Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

 


മോൺഡ്രിയാൻ:പ്രത്യക്ഷത സൗന്ദര്യത്തെ ദുർഗ്രഹമാക്കുന്നു


എം.കെ.ഹരികുമാർ



''എല്ലാത്തരം ചിത്ര നിർമ്മിതികളിലും  നിലനിന്ന പ്രതീകവാദപരവും ആത്മബോധാധിഷ്ഠിതവുമായ കീഴ് വഴക്കങ്ങളെ ലംഘിച്ചുകൊണ്ട് ഏറ്റവും പരിശുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന കല  എങ്ങനെ സൃഷ്ടിക്കാമെന്നാണു മോൺഡ്രിയാൻ ആലോചിച്ചത്''.
 

ഒരു നേരിയ വരെ പോലും തനിക്ക്  അന്തര്യാമിയായ കലാധിഷണയുടെയും അവബോധത്തിൻ്റെയും സൃഷ്ടിയാണെന്ന് ബോധ്യപ്പെടുകയാണ് പീറ്റ് മോൺഡ്രിയൻ (Piet Mondriaan, 1872-1944)ചെയ്തത്. നിഗൂഢമായ പ്രമേയങ്ങളെ അഴിച്ചെടുക്കുന്നതിനായി അദ്ദേഹം നേർരേഖകളും ജാമിതീയ രൂപങ്ങളും വരച്ചിട്ടു .പ്രകൃതിയോടോ നിറങ്ങളോടോ പ്രത്യേക അഭിനിവേശമില്ലായിരുന്നു. വ്യക്തിഗത യാഥാർത്ഥ്യത്തെ ഒരു ആദർശമായി സ്വീകരിച്ചുമില്ല. എല്ലാത്തരം ചിത്ര നിർമ്മിതികളിലും  നിലനിന്ന പ്രതീകവാദപരവും ആത്മബോധാധിഷ്ഠിതവുമായ കീഴ് വഴക്കങ്ങളെ ലംഘിച്ചുകൊണ്ട് ഏറ്റവും പരിശുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന കല  എങ്ങനെ സൃഷ്ടിക്കാമെന്നാണു മോൺഡ്രിയാൻ ആലോചിച്ചത്.അതിനായി  അദ്ദേഹം തൻ്റെ പാരമ്പര്യത്തെ  വ്യാഖ്യാനിച്ചു കൊണ്ട് തന്നെ അതിൽ നിന്ന് അകലം പാലിച്ചു.ഒരു നൂതനമായ ചിന്താപദ്ധതിയുടെ ആവശ്യകതയെക്കുറിച്ച് നൂറോളം ലേഖനങ്ങളിലൂടെ ഉദ്ബോധിപ്പിച്ചു.  ഒരാൾ വ്യക്തിപരമായ സൈദ്ധാന്തിക ചിന്തകൾക്കും അതിൻ്റെ  നിലനിൽപ്പിനുമായി  എങ്ങനെയാണ് സജ്ജമാകേണ്ടതെന്ന് ഇരുപതാം നൂറ്റാണ്ടിൽ  ഈ ചിത്രകാരനാണ് വിശദീകരിച്ചത്.ചിത്രകലയിൽ ഒരു പുതിയ ശൈലിയുടെ വരവാണ്  കണ്ടത്. ചിന്തിക്കുന്നത് മാത്രമല്ല യാഥാർത്ഥ്യം; അതിനെ പ്രാപഞ്ചികമായ സത്തയുമായി ഉദ്ഗ്രഥിക്കുമ്പോഴാണ് പരിശുദ്ധമായ കല ഉണ്ടാകുന്നത്.




മോൺഡ്രിയാൻ ഡച്ചു പാരമ്പര്യത്തെയോ  യൂറോപ്യൻ പാരമ്പര്യത്തെ ആകെയോ  അതേപോലെ സ്വീകരിച്ചില്ല. എന്നാൽ സമകാല ചിത്രകലയിൽ  ശൈലീപരമായി സ്വയം നിർണയം ചെയ്യുന്നതിന് ഇംപ്രഷണിസം, പോസ്റ്റ് ഇംപ്രഷണിസം, ക്യൂബിസം തുടങ്ങിയ സങ്കേതങ്ങളുമായി സഹകരിക്കുകയും ചെയ്തു. ഏതു പ്രസ്ഥാനത്തിലുടെ  കടന്നുപോകുമ്പോഴും  മോൺഡ്രിയാൻ  തനിക്ക് വരയ്ക്കാനുള്ളത് അതിനും അപ്പുറത്താണെന്ന് ഓർമ്മിപ്പിച്ചു.

