Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

 കഥ


അവൾക്ക് ശിവനെ ഇഷ്ടപ്പെടാൻ 

ഒരു കാരണം



എം.കെ.ഹരികുമാർ


യന്തങ്ങളുടെ ലോകത്ത് മനുഷ്യനേക്കാൾ വലിയ യന്ത്രങ്ങൾ ഉണ്ടാകില്ല എന്ന് പറയുന്നത് കേട്ടുകൊണ്ടാണ് അവൾ സ്വീകരണമുറിയിലേക്ക് വന്നത്.

ഒരു ചാനൽ ചർച്ചയിൽ നിന്നാണ് ആ ശബ്ദം വന്നത്.
അവൾ അതാരാണെന്ന് ശ്രദ്ധിച്ചു.

നരച്ച താടിയും നിറഞ്ഞ കഷണ്ടിയുമുള്ള ഒരാളായിരുന്നു.
ഇതിനു മുമ്പും അയാളെ  ടി വി യിൽ കണ്ടിട്ടുണ്ട്. എന്നാൽ ശ്രദ്ധിച്ചിട്ടില്ല .

എന്നാൽ ഇത്തവണ അയാളുടെ ആ സംഭാഷണമല്ല ,ആ വാക്യം അവളിൽ ഉടക്കി.

അയാൾ ആരായിരിക്കും ? തൻ്റെ അച്ഛനാകാൻ പ്രായമുള്ള അയാൾ എന്താണ് അങ്ങനെ പറഞ്ഞത്. ?

ഒന്നുകിൽ കോളജ് അദ്ധ്യാപകനായിരിക്കും.
അല്ലെങ്കിൽ പരിസ്ഥിതി പ്രവർത്തകനായിരിക്കും. അതമല്ലെങ്കിൽ ലിംഗ സമത്വവാദിയായിരിക്കും.
തല പുകഞ്ഞപ്പോൾ അവൾ അത് വിട്ടു.

അവൾ വീട്ടിലെ ജോലികളിൽ മുഴുകി.

വെയിലത്ത് ഉണക്കിയ ശേഷം വച്ചിരുന്ന തുണികൾ നന്നായി മടക്കി വച്ചു. അല്പനേരം അടുക്കളയിൽ അമ്മയെ സഹായിച്ചു.പിന്നീട് ഡൈനിംഗ് ടേബിൾ തുടച്ചിട്ടു.

എന്നാൽ ടി വി.യിൽ ആ മാന്യവ്യക്തി പറഞ്ഞ വാക്യം മനസിൽ നിന്ന് പോയില്ല .യന്ത്രങ്ങളുടെ ലോകത്ത് മനുഷ്യനേക്കാൾ വേറെ യന്ത്രമില്ലെന്ന് !

ഏയ്, അങ്ങനെയല്ല.




ആ ചിന്തയെ പിളർത്തിക്കൊണ്ടാണ് വാരിയത്തെ ശിവൻ അവളുടെ മനസ്സിലേക്ക് വന്നത്.ശിവനെ നേരത്തേ അറിയം.സംസാരിച്ചിട്ടില്ല.താൻ കോളജിൽ പൊയ്ക്കൊണ്ടിരുന്നപ്പോൾ ബസ് കയറിയിരുന്നത് ശിവൻ്റെ ഇലക്ട്രിക്കൽ കടയുടെ മുന്നിലെ സ്റ്റോപ്പിൽ നിന്നായിരുന്നു.കുടുംബങ്ങൾ തമ്മിൽ അറിയും.

കൂടാതെ ,ദേവീക്ഷേത്രത്തിൽ വച്ചും കണ്ടിട്ടുണ്ട്.

ശിവൻ്റെ കടയിൽ കാഷ് ഡെസ്കിനു മുകളിൽ വച്ചിരുന്ന അലങ്കാര വിളക്ക് അവൾ മനസ്സിൽ സൂക്ഷിച്ചിരുന്നു. ആ വഴി പോകുമ്പോഴൊക്കെ ആ വിളക്ക് അവിടെയുണ്ടോ എന്ന് അവൾ ഉറപ്പാക്കുമായിരുന്നു.

ശിവൻ്റെ വീട് അവൾക്കറിയാം.

അവൻ ക്ഷേത്രത്തിൽ ഷർട്ട് പാതി ഊരി മാസ്ക് ധരിച്ച്‌  തൊഴുത് നില്ക്കുന്നതും ബൈക്കിൽ പോകുന്നതും അവൾ ഓർത്തു.

മാസ്ക് ധരിക്കുന്നത് ദൈവത്തിനു ഇഷ്ടപ്പെടുമോ ?

എന്തോ ,അതൊന്നും വഴങ്ങുന്ന വിഷയമല്ല.
അവൾ ശിവനെക്കുറിച്ചോർത്തു. യന്ത്രങ്ങളുടെ ലോകത്ത് മനഷ്യൻ യന്ത്രമാണോ ?

ശിവൻ യന്ത്രമാണോ ?

അല്ല.
അവൾ സ്വയം സമാധാനിപ്പിച്ചു.
ശിവൻ അച്ചടക്കമുള്ളവനും സൗമ്യനുമാണ്. അവൻ്റെ മുഖത്തെ ആ താടി ഒരു പ്രതീക്ഷയാണ്. സ്വഭാവ ദൃഢതയാണ് .സ്നേഹമാണ്. ആ താടിയുടെ കറുപ്പ് നിറം മനസ്സിലെ വെളുപ്പാണ് കാണിക്കുന്നത്.
അവൻ യന്ത്രമല്ല.

അവന് യന്ത്രമാകാനാവില്ല.

ഓർമ്മകളിൽ അവൾ കുതിർന്നു .അവൻ പ്രാർത്ഥിച്ചു നില്ക്കുമ്പോൾ ആ നെറ്റിയിൽ ചന്ദനക്കുറി .

അവൾക്ക് ശിവനെ കാണണമെന്ന് തോന്നി. അവനോട് എന്തെങ്കിലും ഒന്ന് വിനിമയം ചെയ്യണം. ഒന്നു നോക്കുകയെങ്കിലും വേണം.

വർഷങ്ങളായി അവനെ അറിയാം.
അവൻ എന്നും  ഈ സ്കൂൾ അധ്യാപികയോട് വിദൂരമായ ആദരവാണ് കാണിച്ചിട്ടുള്ളത്.

അവൾ പിറ്റേ ദിവസം നേരം പുലരാനായി ധൃതി കൂട്ടി.
ദൂരെ ഏതോ മരക്കൊമ്പിലിരുന്ന് ഒരു പക്ഷി ചിലച്ചത് അവൾ കേട്ടു .
ആ പാട്ട് എന്തായിരുന്നു. ?
പ്രണയമോ ? ഹർഷമോ?
എന്തായാലും വിഷാദമല്ല.

BACK TO HOME

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...