Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

സ്വാതന്ത്ര്യത്തിൻ്റെ നവസംവേദനക്ഷമത

എം.കെ.ഹരികുമാർ


സെർവാന്തിസിൻ്റെയോ ദസ്തയെവ്സ്കിയുടെയോ പോലും ജീവിതദർശനങ്ങൾ ഇന്ന് എഴുത്തുകാർ സ്വീകരിക്കുകയില്ല .കാരണം, ജീവിതദർശനം തന്നെ ആവശ്യമില്ലാതായിരിക്കുന്നു. എഴുത്തുകാരുടെ ആലോചനകൾ മറ്റൊരാൾക്ക് എങ്ങനെ ജീവിതദർശനമായി സ്വീകരിക്കാനാകും? . ജീവതദർശനം എന്ന പ്രയോഗം തന്നെ പഴയൊരു സ്കൂളാണ് .സെർവാന്തിസും ദസ്തയെവ്സ്കിയും ജീവിതം ദർശിച്ചത് ഒരു പദ്ധതിയുടെ ഭാഗമായാണോ ? ജീവിതം മുൻകൂട്ടി  ദർശിച്ച് ഒരാൾക്ക് ജീവിക്കാനാകുമോ? ഒരാളുടെ ജീവിതദർശനം എന്നു പറയുന്നത് വാസ്തവത്തിൽ ഭാവനാശൂന്യവും വരേണ്ടതും വിരസവുമാണ് .സെർവാന്തിസിൻ്റെ  ജീവിതദർശനമാണ് 'ഡോൺ ക്വിക്സോട്ടി'ലുള്ളതെങ്കിൽ അത് എഴുതിക്കഴിഞ്ഞ് അദ്ദേഹത്തിൻ്റെ  കാഴ്ചപ്പാടെന്താവും?ആ നോവൽ എഴുതിത്തുടങ്ങുന്നതിനും  അവസാനിപ്പിക്കുന്നതിനും ഇടയിലുള്ള ഒരിടവേളയിലാണോ അദ്ദേഹത്തിൻ്റെ  ജീവിതത്തെക്കുറിച്ചുള്ള 'സുദൃഢ 'മായ കാഴ്ചകൾ നിലനിന്നത് ? രചനയിൽ സ്വപ്നവും ഭ്രമവും  നിലനിൽക്കുന്നതുകൊണ്ട് അതൊരിക്കലും ആത്യന്തികമായ  ദർശനമാവുകയില്ല.മാത്രമല്ല , അങ്ങനെയൊരു ദർശനം അദ്ദേഹം കാംക്ഷിച്ചിരിക്കാനും  ഇടയില്ല .

കാരക്ടറാവാൻ പ്രയാസം




ഒരേയൊരു ദർശനത്തിൻ്റെ  കുഴലിലൂടെ എങ്ങനെയാണ് എഴുത്തുകാരനു സഞ്ചരിക്കാനാവുക? അങ്ങനെയാണെങ്കിൽ എഴുത്തുകാരൻ ഒരു കഥാപാത്ര(Character)മാണെന്ന് പറയേണ്ടിവരും. നളൻ ,ദുര്യോധനൻ തുടങ്ങിയ കഥാപാത്രങ്ങൾക്ക് നിശ്ചിതമായ സ്വഭാവമുണ്ട്.അവരേക്കാൾ അവരുടെ സ്വഭാവമാണ് ആദ്യമുണ്ടായത്. അത് നേരത്തേ തന്നെ ഡിസൈൻ ചെയ്തിട്ടുള്ളതാണ്. അവർ  ഒരേസമയം അടഞ്ഞതും  വ്യതിചലിക്കാത്തതുമായ വസ്തുതയാണ്. എഴുത്തുകാരന് അങ്ങനെയൊരു കാരക്ടറാവാൻ സാധ്യമല്ല. അയാൾ ഒരു കൃതി എഴുതുമ്പോൾ അതിനനുസരിച്ചുള്ള സ്വപ്നവ്യൂഹത്തിലേക്കാണ് പ്രവേശിക്കുന്നത്. ആ സ്വപ്നവ്യൂഹത്തിൻ്റെ അർത്ഥങ്ങളും ആലോചനകളും ചേർന്നാണ് അത് ജ്ഞാനവ്യൂഹമാകുന്നത്. എന്നാൽ ആ  ജ്ഞാനസമൂഹം ഒരിക്കലും അവർ മുൻകൂട്ടി തയ്യാറാക്കുന്ന മൂർത്തമായ പദ്ധതിയല്ല. എഴുത്തുകാരനു  ജീവിതദർശനം ഉണ്ടായിരിക്കുന്നത് ,തൻ്റെ തന്നെ ഭാവനയെ കെട്ടിയിടുന്നതിനു  തുല്യമാണ്. ആ ദർശനത്തിൽ നിന്ന് മാറാതിരിക്കാൻ  അയാൾ എപ്പോഴും പ്രയത്നിക്കേണ്ടിവരും .കുറേക്കഴിയുമ്പോൾ ആ ദർശനത്തിൻ്റെ അടിമയാകേണ്ടി വരും. ഒരാശയമോ ആദർശമോ അനുസരിച്ചാണോ സാഹിത്യകൃതിയുണ്ടാവുന്നത് ?എന്നാൽ എഴുതി പൂർത്തിയാകുന്നതോടെ ,അതിലെ  കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ഒരു ജ്ഞാനവ്യൂഹത്തിൻ്റെ ഭാഗമായി ചർച്ചചെയ്യാൻ തുടങ്ങുന്നു. ജീവിതത്തെ യഥാതഥമായി കാണുന്നതിൻ്റെ  പ്രതീകാത്മക വിവരണമാണ് കൃതിയിലുള്ളതെന്ന്  ഇതിനെ അപഗ്രഥിക്കുന്നവർ കണ്ടെത്തുന്നു.

