Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

ഒ വി വിജയൻ നവതി 


പ്രാണരസത്തിൻ്റെ  നേര്



എം.കെ.ഹരികുമാർ


 

 

ഭാരതീയ മിത്തുകൾ സാഹിത്യസൃഷ്ടികൾക്ക് പ്രചോദനമായിട്ടുണ്ട്. കളിദാസൻ, ഭാസൻ തുടങ്ങിയ സംസ്കൃത നാടകകൃത്തുക്കൾ  മാത്രമല്ല, ആധുനികകാലത്തും അതിനു വേണ്ടിയുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. പുരാണകഥകൾ ചെറുകഥകളും നോവലുകളുമായി രൂപാന്തരപ്പെടാറുണ്ടല്ലോ. എത്രയോ കവിതകൾ മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങളെ ആസ്പദമാക്കി എഴുതപ്പെട്ടു! . ഭാരതത്തിൻ്റെ മിത്തുകളിൽ  ഒരു സാഹിത്യകാരനു വേണ്ട എല്ലാ ഉപകരണങ്ങളുമുണ്ട്. അതെടുത്തു  പ്രയോഗിക്കാൻ അറിയണം. എല്ലാവർക്കും ത്രയംബകം വില്ല് എടുത്തുപ്രയോഗിക്കാൻ കഴിഞ്ഞില്ലല്ലോ.എന്നാൽ ഇന്ത്യൻ പുരാണത്തെ അതേ രൂപത്തിലോ ,മാറ്റം വരുത്തിയോ പുന:സൃഷ്ടിക്കുന്ന പ്രക്രിയയിൽ ഒ.വി.വിജയൻ ഏർപ്പെട്ടിട്ടില്ല. അദ്ദേഹം മറ്റൊരു മാർഗമാണ് അവലംബിച്ചത്. തൻ്റെ മനനത്തിലൂടെയും ആത്മാന്വേഷണത്തിലൂടെയും മഹത്തായ ഒരു  ദൗത്യം അദ്ദേഹം ഉൾക്കൊണ്ടു.

പലരെയും പോലെ ബുദ്ധിപരമായ ആവശ്യം എന്ന നിലയിലല്ല വിജയൻ രചനകളിൽ ഏർപ്പെട്ടത്. ഒരു നോവലെഴുതാൻ വേണ്ടി  പൂർവ്വമീമാംസകളിലേക്ക് തിരിയുന്നവരിൽ നിന്ന് ഇത്  വ്യത്യസ്തമാണ് .അദ്ദേഹത്തിൻ്റെ  വ്യക്തിപരമായ സമസ്യകൾക്ക് ഉത്തരം തേടുകയായിരുന്നു.അനുഭവിച്ച ധർമ്മസങ്കടങ്ങൾ ഇതിനു പിന്നിലുണ്ട്. പരിക്ഷീണിതമായ തൻ്റെ  സത്യാന്വേഷണങ്ങളുടെ ഒടുവിൽ സ്വാഭാവികമായി എത്തിച്ചേരുന്ന സന്ദിഗ്ദ്ധതയാണ് വിജയൻ്റെ സൗന്ദര്യശാസ്ത്രം. അദ്ദേഹത്തിൻ്റെ വൈയക്തിക ജീവിതം തന്നെ ഇതിനു സമാനമാണ് .അദ്ദേഹം വെളിച്ചത്തിനുവേണ്ടി അലയുകയായിരുന്നു ;ഭൗതികവും താത്വികവുമായ പല സ്കൂളുകളിലേക്കും ഇത്തിരി വെട്ടത്തിനായി  തിരിഞ്ഞ അദ്ദേഹം ചിലപ്പോഴൊക്കെ , നിരാശനായി. ഒരിക്കൽ കോട്ടയത്ത് ഹോംസ്റ്റെഡ് ഹോട്ടലിൽ വച്ച് കണ്ടപ്പോൾ, ആ ഹ്രസ്വസന്ദർശനത്തിൻ്റെ സ്നേഹ സാഹോദര്യത്തിൽ വിജയൻ തൻ്റെ  മനസ്സിൻ്റെ അലച്ചിലുകളെക്കുറിച്ച് സൂചന നൽകിയത് ഇങ്ങനെയാണ്: "ഏതാണ് ശരി എന്ന് അന്വേഷിച്ചുകൊണ്ട് ഞാനൊരുപാട് അലഞ്ഞു. ഉത്തരങ്ങൾ മാത്രമില്ല . ഓരോ ചോദ്യവും പുറപ്പെട്ട യിടത്തേക്കുതന്നെ തിരിച്ചുവരുന്നു. അതുകൊണ്ട് ഓരോന്നിലേക്കും ഞാൻ വെളിച്ചത്തിനുവേണ്ടി ഉറ്റുനോക്കുന്നു" .




ആത്മാവിൻ്റെ അവധൂതഭാവം

വിജയൻ ആന്തരികമായി അനുഭവിച്ചതാണ് എഴുതിയത് .അതുകൊണ്ടു ഓരോ വാക്യവും എഴുതിക്കഴിയുമ്പോൾ ബാധ ഒഴിഞ്ഞ പോലെ അദ്ദേഹം അവശനാകും .ഈ സാഹിത്യകാരനെ രോഗിയാക്കാൻ മാത്രം ശക്തമായിരുന്നു ,അഗാധതകളിൽ നിന്നുള്ള ആത്മാനുരണനങ്ങൾ .വെറും ഭാവനയായി ആ കൃതികളെ  കാണേണ്ടതില്ല. ആത്മീയാനുഭവങ്ങൾ സത്യാത്മകമാകുന്നത് കാണണം. തന്നെ മഥിച്ച ദാർശനികമായ അസ്വസ്ഥതകൾക്ക് പരിഹാരം തേടിയാണ് വിജയൻ നോവലുകളും കഥകളും എഴുതിയത്. ഇത്  മൗലികവും ദൃഢവുമായ ഒരു പ്രവർത്തനമേഖലയാണ്. സാഹിത്യരംഗത്തു തന്നെ അപൂർവ്വമാണ്. പലരും  ഇതിനൊക്കെ മുതിരാറുണ്ടെങ്കിലും അവർക്ക് തങ്ങൾ എഴുതുന്നതിൽ വിശ്വാസമുണ്ടായിരിക്കില്ല. അവരുടെ ആന്തരിക യാഥാർത്ഥ്യത്തിൻ്റെ  ഭാഗമായിരിക്കില്ല എഴുതിവയ്ക്കുന്നത്. അതുകൊണ്ട് എത്രയെഴുതിയാലും അവരെ ഒന്നും ബാധിക്കില്ല.എന്നാൽ  വിജയൻ തൻ്റെ  സൃഷ്ടി പ്രക്രിയയിലൂടെ ദുർബ്ബലനായിക്കൊണ്ടിരുന്നു. ഓരോ കൃതിക്ക് ശേഷവും  ശാരീരികക്ഷമത കുറഞ്ഞുവന്നു. തപസ്സിന് ഭാഗം  എന്നപോലെ ഈ എഴുത്തുകാരനിൽ നിന്ന്  പലതും ഒഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു - സംസാരശേഷി ,കൈകളുടെ ചലനശേഷി ,ശരീരക്ഷമത....
ഭോഗമോ അതിമോഹമോ ഇല്ലാതിരുന്ന വിജയൻ ഉള്ളിൽ ശക്തമായ ഒരു അവധൂതജീവിതമാണ് നയിച്ചത്. ,കാരണം, അദ്ദേഹത്തെ പിന്തുടർന്ന ജ്ഞാനസ്വരങ്ങൾ അതിവിപുലമായ ഒരു സംഗീതസഭ യായിരുന്നു.