കലയിലെ ആത്മീയത യാഥാർത്ഥ്യത്തെ അതേപടി പകർത്തുമ്പോഴോ , അതിനെ വർണാഭമാക്കുമ്പോഴോ ലഭിക്കുകയില്ല. അതിനു യാഥാർത്ഥ്യം തടസ്സമാണ് .ഈ മനോഭാവമാണ് അദ്ദേഹത്തെ നയിച്ചത്. അദ്ദേഹം കലയും ആത്മാവു (Spirit)മായുള്ള ബന്ധം കണ്ടുപിടിക്കുകയും ആ ചിന്തയിൽ പുതിയ ആവിഷ്കാര സാധ്യതകൾ തേടുകയും ചെയ്തു. മനുഷ്യമനസ്സ്  ദുർഗ്രഹമാണ്. അതിൻ്റെ  ഉപരിതലത്തിലെ ഓളങ്ങൾ ശാശ്വതമായതല്ല.അത് വ്യക്തമാക്കുന്നതെന്താണോ അതിനു നിലനിൽപ്പില്ല. പലപ്പോഴും മൂർത്തമായ പദ്ധതികളിലൂടെ മനസ്സ് ആവിഷ്കരിക്കുന്നത് പിന്നീട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മനസ്സ് യുക്തിയുടെ ഇരയാണ്. അതുകൊണ്ട് മനസ്സ് അതിൻ്റെ തന്നെ മാർഗ്ഗങ്ങളുപയോഗിച്ച് അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ആരായേണ്ടതുണ്ട് .ഇവിടെയാണ് മോൺഡ്രിയാൻ  നിൽക്കുന്നത്. പ്രാപഞ്ചികമായത് ,ഏറ്റവും അടിസ്ഥാനമായിട്ടുള്ളത് ,അന്തര്യാമിയായത് ,സത്യമായിട്ടുള്ളത് എന്താണെന്ന് ഈ ചിത്രകാരൻ ചോദിച്ചുകൊണ്ടിരുന്നു. ആത്മാവിനോടുടുത്തു നിൽക്കുന്നതാണ് അദ്ദേഹം വരച്ചത്. അത് അനശ്വരമായത് എന്ന അർത്ഥത്തിൽ പുന:സൃഷ്ടിക്കുന്നതാണ് .അതിനായി വസ്തുക്കളെ പുതിയ ഒരു ക്രമത്തിൽ കൊണ്ടുവരുന്നു.ഉള്ളിൽ മറഞ്ഞിരിക്കുന്ന ഒരു സത്യത്തെയാണ് തേടുന്നത്. ഇതിനെ പൊതുവെ  വികാരം എന്ന് നമ്മൾ വിളിക്കുന്നു.

ദുരന്തങ്ങൾക്ക് പകരം റിഥം

Evening Red tree(1910),Atill life with Ginger pot 11(1912), Gray tree(1911),Trees(1913),Blossoming Apple tree(1912),Trees by the Gein moonrise(1908) തുടങ്ങിയ ചിത്രങ്ങൾ അനുവാചകൻ്റെ  മനസ്സിനെ ധ്യാന സംഗീതത്തിലേക്ക് കൊണ്ടുപോകുകയാണ്.  ഒരു മരത്തിനുള്ളിൽ ചിത്രകാരൻ  കണ്ട വേറൊരു മരമുണ്ട്. അത് സംഗീതമോ ധ്യാനമോ  ആയി രൂപാന്തരപ്പെടുന്നിടത്താണ് മോഡ്രിയാൻ്റെ കലയുടെ നിഗൂഢത ഒരു പ്രമേയമായി ഉയർന്നു വരുന്നത്.  ദൃശ്യമായ മരങ്ങളുടെ ഭാഷയിൽ നിന്ന് വേർപെട്ട്  ഇവിടെ ,കലാകാരൻ തൻ്റെ ആത്മരമ്യതയുടെ മരങ്ങളെ  കണ്ടെത്തുകയാണ് .അത് പക്ഷേ , നമ്മൾ ദർശിച്ചിട്ടുള്ളതല്ല. വേറൊരു റിഥമാണ്  അതിലുള്ളത് .ഇത് എവിടെ നിന്ന് ലഭിച്ചു ?അത്  മനസ്സിൽ നിന്ന് തന്നെ കണ്ടെത്തുന്നതാകാം. പക്ഷേ, അത് പ്രാപഞ്ചിക താളമാണ്. സാമൂഹിക, അന്തരംഗ പരിതോവസ്ഥകളിലെ വൈരുധ്യത്തെയാണ് മോൺഡ്രിയാൻ  അപഗ്രഥിക്കുന്നത് .