ജീവിതദർശനമല്ല; അവസ്ഥ

തീർച്ചയായും 'കരമസോവ് സഹോദരന്മാർ ' , ' അടിത്തട്ടിൽ നിന്നുള്ള കുറിപ്പുകൾ 'തുടങ്ങിയ മഹാനോവലുകളിൽ ആശയചർച്ചകൾ ഒരിക്കലും അവസാനിക്കുന്നില്ല. മനുഷ്യനിൽ ഒരേ സമയം ഒരു ചെകുത്താനും പുണ്യവാളനും വസിക്കുന്നു എന്നാണ് ദസ്തയെവ്സ്കി പറയാൻ ശ്രമിച്ചത്‌. അദ്ദേഹം അത്  മനസ്സിലാക്കിയത് സ്വന്തം വ്യക്തിത്വത്തിലെ വൈരുദ്ധ്യത്തെ  അടിസ്ഥാനമാക്കിയാണ്. ദസ്തയെവ്സ്കിയിൽ ഈ ഭിന്നത രൂക്ഷമായിരുന്നു. അദ്ദേഹത്തിനു സ്വന്തം പൈശാചികത്വത്തെയും പാവനത്വത്തെയും അനുഭവിക്കാൻ കഴിഞ്ഞു. മാത്രമല്ല ,അത് ഓരോ വ്യക്തിയിലുമുണ്ടെന്ന് തിരിച്ചറിഞ്ഞു. സാർവത്രികമായ മനുഷ്യാവസ്ഥയുടെ ദുരന്തം ഈ ദ്വന്ദത്തിലുണ്ട്.അതിനെ മറികടക്കാൻ തന്നിലെ ക്രിസ്തുവിനെ കൂടുതൽ പരീക്ഷിച്ചറിയേണ്ടത് അവശ്യമായിരുന്നു.അത് ആത്മവിമർശനപരമായിരുന്നു. അപ്പോഴും അതിനടിയിൽ പൈശാചികവും പ്രതിലോമപരവും  മനുഷ്യസമൂഹത്തിന് എതിരായിട്ടുള്ളതും  തിന്മനിറഞ്ഞതുമായ മറ്റൊരു മനുഷ്യവ്യക്തി  ഉയർന്നുവരുണ്ടായിരുന്നു. ഇതാണ്  അദ്ദേഹത്തെ അസ്വസ്ഥനാക്കിയത് . ജീവിതദർശനമല്ലിത് ;അവസ്ഥയാണ്.

എന്നാൽ പിന്നീട് ദസ്തയേവ്സ്കിയുടെ ഈ ഏകാന്തമായ നരകരാജ്യം ഒരു ജ്ഞാനവ്യൂഹമായി രൂപാന്തരപ്പെട്ടു.അലോഷ്യയും ഫാ.ഫെറാപ്പോണ്ടും സോസിമയും ദിമിത്രിയുമെല്ലാം ഓരോ കഥാപാത്രമായി തോന്നുമെങ്കിലും അതെല്ലാം ഒരാളിൽ   തന്നെയാണുള്ളത്. ആർക്കും പ്രത്യേക സ്വഭാവത്തിൻ്റെ പ്രതിനിധാനമില്ല. വിവിധ ഭാവങ്ങൾക്ക് ഏറ്റക്കുറച്ചിൽ ഉണ്ടായിരിക്കാം. ഒരു നോവലിൽ  കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷത്തിലൂടെ രൂപപ്പെടുന്ന സജീവവും ധാർമ്മികവും സാമൂഹികവുമായ ചിന്തകളാണ് ഭാവുകത്വമായി മാറുന്നത്. നവമായ ഒരു വീക്ഷണം എന്ന നിലയിൽ മനസ്സിലാക്കപ്പെടുന്നത് ദർശനമായി, ഭാവുകത്വമായി വികസിക്കുന്നു.ഇത് ഒരു കേന്ദ്രമായി പിന്നീട്, കാലഘട്ടത്തെ നിയന്ത്രിക്കുന്നു. എന്നാൽ ഇന്ന്  നോവലുകളോ കവിതകളോ നല്കുന്ന ജ്ഞാനവ്യൂഹസമാനമായ അറിവുകൾ പ്രത്യേക കാലഘട്ടത്തെ ആകെ സ്വാധീനിക്കുന്നില്ല ;ഒരു ന്യൂനപക്ഷത്തിനു പോലും അത് ഒഴിവാക്കാൻ പ്രയാസമില്ല. സാഹിത്യം കലാശാലകളിൽ പഠിപ്പിക്കുകയും, അതുമായി ഇടപഴകുകയും ചെയ്യുന്നവർ സവിശേഷമായ വൈകാരികതലം എന്ന നിലയിൽ കൃതികളെ നോക്കി കാണുന്നില്ല .അതെല്ലാം വെറും പാഠങ്ങളായി മാറ്റിനിർത്തപ്പെടുകയാണ്. സമൂഹം വിവിധതരം മാധ്യമങ്ങളായി പിരിഞ്ഞു പോകുകയാണ് ചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെയോ ഇരുപതാം നൂറ്റാണ്ടിലെയോ ഭാവുകത്വപരമായ കേന്ദ്രീകരണമോ അധീശത്വമോ സ്വാധീനമോ ഇന്നില്ല. കാരണം സമൂഹം വ്യക്തികളായി മാറുകയാണ്; അതിജീവനത്തിൻ്റെ പ്രാമാണികചിന്തകൾക്ക്  പരിവർത്തനം വന്നിരിക്കുന്നു.