ഭാഗവതം, ഭഗവദ്ഗീത, മഹാഭാരതം, യോഗവാസിഷ്ഠം തുടങ്ങിയ ഭാരതീയഗ്രന്ഥങ്ങളുടെ ഏറ്റവും മഹത്തായ ,സ്നിദ്ധമായ ജൈവമണ്ഡലമാണ് വിജയൻ്റെ  കൃതികളിലൂടെ സൗന്ദര്യാത്മകമായി ആവിഷ്കരിക്കപ്പെടുന്നത്; അതാകട്ടെ , ഇന്ത്യൻ സാഹിത്യത്തിൽ തന്നെ വളരെ അപൂർവ്വമായ ഒരു വിതാനത്തിലുമായിരുന്നു. ഇതിനായി  ഭാഷയെ ബോധപൂർവം മാറ്റിമറിക്കുകയായിരുന്നില്ല. ഭാഷ അങ്ങനെയായിത്തീർന്നത് ആ മനസ്സിൻ്റെ  പ്രത്യേകതകൊണ്ടാണ്.  മനോഭാവം ഇവിടെ പ്രധാനമാണ്.എന്തെഴുതിയാലും നിസ്സാരനായ മനുഷ്യവ്യക്തിയും പുൽക്കൊടിയും പ്രാപഞ്ചിക ഗോളങ്ങളും ഒരു പാരസ്പര്യത്തിലേക്ക് ഉയർന്ന് രാഗസമ്മേളനമായി മാറുന്നു. അതുകൊണ്ട് പലരും ഉപയോഗിച്ച് നിലവാരപ്പെടുത്തിയ ,അർത്ഥത്തെ  ക്രമപ്പെടുത്തിയ, ആഖ്യാനത്തെ പൂർവ്വകല്പിതമാക്കിയ ഭാഷയെ  നിരാകരിച്ചത് സുന്ദരമായ ഒരു വിപ്ളവമായിരുന്നു. തൻ്റെയുള്ളിലെ  ജീവചേതനയുടെ സ്വരമാണ് അദ്ദേഹം ഭാഷയായി പരിവർത്തിപ്പിച്ചത്.

ഗുരുസാഗരത്തിലെ ഈ ഭാഗം നോക്കൂ: " കാട്ടുചെടികളുടെമേൽ കുഞ്ഞുണ്ണി കുനിഞ്ഞു .അവ തങ്ങളുടെ കടയ്ക്കൽ വളർന്ന പുല്ലുകളിലേക്ക്  ചൂണ്ടിക്കാട്ടി .പുല്ലുകൾ തങ്ങളുടെ കടയ്ക്കലേക്ക് ചൂണ്ടിക്കാട്ടി .അവിടെ അവിശ്രമം പാഞ്ഞുനടന്ന ചെറു ചാതികളെ കുഞ്ഞുണ്ണി കണ്ടു. ജ്വലിക്കുന്ന നിറങ്ങൾ ,ശില്പസങ്കീർണതയാർന്ന കൊമ്പും കിരീടവും. ഇവരെവിടെ  പോകുന്നു ?അവസാനിക്കാത്ത യാത്ര. പുറംതോടിൻ്റെ ഭാരങ്ങൾ. പുല്ലിൻ്റെ ഉപനിഷത്ത്  ഏറ്റുവാങ്ങാനായി കുഞ്ഞുണ്ണി മണ്ണിലിരുന്നു. യാത്രയല്ല, പ്രാണഭയമിയന്ന പലായനമാണ് ;ചാതികൾ ഒന്ന് മറ്റൊന്നിനെ നായാടുയാണ് ,മുക്തിധാ മിൻ്റ അശാന്തി! കുഞ്ഞുണ്ണിയുടെ മുമ്പിൽ പുൽക്കടയ്ക്കലെ യുദ്ധം  ദൃശ്യമായി .സഞ്ജയാ ,കുഞ്ഞുണ്ണി  പറഞ്ഞു ,അങ്ങ് ഒരന്ധനു കാണിച്ചുകൊടുത്ത യുദ്ധത്തിൻ്റെ ചിത്രം ഇതിൻ്റെ മുമ്പിൽ തുച്ഛമായിത്തീരുന്നല്ലോ.ഇപ്പോൾ കുഞ്ഞുണ്ണി ആ ചെറുചാതികളിലൊന്നിനകത്തേക്ക്  നോക്കി. അതിൻ്റെ  ജൈവമണ്ഡലങ്ങളിൽ കറങ്ങിത്തിരിയുന്ന എണ്ണമറ്റ സൗര മണ്ഡലങ്ങളെ കുഞ്ഞുണ്ണി കണ്ടു. ചാതിയുടെ ചോരയ്ക്കകത്ത് അതിൻ്റെ  പുഴയോരങ്ങളിലിരുന്നുകൊണ്ട് വരാഹമിഹിരന്മാർ ആ സൗരമണ്ഡലങ്ങളുടെ  ഗതികൾ ഗണിച്ച് ഏതോ പരമാണുഗോത്രങ്ങളുടെ ജാതകങ്ങളെഴുതി " .

കേവല രാഷ്ട്രീയപ്രശ്‌നങ്ങളോ ,സാധാരണജീവിതത്തിലെ ലൗകികതയോ  അല്ല വിജയനെ  അലോസരപ്പെടുത്തിയതെന്ന് ഇതിൽ നിന്ന് ഗ്രഹിക്കാം. സത്യത്തെയും ദുഃഖത്തെയും അറിയാൻ കപിലവസ്തു വിട്ട ഗൗതമൻ്റെ  അവസ്ഥപോലെ സാന്ദ്രമാണിത് .അദ്ദേഹം തന്നിലേക്ക് വന്നടിയുന്ന തിരകളിൽ നിന്ന് മഹാസാരത്തിനായി കാതോർക്കുന്നു.
"കുഞ്ഞുണ്ണി പുല്ലിൻ്റെ മുമ്പിൽ ആദരവോടെ നിന്നു. ഗുരുനാഥാ ,കുഞ്ഞുണ്ണി പറഞ്ഞു ,അങ്ങയുടെ മുകളിൽ എൻ്റെ കാലടി വീഴുന്നു, അങ്ങയെ വേദനിപ്പിക്കാതെ എനിക്കു നടന്നു കൂടല്ലോ.ഉണ്ണീ ,നടക്കുക ,പുല്ലു പറഞ്ഞു ,വേദനയുടെ ശ്രീവത്സമാണിത്" .

ഈ ശ്രീവത്സത്തെ ,നോവലിസ്റ്റ് എങ്ങനെ അറിഞ്ഞു ,നേരിട്ടു ? .
പുല്ലിൻ്റെ വേദനയറിയുകയും അത് വേദനയുടെ ശ്രീവത്സമാണെന്ന്  വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരെഴുത്തുകാരൻ  ഭാരതത്തിലുണ്ടായി .അത് അനിവാര്യമായിരുന്നു .വ്യാസൻ്റെയും വസിഷ്ഠമുനിയുടെയും മഹാദർശനങ്ങൾ ഉൾക്കൊണ്ട ഒരു നാട്ടിൽ അതിൻ്റെ തുടർച്ചകൾ ആവശ്യമായിരുന്നു. മനുഷ്യരുടെയുള്ളിൽ കണ്ണുകളുണ്ട്, കാതുകളുണ്ട് .ഉപനിഷത്തിൽ  പറയുന്നപോലെ പതിനെട്ട് ആത്മാവുകളും ലിംഗാത്മാവുമുണ്ട്. അതിനെ ഉണർത്താൻ അല്ലെങ്കിൽ അടഞ്ഞു പോകാതെ തടയാൻ വാക്കുകൾ ആവശ്യമുണ്ടായിരുന്നു. വിജയൻ ഒരന്തരിന്ദ്രിയമായിരുന്നു. ഭൂതകാലത്തിലേക്ക് മാത്രമല്ല ആത്മാവിൻ്റെ  അനുസ്യൂതിയിലേക്കും  നമ്മെ കൊണ്ടുപോകാൻ പുതിയ ഫിക്ഷ്ൻ വേണമായിരുന്നു. വിജയൻ അതാണ്  നൽകിയത് .അത് സാധാരണ ലൗകികപ്രശ്നങ്ങളുടെ നേർക്കുള്ള വികാരപരമായ നോട്ടമല്ല; ആന്തരികതയുടെ നോട്ടമായിരുന്നു. നിത്യജീവിതയാഥാർഥ്യങ്ങളെ മോടിപിടിപ്പിച്ച് അവതരിപ്പിക്കുന്ന കഥകൾകൊണ്ട് വിജയന് തൃപ്തനാകാൻ വയ്യായിരുന്നു .അദ്ദേഹം ഉള്ളിൽ പേറി യ വിസ്മയങ്ങളും കാമനകളും ഭാരമേറിയതായിരുന്നു. ആത്മീയജീവിതത്തിനുള്ളിലെ  പ്രാപഞ്ചികമായ നാടകത്തെക്കുറിച്ച് ഉത്ക്കണ്ഠപ്പെട്ട വിജയൻ തൻ്റെ നേർക്കു വരുന്ന ഓരോ ശബ്ദവും ആസ്വദിച്ചു .ഓരോ നിമിഷവും ജീവിക്കുന്നതിൻ്റെ  ആഖ്യാനമാണ് വിജയിനിലൂടെ  പുറത്തുവന്നത്.ജീവിക്കാതെ  എഴുതുന്നവരുണ്ടാകാം .അവരുടെ എഴുത്തിൽ നിന്ന് ഊർന്നു വീഴുന്നത് ഉപരി ജീവിതമല്ല, അതിൻ്റെ  അതിസൂക്ഷ്മമായ ചലനങ്ങളാണ്.