"വസ്തുക്കൾക്ക് നമ്മുടെ ജീവിതത്തിൽ തുല്യപരിഗണനയില്ല" - അദ്ദേഹം പറഞ്ഞു. അത് ലഭിക്കുന്നത്  കലയിൽ മാത്രമാണ്. ചിത്രത്തിലെ ഒരു നിറം മറ്റൊന്നിനേക്കാൾ വലുതോ ചെറുതോ അല്ല .ഓരോ വസ്തുവിനും ചിത്രത്തിൽ പ്രത്യേക പദവിയില്ല; എല്ലാം തുല്യതയിൽ നിലനിൽക്കുകയും അതേസമയം അത് കൂടിച്ചേർന്ന്  ഒരു റിഥം ഉണ്ടാക്കുകയും ചെയ്യുന്നു. നിറങ്ങൾ ആ റിഥത്തെ  സഹായിക്കുകയാണ് ചെയ്യുന്നത്. നിറങ്ങൾ പ്രത്യേകമായ ആധിപത്യം പുലർത്തുന്നില്ല .കാൻവാസിൽ വന്ന ശേഷം നിറങ്ങൾ പിൻവാങ്ങുകയാണ് ചെയ്യുന്നത്.



ജീവിതത്തിൽ പരസ്പരം ചേരാത്ത, എതിർക്കുന്ന ദ്വന്ദങ്ങളെയാണ് ഈ കലാകാരൻ വിശകലനം ചെയ്യുന്നത്. കലയിലൂടെ വിമോചനം എന്ന ആശയമാണ് അദ്ദേഹം അവതരിപ്പിച്ചത്. ആ  ചിന്തകളെ ഇങ്ങനെ സംഗ്രഹിക്കാം :" സാമൂഹ്യ ജീവിതത്തിലും ആന്തരിക ജീവിതത്തിലും ദുരന്തമാണ് ശേഷിക്കുന്നത്. ആത്മാവും ബാഹ്യപ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇതിനു കാരണം. അവിടെ സന്തുലിതാവസ്ഥയില്ല. ഒന്ന് മറ്റൊന്നിനോട് ഏറ്റുമുട്ടുകയാണ്. അവയെ രമ്യതയിലെത്തിക്കാൻ   നാം പരിശ്രമിച്ചാലും ആത്യന്തികമായി വിജയിക്കുന്നില്ല. മനുഷ്യരുടെ സാമൂഹികജീവിതത്തിലും ഈ ദ്വന്ദാത്മക വൈരുദ്ധ്യമുണ്ട്. ആണിനും പെണ്ണിനും ദ്വന്ദമായേ നിൽക്കാൻ സാധിക്കൂ. പരസ്പരം ചേരാത്ത ഘടകങ്ങൾ അവരിലുണ്ട് .ആന്തരിക ജീവിതത്തിലെ ദുരന്തം ഉണ്ടാകുന്നത് മനുഷ്യനും വസ്തുവും തമ്മിലുള്ള ഭിന്നതയിലൂടെയാണ്. സാമൂഹികജീവിതത്തിലും ഇതു തന്നെയാണുള്ളത്.വ്യക്തികൾ തമ്മിൽ അവിടെ പൊരുത്തമില്ല .എല്ലാം വേറിട്ടതാണ്.അവയെ സംയോജിപ്പിക്കുന്നതിനുള്ള റിഥം  ലഭിക്കുന്നില്ല" .

ഈ റിഥമാണ് മോൺഡ്രിയാൻ അന്വേഷിക്കുന്നത്. അദ്ദേഹം ദുരന്തങ്ങൾക്ക് പകരം റിഥം തേടുന്നു. ഐക്യത്തിൻ്റെയും മൈത്രിയുടെയും പാതയിലൂടെ  സഞ്ചരിക്കുമ്പോൾ  അത് ആത്മീയമാകുന്നു .മനുഷ്യരുടെ വിലക്കുകളും വ്യത്യസ്തതകളും ഉച്ചനീചത്വങ്ങളും തർക്കങ്ങളും ഇല്ലാത്ത ഒരിടത്ത് താൻ എത്തിച്ചേരുന്നതായി അദ്ദേഹം സ്വയം ദർശിക്കുന്നു .അസമത്വത്തിൽ നിന്ന് ഏകത്വത്തിൻ്റെയും രമ്യതയുടെയും  വർണ്ണസഞ്ചയമാണ്  തേടുന്നത്.

