Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

പുസ്തക നിരൂപണം


എം.കെ.ഹരികുമാർ


ഓർത്തുവെയ്ക്കാൻ ഒരു മധുരം വെയ്പ്പ്. ...... 
 


 
 
കൊറോണയെ ആസ്പദമാക്കി താൻ നോവലെഴുതാൻ പോകുന്നില്ലെന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് ലൈഫ് ഓഫ് പി ( Life of Pi ) എന്ന നോവലിലൂടെ പ്രശസ്തനായ കനേഡിയൻ നോവലിസ്റ്റ് യാൻ മാർട്ടൽ (Yan martel ) ഒരു ഫെയ്സ്ബുക്ക് ലൈവ് പരിപാടിയിൽ പ്രഖ്യാപിച്ചതോർക്കുന്നു. അദ്ദേഹം പറഞ്ഞ ന്യായം ,കൊറോണ എല്ലാവരും അനുഭവിക്കുന്നതാകയാൽ ,വ്യത്യസ്തമായ എന്തെങ്കിലും നോവലിൽ കൊണ്ടുവരാൻ കഴിയില്ലെന്നാണ്. എല്ലാവർക്കും അറിയാവുന്നത് എഴുതുന്നതിൽ അർത്ഥമില്ല എന്നാണ് മാൻ മാർട്ടൽ ഉദ്ദേശിച്ചത്.എന്നാൽ ഇവിടെ ഇതാ സാബു ശങ്കർ  'ഷെവലിയർ ഹൗസിലെ കൊറോണാ രാത്രി  ' എന്ന നോവൽ എഴുതി മലയാളസാഹിത്യത്തിനു ഒരു കോവിഡ് രോഗകാല ധ്യാന നിമിഷങ്ങൾ സമ്മാനിച്ചിരിക്കുന്നു.


 രോഗമുള്ളവരും രോഗം പിടിപെടുമെന്ന് ഭയമുള്ളവരും രോഗം ഭേദമായവരുമൊക്കെ ഈ നോവൽ അടുത്ത നാളുകളിൽ വായിക്കും. എനിക്കു തോന്നുന്നത് , അവരുടെ വ്യക്തിപരമായ ഉത്ക്കണ്ഠകളോടൊപ്പം കൊച്ചിയിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ കല്യാണത്തലേന്ന് നടന്ന ഈ മധുരം വയ്പ് ഓർത്തുവയ്ക്കുമെന്നാണ്.പാപ്പു വക്കീലിൻ്റെയും അന്നാമ്മയുടെയും ഒൻപതാമത്തെ സന്തതിയായ കത്രീനയുടെ കല്യാണത്തെ ഒരു കൊറോണ ജീവിതകാല ചർച്ചയ്ക്കുള്ള അവസരമാക്കി നോവലിസ്റ്റ് പുനരാഖ്യാനം ചെയ്യുകയാണ്. കാലം ആ ഷെവലിയാർ ഹൗസിലേക്ക് ഒഴുകി വന്ന് ഉറയുന്നു. മൂന്നു മണിക്കൂർ നേരത്തെ സംഭവങ്ങളാണ് നോവലിൽ പറയുന്നതെങ്കിലും അത് ഇരുനൂറ്റി അൻപതു  പേജ്  ദൈർഘ്യമുള്ള ഒരു വലിയ വിവരണമാക്കാൻ കഴിഞ്ഞത് ശ്രദ്ധേയമായി തോന്നി. കഥ പറയലിൻ്റെ സങ്കേതങ്ങൾ സമർത്ഥമായി ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് മനുഷ്യർ ഒത്തുകൂടുന്നതിൻ്റെ സന്തോഷത്തെ സാബു ഭീതി നിറഞ്ഞ കാലത്തിൻ്റെ നിത്യസ്മാരകമാക്കിയിരിക്കുന്നു. ഓർമ്മകൾ ഉന്മാദ വിവശരായി ഭൂതകാലത്തിൻ്റെ കുഴിമാടങ്ങളിലൂടെ സഞ്ചരിക്കുകയാണ്. ചരിത്രം മനുഷ്യനെ ആവേശിക്കുകയാണ്. കുതറി മാറാൻ ശ്രമിച്ചാലും ചരിത്രം പല രൂപത്തിൽ പിന്തുടർന്നു കൊണ്ടിരിക്കും. ചിലപ്പോൾ സാബു അത് ഗുഹാതുരത്വത്തോടെയാണ് പകർത്തുന്നത്: 
"മഞ്ഞ നിറത്തിലുള്ള ഗന്ധകം നിറച്ച വലിയ കേവ്  വള്ളങ്ങൾ വരിവരിയായി കടലിൽ നിന്നും കപ്പൽച്ചാലിലൂടെ കെട്ടി വലിച്ചു കയലിലേക്ക് കൊണ്ടുവരുന്ന ബോട്ട് തെളിഞ്ഞു വന്നു. മൈവർണചെപ്പിൽ മോതിരവിരൽ മുക്കി മിഴിയെഴുതുന്ന പകലുകൾ വന്നു " .

