Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

 അഭിമുഖം

എം.കെ.ഹരികുമാർ / എം.രഞ്ജിത്ത്




ചിന്തയുടെയും വെളിപാടിൻ്റെയും തലത്തിൽ 






സ്വന്തം വിമർശനപാതകളും സൈദ്ധാന്തികമാനങ്ങളും സർഗാത്മക കൃതികളുമായി ഒറ്റതിരിഞ്ഞു നില്ക്കുന്ന എം.കെ.ഹരികുമാറുമായി വ്യക്തിപരമായ ഒരഭിമുഖം


എം.രഞ്ജിത്ത്: താങ്കൾ കോളങ്ങൾ , ലേഖനങ്ങൾ ,നോവൽ, കഥ ,കവിത എന്നിങ്ങനെ വിവിധ മേഖലകളിലായി ധാരാളം എഴുതി. താങ്കൾ ശരിക്കും ആരാണ് ?വിമർശകനാണോ ? നോവലിസ്റ്റാണോ? കോളമിസ്റ്റാണോ ?

എം.കെ.ഹരികുമാർ: ഇതെല്ലാം കൂടി ച്ചേർന്നതാണ് ഞാൻ .വായനക്കാർക്ക് അവർക്കിഷ്ടമുള്ളത്  തിരഞ്ഞെടുക്കാം .ചിലർ എന്നെ  കോളമിസ്റ്റായി  കാണാനാണ് ഇഷ്ടപ്പെടുന്നത്. എൻ്റെ ഇരുപത്തിമൂന്ന്  വർഷത്തെ കോളം  സൂക്ഷിച്ചുവച്ചിട്ടുള്ളവരുണ്ട്. പഴയത് വീണ്ടും വായിച്ചിട്ട് വിളിക്കുന്നവരുണ്ട്. അവർക്ക് വേണ്ടിയാണ് ഞാൻ എഴുതുന്നതെന്ന് അവർ വിശ്വസിക്കുന്നു.

ചിലർ എന്നെ നാരായണഗുരുവിനെക്കുറിച്ച് എഴുതുന്ന ഒരു ചിന്തകനായി കാണുകയാണ്. 'ശ്രീനാരായണായ ' എന്ന നോവലും  'ഗുരുദേവൻ ' മാസികയിൽ  അഞ്ചുവർഷമായി തുടരുന്ന പംക്തിയും  ഗുരുവിനെക്കുറിച്ച് ശിവഗിരി ,ചെമ്പഴന്തി തുടങ്ങി പലയിടങ്ങളിൽ നടത്തിയ പ്രഭാഷണങ്ങളും മറ്റു ലേഖനങ്ങളും അവർ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നു.

വേറെ ചിലർ ഞാൻ വിമർശകനായിരിക്കുന്നതിൽ  അതിയായി സന്തോഷിക്കുന്നു. ചിലരുടെ കൃതികൾ ഇറങ്ങിക്കഴിയുമ്പോൾ അത് എങ്ങനെ വായിക്കണമെന്ന് ചോദിച്ചു പലരും  വിളിക്കാറുണ്ട്.ഞാൻ ചിന്തയുടെയും വെളിപാടിൻ്റെയും പ്രവാഹത്തിൽപ്പെടാനാണ് ആഗ്രഹിക്കുന്നത്.

മുൻ ചീഫ് സെക്രട്ടറി സി.പി.നായർ സാർ പെലിക്കൻ വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച രണ്ട്  വിമർശനകൃതികൾ A history of western literature (J M Cohen), The literature of the United States (Marcus Cunliffe) എന്നീ പുസ്തകങ്ങൾ കഴിഞ്ഞ ദിവസം അയച്ചുതന്നത് എന്തിൻ്റെ  തെളിവാണ് ?സി.പി.നായർ സാർ എൻ്റെ കോളങ്ങൾ പതിവായി വായിക്കുന്നു. എനിക്ക് ഇത് പ്രചോദനമാണ്. എൻ്റെ കോളത്തെ പ്രശംസിച്ച് അദ്ദേഹം 'കേസരി ' യിൽ രണ്ട് കത്തുകളെഴുതി.

ചോദ്യം :താങ്കൾ ഇപ്പോൾ എത്ര കൃതികൾ പ്രസിദ്ധീകരിച്ചു. ?

എം.കെ.ഹരികുമാർ: ആത്മായനങ്ങളുടെ ഖസാക്ക് (1984) ആണ് ആദ്യകൃതി. ആദ്യലേഖനം 1981 ലാണ്. 'മൂന്നു കഥകൾ' എന്ന കൃതിക്ക് എഴുതിയ അവതാരികയാണിത്.എണ്ണം കൂട്ടാൻ വേണ്ടി ചിലർ എഴുതുന്ന പോലെയല്ല ഈ കൃതികൾ.ധൈഷണികവും  സൗന്ദര്യാത്മകവുമായ വിഷയങ്ങളാണ് ഞാൻ ചർച്ച ചെയ്യുന്നത്. ലോക നിലവാരത്തിലുള്ള ആശയങ്ങളാണ് അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്.ഇപ്പോൾ ഇരുപത്തിയഞ്ച്  പുസ്തകങ്ങൾ എഴുതി .പക്ഷേ, ഇനിയും പുസ്തകമാക്കാത്ത, മാഗസിനുകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ധാരാളമുണ്ട്. 23 വർഷത്തെ പംക്തി വേറെയും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ധാരാളം എഴുതിയെങ്കിലും 'എം.കെ . ഹരികുമാറിൻ്റെ സിദ്ധാന്തങ്ങൾ ' എന്ന ഒരു പുസ്തകം മാത്രമാണ് പ്രസിദ്ധീകരിച്ചത്. പ്രസാധനരംഗം ആകെ മാറിപ്പോയി .പണം ഉള്ളവരാണ് ഇപ്പോൾ ആ രംഗം നിയന്ത്രിക്കുന്നത്. വിമർശനകൃതികൾ പ്രസാധനം ചെയ്യുന്നവർ ഇല്ലാതായി. ചില പ്രസാധനശാലകളെ ഏതാനും പേർ വരുതിയിലാക്കുകയും അവർ ഭയക്കുന്നവരുടെ പുസ്തകങ്ങൾ പുറത്തുവരാതിരിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്യുന്നു.