മോൺഡ്രിയാൻ്റെ  മരങ്ങൾ ( 1912) ഈ റിഥത്തിൻ്റെ പ്രത്യക്ഷസാംഗത്യവും പരിശുദ്ധ നിറവിന്യാസവുമാണ്. തൻ്റെ  കലയെ അദ്ദേഹം നിയോ പ്ളാസ്റ്റിസിസം  (Neo Plasticismm) എന്നു വിളിക്കുന്നതിലൂടെ ലൗകികജീവിതത്തിനു പ്രാപ്യമല്ലാത്ത അപാരവും അതീതവുമായ ഒരു വിശുദ്ധിയെയാണ് സ്പർശിക്കുന്നത്. വൃക്ഷം എന്ന ദൃശ്യവസ്തുവിൽ നിന്ന്  ചിത്രകാരൻ തൻ്റെ  ആത്മാവിൻ്റെ  ലയം അന്വേഷിക്കുകയാണ്. വൃക്ഷം അപ്പോൾ അതീതമായ ഒരു ക്രമത്തിൻ്റെ  പ്രതിഫലനവും സാക്ഷാത്കാരവുമായി രൂപം പ്രാപിക്കുന്നു. ശാഖകളും ഉപശാഖകളും  ചലന ,നിശ്ചലതകളിലൂടെ ഒരു രാഗാനുഭവമാകകയാണ് .ഒന്നിനൊന്ന് ചേരാൻ ഭാവിച്ച് ,വിയോജിപ്പുകൾ അകറ്റി പരസ്പരം കണ്ണി ചേർന്ന്  രമ്യാവസ്ഥയുടെ അലൗകിക തലം വീണ്ടെടുക്കുന്നു. മരം ഒരു ജൈവവസ്തു എന്ന നിലയിൽ നിന്ന് മറ്റൊന്നായി പരിവർത്തനം ചെയ്യപ്പെടുകയാണ്. അത് ജീവിതത്തിൻ്റെ  അന്തരംഗത്തിലുള്ള താദാത്മ്യമാണ്. ദുരന്തങ്ങളെയും വേർതിരിവുകളെയും മറികടന്ന് മനുഷ്യനു ആർജ്ജിക്കാവുന്ന താദാത്മ്യം. മരങ്ങളിലെ പ്രാപഞ്ചികമായ സാഹോദര്യത്തെ ദർശിച്ച ചിത്രകാരനാണ് മോൺഡ്രിയാൻ. ഇത് ഇംപ്രഷണിസ്റ്റിക് പെയിൻ്റിംഗുകളിൽ കാണുന്നതുപോലെയുള്ള ആത്മനിഷ്ഠ വികാരത്തിൻ്റെ  പരാവർത്തനമല്ല. താൻ ജീവിതത്തിൻ്റെ  അർത്ഥം എന്ന നിലയിൽ സ്വരൂപിക്കുന്ന താവോ (Thao )യാണ്. ഓരോ വസ്തുവിൻ്റെയും ആന്തരികമായ ഘടനയും പ്രപഞ്ചഘടനയും തമ്മിലുള്ള ബന്ധം വിയോജിപ്പിൻ്റേതല്ല; അടുപ്പത്തിൻ്റേതാണ്. രണ്ടു വരകളിൽ പോലും ഈ ബന്ധമുണ്ട്. ഒരു വരയ്ക്ക് കുറുകെ മറ്റൊന്ന് വരച്ചാൽ അത് ലയവും ബന്ധവുമാണെന്ന് അദ്ദേഹം പറയുന്നത് ഇതുകൊണ്ടാണ്.

സൗന്ദര്യത്തെ ദുർഗ്രഹമാക്കുന്നത്

വസ്തുക്കളുടെ പ്രത്യക്ഷത സ്വാഭാവികമായ സൗന്ദര്യത്തെ അനുഭവിക്കും എന്ന ചിന്തയ്ക്കപ്പുറത്ത് മറ്റൊന്നാണ്  അനാവൃതമാകുന്നത് .വസ്തുവിൻ്റെ പ്രത്യക്ഷത സൗന്ദര്യമെന്ന  അറിവിലേക്ക് എത്തിക്കുന്നില്ല എന്നാണ് ഇവിടെ വിവക്ഷ. അതുകൊണ്ട് വസ്തുവിനെ മറയ്ക്കാനാണ് അമൂർത്ത കല (Abstract Art) എന്ന സങ്കേതം  തിരഞ്ഞെടുക്കുന്നത് .പ്രത്യക്ഷത സൗന്ദര്യത്തെ ദുർഗ്രഹമാക്കുന്നു. അവിടെ ജ്ഞാനം അപര്യാപ്തമാണ്. അതിനപ്പുറം സൗന്ദര്യം തേടുകയാണ് . മോൺഡ്രിയാൻ്റെ മരങ്ങൾ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളാണ് .അത്  യഥാർത്ഥ മരത്തെ  ഓർമ്മിപ്പിക്കും; എന്നാൽ അത്  പ്രകൃതിയിൽ  ആടിയുലയുന്ന മരങ്ങളല്ല .



മനുഷ്യജീവിതം അസന്തുലിതമായ ബന്ധങ്ങളുടേതാകയാൽ അതിനു ബദൽ  മറ്റെവിടെയും തേടേണ്ടി വരുന്നു. അതിനായി പുതിയ റിഥം  കണ്ടെത്തുന്നു. കല ഒരാശയമല്ല ,സന്തുലിതാവസ്ഥയാണെന്ന്  മോൺഡ്രിയാൻ പറയുന്നതിൽ ഇതുണ്ട്. അതുകൊണ്ട് ആ മരങ്ങളിൽ ദുരന്ത സൂചനകളില്ല; യാതൊന്നിനും  ഉത്തരം തരാത്ത  വ്യഥിതമായ മനുഷ്യകുല ജീവിതത്തിൽ ദുരന്തങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. സ്വന്തം ശരീരത്തിലും മനസ്സിലും തളം കെട്ടി നിൽക്കുകയാണ് നാം. അവിടെ ഒരുമയുടെ  സംഗീതം കേൾക്കാനില്ല. വിഘടിച്ചു മാറുന്നതിൻ്റെ ആഘോഷമാണ് തിന്മയായി അവതരിക്കുന്നത് .അതുകൊണ്ടാണ് ചിത്രങ്ങളിൽനിന്ന് അവയെല്ലാം മാറ്റിനിർത്തിയിരിക്കുന്നത്.