മയിൽ പറക്കുന്നു

ഓർമ്മകളെ ഒരു വലിയ കാടായി അനുഭവിച്ചുകൊണ്ടാണ് എഴുതേണ്ടത്. ഒരു സംഭവത്തിൻ്റെ മങ്ങിയ ഓർമ്മയെ വലുതാക്കുകയല്ല , നാനാതരത്തിലുള്ള ഓർമ്മകളെ  പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ഓർമ്മകൾ മാറികൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാൽ വിചിത്രമായി തോന്നാം. ഫ്രഞ്ച് നോവലിസ്റ്റ് മാർസൽ പ്രൂസ്ത്  അങ്ങനെ പറഞ്ഞു. അദ്ദേഹത്തിൻ്റെ  വീക്ഷണത്തിൽ ഒരാൾ ഒരേ കാര്യം തന്നെ ഓർക്കുന്നത് പലവിധത്തിലാണ്. പത്തുവയസ്സിൽ മനസ്സിൽ കയറിക്കൂടിയ ഒരു സംഭവം നാല്പതും അമ്പതും വയസ്സിൽ ഓർക്കുമ്പോൾ രൂപാന്തരമുണ്ടാകും .ഓർമ്മകളെ നാം  കണ്ടെത്തുകയാണ്. അല്ലെങ്കിൽ, നമ്മൾ എന്താണോ ഓർമിക്കുന്നത്, ആ  സംഭവം പഴയതുപോലെയല്ല മനസ്സിലേക്ക് വരുന്നത്. ഇതിനെ വിജയൻ തൻ്റെ നിലയിൽ പരിഷ്കരിച്ചു. അദ്ദേഹം ഓർമ്മകളെ  മിത്തുകളായാണ് പുനരുജ്ജീവിപ്പിച്ചത്. അത് കലയുടെ സ്പർശംകൊണ്ട് മയിൽപ്പീലി പോലെ സുന്ദരമായി. ഭൂതകാലത്തെയാകെ മിത്താക്കി മാറ്റുകയായിരുന്നു .അത് ജീവിതത്തിൻ്റെ ഒരു ഛേദമല്ല;  അവിശ്വസനീയമായ അനുഭവങ്ങളുടെ മായികമായ അസ്തിത്വമായി പരിവർത്തനം ചെയ്യപ്പെട്ടു .ഇതിൽ  സൗന്ദര്യാത്മക തലത്തിൽ ആഴമുള്ള  ആശയങ്ങളുണ്ട്. സൗന്ദര്യാത്മകത യിലേക്ക്  അന്ധമായി നീങ്ങുന്ന എഴുത്തുകാരുണ്ട് .ഒരു രംഗവേദിയിലെ  അവതരണം മിഴിവോടെ വിവരിക്കുന്നതിന് സമാനമായ സൗന്ദര്യബോധമാണത് .ഒരു കഥാപാത്രം ആണോ പെണ്ണോ ആകട്ടെ , കഥയിൽ കൃത്യമായ അടയാളങ്ങളോടെ വേറിട്ട് നിൽക്കണമെന്ന് വാദിക്കുന്നതും ഈ സൗന്ദര്യബോധത്തിൻ്റെ  അടിസ്ഥാനത്തിലാണ് കാണേണ്ടത് .

ഒരു ആവിഷ്കാരത്തിൻ്റെ പൂർണത മാത്രമല്ല സൗന്ദര്യാത്മകത;അത്  വായനക്കാരന് വിസ്മയമായി മാറണം. ആദ്യമായി നേരിടുന്നതാണെന്ന് അവനു തോന്നണം. അവൻ്റെ സങ്കല്പങ്ങളിലേക്ക്  ഒരു മയിൽ പറന്നിറങ്ങണം. അസ്തിത്വത്തിൻ്റെ ഒരടി മുകളിലേക്ക് ഉയർത്തണം .വിജയൻ അത് പാലിച്ചിട്ടുണ്ട് ,എപ്പോഴും.  സൗന്ദര്യാത്മകചിന്തയെ ആത്മീയ ,അസ്തിത്വവാദചിന്തകളുടെ , അനുഭൂതികളുടെ സമന്വയ ബിന്ദുവാക്കിക്കൊണ്ടാണ് ഇത് സാധ്യമാക്കിയത്‌. ആധുനികതയുടെ ഒരു ഘടകം ഇതിൽ ശക്തമാണ് .അത് അസ്തിത്വബോധമാണ്. അസ്തിത്വബോധമില്ലെങ്കിൽ എഴുത്ത് ഒരിക്കലും സമകാലികമാവില്ല. ഏത് കലയ്ക്കും ഇന്നത്തെ അറിവിനൊപ്പം  മുന്നേറേണ്ടതുണ്ട്. കാരണം പ്രേക്ഷകൻ പുതിയതാണ് .അവൻ്റെ  ചിന്തയുടെ വേഗതയും കനവും വേറെയാണ് .അസ്തിത്വവാദം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യബോധത്തെയും തിരഞ്ഞെടുപ്പിനെയുമാണ്  ഉൾക്കൊള്ളുന്നത് .ഒരാൾ അവൻ്റെ  ഏത് തീരുമാനത്തിനും ഉത്തരവാദിത്വമെടുക്കണം. ഏതാണ് ശരി എന്ന ചിന്ത എപ്പോഴും കുഴയ്ക്കുകയാണ് .വ്യക്തി ആയിരിക്കുക എന്നാൽ ഈ സ്വാതന്ത്ര്യത്തിൻ്റെയും ഉത്തരവാദിത്വത്തിൻ്റെയും വ്യഥ  ഏറ്റെടുക്കുക എന്നാണർത്ഥം. എന്നാൽ എന്ത് തിരഞ്ഞെടുക്കുമ്പോഴും അത് ശരിയാകുമെന്ന് ഉറപ്പില്ല. മാത്രമല്ല ,മിക്കപ്പോഴും  തീരുമാനങ്ങൾ പാളിപ്പോവുകയും ചെയ്യുന്നു .ഇത് ഒരുവനെ ഏകാകിയാക്കുന്നു. ഇതാണ് അസ്തിത്വവ്യഥ .ഈ വ്യഥ ഏത് വസ്തുവിനുമുണ്ട്.  അതിൻ്റെ  അസ്തിത്വപരമായ നിസ്സാരത എപ്പോഴും മഥിക്കും. ഈ വ്യഥയുടെ സാകല്യതയിൽ അകപ്പെട്ട  കഥാപാത്രങ്ങളാണ് വിജയൻ്റേത്. സ്വന്തം ചിന്തകളുടെ കയത്തിൽപ്പെട്ട് ഗതിയറിയാതെ  ഉഴലുന്ന മനുഷ്യനെ കാണിച്ചുതരികയാണ് .അതോടൊപ്പം ഇന അവ്യവസ്ഥയിൽ നിന്ന് രക്ഷ നേടാൻ എന്താണ് വഴിയെന്ന്  ആലോചിക്കുന്നു .അവിടെ ആത്മീയചിന്താധാരകൾ പ്രവേശിക്കുന്നു .മുക്തിയെ ജീവൻ്റെ സ്വഭാവമായി കാണുകയാണ്. അതുകൊണ്ടാണ് വേദനയുടെ ശ്രീവത്സം എന്നെഴുതിയത് . സൗന്ദര്യാത്മകതയും അസ്തിത്വ ബോധവും ആത്മീയതയും ഒരുമിച്ചു ചേരുമ്പോഴാണ് വിജയൻ്റെ ഭാഷയുണ്ടാകുന്നത്. ഇടി വെട്ടുന്ന രംഗം 'തലമുറകളി'ൽ വിവരിക്കുന്നത് നോക്കൂ :"മഹാമാരിയിൽ നിന്നും പെരുമഴയിൽ നിന്നും  കൊടുങ്കാറ്റിൽ നിന്നും തങ്ങളുടെ ഇത്തിരിയിത്തിരി അസ്തിത്വങ്ങളെ ചാക്കും കീറപ്പൊതപ്പും കൊണ്ട് മൂടി പൊൻമുടിയുടെ ആശ്രിതന്മാർ  അവരുടെ കുടിലുകൾക്കകത്ത് ചുരുണ്ടുകിടന്നു. തൻ്റെ കൂടെ അഞ്ച് അനാഥർ ,ലോകത്തിൻ്റെയത്രയും അനാഥത്വം ,മുകളിൽ ആകസ്മിക ഭയങ്ങളുടെ കൊറ്റക്കുട ,നീലയും പച്ചയും ചുവപ്പും തീയ്യിഴകൾ കലർത്തിപ്പിന്നിയ  ഇടിമിന്നലുകൾ അവരെത്തേടി ഉന്നംപിഴച്ച്  പൊട്ടിയൊടുങ്ങി .എവിടെ ഈശ്വരൻ ?ചാമിയാരപ്പൻ മഴവെള്ളത്തിലേക്ക് കാർക്കിച്ചു തുപ്പി .ലോകത്തിലെ യത്രയും അനാഥരോട് കാണിക്കുന്ന ക്രൂരത ഏത് ശുക്ളാംബരധാരിയായ പ്രശാന്തവിഷ്ണുവിൻ്റേതാണ് ? ഇപ്പോൾ ചാമിയാരപ്പൻ  ആ ചെറുകുട്ടികളുടെ സാന്നിധ്യം പോലും അറിയാതെ നടന്നു. ഓരോ ഇടിവെട്ടിലും അയാൾക്കകത്തെ  ദൈവനിഷേധം അതിൻ്റെ ഉച്ചസ്ഥായികളിലേക്കുയർന്നു .താൻ കുടയെടുക്കാൻ വിട്ടുപോയത് അയാൾ  അപ്പോഴാണ് ഓർത്തത്. സാരമില്ല. ഇങ്ങനെ പോകുന്നതാണ് ചിതം. താൻ പുത്രൻ ,ദൈവം, പിതാവ് .ഇത് സൃഷ്ടിയിലെ ഏറ്റവും തീക്ഷ്ണമായ സംഗരങ്ങളിൽ ഒന്നാണ് .അതിനെ ഒരു മറക്കുട ഒളിപ്പിച്ചു കൂടാ. പ്രപഞ്ചജാതകത്തിൻ്റെ ഒറ്റയായ കാലബിന്ദുവിൽ ചാമിയാരപ്പൻ നിന്നു. തനിക്കുചുറ്റും വാതകസ്വരൂപിയായ ശൂന്യത ,തന്നെ  കാൽപ്പടങ്ങളെ  താങ്ങി  അടിയിൽ ഭൂമിയുടെ ഒരു ധ്രുവം, ചാമിയാരപ്പൻ മുഷ്ടിചുരുട്ടി ആകാശത്തിലേക്ക് വിളിച്ചുപറഞ്ഞു, ഈശ്വരനില്ല ! . ആ നിമിഷത്തിൽ പ്രപഞ്ചത്തിൻ്റെ  ഏതോ അഗാധ സൗമ്യത ഒരാഗ്നേയത്തിൻ്റെ  മഹാമൂർത്തിയായി ,ശബ്ദശാന്തിയായി, നാദതനു അനിശം ,ശങ്കരം , അത് ചാമിയാരപ്പൻ്റെ ധ്രുവത്തെ തൊട്ടുതഴുകി  കടന്നുപോയി.ചാമിയാരപ്പൻ ആ സ്ഫോടനം കേട്ടില്ല. ഒരു മൂർത്തീകരണത്തിൻ്റെ മൗഢ്യത്തിൽ ചിത്തം ഭ്രമിച്ച അയാൾ തനിക്കരികേ കൂടി  കടന്നുപോയത് അതിശക്തമായ ഒരിടിമിന്നലാണെന്ന് അറിഞ്ഞില്ല " .