സൗഹൃദം അസ്പഷ്ടവും അശരീരവും



സമൂഹമാധ്യമങ്ങൾ ,ഹൈടെക് സാംസ്കാരിക ഉല്പന്നങ്ങൾ ,ഹൈടെക് സാംസ്കാരിക സ്ഥാപനങ്ങൾ തുടങ്ങിയവയുടെ മായിക പ്രപഞ്ചത്തിലകപ്പെട്ട വ്യക്തിയെ ഇനി പഴയരീതിയിലേക്ക് കൊണ്ടുവരാനാവില്ല.  മാനസികമായ വലിയ പരിവർത്തനമാണ് ഉണ്ടായിട്ടുള്ളത് .ജീവിക്കാൻ ,പ്രേമിക്കാൻ ശരീരമോ മനസ്സോ ആവശ്യമില്ല. ശാരീരികമായ, ഭൗതികമായ അടുപ്പങ്ങളേക്കാൾ കൂടുതൽ സുരക്ഷിതമാണ് പ്രീതീതിയുടെ തലത്തിലുള്ള ഇടപെടലെന്ന്  പലരും കരുതുന്നുണ്ട്. അകന്നിരിക്കൽ ഒരു കരുതലാണെന്ന് കൊറോണ പഠിപ്പിച്ചത് ,യാദൃശ്ചികമായാണ്. എന്നാൽ അതിനു മുന്നേ തന്നെ മനുഷ്യർ ഈ അവസ്ഥയെ ഉൾക്കൊണ്ടിരുന്നു .അതിന് സഹായിച്ചത് സമൂഹമാധ്യമങ്ങളാണ്. അവിടെ അകന്നിരിക്കൽ  ഒരു മതമായി വികസിച്ചത് ഏതാണ്ട് ഒരു ദശാബ്ദംകൊണ്ടാണ്. മനസ്സിനെ എങ്ങോട്ടും കൊണ്ടുപോകാൻ കഴിയുന്ന അന്തരീക്ഷമാണ് അവിടെയുള്ളത് . ഇത്  സ്വാതന്ത്ര്യത്തെ  തന്നെ ഒരു പ്രമേയമാക്കുകയാണ്. വേറെ ഒന്നും ചെയ്യാനില്ലാത്തവർക്കും ,രാഷ്ട്രീയമോ, കലയോ ,സേവനമോ പോലെയുള്ള രംഗങ്ങളിൽ പ്രവർത്തിക്കാൻ ഇഷ്ടപ്പെടാത്തവർക്കും സമൂഹമാധ്യമങ്ങളിൽ സ്വന്തം സ്വാതന്ത്ര്യത്തിൻ്റെ  ഉപയോക്താവാകാൻ അവസരമുണ്ട്. അത് അനന്തമായ അഭിമുഖമാണ് തുറന്നുതരുന്നത് .നമുക്ക് നേരിട്ട് ഒരു ബന്ധവുമില്ലാത്ത ആളുകളുമായി എത്രനേരം വേണമെങ്കിലും ആശയ, വികാര, വിനിമയം നടത്താം .ഒരാളെ എത്ര കാലം വേണമെങ്കിലും കാണാതെ തന്നെ അടുപ്പം പുലർത്താം ;പ്രേമിക്കാം. അവിടെ സൗഹൃദമെന്നത് വ്യക്തിപരമായി മറഞ്ഞിരിക്കലാണ്. രണ്ടു രാജ്യത്ത്, രണ്ടു നാട്ടിൽ ഇരുന്നുകൊണ്ട് രണ്ടുപേർ തുടങ്ങുന്ന സൗഹൃദം അവരുടെ ജീവിതകാലമത്രയും അജ്ഞാതരായിരിക്കാനും അവരെ പഠിപ്പിക്കുന്നു.അതിൽ യാതൊരു ഉത്ക്കണ്ഠയുമില്ല .അകന്നിരിക്കുന്നത് ഒരിക്കലും കാണാതിരിക്കുക എന്ന പദ്ധതിയായി വിലയിരുത്താനും പോകുന്നില്ല. സൗഹൃദം തന്നെ അസ്പഷ്ടതയും അശരീരവുമാണ്.

സ്വാതന്ത്ര്യത്തിൻ്റെ നവസംവേദനക്ഷമത

ഇന്നത്തെ സ്വാതന്ത്യം പുതിയൊരു ഭാവുകത്വമാകുന്നത് ഇങ്ങനെയാണ്. ഒരു കലാകാരൻ്റെയോ ,കവിയുടെ യോ  വൈകാരിക സമ്മേളനത്തിൻ്റെ   അറിവിൽ ലോകത്തെ പുതുതായി  ദർശിക്കുന്ന സാഹചര്യം തന്നെ അവിടെയില്ല .കാരണം അങ്ങനെയുള്ള ഭാവുകത്വം ഒരാളെ ബന്ദിയാക്കുകയാണെന്ന് അവർ ചിന്തിക്കുന്നു.  യാതൊരു ബന്ധവുമില്ലാത്ത സ്വാതന്ത്ര്യം സർപ്പസൗന്ദര്യം പോലെ അവരെ ആവേശിക്കുകയാണ്. മനസ്സിൽ തോന്നുന്നതാണ് ഒരാളുടെ ജീവിതമായി മാറുന്നത് .ഒരു പ്രത്യയശാസ്ത്രമോ  തത്വശാസ്ത്രമോ അവിടെ ആധിപത്യം ചെലുത്തുന്നില്ല .ചിലർ രാഷ്ട്രീയ പ്രചാരണത്തിനായി ഈ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടാകാം. അതിൽ  സ്വാഭാവികതയോ  വിശ്വാസ്യതയോ  ഇല്ലാത്തതുകൊണ്ട്  അത് വിട്ടുകളയാം. സമൂഹമാധ്യമങ്ങളുടെ വരവോടെ ഒരുവൻ്റെ  സാംസ്കാരിക ജീവിതത്തിലുണ്ടായ മാറ്റങ്ങളെ  ഇത്തരം പ്രചാരണങ്ങൾ ഇല്ലാതാക്കുന്നില്ല. വ്യക്തികൾ  അവരെത്തന്നെയാണ് സമൂഹമാധ്യമങ്ങളിൽ കണ്ടെത്തുന്നത്. അവരുടെ ഫോട്ടോസൗന്ദര്യവൽക്കരണം, ഇമോജികൾ, പ്രതികരണങ്ങൾ , ചെറിയ കാര്യങ്ങളെ  ആഗോളമെന്നപോലെ അവതരിപ്പിക്കുന്ന വാക്കുകൾ ,ഒരു കാര്യത്തെക്കുറിച്ചുള്ള അജ്ഞത അതേപടി അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം സ്വാതന്ത്യത്തെയാണ്  ആഘോഷിക്കുന്നത്. ഇത് സ്വാതന്ത്യത്തിൻ്റെ നവസംവേദനക്ഷമതയാണ്.