Maryllis(1910),Along the amatel(1903),Chrysanthemum,View of Winterswijk,(1893),Anemones in a vase(1909) എന്നീ ചിത്രങ്ങൾ നിയോ പ്ലാസ്റ്റിസിസത്തിൻ്റെ  ആന്തരിക മേഖലകളെയാണ് സംവേദനം ചെയ്യുന്നത്. ജീവിതത്തിൽ ഒരു വസ്തുവും നേടാത്ത അപാരത ഇവിടെ വന്നു ചേരുകയാണ് .കാരണം കലയെ അദ്ദേഹം സമൂഹത്തിനുള്ള ഒരു ഉത്തേജക വസ്തുവായി ദീർഘദർശനം ചെയ്യുകയാണ് .സാമൂഹിക മനുഷ്യൻ തൻ്റെ  ക്രൂരതയിൽ നിന്നും വെറുപ്പിൽ നിന്നും മോചിതനായി ഐക്യത്തിലേക്ക് വരണം. സ്ത്രീപുരുഷ സമത്വം, ഔദ്യോഗിക ജീവിതത്തിൽ വിവിധ ശ്രേണിയിലുള്ളവരുടെ  സമത്വം, സാമ്പത്തിക ബന്ധങ്ങളിൽ വ്യത്യസ്ത തട്ടുകളിൽ  കഴിയുന്നവരുടെ സമത്വം  എല്ലാം ഒരു മോൺഡ്രിയാൻ  ചിത്രം വാഗ്ദാനം ചെയ്യുന്നു. അങ്ങനെ നിരീക്ഷിച്ചാൽ ആ ചിത്രങ്ങൾ  സമൂഹത്തിൻ്റെ  പുനർനിർമ്മാണത്തിൽ ഇടപെടുന്നത് കാണാം. ആത്മീയത പ്രാപഞ്ചിക തയ്ക്കൊപ്പം രാഷ്ട്രീയമായ ധ്വനികളും വഹിക്കുന്നു.  ചിത്രങ്ങളിൽ  യാഥാർഥ്യത്തിന് സ്ഥാനമില്ല. കാരണം യാഥാർത്ഥ്യം  മനുഷ്യരുടെ പരിമിതികൾ കൊണ്ട് നിർമ്മിക്കപ്പെടുന്നതും പരിപാലിക്കപ്പെടുന്നതുമാണ്. അവിടേക്ക്  ദാർശനിക മനോഭാവമുള്ള ഒരാൾ വരുമ്പോൾ യഥാർത്ഥ്യത്തിൻ്റെ  സ്വഭാവം മാറി മറ്റൊന്നാകുന്നു. നന്മതിന്മകളെയും ജയപരാജയങ്ങളെയും പ്രായോഗികതയുടെ തമോഗർത്തത്തിലേക്ക് തള്ളി മാറ്റുന്ന രചനാരീതിയാണിത്. ബ്രസീലിയൻ എഴുത്തുകാരി ക്ലാരിസ്  ലിസ്പെക്ടർ (clarice Lispector)  പറഞ്ഞു, പ്രകൃതിയിൽ രണ്ടു വസ്തുക്കൾ കൂടിച്ചേർന്ന് 'യെസ് 'എന്ന് പറയുമ്പോഴാണ് സൃഷ്ടി നടക്കുന്നതെന്ന്. ഇവിടെ ജൈവലോകത്തിൻ്റെ ദ്വന്ദഭാവങ്ങളെ  തള്ളിക്കളയുന്ന ചിത്രകാരൻ തൻ്റെയുള്ളിലെ രമ്യതയെ പ്രാപഞ്ചിക വസ്തുക്കളിലെ നിലീനമായ തത്ത്വവുമായി ചേർത്തു വയ്ക്കുമ്പോൾ സൃഷ്ടി സംഭവിക്കുകയാണ്. ചിത്രങ്ങളിൽ സ്രഷ്ടാവ് എന്ന നിലയിൽ മൊൺഡ്രിയാൻ  ഒരു വശത്തും പ്രാപഞ്ചികമായ അന്തർലീനലയം  മറുവശത്തുമാണ്. രണ്ടും ചേരുമ്പോൾ പ്രപഞ്ചഭാവത്തിൻ്റെ സത്താപരമായ അന്വേഷണമെന്ന നിലയിൽ ഒരു