സൂക്ഷ്മശരീരിയായ യാത്രികൻ

'ഖസാക്കിൻ്റെ ഇതിഹാസ ' ത്തിലെ രവിയെ  തെറ്റിദ്ധരിക്കരുത്. ചിലർ  പ്രസംഗിക്കുന്നത് കേട്ട് അതിശയപ്പെട്ടിട്ടുണ്ട്. രവി മാതൃകയാണെന് ആരോപിക്കുകയാണ്.അങ്ങനെ  തട്ടിവിടുന്നവരോട് സഹതപിക്കാം. അത്തരം  ഒരു സൂചനപോലുമില്ലല്ലോ. എല്ലായിടത്തും വിജയിക്കുന്നവരെയും ആദർശ രാഷ്ട്രീയമാതൃകകളെയും കഥാപാത്രങ്ങളാക്കണമെന്നില്ല. മനുഷ്യൻ്റെ അവസ്ഥ പലവിധം ആണല്ലോ .ഒരാളുടെ ജീവിതം വെച്ച് മറ്റൊരാളുടെ അവസ്ഥയെക്കുറിച്ച് പറയാനാവില്ല. അതുകൊണ്ട് ഓരോരുത്തരും അനുഭവിക്കുന്നതു  വച്ചാണ് ജീവിതത്തെക്കുറിച്ച് പറയുന്നത്. ചിലപ്പോൾ ഉത്തരമില്ലാതെ സ്തംഭിച്ചു നിൽക്കുന്ന സന്ദർഭങ്ങളുണ്ട് .ജീവിതത്തിൻ്റെ  നിഗൂഢതകൾ അവസാനിക്കുകയില്ല. നളൻ്റെ  ജീവിതാവസ്ഥ മറ്റൊന്നിനോട് താരതമ്യം ചെയ്യാനാവില്ല. നളനെയും  നാരദനെയും താരതമ്യംചെയ്ത് രണ്ടുപേരും ഒരേ തരത്തിലാണെന്ന് വാദിക്കുന്നത് സാഹിത്യത്തെക്കുറിച്ചുള്ള ആധുനിക വിജ്ഞാനം വച്ച്  ശരിയാവില്ല. ഓരോ വ്യക്തിക്കും അതുല്യമായ അവസ്ഥകളുണ്ട്. 'ഖസാക്കിൻ്റെ  ഇതിഹാസ 'ത്തിൽ രവി എന്ന കഥാപാത്രത്തിലൂടെ ഒന്നും സ്ഥാപിക്കാനല്ല ശ്രമിക്കുന്നത് .മനുഷ്യൻ്റെ ഏറ്റവും ഋജുവും പ്രാപഞ്ചികവുമായ യാത്രകൾ   കേവലയുക്തിക്ക് വഴങ്ങണമെന്നില്ല. വസ്തുക്കളെക്കുറിച്ചുള്ള അവബോധമാണ് എല്ലാ ദുഃഖങ്ങൾക്കും കാരണം .എന്നാൽ ഒരാൾ തനിക്കാവശ്യമുള്ള ദുഃഖം എങ്ങനെ ഉത്പാദിപ്പിക്കുമെന്നു  പ്രവചിക്കാനാവില്ല. ഒരാളുടെ ജീവിതത്തിന് അടിസ്ഥാനം അതായിരിക്കും .എന്നാൽ മനുഷ്യൻ്റെ  നിസ്സാരവും ദുഃഖാത്മകവും വിരക്തവുമായ അസ്തിത്വത്തെ പശ്ചാത്തലമാക്കി അഭൗമമായ ജ്ഞാനത്തെ  സ്വാംശീകരിക്കാനാണ് വിജയൻ ശ്രമിച്ചത് .അപ്രത്യക്ഷമായിരിക്കുന്നതിൽ നിന്നുള്ള സന്ദേശങ്ങൾ മനസ്സിനെ  വന്നു വിളിച്ചുകൊണ്ടിരുന്നു .അതിൻ്റെ തെളിവ് ' ഗുരുസാഗര'ത്തിൻ്റെ ഒടുവിൽ  കാണാം .കുഞ്ഞുണ്ണി നിർമ്മലാനന്ദനോട് കല്യാണിയെക്കുറിച്ചുള്ള സത്യം  പറയുന്ന രംഗമാണ്.' അവൾ എൻ്റെ യായിരുന്നില്ല' - കുഞ്ഞുണ്ണി പറഞ്ഞു. എന്നാൽ നേർമകളല്ലാതിരുന്നിട്ടും നോവലിസ്റ്റ് കുഞ്ഞുണ്ണി -കല്യാണി  ബന്ധത്തെ വ്യാസൻ - ശുകബന്ധമാക്കി ,പിതൃ-പുത്ര ബന്ധത്തിലേക്ക് നമ്മെ  കൊണ്ടുപോകുന്നു. അതിൻ്റെ മിസ്റ്റിക് ഭാവന നോവലിനെ മിത്തുകളിന്മേലുള്ള  നിർമ്മിതിയാക്കുകയാണ്.
" അദ്ധ്യയനത്തിൻ്റെ  പ്രളയജലത്തിൽ മുങ്ങിപ്പൊങ്ങി കുഞ്ഞുണ്ണി നിലവിളിച്ചു.സതീർത്ഥ്യാ ,എന്നെ  കരകയറ്റുക ,സതീർത്ഥ്യാ നീയെനിക്ക് ദീക്ഷ തരുക.
' ഉണ്ണി ,നീ ഗുരുവിനെ തേടുകയല്ലേ ?'
അതെ .
നോക്കൂ .ഇത് നിൻ്റെ  ഗുരു -കടലിൻ്റെ  വിസ്തൃതിയിൽ ഇപ്പോൾ ഗുരുപ്രസാദം നിറഞ്ഞു .കടലിനു മുകളിൽ കുഞ്ഞുണ്ണി കല്യാണിയുടെ ശബ്ദം കേട്ടു.
'അച്ഛാ ,അച്ഛൻ വേദനിക്കുന്നുവോ '?
'അതെ മകളെ ' .
'ജൈവധാരയുടെ നിരന്തരതയെക്കുറിച്ച് അച്ഛൻ്റെ പൂച്ച പരീക്ഷിത്ത് ,അച്ഛനു  ഉപദേശം തന്നില്ലേ '?
'തന്നു '
ഈ ജന്മത്തിലല്ലേ ഞാൻ അച്ഛൻ്റെ മകളല്ലാതായിരുന്നിട്ടുള്ളു ? പിറകോട്ടു  തിരിഞ്ഞു നോക്കൂ .അച്ഛനു ഓർമ്മയില്ലേ ,ഞാൻ ശുകനും  അച്ഛൻ വ്യാസനുമായിരുന്നത് " ? .

