പുസ്തകനിരൂപണം
എം. കെ. ഹരികുമാർ
പിന്നാമ്പുറങ്ങളെ
മറികടന്ന കവി
രാജൻ കൈലാസിൻ്റെ മാവ് പൂക്കാത്ത കാലം എന്ന കവിതാസമാഹാരത്തെക്കുറിച്ച്
പതിറ്റാണ്ടുകളായി
എഴുതുന്ന എൻ്റെ പ്രിയ കവിയാണ് രാജൻ കൈലാസ്.അദ്ദേഹവുമായി എനിക്കുള്ള
സൗഹൃദം 'മാവു പൂക്കാത്ത കാലം ' എന്ന ഈ സമാഹാരത്തിൻ്റെ പേജുകൾ മറിക്കാൻ
എന്നിൽ ആവേശം നിറച്ചുവെന്ന് പറയേണ്ടതില്ലല്ലോ. വ്യക്തിപരമായുള്ള ബന്ധം
സാഹിത്യരചനയിൽ കലർത്തുന്ന സ്വഭാവം എനിക്കില്ല . അങ്ങനെ ചെയ്യുന്നത്
ചിലപ്പോൾ ഗുണം ഉണ്ടാക്കാം; എന്നാൽ അങ്ങനെ ചെയ്താൽ, പിന്നെ നമ്മുടെ
കലാമാധ്യമം തന്നെ അധ:പതിക്കും. അതിനു പ്രതികരണത്തിൻ്റേതായ യാതൊരു
ഉള്ളടക്കവും കിട്ടുകയില്ല. കാരണം ,ഒരാൾ സ്വയം വിശ്വസിക്കാതെ എഴുതുന്നതുപോലെ
പാപം വേറെയില്ല .ഞാൻ ഒരിക്കലും സൗഹൃദത്തെ വിമർശനകലയുമായി
കൂട്ടിക്കുഴച്ചിട്ടില്ല. എന്നെ വിമർശിക്കുന്നവരാണെങ്കിലും, എഴുതുന്നത്
ഇഷ്ടമായാൽ ഞാൻ അതു തുറന്നുപറയാതിരിക്കില്ല.
വിമർശനം ഒരു
സുഹൃത്തിനുവേണ്ടിയല്ല എഴുതുന്നത് . ഇവിടെ പക്ഷേ, രാജൻ കൈലാസ് എന്ന
വ്യക്തിയുടെ കവിതകളോടുള്ള താൽപര്യമാണ് എന്നെക്കൊണ്ടെഴുതിക്കുന്നത്.
.അദ്ദഹം സുഹൃത്തായതുകൊണ്ട് ,എനിക്ക് ഇഷ്ടമായ കവിതകളെപ്പറ്റി
നിശ്ശബ്ദനായിരിക്കാൻ കഴിയില്ല. ഇതിനു മുമ്പും ഞാനത് ചെയ്തിട്ടുണ്ട്.
സൂക്ഷ്മതകൾ പിറക്കുന്നു
വർഷങ്ങളായി ,അദ്ദേഹം ഒരു ചേരിയിലും പെടാതെ എഴുതി. വാക്കുകളുടെ ധ്വനിയെ തൻ്റെ ആന്തരികതയുടെ പ്രാപഞ്ചികാനുഭവമാക്കിക്കൊണ്ട് അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. ഒരു കവിയെന്ന നിലയിലുള്ള പ്രൊഫഷണൽ പൊങ്ങച്ചങ്ങളിലൊന്നും വിശ്വസിക്കാത്ത വ്യക്തിയാണദ്ദേഹം. സ്നേഹമാണ് രാജൻ്റെ മതം. അതെനിക്ക് ബോധ്യപ്പെട്ടതാണ്.ഒരു കവിയുടെ വരികളുടെ സത്യസന്ധത മനസ്സിലാക്കാൻ ആ വ്യക്തിത്വത്തെ അറിയുന്നതും നല്ലതാണ്. കവിതയിലൂടെ പറയുന്നത്, ഒരു കവിക്ക് ഏറ്റവും സത്യസന്ധമായി തോന്നുന്ന കാര്യങ്ങളാകണം .രാജൻ്റെ കാര്യത്തിൽ കവിത അനലംകൃതമായി വരുകയാണ്. ശിശുസഹജമായ നിഷ്കളങ്കതയോടെ, പ്രകൃതിയുടെ നിർമ്മലമായ നിലനിൽപ്പ് പോലെ ,സൂക്ഷ്മതകൾ പിറക്കുകയാണ്.
