ്യത്തിന് വേണ്ടിയാണ്. മനുഷ്യൻ അവൻ്റെ  ജീവിതം രൂപപ്പെടുത്താൻ സ്വയം വിധിക്കപ്പെട്ടിരിക്കുന്നു. എന്നാണ് ഇതിനർത്ഥം. അങ്ങനെയല്ലേ മനുഷ്യൻ പുരോഗമിക്കുന്നത് ?ധിഷണാശാലികൾ ഒരു ചുവട് മുന്നോട്ടുവയ്ക്കുന്നു. മറ്റുള്ളവർ തങ്ങളുടെ സമീപത്ത്  സുരക്ഷിതമായിരിക്കാൻ കിട്ടാവുന്ന അറിവുകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത് .കസൻദ്സാക്കിസിനെപോലുള്ളവർ ,കിട്ടിയ അറിവുകളിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് ഒറ്റയ്ക്ക്  അസ്വസ്ഥരാകുന്നു.

ദസ്തയെവ്സ്കി എഴുതിയ നോവലിൽ യൂറോപ്യൻ വ്യക്തിവാദത്തിൻ്റെ ഫലമായി മനുഷ്യൻ എങ്ങനെ ആന്തരികമായി ജീർണിക്കുന്നു എന്ന് വിവരിച്ചു.വ്യക്തിവാദം സവിശേഷമായ ഒരു ബോധേന്ദ്രിയമായി പ്രവർത്തിച്ച് ഉണർവിൻ്റെ പാഠങ്ങളാണ് സൃഷ്ടിക്കേണ്ടത്. അതിനു പകരം റഷ്യൻ ജനത ആദർശവും മതവും ഉയർത്തിപ്പിടിച്ചുകൊണ്ട് കാപട്യത്തിലേക്കും അധർമ്മത്തിലേക്കും സ്വയം തുഴഞ്ഞു പോയി.വലിയ ലോകത്തെക്കുറിച്ച് പ്രസംഗിക്കുന്നവൻ്റെ അന്തരംഗ ജീവിതം നരകതുല്യമാണെന്ന് അദ്ദേഹം കണ്ടെത്തി.

രോഗമില്ലാതായാൽ എല്ലാം പെർഫെക്ട് ആകില്ല

ബിജൂ ദാനിയേൽ: ലെനിൻ രാജേന്ദ്രൻ്റെ സിനിമകളെക്കുറിച്ച് പറയുന്നതിനിടയിൽ താങ്കൾ ആ ചിത്രങ്ങൾക്ക് 'ക്ളിനിക്കൽ നിലവാര'മുണ്ടെന്ന് പറഞ്ഞതോർക്കുന്നു .എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത്?




എം.കെ.ഹരികുമാർ :  ലെനിൻ രാജേന്ദ്രൻ സിനിമയോട് സ്വകാര്യമായ പ്രതിബദ്ധത ഉണ്ടായിരുന്ന സംവിധായകനായിരുന്നു .മുഖ്യധാരാ സിനിമാപ്രവർത്തകരിൽ നിന്ന്  അദ്ദേഹം അകന്നാണ് കഴിഞ്ഞത്. സ്വാതിതിരുനാൾ, വേനൽ ,ചില്ല് ,പ്രേം നസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യൻ തുടങ്ങിയ സിനിമകൾ ഓർക്കുകയാണ് .ഭാവാത്മക ഗദ്യമാണ് അദ്ദേഹത്തിൻ്റെ സിനിമകൾ. സിനിമ എന്ന മാധ്യമത്തിൽ ഒരു സംവിധായകനെന്ന നിലയിലുളള വ്യക്തിഗത കണ്ടെത്തലുകൾ ഇല്ലാതെ തന്നെ നല്ല സിനിമ എന്ന സങ്കൽപ്പത്തെ അദ്ദേഹം അവതരിപ്പിച്ചു. വിപണിമൂല്യങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. വികാരങ്ങൾ കോരിച്ചൊരിയുന്നത് ഇഷ്ടപ്പെടാത്ത പ്രേക്ഷകനെ ലെനിൻ നിരാശപ്പെടുത്തിയില്ല .പാട്ടുകളുടെ ചിത്രീകരണവും ഛായാഗ്രഹണ ഭംഗിയും  ഭാവാത്മകത നല്കുന്നു. മനസ്സിനു സന്തുലിതമായ സ്വാതന്ത്ര്യം നൽകുകയാണ് അദ്ദേഹം ചെയ്തത്. വ്യാഖ്യാനങ്ങളുടെ കാലുഷ്യത്തിലേക്ക് പോയില്ല. നാടകീയതയും സാഹിത്യ പരതയും ആ ചലച്ചിത്രങ്ങളിലുണ്ട്. സംഗീതവും അതിലേക്ക് ചേരുന്നു .ഇതാണ് ക്ളിനിക്കൽ നിലവാരം .

രോഗി ഡോക്ടറെ കാണാൻ ചൊല്ലുന്നു. ചില രോഗങ്ങൾ കണ്ട് , അതിനു മരുന്ന് കൊടുക്കുന്നു.ഒരാഴ്ച കഴിഞ്ഞ് രോഗി വീണ്ടും വരുന്നു. ഡോക്ടർ വീണ്ടും പരിശോധിച്ച്  നോക്കിയശേഷം പ്രത്യേകിച്ച് അസുഖമൊന്നുമില്ല എന്നു പറയുന്നു.രോഗി സന്തോഷവാനായി; അസുഖമൊന്നുമില്ല . സാധാരണപോലെ ,നിയന്ത്രണങ്ങളോടെ ഭക്ഷണം കഴിക്കാം. ഇത് ആ വ്യക്തിയുടെ ആരോഗ്യം ക്ളിനിക്കലായി ഭദ്രമാണ് എന്ന് കാണിക്കുന്നു. പക്ഷേ , വ്യക്തി ആ സർട്ടിഫിക്കറ്റിൽ ഒതുങ്ങില്ലല്ലോ.

BACK TO HOME

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...