പുതിയ ഭാവുകത്വം -സ്വാതന്ത്ര്യം

സൗഹൃദത്തിന് ഉന്നതമായ  സ്ഥാനമാണുള്ളതതെങ്കിലും അവിടെയാണ് യാതൊരു നിയമങ്ങളുമില്ലാത്തത്. എല്ലാവരെയും അവരുടെ മുന്നിൽ വച്ചുതന്നെ നിരാകരിക്കാവുന്നതാണ് .അതിലാർക്കും പരാതിയില്ല.  കേവല വ്യക്തിബന്ധങ്ങളല്ല ,ഒരു സ്നേഹസങ്കലിത സമുച്ചയമാണുള്ളത്.ഒരാളെ  നഷ്ടപ്പെട്ടാലും തനിക്ക് ഒന്നും സംഭവിക്കുകയില്ലെന്ന് കരുതാൻ സമൂഹമാധ്യമങ്ങളിലിടപെടുന്നവർക്ക് ധൈര്യമുണ്ട്.

പ്രണയം മനസ്സിനു ഭാരമേല്പിച്ച് നേടേണ്ടതല്ല എന്നാണ് പുതിയ സിദ്ധാന്തം .പ്രേമിക്കാനും ഉപേക്ഷിക്കാനുമാണ്  തുല്യ അവസരമുള്ളത്. പ്രേമിക്കുന്നത് ഉപേക്ഷിക്കുന്നത് പോലെയാണ്. കാരണം ,പ്രേമം ഒരു ബന്ധനമല്ല ;അത് ഒരുക്കാനുള്ള അനുവാദവുമാണ്. വേറെ പ്രേമങ്ങൾ കാത്തുനിൽക്കുമ്പോൾ ഏകപക്ഷീയമായ പ്രണയങ്ങൾ ആവശ്യമില്ല .ഒരു പ്രേമം ഉപേക്ഷിക്കപ്പെടുമ്പോഴാണ് വ്യക്തി സ്വതന്ത്രനാവുന്നത്. അതവനെ ഒരുതരത്തിലും മാനസികമായി നയിച്ചിരുന്നില്ല. മറിച്ച് ,അവൻ അതിൻ്റെ  സ്വാതന്ത്ര്യത്തിലാണ് ജീവിച്ചത് .ആ സ്വാതന്ത്ര്യം അവനെ  ജീവിപ്പിച്ചു. അവൻ എത്രകാലമാണോ  ആ സൗഹൃദം തുടർന്നത് ,അത്രയും കാലം അതിലൂടെ ജീവിച്ചതാണ്  വലിയകാര്യം .ഇത് മൂല്യപരമായ വ്യതിയാനമാണ്; പരിഗണനകളെക്കുറിച്ചുള്ള മുൻവിധികൾ തകർക്കുന്നതാണ്. ഒന്നും ,ഒരു സദാചാരവും ആരെയും രക്ഷിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നവരുടെ സ്വാതന്ത്ര്യപ്രകടനങ്ങളാണ് നാം കാണുന്നത്. ഈ സ്വാതന്ത്ര്യമാണ് ഇന്നത്തെ ഭാവുകത്വം .ആളുകൾ പരസ്പരം പ്രചരിപ്പിക്കുന്നത് ഇതു മാത്രമാണ്. ഇതിനിടയിൽ ഒരു കവിയോ എഴുത്തുകാരനോ അതിൻ്റെ  ഭാഗമാകാനേ നിവൃത്തിയുള്ളു.