ഒരിന്ത്യൻ നോവലിൽ ഇതുപോലുള്ള രംഗങ്ങൾ ഉണ്ടാവേണ്ടതല്ലേ ?കാരണം ഇന്ത്യൻ മനസ്സ് (Indian Psyche) എന്ന ഒരു മിത്ത് ഉണ്ട് ;  "ഗുരുസാഗരം' ആ മനസ്സിലൂടെയാണ് സഞ്ചരിക്കുന്നത്. ഈ ജന്മത്തിൽ അച്ഛനും മകളുമായില്ലെങ്കിൽ സാരമില്ല, എത്രയോ ജന്മങ്ങളിൽ  അതിനു സാധ്യതയുണ്ട് എന്ന് പറയുന്നിടത്ത് വിജയൻ കൊണ്ടുനടക്കുന്ന അന്തരംഗ വ്യഥ പൂർണമാവുകയാണ്. ഇതാണ് അദ്ദേഹത്തിൻ്റെ  വരുംവരായ്കകൾ. ഇതാണ്  അദ്ദേഹത്തിൻ്റെ സ്ഥല രാശികൾ . ഇതാണ് കലയുടെ നിർമ്മാണത്തിനാവശ്യമായ മിഥ്യ. മായകൊണ്ട്  പൊതിയപ്പെട്ട ജീവിതത്തെ എങ്ങനെ സൗവർണ്ണ ദീപ്തമാക്കാമെന്ന് ഓരോ മനുഷ്യനും ആലോചിക്കേണ്ടതാണ്. അവൻ്റെ അവബോധത്തിൽ അതിനുള്ള ഉത്തരം കിട്ടും.

മാനവരാശി  നൂറ്റാണ്ടുകളിലൂടെ ഹിംസാത്മകമായി  കുതിക്കുകയാണ്. എങ്ങോട്ട്? മിഥ്യകൾ ഭേദിച്ച് വീണ്ടും  മിഥ്യകളുടെ വന്യതയിലേക്ക്. സ്വയം  ആരാണെന്നറിയാതെ പലജന്മങ്ങൾ ജീവിക്കേണ്ടിവരുന്നത് മിഥ്യയോ യാഥാർത്ഥ്യമോ ?

ഈ വിഷമസന്ധിയെക്കുറിച്ച് 'ഗുരുസാഗര'ത്തിൽ ആഴമുള്ള ഒരു ശബ്ദമുയരുന്നത് ഇങ്ങനെയാണ്: "കാലാന്തരങ്ങളിലൂടെ നീണ്ട ഒരു പടക്കളത്തിൻ്റെ വിസ്തൃതി താണ്ടി നടന്ന പോലെ  കുഞ്ഞുണ്ണിക്ക് തോന്നി.വീണ്ടും വീണ്ടും ആയുധം പണിഞ്ഞ് വീണ്ടും വീണ്ടും ആയുധമെടുത്ത  മനുഷ്യൻ്റെ സ്ഥൂലതയ്ക്കകത്ത് സൂക്ഷ്മശരീരിയായ  ഒരു യാത്രികൻ ഇരുന്ന് അതത്രയും  നോക്കി അന്ധാളിച്ചു. ഏതോ പൗരാണിക പ്രകൃതിയുടേതായ  വനങ്ങൾക്കും സ്ഥലങ്ങൾക്കും ജലങ്ങൾക്കും വേണ്ടി കൊതിച്ച്, ദുഃഖിച്ച് അവയെ നേടാൻ കഴിയാഞ്ഞ് തൻ്റെ സ്ഥൂലപിണ്ഡത്തെ സൂക്ഷ്മശരീരി കൈവെടിഞ്ഞു " .

സൂക്ഷ്മശരീരിയായ ഒരു യാത്രികൻ എന്ന് എഴുതിയിരിക്കുന്നതിൽ  വിജയൻ്റെ  ദാർശനികമായ അനുധാവനം  ആകെയുണ്ട് .ഈ യാത്രികൻ  പല ജന്മങ്ങളിലൂടെ ജീവിക്കുകയാണ് .ആത്മാവ് പഞ്ചഭൂതങ്ങളിൽ നിന്ന് പിൻവലിഞ്ഞ് പുറത്തുകടന്നു അനുരൂപമായ ഭൂതങ്ങളെ തേടി വീണ്ടും ശരീരിയാവുന്നു.അതു തുടരുകയാണ്. ആ തുടർച്ചകളിൽ  ശാശ്വതമായ  പുരുഷാർത്ഥങ്ങൾ എവിടെ? വൈകാരികക്ഷോഭത്താൽ  അന്ധത ബാധിച്ച് യുക്തിയും ചിന്തയും നഷ്ടപ്പെടുത്തി സ്വയമൊരു  നരകമാകുമ്പോൾ, ആ യാത്രികൻ ദുഃഖിക്കുന്നു.

ജന്മാന്തരമായ സ്മൃതികൾ.