ചിത്രം ജനിക്കുന്നു. ഇവിടെ amaryllis എന്ന ചിത്രത്തിൻ്റെ  പശ്ചാത്തലത്തിലുള്ള നീലിമ  അഭൗമലാവണ്യത്തെ അഭിവഞ്ജിപ്പിക്കുകയാണ്. ആ പൂവ്  പ്രകൃതിയിലല്ല നില്ക്കുന്നത്. അനന്തമായ നീലിമയിൽ ഉയർന്നു വന്നതാണത്; പ്രത്യക്ഷത്തിൽ  ഒരു കുപ്പിയിൽ നിന്നാണ് അത് വളർന്നു പുഷ്പിച്ചിരിക്കുന്നതെങ്കിലും . അതിൻ്റെ  തണ്ടിന് നീളക്കൂടുതൽ ഉള്ളതായി തോന്നും .അതിനു സമീപത്ത് വേറെ ചെടികൾ ഒന്നുമില്ല. അവിടെ വേറെ ആരുമില്ല . വേറെ പൂവുകളുമില്ല. ആ കുപ്പി എവിടെയാണ് വച്ചിരിക്കുന്നത് ?ആരാണ് അത്  കൊണ്ടുവന്നത്? ഈ  കാര്യങ്ങൾ ഒന്നും പ്രതിപാദിച്ചിട്ടില്ല. ഒരു തണ്ടിൽ നിന്ന്  രണ്ടു ചുവന്ന പൂവുകൾ  ഉണ്ടായിരിക്കുന്നു .അതിൻ്റെ  പശ്ചാത്തലം എന്തിനാണ് ചിത്രകാരൻ മറച്ചുവച്ചത് ?ആ പശ്ചാത്തലം ഒരുപക്ഷേ, പുഷ്പങ്ങളുടെ ലാവണ്യം  ലൗകിക യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിൽ   വിലയിരുത്തുന്നതിനു കാരണമായേക്കാം.  ഒരു പൂവ് എവിടെയാണ് വെച്ചിട്ടുള്ളത് എന്ന വസ്തുത അതിൻ്റെ  സൗന്ദര്യത്തെക്കുറിച്ചുള്ള  നിഗമനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. അതുകൊണ്ടാണ്  മോൺഡ്രിയാൻ  പ്രത്യക്ഷവസ്തുവിൽ സൗന്ദര്യം ദുർഗ്രഹമായിരിക്കുന്നുവെന്ന്  പറഞ്ഞത് .ഈ പൂവിൽ സൗന്ദര്യം ദുർഗ്രഹമാകുമായിരുന്നു ,അത് ഒരു മുറിയിലോ പൂന്തോട്ടത്തിലോ ആണ്  വെച്ചിരുന്നെങ്കിൽ. അപ്പോൾ  സ്വതന്ത്രമായ ആത്മീയതയ്ക്ക് തടസ്സമാകുകയും ചെയ്യും. മോൺഡ്രിയാൻ  ചിത്രം വരയ്ക്കുന്നത്  ആത്മീയമായ മോചനത്തിനാണ്. എവിടെ നിന്നാണ് മോചനം വേണ്ടത്?  മനുഷ്യരുടെ വിരുദ്ധഭാവങ്ങളുടെ , നിർമ്മിതമായ ദുരന്തങ്ങളിൽ നിന്ന്. അർത്ഥവും അന്വേഷണവും സത്യവും  ഇല്ലാതാക്കുന്ന ദ്വന്ദങ്ങളെ മറികടക്കാൻ    കലാകാരൻ  വസ്തുക്കളെ തൻ്റേതായ  ഒരിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നു. ഇത് വലിയൊരു വിപ്ലവമായി കാണണം. വസ്തുവിൻ്റെ  പുരാതനമായ അസ്തിത്വത്തെ  വീണ്ടും കണ്ടെത്തുകയും പുനർവ്യാഖ്യാനം നടത്തുകയും ചെയ്യുന്നു.