വായനക്കാർ എന്ന മൂർത്ത യാഥാർത്ഥ്യം തന്നെ പ്രതീതിയായിരിക്കുന്നു .വായനക്കാർ ഭാവുകത്വവാദികളല്ല; പങ്കാളിത്ത ജീവിതം മാത്രം കാംക്ഷിക്കുന്നവരാണ്. അവർക്ക് വ്യത്യസ്ത ശ്രേണിയിലുള്ള, വ്യത്യസ്ത സൗന്ദര്യവീക്ഷണങ്ങളുള്ള  കൃതികളെ വേർതിരിച്ചു മനസ്സിലാക്കേണ്ട ആവശ്യമില്ലാതായിരിക്കുന്നു. കോളജ് അധ്യാപകർക്ക് പോലും അതിൻ്റെ  ആവശ്യമില്ലാതായത്  ഞെട്ടിക്കുന്നതാണ് .ടി.എസ്.എലിയറ്റിനെക്കുറിച്ചും സരോജിനി നായിഡുവി നെക്കുറിച്ചും ഒരാൾക്ക് എഴുതാം . എന്നാൽ രണ്ടു പേരെയും ഒരേ ഗണത്തിൽപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കുന്നതിലെ അനൗചിത്യം പറഞ്ഞാൽ ബോധ്യമാവുകയില്ല. ഭാവുകത്വം അസ്തമിച്ചതിൻ്റെ  ലക്ഷണമാണിത് .വായനക്കാരൻ തനിക്കിഷ്ടമുള്ളത് തോന്നിയപോലെ വായിച്ചു മടക്കിവയ്ക്കുന്നു. അവനു  കൃതികൾ ഉന്നയിക്കുന്ന സമസ്യകളിൽ  താൽപര്യമില്ല .കാരണം  വ്യക്തിപരമായ സ്വാതന്ത്ര്യത്തിൻ്റെയും  സൗന്ദര്യാത്മക പ്രശ്നങ്ങളുടെയും മുന്നിൽ മറ്റൊന്നും അവനു വലുതല്ല. അവൻ സ്വന്തം ജീവിതത്തെ മാത്രം  ജീവിക്കാൻ ആഗ്രഹിക്കുന്നു. മറ്റൊരാളുടെ സൃഷ്ടികളിലൂടെ  ജീവിക്കുകയല്ല, അത് ഉപയോഗിച്ചു  ജീവിക്കുകയാണ്. അവൻ വെറും ഉപയോക്താവാണ്. അനുകർത്താവാണ്. അവനു  സ്വാതന്ത്ര്യത്തിൻ്റെ ഉത്തരവാദിത്വ രഹിതമായ ,ആശയശാസ്ത്രരഹിതമായ ,നിരുപാധികമായ സാങ്കല്പിക ലോകമാണുള്ളത്.അതിൽ അവൻ  ജീവിക്കുന്നത് പ്രതീതിയായിട്ടാണ്. ആ  പ്രതീതിയിൽ സകല വികാരവിക്ഷോഭങ്ങളുമുണ്ട്. അത്  യഥാർത്ഥമായത് , പ്രതീതമായത്  എന്ന വേർതിരിവ് ഇല്ലാതാകുകയാണ്. 

 ഒന്നിൻ്റെയും വക്താവാകാതെ  ഒരു മ്യൂസിയം സന്ദർശിക്കുന്ന  പോലെയാണ് ഉപഭോക്താവ് പെരുമാറുന്നത്. ധാരണാപരമായ ബന്ധമാണ് ഉണ്ടാകുന്നത്. അത് യാഥാർത്ഥ്യമായിത്തന്നെ  അനുഭവിക്കുന്നതിലാണ് ഈ കാലം പരിശീലനം നേടിയിരിക്കുന്നത് . സൗഹൃദങ്ങളുടെ അർത്ഥം തന്നെ മാറി.മുപ്പതുവർഷം പരസ്പരം ആശയവിനിമയം നടത്തിയ രണ്ട് എഴുത്തുകാർ ഒരിക്കലും തമ്മിൽ കാണുന്നില്ല; വളരെ അടുത്ത് താമസിച്ചിട്ടും. അതിൽ  രണ്ടുപേർക്കും ഒരാകുലതയുമില്ല .അവർ അതിനെ സൗകര്യവും അനുകൂല്യവുമായി കാണുകയാണ്.അവർക്ക് ശരീരം തന്നെ ആവശ്യമില്ല .അവർ ഒരിക്കലും ശരീരമായി ജീവിച്ചിട്ടില്ല. സി എന്ന എഴുത്തുകാരന് ഡി എന്ന എഴുത്തുകാരൻ ഒരു ചിത്രമോ കുറെ വാക്കുകളോ കുറെ വികാരങ്ങളോ ആയിരുന്നു. ഡി എന്നുമുണ്ടായിരിക്കുമെന്ന് മാത്രമാണ് സി വിശ്വസിച്ചത്. അവർക്ക് ശാരീരികമായി ജീവിച്ചുകൊണ്ട്  പാരസ്പര്യത്തെ നിലനിർത്തേണ്ട ആവശ്യമില്ലായിരുന്നു .എന്നാൽ അശരീരിയായി ജീവിക്കുന്നതിൽ അവർ അഭിരമിക്കുകയും ചെയ്യുന്നു. സജീവമായ, ഭൗതികമായ ബന്ധത്തിൽ നിന്ന് മാറിനിന്ന് അശരീരിയാകുന്നത് സ്വാതന്ത്ര്യത്തിൻ്റെ മഹത്തായ ഒരാശയമായി അവർ സങ്കല്പിക്കുന്നു. ഈ സങ്കല്പമാണ്  അവരുടെ യാഥാർത്ഥ്യം .'സി'യെ 'ഡി'യോ , 'ഡി'യെ  'സി'യോ നേരിട്ടു കാണാതെ അവശേഷിക്കുന്നു.ഇതിലൂടെ സമൂഹത്തിൽ എന്താണ്  സംഭവിക്കുന്നത് ? .