ഇതേപോലെ ജീവികളെ, ജീവജാലങ്ങളെ കൂട്ടിയിണക്കുന്ന സാഹോദര്യത്തിൻ്റെയും  മമതയുടെയും അവസാനിക്കാത്ത തരംഗത്തെക്കുറിച്ച് 'ധർമ്മപുരാണത്തി'ലും മുന്നറിയിപ്പു നൽകുന്നു. എല്ലാം കാണുന്ന യാതൊരാളുടെ പ്രസാദമാണിത്. യുദ്ധംചെയ്തും കൊന്നും നേടിയെടുത്തതെല്ലാം വ്യർത്ഥമാവുന്നതറിഞ്ഞ്  വിലപിക്കുന്ന ഒരാൾ എവിടേക്കാണ് നോക്കേണ്ടത്? അയാളെ ആർക്കു സമാശ്വസിപ്പിക്കാൻ കഴിയും ?മുക്തിയുണ്ടാകുമോ? അതെങ്ങനെയായിരിക്കും? 'ധർമ്മപുരാണ'ത്തിൽ പരാശരൻ എന്ന കഥാപാത്രം താൻ വന്നുപെട്ട  വിപത്സന്ധിയെക്കുറിച്ചോർത്ത്  ആഴത്തിൽ  മുറിവേല്ക്കുകയാണ്. "പരാശരൻ ഉണർന്നു .എത്രയുറങ്ങി ? അറിഞ്ഞില്ല .ബോധിസത്വൻ്റെ കണ്ണീരുപോലെ തൻ്റെ മേൽ മഴ പെയ്യുകയും വരളുകയും ചെയ്തിരുന്നു. സൂര്യൻ ഉയരുകയും അസ്തമിച്ചുദിച്ചു പിന്നെയും അസ്തമിക്കുകയും  ചെയ്യുന്നു.പരാശരൻ ജാഹ്നവിയുടെ തീരത്ത് നിന്നു. അപ്പോഴാണ് പൊടുന്നനെ അയാൾ ആ മരം കണ്ടത്.

അനാഥനായ പരാശരൻ്റെ മുകളിൽ അപാരമായ ആ വടവൃക്ഷം പടർന്നു നിന്നു.പരാശരൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പരാശരൻ മരത്തിൻ്റെ  മുമ്പിൽ മുട്ടുകുത്തി .പരാശരൻ മരത്തെ  കെട്ടിപ്പിടിച്ചു. പരാശരൻ  അലമുറകൊണ്ടു .
'സിദ്ധാർത്ഥാ' ,രാജാവേ ,ഇത് അങ്ങാണോ ?'
ഓരോ ഇലയും കൊമ്പും പരാശരനോടു സംസാരിച്ചു. അതൊരു സ്വരപ്രളയമായി. അതിൻ്റെ അർത്ഥം മനസ്സിലാകാതെ പടനായകൻ അതിൻ്റെ  തിരകളിൽ മുങ്ങിപ്പൊങ്ങി " .



എന്താണ് അയാൾക്ക് സംഭവിച്ചത്? അയാൾ ജ്ഞാനലബ്ധിയിൽ കരയുകയാണ് ചെയ്തത് .'മൃഗസൃഷ്ടിയുടെ തീരാദുഃഖത്തിൽ ' എന്നെഴുതിയിരിക്കുന്നത്  എന്തിനാണ്? സൃഷ്ടിപ്രക്രിയയുടെ ദീർഘിച്ച കാലത്തെ അതിൽ  സ്വാംശീകരിച്ചിരിക്കുകയാണ്. അജ്ഞാതത്വവും നിസ്സഹായതയും നിർത്ഥകതയും ഒരുമിച്ച് മുന്നിൽ വന്നിരിക്കുകയാണ്. ജീവിതം ദുഃഖ രാഗമാണ്. ദുഃഖത്തെ ഭക്ഷിച്ചുകൊണ്ടുതന്നെ സുഖത്തെക്കുറിച്ച് സ്വപ്നം കാണുന്നു. സുഖം അനുഭവിക്കുന്നു എന്ന് പറയുമ്പോഴും ദുഃഖം ആവരണം ചെയ്യുന്നു. ദു:ഖത്തിൻ്റെ നൈരന്തര്യത്തെ  എങ്ങനെ മറികടക്കും?വ്യാമിശ്രമായ  ഒരു പ്രപഞ്ച ബോധം ഇതിനാവശ്യമാണ്. ബുദ്ധാത്മകവും തൈത്തിരീയവുമായ  ആത്മീയധാതുക്കളെ  കടഞ്ഞ് പ്രാണരസത്തിൻ്റെ  നേര് അറിയുകയാണ്. യാതൊന്നും അവലംബമായില്ലാത്ത ഒരിടത്ത്‌ മനുഷ്യൻ സ്വന്തം ഉണ്മയെയെക്കുറിച്ച് വൃഥാ ചിന്താധീനനാവുന്നു.ഉണ്മ എന്തെന്നറിഞ്ഞാലും പ്രയോജനമില്ല. അത് സാക്ഷാത്കരിക്കാനാവുന്നില്ലല്ലോ എന്ന വ്യഥ  പിന്നെയും ബാക്കിയാവുന്നു. വിജയൻ്റെ  കഥാപാത്രങ്ങൾ ജനിമൃതികളുടെ സന്ധ്യകളിലൂടെ നീങ്ങുന്നവരാണ്. അവർ കാലങ്ങളിലൂടെ ഒഴുകുകയാണ്. ഇടയ്ക്കു ജന്മാന്തരമായ സ്മൃതികളിൽ, കാര്യകാരണങ്ങളറിയാതെ അവർ സന്ധിക്കുന്നു .പാപത്തിൻ്റെയും പുണ്യത്തിൻ്റെയും സമസ്യ അറിയാതെ ഉഴലുന്നവർക്ക് വിജയൻ്റെ  കൃതികൾ മഹത്തായ ധർമ്മം നിർദേശിക്കുന്നു. ഇത് ശ്രീബുദ്ധൻ്റെ ധർമ്മദർശനമാണ്. 'ധർമ്മപുരാണ'ത്തിൽ ഇതു വളരെ വിശുദ്ധിയോടെ  രേഖപ്പെടുത്തുന്നുണ്ട്. സുനന്ദൻ്റെ മരണത്തിനു  സമീപമാണ് ആ ശബ്ദങ്ങൾ അലയടിക്കുന്നത്. "തീൻമേശയ്ക്കരികെയിരുന്ന ചെറിയപെൺകുട്ടിയോട് സുനന്ദൻ പറഞ്ഞു ,  സുന്ദരിയായ പെൺകുട്ടീ ,എൻ്റെ ധാതുക്കൾ നിൻ്റെ ഉടലിൽ  വീണ്ടും പിറവികൊള്ളുന്നു. നീ ഉറങ്ങുമ്പോൾ നീ വളരുമ്പോൾ, നീ പകൽക്കിനാവ് കാണുമ്പോൾ  എൻ്റെ  വർഗ്ഗത്തിൻ്റെ പ്രാചീനദുഃഖം ഞാൻ നിനക്കു പറഞ്ഞുതരാം . ശിവശീർഷത്തിൽ നിന്നു  പൊട്ടിച്ചിതറി താഴോട്ടൊഴുകിയ ഒരേ പുഴയുടെ ചാലുകൾ മാത്രമാണ് നാം " .ഇത്ര വ്യക്തമായാണ് വിജയൻ എഴുതിയിരിക്കുന്നത് .തൻ്റെ  സൗന്ദര്യദർശനത്തിൻ്റെ  വേരുകൾ എവിടേക്കാണ് ആഴ്ന്നിറങ്ങിയിട്ടുള്ളതെന്ന് അദ്ദേഹം എല്ലാ കൃതികളിലും വ്യക്തമാക്കിയിട്ടുണ്ട് .ഭാരതത്തിൻ്റെ  സമകാലിക സന്ദർഭത്തിൽ പൗരാണികമായ അർത്ഥസംജ്ഞകൾ ഉപയോഗിക്കുന്നതിൽ നിന്ന് പലരും മാറി നിന്നിട്ടുണ്ട്‌; അല്ലെങ്കിൽ അതെങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ല .വിജയൻ തൻ്റെ സൂക്ഷ്മമായ വൈകാരിക  അനുഭവങ്ങൾ പോലും പ്രാപഞ്ചികദർശനത്തിൻ്റെ സൂചനകളായി തിരിച്ചറിഞ്ഞു വിപുലീകരിക്കുകയായിരുന്നു.  മഹത്തായ പാരസ്പര്യത്തിൻ്റെ  പ്രാചീനമായ അറിവാണത് .ശ്രീകൃഷ്ണ ദർശനത്തിൻ്റെ ,ധർമ്മത്തിൻ്റെ  കാതൽ പാരസ്പര്യവും രമ്യതയുമാണ്‌.ഈ രമ്യതയെ  ഒരിക്കലും കൈവിടാതെയാണ് നോവലിസ്റ്റ്  വാക്കുകളെ സമീപിച്ചത്.നമ്മൾ അതിൽ കാണുന്ന സംവദനത്വത്തിൻ്റെ  ആകാശം ഈ ധർമ്മമാണ്.