മോൺഡ്രിയാൻ്റെ ഭൂപ്രകൃതിദൃശ്യങ്ങൾ വേറൊരു ഗുണമാണ്.  മനോഹരിതയ്ക്കായി ഈ ചിത്രകാരൻ അതിരുകൾ മായ്ക്കുന്നു;നിറങ്ങളുടെയും രൂപങ്ങളുടെയും പുതിയ ഭൂപടം നിർമ്മിക്കുന്നു. Woods near Oele(1908),aFarm near Duivendereht(1916),Meandering Landscape with river(1907),Small farm on Nistleroad, Trees by the Gein Moonrise (1908),Dune Landscape (1911)Triangulated farmhouse facade with polder in blue (1909) തുടങ്ങിയ ചിത്രങ്ങളിലെ പ്രകൃതി തൻ്റെ  പ്രഖ്യാപിതമായ 'പരിശുദ്ധമായ അമൂർത്തത'യുടെ കലാപരമായ   പ്രത്യക്ഷതകളാണ്. ഈ പ്രകൃതി ചിത്രങ്ങൾ ധാരാളം പേരെ ആകർഷിച്ചു.പാരസ്പര്യത്തിൻ്റെയും ആഭിമുഖ്യത്തിൻ്റെയും  നിറലോകമായി സ്വീകരിക്കപ്പെട്ടു.സീലാൻഡിൻ്റെ  സമുദ്ര തീരങ്ങളിൽ വേനൽക്കാലം ചെലവഴിക്കാൻ അദ്ദേഹം എത്തിയിരുന്ന കാലമായിരുന്നു അത്. 1909 മുതലാണ് ആ ശീലം തുടങ്ങിയത്. Dune Landscape  ആകാശത്തെയും വെള്ളത്തെയും കരയെയും വന്യമായ നിറഭേദങ്ങളുടെ ഒരു കാൻവാസിൽ ഒതുക്കുന്ന കാഴ്ചയാണ് തരുന്നത്. നീലിമ ആത്മാനന്ദമായിത്തീരുന്നു. അലട്ടലുകളോ വേദനകളോ  ഇല്ലാത്ത  ശാന്തിതീരമായി ഇത് ഉരുത്തിരിയുന്നു. ഇതിൻ്റെ പൗരാണികത മനുഷ്യസ്പർശമേൽക്കാത്തതാണ്. മനുഷ്യൻ വിഹരിക്കുന്ന ഈ ലോകത്ത് അവരുടെ ആഗ്രഹങ്ങളുടെ വൈരുദ്ധ്യങ്ങളില്ലാത്ത  ഒരു പ്രദേശമാണ് ചിത്രത്തിലുള്ളത്. കാണിയെ അവൻ്റെ ഏകാന്തതയിലേക്ക്  കൊണ്ടുപോയി ക്ഷീണിപ്പിക്കുകയോ കരയിപ്പിക്കുകയോ ചെയ്യുന്ന ഒരു ചിത്രം പോലും അദ്ദേഹം വരച്ചിട്ടില്ല. എന്നാൽ  ഇതിലൂടെ  നമ്മുടെ ക്ലേശകരമായ അസ്തിത്വത്തിനു ഒരടി മുകളിൽ ജീവിക്കാൻ അവസരം ഉണ്ടാകുകയാണ്. നമ്മൾ പ്രതിജനഭിന്നരായി മാറിനിന്ന്  യുക്തികൊണ്ട് അങ്കംവെട്ടുന്നതിൻ്റെ  അർത്ഥശൂന്യത തിരിച്ചറിയാനുള്ള ശാന്തിയാണ് ചിത്രം തരുന്നത്.എല്ലാ വിദ്വേഷങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും  അപ്പുറം നാം എത്തിച്ചേരേണ്ടത്  എവിടെയാണെന്ന്  ധ്വനിപ്പിക്കുന്നു .എന്നാൽ അവിടേയ്ക്ക് പോകാനുള്ള വഴി അറിയുകയില്ല. ഇവിടെ വസ്തുവിനു തുല്യത ലഭിക്കുന്നു.  മാനവികമൂല്യങ്ങൾ കൊണ്ട് പരിക്കുപറ്റിയ വസ്തു പ്രപഞ്ചമല്ലിത്. ഏതൊരു ജീവിയെയും ,നാം കാണുന്നത് അത് മനുഷ്യന് എന്ത് ഗുണം ചെയ്യുന്നു, ഉപദ്രവവും ചെയ്യുന്നു എന്നതിൻ്റെ  അടിസ്ഥാനത്തിലാണ്. ഇത് മനുഷ്യ കേന്ദ്രീകൃതമായ ഒരു ലോകത്തിൻ്റെ  പ്രകൃതിവിരുദ്ധതയാണ് ,പ്രായോഗികം  എന്ന നിലയിൽ അംഗീകരിക്കപ്പെടുന്ന അപകടാവസ്ഥയാണ്.ഇത് വിധ്വംസക മായ വീക്ഷണമായതുകൊണ്ട്,  മനുഷ്യവർഗ്ഗത്തിൻ്റെ ഭാവിയിൽ  താല്പര്യമുള്ള ഒരു കലാകാരൻ അതിൽ നിന്ന് മാറി നിൽക്കുകയാണ്.