ആധുനികതയുടെ രണ്ടാംഘട്ടമാണ് രാജൻ്റെയും മറ്റും കവിതകൾ . എ.അയ്യപ്പൻ്റെ കവിതകൾ ഇതിൻ്റെ ഭാഗമായി എൻ്റെ മുന്നിലുണ്ട്. അയ്യപ്പൻ ആധുനികതയെ അതിജീവിച്ചാണ് ,സ്വന്തം പിന്നാമ്പുറങ്ങളെല്ലാം ഉപേക്ഷിച്ച്, അനാഥനായി അലഞ്ഞ് സ്വയമൊരു കവിതയായി പരിണമിച്ചത്. രാജൻ ഒരു പ്രസ്ഥാനത്തിലും വിശ്വസിക്കാതെ സ്വയം നേടിയ ജ്ഞാനമുകുളങ്ങളെ തൻ്റേതായൊരു ആധുനിക പരിസരമാക്കിയെടുത്തു. അതുകൊണ്ടുതന്നെ ഈ കവിതകൾക്ക് വെള്ളത്തെപ്പോലും മുറിവേല്പിക്കാൻ കഴിയും .ഒരു ഭാഷാലോകത്തിൻ്റെ സംവേദനക്ഷമത സമീപലോകങ്ങളിലേക്ക് പടരുകയാണ്.
പാതയിലാരോ വലിച്ചെറിഞ്ഞ
പാഴ് വിത്ത് ഞാനായ് കിളിർത്ത നാളിൽ ,
മഞ്ഞിൻ കണങ്ങൾ തലോടി വേരിൻ -
കുഞ്ഞുകാൽ മണ്ണിലുറച്ച നാളിൽ
ഔദാര്യമാരുമേ കാട്ടിയില്ല .
ആരോരുമീവഴി നോക്കിയില്ല ".
(ഒരു വൃക്ഷഗീതം)
ഈ വരികളിലെ അനാഥബോധം തീവ്രമാണ്.കവി സ്വയം വിലയിരുത്തുകയാണോ എന്ന് നാം ശങ്കിച്ചു പോകും. എവിടെനിന്നോ പൊട്ടിമുളച്ച നാം സ്വന്തം ആകാരമായി ജീവിതത്തെ എറ്റെടുക്കുന്നു. കവിയുടെ ജനിതകമാണത്.
അർത്ഥങ്ങളുടെ കലഹം
നമ്മുടെ രാഗങ്ങൾ അയഥാർത്ഥമായിരുന്നെന്ന് കവി സംശയിക്കുന്നത് പ്രളയം' എന്ന കവിതയിലാണ്. പ്രകൃതിക്ക് ഒന്നിനോടും മമതയില്ല . നമ്മൾ പറയുന്ന സൗന്ദര്യവും സംഗീതവുമൊന്നും പ്രകൃതിയിലില്ല. പ്രകൃതിയിൽ സ്നേഹവുമില്ല , സൗഹാർദ്ദവുമില്ല .എന്നാൽ മനുഷ്യൻ ഇതെല്ലാം അവനുവേണ്ടി നിർമ്മിച്ചെടുത്തു. അതുകൊണ്ട് അവൻ അസ്വസ്ഥനാണ്. അകാരണമായ ഉത്ക്കണ്ഠകൾ അവനെ വിട്ടു പോകില്ല .അതുകൊണ്ട് അവൻ കലാപകാരിയാകുന്നു.
" കാറുകൾക്കും
നെയിം ബോർഡുകൾക്കും മീതെ പ്രളയജലം !
കറൻസിയും കടലാസും ഒഴുകിനടക്കുന്നു ....