ഈ നോവൽ സാമൂഹ്യജീവിതത്തിൻ്റെ വാതായനം എന്ന നിലയിൽ തത്ത്വചിന്തയെയും അഭിമുഖീകരിക്കുന്നു. "മഹാമാരിയുടെ ആക്രമണത്തെ നേരിടാനാകാതെ ലോകത്തിൻ്റെ ആത്മാവ് പഴയ കെട്ടിൽ നിന്ന് ചാടുവാൻ വെമ്പൽ കൊള്ളുന്നു" എന്ന് എഴുതുന്നത് ഇതിനു തെളിവാണ്. അത് ഇങ്ങനെ വികസിക്കുന്നു:
''ലോകത്തിൻ്റെ ആത്മാവ് കൂടുമാറുകയാണ്. കൂടു ചാടുക എന്നത് ഓരോ മനുഷ്യൻ്റെയും ആവശ്യമാണ്. പ്രത്യയശാസ്ത്രങ്ങളിൽ നിന്നും ,നിയമവ്യവസ്ഥയിൽ നിന്നും ആധിപത്യത്തിൽ നിന്നും മുന്നോട്ടു കുതിക്കുക.ഈ കുതിപ്പിൽ പഴയ കോശങ്ങൾ നശിക്കും. പുതിയ സ്വഭാവങ്ങൾ ഉള്ള കോശങ്ങൾ പരിണമിക്കും" .

കൊറോണയുടെ രൂക്ഷതയിൽ ചിലർ മൃഗങ്ങളായി മാറുമെന്ന് നോവലിസ്റ്റ് ദീർഘദർശനം ചെയ്തത് ശരിയാകാതെ തരമില്ല.അതിൻ്റെ ലക്ഷണങ്ങൾ ഇപ്പോൾ പത്രവാർത്തകളിലൂടെ വരുന്നുണ്ട്. "കൈവിരലുകളിലെ ശംഖുപിരി പോലുള്ള രേഖകളുടെ ആകൃതിയിൽ പ്രപഞ്ചം പ്രതിഫലിക്കും".ഈ നിരീക്ഷണം അതീതത്തെക്കുറിച്ചുള്ള സൂചനയാണ്. നോവലിൽ ഒരിടത്ത് ''ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് തിരിച്ചറിയുന്ന ഘട്ടത്തിൽ ലോകത്ത് ഭരണകൂടങ്ങൾക്ക് അതീതമായി പുതിയ മനുഷ്യക്കൂട്ടായ്മ ഉണ്ടാകു"മെന്ന് പറയുന്നുണ്ട്.അങ്ങനെ സംഭവിക്കട്ടെ എന്ന് ആശിക്കാം. പക്ഷേ ഇന്നത്തെ മനുഷ്യരെ  കാണുമ്പോൾ ,കൊറോണ മാറാൻ കാത്തിരിക്കുകയാണെന്ന് തോന്നും; കൂടുതൽ ശക്തിയായി ,ഇരട്ടി പ്രതികാരത്തോടെ ,പകയോടെ പ്രകൃതിയെയും ഇതര ജീവജാലങ്ങളെയും ആക്രമിക്കാൻ !.

എന്നിരുന്നാലും ഈ നോവൽ മാനവരാശിയുടെ മുമ്പിൽ വന്യമായ തെങ്കിലും ,സംശുദ്ധമായ ഒരു ദീപ നാളം കൊളുത്തി വയ്ക്കുകയാണ്. അപരനെ കാണാനുള്ള വെളിച്ചമാണത്. ഇനിയും അന്ധതയിൽ രമിക്കരുതെന്ന ശാന്തമായ  ആഹ്വാനം  ഈ നോവലിലൂടെ കടന്നുപോയപ്പോൾ ആരോ എന്നോടു പറയുന്ന പോലെ തോന്നി. മഹത്തായ ഒരു ഏകാത്മകതയിലേക്ക് സാബു ശങ്കർ  നമ്മെ ക്ഷണിക്കുന്നു. കറയറ്റ ഒരു സാഹോദര്യത്തിൻ്റെ പ്രഭയാണത്. സകല മതങ്ങളുടെയും ഉള്ളിലെ നിത്യതയുടെ പ്രസാദത്തെ അത് ആവാഹിക്കുന്നു.ഇത് അനുഭവിക്കാൻ ഒരു ഭാഗം കൂടി ഉദ്ധരിക്കാം:
"ഞാൻ വിശ്വസിക്കുന്ന ഈശ്വരന് ദേശമില്ല .ഭാഷയില്ല .മതമില്ല. ജാതിയില്ല .പകലും രാത്രിയുമില്ല. രാഷ്ട്രീയവുമില്ല.ഞാൻ സമന്വയത്തിൻ്റെ പാതയിലാണ്.''

 
pho:8089036090

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...