ആന്തരിക ദർശനം

സമകാലിക പ്രവണതകളെ  തൻ്റെ  ആശയങ്ങൾ വിന്യസിക്കാനുള്ള ഉപകരണങ്ങളാക്കി മോൺഡ്രിയാൻ  പുനരാവിഷ്കരിച്ചു.ക്യൂബിസം അതിൽ പ്രധാനമാണ് .യഥാർത്ഥ്യത്തിൽ മനുഷ്യമനസ്സുകൾ തമ്മിലുള്ള ഐക്യമോ തുല്യതയോ ഇല്ലെന്ന്  പറഞ്ഞ മോൺഡ്രിയാൻ Tableau(1921),Composition in brown and Gray(1913),NewYork City (1942),Composition 8(1914),Abstract Trees  തുടങ്ങിയവയിൽ മനുഷ്യ സംസ്കാരത്തിൻ്റെ പരിധിയിൽ വരാത്ത  ഒരു ലോകത്തിൻ്റെ  സ്പന്ദങ്ങളാണ് നിറച്ചത്. വരകളും  ചതുരങ്ങളും മാത്രം ഉപയോഗിച്ച്  ചിത്രം രചിക്കുന്നു. അതിൻ്റെ  പ്രത്യക്ഷതയേക്കാളേറെ പ്രതീതിയാണ്  തെളിയുന്നത് .മോൺഡ്രിയാൻ്റെ മരങ്ങൾ ധ്യാനലീനരാണ്. അത് നമ്മോടു ഹൃദയവികാരത്തിൻ്റെ മേഖലയിൽ ഒരു സംവാദത്തിന് തയ്യാറാവുന്നുണ്ട് .ആ മരങ്ങൾ നമ്മുടെ ഉള്ളിലാണ് വളരുന്നതെന്ന പ്രതീതിയാണത്.



നിയോ പ്ളാസ്റ്റിസിസം എന്നാൽ ശുദ്ധമായ സൗന്ദര്യം എന്നേ  അർത്ഥമാക്കേണ്ടതുള്ളു. 1911 ൽ  പാരീസിലെത്തിച്ചേരുന്നതോടെയാണ് ചിത്രകലയിൽ അദ്ദേഹം പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. തിയോ വാൻ ഡോസ്ബർഗിൻ്റെ ഒപ്പം Di stiji എന്ന നവകലാപ്രസ്ഥാനം ആരംഭിച്ച മോൺഡ്രിയാൻ ശുദ്ധമായ കല  എന്ന ആശയം സ്വീകരിച്ചത് ചിന്തകനായ  മാത്തി ഷോയെൻമേക്കേഴ്സിൻ്റെ (Matthie Schoenmaekers) 'ന്യൂ ഇമേജ് ഓഫ് ദി വേൾഡ് ' എന്ന പുസ്തകത്തിൽ നിന്നാണ്. തിയോസഫിക്കൽ സൊസൈറ്റിയുടെ ആശയങ്ങളുമായി അടുപ്പം പുലർത്തിയ ഈ  കലാകാരൻ റഷ്യൻ ആത്മീയവാദിയായ ഹെലന ബ്ളാവിറ്റ്സ്കി (Helena Blavatsky) അമേരിക്കയിൽ സ്ഥാപിച്ച (1875) ആ പ്രസ്ഥാനത്തെ തനിക്ക്  നിത്യമായ ആശയപ്രചോദനത്തിനുള്ള ഉറവിടമാക്കി നിലനിർത്തി. പ്രത്യേക സിദ്ധിയുള്ള ചിലരെങ്കിലും ലോകത്ത്  സാർവത്രികമായ ഒരു സ്വരം കേൾക്കുന്നു എന്ന ചിന്തയെ മോൺഡ്രിയാൻ  തൻ്റെ  മാർഗ്ഗത്തിൽ നഷ്ടപ്പെടാതെ പരിരക്ഷിച്ചു. ആത്മസഹോദര്യം  വലിയ സംവാദമാകുന്നത് അങ്ങനെയാണ്. മനുഷ്യർ മാത്രമല്ല സർവ്വ പ്രകൃതിയും ആ സാഹോദര്യത്തിൻ്റെ പരിധിയിൽ വരുന്നുണ്ട്. നമ്മുടെ ക്ഷണികമായ ഉച്ചനീചത്വവാസനകളെ ദൂരീകരിച്ചുകൊണ്ട് കൂടുതൽ ലോകോപകാരപ്രദമായ വിധത്തിൽ കുറേക്കൂടി  നല്ല മനുഷ്യനാവുക എന്ന ലക്ഷ്യമാണ് ശുദ്ധമായ അമൂർത്തകലയുടെ സൗന്ദര്യത്തിൽ അടങ്ങിയിരിക്കുന്നതെന്ന് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഓരോ ചിത്രവും  ആന്തരികദർശനമാണ്. ആന്തരികമായ ഉണർവ് അനിവാര്യമായിരിക്കുന്നു .അത് പ്രാപ്തമായില്ലെങ്കിൽ ബലി കഴിക്കേണ്ടി വരുന്നത് ജീവിതസൗന്ദര്യത്തെ  ആയിരിക്കും. ഒരാൾ വരയ്ക്കുന്നത് അയാൾക്ക് വേണ്ടി മാത്രമല്ല, മാനവസമൂഹത്തിൻ്റെ  നഷ്ടപ്പെട്ട ദിനങ്ങൾക്ക് വേണ്ടിയും വരാനിരിക്കുന്ന ജീവിതവെളിച്ചത്തിന് വേണ്ടിയുമാണ്.
 
BACK TO HOME

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...