സമൂഹം പുറത്തേക്ക്

സമൂഹമാധ്യമങ്ങളിലൂടെ സമൂഹം പുറത്തേക്ക് പോകുകയാണ്.  ഒരാളുടെ സാന്നിധ്യം വേണ്ടാത്തതുപോലെ, ആശയങ്ങളും ആവശ്യമില്ലാതാകുകയാണ്. പ്രായോഗിക ജീവിതത്തിലെ വിജയങ്ങൾക്ക് വേണ്ടതായ വിനോദവും വിജ്ഞാനവുമാണ്  ജീവിതം എന്ന നിലയിലേക്ക് എല്ലാവരും എത്തുകയാണ്. വാട്സപ്പ് ഗ്രൂപ്പുകളിൽ  ഒരു പ്രപഞ്ചം തന്നെ ചിലർ കാണുന്നു.ഓരോ വ്യക്തിയും അവരുടെ നൂറോ ഇരുനൂറോ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നു.അതിനപ്പുറം വേറൊന്നില്ല. ഒരു ഗ്രൂപ്പിൽ ഇഷ്ടപ്പെടാത്തവരുണ്ടെങ്കിൽ ചിലർ സംഘടിച്ച് ആക്ഷേപിച്ചു പുറത്താക്കുന്നു .ഗ്രൂപ്പ് പ്രാചീനമായ അടിച്ചമർത്തലിൻ്റെയും മർദ്ദനത്തിൻ്റെയും ഉപകരണമാകുന്ന സാഹചര്യമാണുള്ളത്. ഗ്രൂപ്പിൽ തന്നെ ഒരു വിഭാഗത്തിൽ അസംതൃപ്തിയും അസഹിഷ്ണുതയും വിട്ടുമാറാതെ നിൽക്കുകയാണ് .

ഒരു വ്യക്തി സ്വരൂപിക്കുന്ന ഗ്രൂപ്പിൽ അയാളുടെ ഏതൊക്കെ സുഹൃത്തുക്കളാകും ഉണ്ടാകുക ?. ആ ഗ്രൂപ്പിൽ ഉൾപ്പെടാത്ത സുഹൃത്തുക്കളുമായി തുടർന്നും അയാൾക്ക് ബന്ധം പുലർത്താനാകുമോ? ഒരു ഗ്രൂപ്പിൻ്റെ  വൃത്തത്തിൽ മുഴുകുന്നതോടെ  അയാൾ ഇതര സമൂഹങ്ങളിൽ നിന്ന്, അതിൻ്റെ  ജീവിതസാന്നിദ്ധ്യങ്ങളിൽ നിന്ന്  എത്ര സ്വാഭാവികമായാണ്  അപ്രത്യക്ഷമാകുന്നത്!. സമൂഹം അതിലൂടെ ചോർന്നു പോവുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ സമൂഹം അപ്രത്യക്ഷമായിരിക്കുന്നു. സമൂഹം അതിലേക്ക് ചില ചിഹ്നങ്ങളായി മാത്രം വല്ലപ്പോഴും കടന്നുവരുന്നു .ഒരു വീട്ടിൽ തന്നെ പല ഗ്രൂപ്പുകളും രണ്ടിലധികം യൂട്യൂബ് ചാനലുകളുമാണുള്ളത്. ഇത് നമ്മെ അദൃശ്യമായി ഇതര ലോകങ്ങളിൽ നിന്ന്  വേർതിരിക്കുകയും സാമൂഹ്യമായ അദൃശ്യത സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത് .സ്പെഷലൈസേഷൻ്റെയും കമ്പാർട്ട്‌മെൻ്റലൈസേഷൻ്റെയും ലോകത്ത്‌ സാഹിത്യത്തിനും അതിൻ്റെ പരിധിയിൽ ഒതുങ്ങേണ്ടി വരുന്നു. ഗ്രൂപ്പുകളിലാണ് ഇന്ന് കവനങ്ങൾ പിറക്കുന്നത്. അത് ഒരു ഗ്രൂപ്പിലെ വായനക്കാരിൽ മിക്കപ്പോഴും ഒതുങ്ങുന്നു.ഒരു കവിക്ക് ലക്ഷക്കണക്കിനു വായനക്കാരെ വേണ്ടെന്നത് ഒരു നല്ല തത്ത്വമാണ്; അവർ ആഴങ്ങളിൽ വായിക്കാൻ കഴിവുള്ളവരാണെങ്കിൽ. എന്നാൽ തൊഴിലിൻ്റെയും സൗഹൃദതത്തിൻ്റെയും ഗ്രൂപ്പുകളിൽ സാഹിത്യം 'വായിക്കു'ന്നില്ല ;അത് സാമൂഹ്യമായി വായിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത് .

ഇന്ന് കേന്ദ്രീകൃത ആശയമോ, തത്ത്വശാസ്ത്രമോ  ഇല്ലാത്തതുകൊണ്ടാണ് ഭീകരവാദവും വിധ്വംസകശക്തികളും കടന്നുവരുന്നത്. എഴുത്തുകാരുടെ ശബ്ദം സമൂഹത്തിലാകെ കേൾക്കാത്ത വിധം     പത്രങ്ങളും വാർത്താമാധ്യമങ്ങളും മൂലധനത്തിൻ്റെയും പ്രായോഗിക വിജയത്തിൻ്റെയും ചട്ടങ്ങളനുസരിച്ച് മാത്രം നീങ്ങുന്ന പ്രവണത ഇവിടെ ജീർണിച്ച ഒരു സംസ്കൃതിക്ക് തുടക്കം കുറിച്ചിട്ട് ദശാബ്ദങ്ങൾ കഴിഞ്ഞിരിക്കുന്നു. എഴുത്തുകാരൻ്റെ  ശബ്ദം സമൂഹത്തെയാകെ കേൾപ്പിക്കുകയില്ല എന്ന തീരുമാനം കേന്ദ്രീകൃതഭാവുകത്വത്തിനെതിരെയുള്ള ഗൂഢമായ നീക്കമായിരുന്നു. അത് സാമൂഹികമാധ്യമങ്ങൾ വന്നതോടെ സാധാരണക്കാർക്ക് അനുഭവിക്കാനായി എന്നുമാത്രം.