പത്താം നിലയിൽ
കമ്പനി സി.ഇ.ഒ യും
ഒരു പല്ലിയും മാത്രം! "
ഒരു പക്ഷേ ,പ്രകൃതി ഇങ്ങനെ പ്രക്ഷോഭത്തിലൂടെ മനുഷ്യൻ്റെ സൗന്ദര്യബോധത്തെ നിഷ്ക്രിയമാക്കുകയാണോ ചെയ്യുന്നത്? മഴയെ കവി അർത്ഥങ്ങളുടെ കലഹമാക്കുന്നു ;അതിന് മരണത്തിൻ്റെയും പ്രണയത്തിൻ്റെയും നാനാർത്ഥങ്ങൾ നല്കുന്നു. ''വിളിക്കാതെപ്പോഴും വരുന്നു നീ -
യെത്ര വിളിച്ചാലും പക്ഷേ, വരില്ല - യെങ്കിലും ഒരിക്കൽ നീ വരും ചിരിച്ചുകൊണ്ടെന്നെ പിടിച്ചുയർത്തിടും ഒരിക്കലും തീരാപ്രണയതീരത്തിൽ
കരം പിടിച്ചെന്നെ നടത്തിടും " .
(മഴ പോലെ )
രാജൻ ഒരു നിരീക്ഷകനാണ്. ഒരു മനസ്സുള്ളതുകൊണ്ട് ജീവിക്കുന്നു. അത് നഷ്ടപ്പെടാതിരിക്കാൻ അദ്ദേഹം ചെയ്യുന്ന കർമ്മമാണ് കവിത. അതുകൊണ്ടുതന്നെ ഒരു സാമൂഹിക മൂല്യമുണ്ട് .ഈ സമാഹാരത്തിൻ്റെ ടൈറ്റിൽ കവിതയാണ് 'മാവു പൂക്കാത്ത കാലം ".ഈ കാലത്തിൻ്റെ അപ്രതീക്ഷിതമായ പരിണാമങ്ങളെക്കുറിച്ചോർത്ത് ദുഃഖിക്കുകയാണ് കവി.
"പഴങ്ങൾ കൊത്തി പക്ഷികൾ- കൂട്ടത്തോടെ ചത്തുപോയി " എന്ന് അതിൽ എഴുതുന്നുണ്ട് .ഇതിൽ മനുഷ്യൻ എന്ന വിചിത്രബുദ്ധിയെയാണ് കവി ദർശിക്കുന്നത്.
സ്വപ്നംകൊണ്ട് പുനർനിർമ്മിക്കുന്നത്
പ്രണയിനി തന്ന ശംഖിനെക്കുറിച്ച് എഴുതുന്നത് (ശംഖ്) വികാരതീവ്രതയായി അനുഭവപ്പെടുന്നു.
" കാത്തുസൂക്ഷിച്ചതാം മൺകുടം ഭേദിച്ചു
ഭൂതവും ഭാവിയും നമ്മെ ഭക്ഷിക്കവേ ഓടിക്കിതച്ചുനാമെത്തുന്നതെങ്ങാണ്? കാലദേശങ്ങൾക്കുമപ്പുറം
ഏതോ പുരാതന ഗുഹാക്ഷേത്ര വാതിലിൽ....
ഞാൻ ... നീയുമില്ലാത്ത വിസ്മൃത ശ്രാന്തതീരങ്ങളിൽ " .
ഈ കവി നമ്മെ ഓർമ്മകൾകൊണ്ട് പൊതിയുകയാണ്. അതിലാകെ സ്നഹത്തൂവലുകളും ഹിമകണങ്ങളുമാണ് .ജീവിതത്തിൻ്റെ ദുർഗ്രഹമായ അനുഭവങ്ങളെ സ്വപ്നംകൊണ്ട് പുനർനിർമ്മിച്ച കവിയാണ് രാജൻ കൈലാസ് .കവിതയ്ക്ക് മനുഷ്യനെ വേണം .പ്രകൃതിയെ വേണം. അതിനായി കവി സ്വയം സമർപ്പിക്കുകയാണ്.
മാവു പൂക്കാത്ത കാലം
രാജൻ കൈലാസ്
ഡി.സി.ബുക്സ്
വില :160/,pho 9497531050,
No comments:
Post a Comment
Note: Only a member of this blog may post a comment.