എന്നാൽ ധർമ്മങ്ങൾ  ഇവിടെ ലംഘിക്കപ്പെടുകയാണ്.  കുരുക്ഷേത്രത്തിൽ വെട്ടിത്തിളങ്ങിയ ധർമ്മസംസ്ഥാപനം പിന്നെയും അലങ്കോലപ്പെട്ടു. അത് മനുഷ്യരെ വീണ്ടും കാപാലികരാക്കുന്നു; യുദ്ധങ്ങൾ  ഉണ്ടാവുന്നു.മനുഷ്യൻ്റെ ദൈന്യത  അവസാനിക്കുന്നില്ല. ഈ പ്രശ്നം 'ധർമ്മപുരാണ'ത്തിൽ സിദ്ധാർത്ഥനും പരാശരനും തമ്മിലുള്ള സംവാദത്തിൽ ഉയരുന്നുണ്ട് .മനുഷ്യർ എന്തുകൊണ്ട് ഭോഗാസക്തിയിൽ നിന്ന് വിമുഖരാവാതെ കൊലപാതകങ്ങളിൽ സന്തോഷിക്കുന്നു എന്ന് സിദ്ധാർത്ഥൻ ചോദിക്കുന്നു. അയാൾ 'നദീതടത്തിലെ ഈശ്വരന്മാരേ ' എന്ന് സംബോധന ചെയ്തുകൊണ്ടാണ് ആ ചോദ്യങ്ങൾ  ഉയർത്തിയത്. അപ്പോൾ  നദീതടത്തിലെ ഈശ്വരന്മാർ ഇരുട്ടിൽനിന്ന് മെല്ലെ  തെളിഞ്ഞുവന്നു. സിദ്ധാർത്ഥൻ്റെ  മനോഗതം ഇങ്ങനെ വിവരിക്കുന്നു:
''എൻ്റെ  പ്രിയപ്പെട്ട മൂർത്തികളേ ,സിദ്ധാർത്ഥൻ  ദുഃഖം പൂണ്ടു. ആരാധിക്കപ്പെടാതെ നിങ്ങൾ പ്രഭയറ്റ് ,കരുത്തറ്റ്, നിസ്സഹയരായിത്തീർന്നല്ലോ. ബോധിസത്വൻ്റെ ദുഃഖമറിഞ്ഞ ഈശ്വരന്മാരിൽ നിന്ന് രാക്കാറ്റിനെപ്പോലെ ആഴത്തിൽ ഒരു കരച്ചിലുയർന്നു.
സിദ്ധാർത്ഥൻ  പറഞ്ഞു:
'എനിക്ക് മറുപടി തരിക' .
മറുപടിയായി നദീതടത്തിലെ ഈശ്വരന്മാർ തങ്ങളുടെ കണ്ണുകൾ പിഴുതെടുത്ത് ഒന്നൊന്നായി നീരൊഴുക്കിലേക്കെറിഞ്ഞു. ഞാവൽപ്പഴങ്ങളെപ്പോലെ തെളിവെള്ളത്തിൽ അവ ചെന്നുവീണു. കണ്ണുകൾ കറുത്ത മീനുകളായി പുഴയിലൂടെ താഴോട്ടു തുഴഞ്ഞു നീന്തി.വെള്ളത്തിൻ്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി, അവ ജാഹ്നവിയുടെ കണ്ണുകളായി " .

ഇത്ര മനോഹരമായി മനുഷ്യസമസ്യകളെ തൊട്ടുകാണിക്കുന്ന  രചനകൾ കുറവായിരിക്കും . സമകാലികതയെ ഉന്നതമായ സർഗ്ഗപരതയിൽ മിത്തും യാഥാർത്ഥ്യവും തമ്മിൽ സംയോജിപ്പിച്ച് ആധുനികകാലത്തിൻ്റെ മഹത്തായ ഒരു സൃഷ്ടിയാക്കിയിരിക്കുന്നു. കലയുടെ സ്പന്ദം വായനക്കാരനെ അനുഭവിപ്പിക്കാതിരിക്കില്ല. അതിലെ അപ്രിയപരാമർശങ്ങൾ, രതിവിവരണങ്ങൾ എല്ലാം നന്മതിന്മകൾക്കപ്പുറത്ത് കാണേണ്ടതാണ്. മനുഷ്യവംശത്തിൻ്റെ പാപത്തിലേക്കാണ് അത് ചെന്ന് തറയ്ക്കുന്നത്.

ഭാഷ സ്പർശിക്കുന്നു .