സ്വതന്ത്രരായ എഴുത്തുകാർ




ഇപ്പോൾ എഴുത്തുകാർ സ്വതന്ത്രരായി. പ്രസാധകനെയോ എഡിറ്ററെയോ  ഭയപ്പെടേണ്ടതില്ല .മടക്കത്തപാലിനുള്ള കവർ ഉൾപ്പെടുത്തി ഒരു പത്രാധിപർക്കും ഇന്ന് കൃതികൾ അയയ്ക്കേണ്ടതില്ല. പത്രാധിപ ഏകാധിപത്യം അവസാനിച്ചു .ഒരു പ്രസാധകൻ്റെ മുന്നിൽ രചന സമർപ്പിച്ചശേഷം മാസങ്ങൾ നീണ്ട കാത്തിരിപ്പ് ഇപ്പോൾ ആവശ്യമില്ല. ആമസോൺ കിൻഡിൽ ഉണ്ട്. പുസ്തകം അച്ചടിച്ച രൂപത്തിൽ ആമസോണിലൂടെ വില്ക്കാം.സോഷ്യൽ മീഡിയയിൽ പരസ്യം നല്കാം. ഫേസ്ബുക്കിൽ ,ബ്ലോഗിൽ പ്രസിദ്ധീകരിക്കാം. എഴുത്തുകാരനാകാൻ ഇതൊക്കെ മതി. എന്നാൽ വായനക്കാർ പ്രതീതിയായി. ദസ്തയെവ്സ്കിയുടെ  കാലത്തെ വായനക്കാരെ പോലെ സാഹിത്യത്തെ ഭയക്കുന്നവർ ഇന്നില്ല.    ഫേസ്ബുക്കിലെ വായനക്കാർ ആരാണെന്ന് നമുക്കറിയില്ല .അവർ അച്ചടിച്ച കോപ്പികൾ വാങ്ങി വായിക്കുകയില്ലല്ലോ .അതുകൊണ്ട് എത്ര പേർ വായിച്ചു, എത്ര കോപ്പി വിറ്റു എന്നൊന്നും  ആലോചിക്കാനാവില്ല. വായനക്കാരുണ്ടാകാം; അവർ ,പക്ഷേ ഒരു കൃതിയുടെ സമർപ്പിത വായനക്കാരല്ല ;പലതും വായിക്കുന്ന  കൂട്ടത്തിൽ ഇതും വായിക്കുന്നുണ്ടാകാം.  അർത്ഥമാവശ്യമില്ലാതെ വായിക്കുന്നവർ ഏറുന്ന തുകൊണ്ട് ,അവർ പ്രതീതിയായി നില്ക്കുകയാണ് .

പുസ്തകം ഒരു മൂർത്തവസ്തുവായതുകൊണ്ട് അതിൻ്റെ വായനക്കാരെ പ്രസാധകർക്കറിയാം. എന്നാൽ ഇന്ന് എഴുത്തുകാർക്ക് വായനക്കാർ എറിയെങ്കിലും ,അത് തൊട്ടു കാണിക്കാവുന്ന തരത്തിൽ അടുത്തുള്ളവരല്ല; അവരെ എണ്ണാനൊക്കില്ല .അവരെ അറിയാനൊക്കില്ല. അവർ പുസ്തകമായിട്ടല്ലല്ലോ വായിക്കുന്നത്. അതുകൊണ്ട് അവർ യാഥാർത്ഥ്യമല്ല; എന്നാൽ അവരെവിടെയോ ഉണ്ട് .അവർ എഴുത്തുകാനെ  അറിയുന്നവരല്ല.

തനിക്കാവശ്യമുള്ളത് എഴുതിക്കൂട്ടുന്നു

ഇന്ന് എഴുത്തുകാരൻ അല്ലെങ്കിൽ കവി തൻ്റെ  ആവശ്യത്തിനുവേണ്ടി എഴുതിയുണ്ടാക്കുകയാണ്  ചെയ്യുന്നത്. സമാനഹൃദയരെ  തേടുന്നയില്ല. സമാനഹൃദയരുള്ളപ്പോഴാണ് ഭാവുകത്വത്തിൻ്റെ പ്രശ്നം ഉയർന്നു വരുന്നത്. ഇവിടെ, കവിതക്കാണ് കവിത ആവശ്യമുള്ളത്. അതിൻ്റെ യർത്ഥം , സാർവ്വകാലകമോ, സാർവദേശീയമോ,  ആഗോളവത്ക്കരിക്കപ്പെട്ടതോ എന്നു പറയാവുന്ന ഭാവുകത്വത്തെയല്ല കവി തേടുന്നത്‌.

അതിനു പകരം വ്യക്തിഗതമായ ഭാവുകത്വമാണത്. അത് അഖണ്ഡമോ, ഉദ്ഗ്രഥനാത്മകമോ, ആന്തരികപൊരുത്തമുള്ളതോ, നവ്യമോ  ആയിരിക്കില്ല. അങ്ങനെയൊരു ലക്ഷ്യം തന്നെ ഇപ്പോഴില്ല. അവരവരുടെ രചന എന്ന നിലയിൽ ഒരു പ്രത്യേക കാലത്തുണ്ടാകുന്ന കവിതകൾ എല്ലാംകൂടി ഒരനുഭവമാകുകയാണ്. അവയ്ക്ക് പ്രത്യേകമായ ഭാവുകത്വമില്ല. അത് ഈ കാലം തേടുന്നില്ല.