അതുകൊണ്ട് ഞാൻ മാറി നിന്നു. പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്യാറുണ്ട്.അത് ആർക്കും എപ്പോഴും വായിക്കാമല്ലോ .



ചോദ്യം:എം.കൃഷ്ണൻ നായർ ,കെ.പി.അപ്പൻ ,സുകുമാർ അഴീക്കോട് എന്നിവരുമായുള്ള ബന്ധം എങ്ങനെയായിരുന്നു.? 'അക്ഷരജാലക 'ത്തിൻ്റെ കാര്യം വരുമ്പോൾ പലപ്പോഴും സാഹിത്യവാരഫലവും  ചർച്ചയിൽ വരാറുണ്ട്; ചിന്താപരമായും ദർശനപരമായും രണ്ടു പേരും വ്യത്യസ്തരായിരിക്കെത്തന്നെ .

എം.കെ.ഹരികുമാർ:എം.കൃഷ്ണൻ നായരുമായി ഒരിക്കൽ ഞാൻ സംസാരിച്ചിട്ടുണ്ട് ,അദ്ദേഹത്തിൻ്റെ  വീട്ടിൽ വച്ച് .നേരത്തെ 'ആത്മായനങ്ങളുടെ ഖസാക്ക് ' അയച്ചുകൊടുത്തിരുന്നു. ആ കൃതിയെപ്പറ്റി അദ്ദേഹം 'സാഹിത്യവാരഫല'ത്തിൽ എഴുതുകയും ചെയ്തു. നല്ല arguments ഉള്ള പുസ്തകമാണെന്ന് അദ്ദേഹം എന്നോട് പറയുകയും ചെയ്തു .പക്ഷേ അദ്ദേഹത്തിൻ്റെ രചനാരീതിയോ ചിന്താരീതിയോ എന്നെ സ്വാധീനിച്ചിട്ടില്ല. മാത്രമല്ല ,എനിക്ക് അതിനോട് യോജിക്കാനും കഴിയില്ല. അദ്ദേഹം റൊമാൻറിക് എയ്സ്തെറ്റിക്സിലാണ് ജീവിച്ചത്.

കെ .പി .അപ്പനുമായി ദീർഘകാലത്തെ സൗഹൃദമുണ്ട്. പലതവണ വീട്ടിൽ പോയിട്ടുണ്ട്. ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സംഭാഷണം കേൾക്കാൻ രസമാണ് .എന്നാൽ അദ്ദേഹത്തെ വിമർശിച്ച് തൊണ്ണൂറുകളിൽ ഞാൻ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അതിനുശേഷവും ഞങ്ങൾ സാധാരണ പോലെ സൗഹൃദം തുടർന്നു. അപ്പനിൽ  ഒരു കലാകാരനുണ്ട്.  ഗദ്യകാരനുണ്ട് .പക്ഷേ, അദ്ദേഹത്തിൻ്റെ ചിന്തയിൽ മിസ്റ്റിക് , ആത്മീയ ഘടകങ്ങളില്ല.ഉപനിഷത്തിനെക്കുറിച്ച്  അദ്ദേഹത്തിന് എഴുതാൻ കഴിയില്ല.നാരായണഗുരുവിനെക്കുറിച്ച്‌ എഴുതിയപ്പോൾ യുക്തിയെയാണ് ആശ്രയിച്ചത്‌.


അഴീക്കോട് സാറിനു എന്നോട് പ്രത്യേക  വാത്സല്യമായിരുന്നു. ഞങ്ങൾ എത്രയോ നല്ല സൗഹൃദത്തിലായിരുന്നു. ഞാൻ  വീട്ടിൽ പോയിട്ടുണ്ട്. ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. സാർ എന്നെക്കുറിച്ച് രണ്ട് ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. സാറിന് സൂക്ഷ്മമായി ഏത് വിഷയവും അപഗ്രഥിക്കാനാവുമായിരുന്നു. അദ്ദേഹം ഒരു മഹാശബ്ദമായിരുന്നു.കാലത്തിൻ്റെ മഹാപ്രഭാഷകനായിരുന്നു.പക്ഷേ ,അദ്ദേഹം ആധുനിക കൃതികളെ സമീപിക്കില്ല. അദ്ദേഹത്തിനു കാക്കനാടനെക്കുറിച്ച് ഒരു ലേഖനം എഴുതാൻ കഴിയില്ല. എന്നാൽ  വേദത്തെക്കുറിച്ചോ വേദത്തെക്കുറിച്ചോ എഴുതാൻ കഴിയും.

BACK TO HOME

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...