'ഖസാക്കിൻ്റെ  ഇതിഹാസ 'ത്തിൽ രവി  അലക്ഷ്യമായി പാമ്പിനു  നേർക്ക് കാല് നീട്ടിക്കൊടുത്തു മൃത്യു വരിക്കുകയാണല്ലോ. എന്നാൽ ഇത് പലവട്ടം വിമർശിക്കപ്പെട്ടു .മരണത്തെ  ആഘോഷിക്കുകയും ജീവിതത്തെ തള്ളിക്കളയുകമാണ് ആ കഥാപാത്രം ചെയ്യുന്നതെന്നായിരുന്നു വിമർശനം. വാസ്തവത്തിൽ ,അത് കലാപരമായ ആവിഷ്കാരമാണ്. നോവൽ ഒരു കലാ മാധ്യമമാണ്. അതിലെ ഓരോ വാക്കും കലയ്ക്ക് വേണ്ടിയുള്ളതാണ്. ആശയപ്രചാരണമൊക്കെ കടന്നുവന്നേക്കാം .എങ്കിലും  നോവൽ അതിനുള്ളതല്ല. കലയുടെ പരമമായ, ആത്യന്തികമായ ഉൾക്കൊള്ളലാണ് നോവലിലൂടെ സാധ്യമാകേണ്ടത്. അതുകൊണ്ടാണ് രവിയുടെ അന്ത്യത്തെക്കുറിച്ച്,  'ഇതിഹാസത്തിൻ്റെ  ഇതിഹാസ 'ത്തിൽ  വിജയൻ ഇങ്ങനെ എഴുതിയത്: "ആ യാത്രയിൽ  ഞാൻ വീണ്ടും വീണ്ടും രവിയുടെ കൂടെ  നടന്നിട്ടുണ്ട് .ആരോഹണമില്ലാതെ, അവരോഹണമില്ലാതെ, ഇടിയും മിന്നലുമില്ലാതെ, നിന്നുപെയ്യുന്ന വെളുത്ത മഴയിലൂടെ. യാത്രാന്ത്യത്തിൽ  ക്ഷീണമാണ് രവിക്കും ,പരാശരനും ( ധർമ്മപുരാണം) കുഞ്ഞുണ്ണിക്കും (ഗുരുസാഗരം). അവരുടെ യാത്രകൾ പിൻപറ്റിയ എനിക്കും. കുതിർന്ന മൺകട്ടകളിലേക്ക് യാത്രയുടെ ക്ഷീണം മുറ്റിയ കാലുകൾ നീട്ടിപ്പിടിച്ച് കാത്തിരിക്കുന്നു. ഉറക്കത്തിൻ്റെ , പുനർജനിയുടെ, അമൃത് നിറയ്ക്കാൻ നീ അതിൽ ദംശിക്കുക ,സർപ്പരൂപായ വിഷ്ണവേ ,വിഷ്ണവേ പ്രഭ വിഷ്ണവേ! " .തൻ്റെ കൃതികളെ ഈ  പുനർജനിയുമായി ,ചിന്തയിലെ അനുസ്യൂതിയുമായാണ് വിജയൻ ബന്ധിപ്പിച്ചിരിക്കുന്നത്. നോവലിനെ പ്രായോഗിക യുക്തിശില്പമായി തെറ്റിദ്ധരിക്കുന്നത് സൗന്ദര്യബോധമില്ലാത്തതുകൊണ്ടാണ്‌. നോവൽ യുക്തിയുടെ മാത്രം തുരങ്കമല്ല; അങ്ങനെയാകരുത്. നോവൽ കലയുടെ വിസ്തൃതമായ ഇടമാണ് ആസൂത്രണം  ചെയ്യുന്നത്. വസ്തുവിനെ  പ്രാഥമികമായി ദർശിക്കുന്ന നോവലിസ്റ്റ് അതിലൂടെ മാനവ ,പ്രകൃതി ജീവജാലങ്ങളുടെ  അന്തർനാടകമാണ് ചിത്രീകരിക്കുന്നത്. അതു പുറത്തു നിന്നു  നോക്കിയാൽ കാണുന്നതാകണമെന്നില്ല; ജീവൻ്റെ ചരിത്രമാണത് .അതിലാണ് രസങ്ങളുടെ ആവശ്യമുള്ളത് .റഷ്യൻ - അമേരിക്കൻ നോവലിസ്റ്റ് വ്ളാഡിമിർ നബോക്കോവ്  പറഞ്ഞത് നോവൽ എന്ന ശാഖയിൽ ഓരോ കൃതിയും മറ്റൊന്നുമായി സാമ്യമുള്ളതാകരുതെന്നാണ്. അതാണ് നോവൽ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. തീർച്ചയായും അന്തർജീവിതമുണ്ട് .പക്ഷേ, അത് ആശയരഹിതമോ കലാവിമുക്തമോ ആകരുത്. ലാറ്റിനമേരിക്കൻ എഴുത്തുകാരൻ ഗാർസിയ മാർകേസിൻ്റെ  'ഏകാന്തതയുടെ ഒരുനൂറുവർഷങ്ങൾ' എന്ന നോവൽ ,ലാറ്റിനമേരിക്കയുടെ ചരിത്രം കലാശാലകൾ പഠിപ്പിക്കുന്നത് പോലെയല്ലല്ലോ അവതരിക്കുന്നത്‌. നിശ്ചയമായും അത് ലാറ്റിനമേരിക്കയുടെ ചരിത്രത്തെ  സ്പർശിക്കുന്നുണ്ട് .എന്നാൽ എഴുതുന്നത് ചരിത്രമല്ല; ചരിത്രത്തെ  മിത്താക്കുകയാണ് ചെയ്യുന്നത്. ഓർമ്മയുടെ വിവിധ ധാരകൾ പുനർജീവിതമെടുത്തു തിരിച്ചുവരുന്നു. കലയിൽ പ്രാചീനവും വിസ്മൃതവുമായ സ്മൃതികൾ ഉയിർകൊള്ളേണ്ട  സന്ദർഭമുണ്ട് .കാരണം അത് ഭാഷകൊണ്ടാണ്  സ്പർശിക്കുന്നത്. ഭാഷ പുരാതനമായ സംസ്കാരങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്ന് ഫ്രഞ്ച് സൈദ്ധാന്തികൻ റൊളാങ് ബാർത്ത് പറഞ്ഞല്ലോ. എഴുത്തുകാരനു പോലും ആ സംസ്കാരത്തിനു അതിർത്തികൾ നിശ്ചയിക്കാനാവില്ല. വാക്കുകൾ ഏതൊക്കെയോ സംസ്കാരങ്ങളിലേക്ക് യാത്രചെയ്തു തിരിച്ചുവരികയാണ് .അവയുമായി സംവേദനം എങ്ങനെ സാധ്യമാക്കാമെന്നാണ് എഴുത്തുകാരൻ ആലോചിക്കേണ്ടത്. ഏതൊരു ചർച്ചയിലും വിജയൻ താനാരാണെന്ന ചോദ്യമുന്നയിക്കുന്നുണ്ട്. ഈ അനന്തമായ  സംവിധാനത്തിൽ ഒരണുവിൻ്റെ  സൂക്ഷ്മഭിന്നതകൾ നമ്മെ എങ്ങനെയാണ് വേർതിരിക്കുന്നത്? 'തലമുറകളി'ൽ ചന്ദ്രനും റോസ് മേരിയും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കാം:
"ഇപ്പോൾ ചന്ദ്രൻ്റെ ആകാംക്ഷ നീങ്ങി. അതെങ്ങനെയെന്ന് ചന്ദ്രൻ പോലും അറിഞ്ഞില്ല. ആകാംക്ഷയ്ക്ക് പകരം അതീവശാന്തമായ ഒരു ത്രികോണം  ആകാശത്തിൽ  തെളിഞ്ഞു.ആഞ്ചലയുടെ ധൂസരധവളിമയിൽ ശുദ്ധമായ കറുപ്പിൻ്റെ മഹാത്രികോണം താൻ ഇതിനു മുമ്പും  കണ്ടതാണല്ലോ, ചന്ദ്രൻ അതിൻ്റെ സാന്നിദ്ധ്യത്തിൽ ത്രസിച്ചു.കീഴുചിറയിൽ വന്ന് മദിരാശിയിലേക്ക്  തിരിച്ചുപോകുമ്പോൾ ആ യാത്രയിൽ,  കാടിൻ്റെ  കരുണയിൽ നെഞ്ചിനകത്ത് ഒരു ഹൃദ്യമായ വേദനയായി പിറവിയെടുത്ത കൊച്ചുത്രികോണം, ഇന്ന് അപാരമായ മഹത്വമാർജിച്ച് ചന്ദ്രൻ്റെ  ആകാശത്തിൽ പാറി ഉയർന്നു നില്ക്കുന്നു.  എന്താണ് ആ ത്രികോണം? സൃഷ്ടി,സ്ഥിതി ,ലയം ,ഇവയുടെ സാരള്യം ,സ്വച്ഛന്ദമൃത്യു " .




ഇതാണ് വിജയൻ  എല്ലാക്കാലത്തും പറയാനാഗ്രഹിച്ച ജ്ഞാനപ്രശ്നങ്ങൾ .അദ്ദേഹത്തിൻ്റെ   ഏകാന്തത ആത്മീയതയുടെ ഒരു വ്യൂഹമായിരുന്നു .തന്നെ കടന്നുപോകുന്ന അപാരതയുടെ മാന്ത്രികമായ ലാവണ്യം എന്താണെന്ന് വിനയത്തോടെ അന്വേഷിക്കുകയാണ് അദ്ദേഹം ചെയ്തത്. നക്ഷത്രങ്ങളെ ആരു നോക്കിയാലും ഫലം ഒന്നുതന്നെയാണെന്ന് 'പ്രവാചകൻ്റെ വഴി' യിൽ പറയുന്നുണ്ട്. നിഗൂഢതകൾ അഴിയുന്നില്ല. മനുഷ്യനാകട്ടെ ദുർബലനാകുകയും ചെയ്യുന്നു. നിയതിയുടെ മുന്നിൽ മനുഷ്യൻ്റെ ജ്ഞാനം നിർദ്ദയമായി കീഴടക്കപ്പെടുന്നു. മഹാ ആശ്ചര്യങ്ങളിലേക്ക് വീണ്ടും വീണ്ടും നോക്കിയിരിക്കുകയാണ് നാം.ഈ പ്രപഞ്ചത്തിൽ മഹാശക്തമായ ഒരു സത്യം നാനാരൂപത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. 'വിഷ്ണു സഹസ്രനാമത്തിൽ' നൈകാത്മാ എന്ന് പറയുന്നു. ഈ വൈവിധ്യ ഭാവപ്രത്യക്ഷതകളും ദുരൂഹതകളും ഒരിക്കലും നീക്കാൻ കഴിയില്ല. അതിനോടുള്ള പ്രതികരണങ്ങളിലാണ് മനുഷ്യൻ ഏർപ്പെടുന്നത്.വിജയൻ ആ വെളിച്ചം തേടി  എപ്പോഴും അലഞ്ഞു.
നൈകാത്മാ.....

1984 ലാണ് ഞാൻ ഖസാക്കിൻ്റെ ഇതിഹാസത്തെക്കുറിച്ച് ഒരു പുസ്തകമെഴുതിയത് - ആത്മായനങ്ങളുടെ ഖസാക്ക് .ആത്മായനങ്ങൾ എന്ന് ആദ്യമായി പ്രയോഗിച്ചത് ഞാനായിരിക്കും. എന്നാൽ അത് ഉപനിഷത്തിൻ്റെ സാരമാണെന്ന് ,അതിസൂക്ഷ്മസാരമാണെന്ന് പിന്നെയാണ് മനസ്സിലായത്.ഇപ്പോൾ ഓർക്കുമ്പോൾ ആ പദസങ്കലനം വളരെ അർത്ഥവത്തായിരുന്നു എന്നും മനസിലാക്കുന്നു.

 

BACK TO HOME

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...