എന്നാൽ സ്വാതന്ത്ര്യത്തിൻ്റെ  ആഘോഷമായി ,ജനാധിപത്യത്തിൻ്റെ  സംവേദനമായി മാറിയ പുതിയ കാലത്തിൻ്റെ സാഹിത്യം അതിൻ്റെ ലഹരിയിൽ മുഴുകുകയാണ്.  സ്വാതന്ത്ര്യം തന്നെ പ്രമേയവും പ്രലോഭനവുമാകുന്നു .അതുകൊണ്ടാണ് മിക്കവരും എഴുതാൻ തയ്യാറാവുന്നത് .എഴുത്ത് വ്യക്തിഗത സ്വാതന്ത്ര്യം എന്ന പ്രമേയവും ഭാവുകത്വവുമാകുകയാണ്. ഏതൊരു തൊഴിലിലും ഏർപ്പെടുന്നവരുടെ അവകാശമാണ് കവിതാരചന. അത് കവിത എന്ന മാധ്യമത്തെ  വഴിതിരിച്ചുവിടാനോ ഭാവുകത്വപരമായ അട്ടിമറിക്കോ ഒന്നിനും  വേണ്ടിയല്ല .എഴുതുന്നയാളിൻ്റെ ജീവിത സ്വാതന്ത്ര്യത്തെ അയാൾക്ക് തന്നെ ഉറപ്പുവരുത്തേണ്ട പ്രക്രിയയാണിത്. അനാവശ്യ മന:സംഘർങ്ങൾ നിറഞ്ഞ ഈ കാലം മാനസികമായ വിമോചനം ആഗ്രഹിക്കുന്നു.ഏതൊരു വ്യക്തിയും മാധ്യമവത്ക്കരിക്കപ്പെടാൻ മോഹിക്കുന്ന , സർവത്ര മാധ്യമവത്ക്കരിക്കപ്പെട്ട ഈ ലോകത്ത് ഒരു കവിത എഴുതുന്നതോടെ ആ വ്യക്തി മാധ്യമപ്രതീതി എന്ന തലത്തിലേക്ക് മാറുകയാണ്.  കവിത പ്രത്യക്ഷപ്പെടുന്ന ഇടം അയാളെ അനായാസമായി കലാകാരനാക്കുന്നു. എഴുതുന്നതെന്തായാലും ,രൂപഘടനയും വർണ്ണവിന്യാസവും അതിനെ കലാവസ്തുവാക്കുന്നു. അതുകൊണ്ട് കവി അങ്ങനെയൊരു മാധ്യമത്തിൽ തൻ്റെ സ്വാതന്ത്ര്യത്തിൻ്റെ  പ്രതിനിധാനമെന്നപോലെ പ്രത്യക്ഷപ്പെടുന്നത് ആ വ്യക്തിയെ സാമുഹികാസ്തിത്വത്തിൽ നിന്ന് പിഴുതുമാറ്റുകയാണ്.

ഉത്തരാധുനികത മരിച്ചത് അറിയാത്തവർ

ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറന്ന്  20 വർഷം കഴിഞ്ഞിട്ടും ഉത്തരാധുനികത മരിച്ചതറിയാതെ ഫെമിനിസവും ഐഡൻ്റിറ്റിയും പറഞ്ഞിരിക്കുന്നവരുണ്ട്. ഡയസ്പോറ, സാമ്രാജ്യത്വാനന്തര സമൂഹങ്ങൾ ,ലിംഗ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെല്ലാം ഉത്തരാധുനികതയുടേതാണ്. ഇതെല്ലാം നിറം മങ്ങിപ്പോയിരിക്കുകയാണിപ്പോൾ. അവയവദാനവും ശസ്ത്രക്രിയകളും പെരുകിയതോടെ സ്വത്വമൊക്കെ നിർജീവമായി. എന്നാൽ ഇതറിയാതെ  സാമ്രാജ്യത്വാനന്തര ലോകത്തെക്കുറിച്ച് മാത്രം എഴുതുകയാണ് കലാശാല ഗവേഷകരും ചില ഇടതുപക്ഷ എഴുത്തുകാരും .പുരോഗമന സാഹിത്യമെന്നപോലെ ഉത്തരാധുനികതയും ദുർബ്ബലമായി. സമൂഹമാധ്യമങ്ങൾ ,ലൈവ്, ഇലക്ട്രോണിക് വാർത്താസംപ്രേഷണ ഉപകരണങ്ങൾ, മൊബൈൽ ഫോൺ, ടച്ച് സ്ക്രീൻ ,സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ,അവയവങ്ങൾ മാറ്റി വയ്ക്കൽ ,ഡ്രോണുകൾ ,സെൽഫികൾ  തുടങ്ങിയ ഉത്തര-ഉത്തരാധുനിക മോട്ടിഫുകളുടെ വരവോടെ ഉത്തരാധുനികത ഇല്ലാതായി. 

ഇനി അതിനെ ആസ്പദമാക്കിയുള്ള പഠനങ്ങൾ യോജിക്കുന്നത് ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിലുണ്ടായിരുന്ന  സമൂഹങ്ങൾക്കാണ്. കാരണം സ്വത്വത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയം പറഞ്ഞാൽ ഇന്ന് അത്  വിനിമയം ചെയ്യാൻ പോലും പ്രയാസമാണ് . ഉത്തര- ഉത്തരാധുനിക മോട്ടിഫുകൾ അനുസരിച്ചാണ്  സമകാലിക ജീവിതം മുന്നോട്ടു പോകുന്നത് .അവിടെ  സാമ്രാജ്യത്വാനന്തര രാഷ്ട്രീയം  എങ്ങനെയാണ് ഒരു വിശകലനത്തിനായി ഉപയോഗിക്കുക ? 1950കൾക്ക് ശേഷമുള്ള കാലത്താണ് അ പഠനങ്ങൾ ഇണങ്ങുക .എന്നാൽ നമ്മുടെ സാഹിത്യ ,ഗവേഷണ മേഖലയിലാകെ  നവം എന്ന രീതിയിൽ പലരും  പരിചയപ്പെടുത്തുന്നത് കാലഹരണപ്പെട്ട ഉത്തരാധുനിക സമീപനങ്ങളാണ്.

 

BACK TO HOME

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...