Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

 പുസ്തക നിരൂപണം



എം.കെ.ഹരികുമാർ 



പ്രാചീനമായ നിശ്ശബ്ദതകളിൽ 
ഒരു രാഗം


മധു മീനച്ചിലിൻ്റെ കവിതകൾ


"Beauty is truth, truth beauty, -

that is all.
Ye know on earth,
and all ye need to know "

ഈ ലോകത്ത് ഒരു കവി അന്വേഷിക്കേണ്ടത് രണ്ടു കാര്യങ്ങളാണ്: ഒന്ന് ,സൗന്ദര്യം; രണ്ട് ,സത്യം . മറ്റൊന്നും തിരയേണ്ടതില്ല .പ്രമുഖ കവി ജോൺ കീറ്റ്സ് പറഞ്ഞതാണിത്.

സൗന്ദര്യം എന്ന മതത്തിൽ എത്തിച്ചേരാനായാൽ കവിയെ മറ്റൊരു വിതാനത്തിൽ നമുക്ക് ദർശിക്കാം. യാഥാർത്ഥ്യങ്ങൾ കവി  നിർമ്മിച്ചെടുക്കുന്നു, അല്ലെങ്കിൽ വായിച്ചെടുക്കുന്നു. ഡോ.മധു മീനച്ചിൽ എഴുതിയ കവിതകളുടെ സമാഹാരം 'പാക്കനാർ തോറ്റം '  കാലം എന്ന സമസ്യയാണ് അപഗ്രഥിക്കുന്നത്. പൂർവകാലത്തെ, പ്രത്യേക കാഴ്ചവട്ടത്തിൽ അനുഭവിക്കുന്നു .അതോടൊപ്പം ഈ  വർത്തമാനകാലത്തെ തിരയുകയും ചെയ്യുന്നു.

കാലം നമ്മളെയെല്ലാം മാറ്റി; സ്വയം അപരിചിതമായിത്തീർന്നിരിക്കുന്നു. കാലത്തിൻ്റെ അപരിചിതത്വത്തിൽ  ഒരു വലിയ രഹസ്യമുണ്ട് .മനുഷ്യത്വത്തിൻ്റെ അപ്രത്യക്ഷതയാണത്.നമ്മൾ നിർവികാര ഓർമ്മകളായി മാറുന്നതു പോലെയുള്ള അനുഭവം .  ഭൗതികജീവിതം ഇലകൾ പോലെ കൊഴിയുന്നു. കരിയിലകൾ കാലത്തെ കാണിച്ചുതരുന്നു. മധുവിൻ്റെ  അതിസാന്ദ്രമായ ഓർമ്മകളുടെ തിണർത്ത പാടുകൾ നിറഞ്ഞ  കവിതയാണ് 'മീനാക്ഷിയാർ ' . മീനച്ചിലാറിൻ്റെ സ്പന്ദം കവി കേൾക്കുകയാണ് .ജീവിതയാത്രകളുടെ ആകെയുള്ള സങ്കലിത സംഗീതമാണത്.




"ഭൂമിസുതക്ക് സമാനമാമീ സംസ്കാര
ധാരയും മണ്ണു പിളർന്നു മറകയോ....
നീരറ്റു വിണ്ടുകീറുന്നൊരീ മീനച്ചി-
ലാറിൻ വിലാപങ്ങളാരു കേട്ടീടുവാൻ
ഭൂമിതൻ മാറിലഗാധമുറിവു പോൽ
ഏതോ ചലം വാർന്ന പോലൊഴുകുന്നൊരീ
നിത്യവിലാപസരിത്തിനെ നാമിനി
മീനച്ചിലാറെന്നു പേർ വിളിച്ചീടൊലാ ...."

പാക്കനാർ നമ്മളിൽ

മീനച്ചിലാർ വിലാപസരിത്താണിന്ന്. ആ പേര് പോലും ഇന്ന് ചേരുകയില്ല. മനുഷ്യരുടെ ദൈനംദിന അധർമ്മങ്ങളുടെ , അന്ധതമസ്സുകളുടെ ഭാരം ഒരു നദി ഏറ്റെടുക്കുകയാണ് .
മനുഷ്യരുടെ ക്രുദ്ധമായ വേട്ടയും തീറ്റയും ഒരു നിമിഷനേരംകൊണ്ട് കഴിഞ്ഞാലും അതിൻ്റെ  അവശിഷ്ടമായ എല്ലും തൊലിയും നദികളിലാണല്ലോ എത്തിച്ചേരുന്നത്. ആരും രക്ഷിക്കാനില്ലെന്ന് അറിഞ്ഞ്
നദികൾ കരയുകയാണ്.

" ഏഴരപ്പൊന്നാനയേറി മഹാദേവ - നാറാടുവാൻ വന്ന നിൻ്റെ കയങ്ങളിൽ ചർമ്മണ്വദിക്ക് സമാനമിറച്ചിയും
എല്ലുമടിഞ്ഞുമുടിയുകെന്നോവിധി...."

'പാക്കനാർ തോറ്റം' ഈ  കാലത്തിൻ്റെ  തോൽവിയുടെ കഥയാണ്  പകരുന്നത്.

"പാട്ടുപാടുകയാണുനെഞ്ചി -
നുടുക്കുകൊട്ടിപ്പാക്കനാർ
ആർത്തിമൂത്തൊരിടങ്ങളിൽ വ്യഥ
ചീർത്തു പാടും പാക്കനാർ "

ഈ കവിതയുടെ പാരായണത്തിലൂടെ വായനക്കാരനും ഈ കാലത്തിൻ്റെ  വിപര്യയങ്ങളുടെ  പ്രതിനിധാനമെന്നോണം പാക്കനാരാവുന്നു. പ്രകൃതിയുടെയും മനുഷ്യത്വത്തിൻ്റെയും നാശം  ചുറ്റുപാടും കാണുമ്പോൾ നമ്മളെങ്ങനെ   തോൽക്കാതിരിക്കും ?.ശക്തിയും സമ്പത്തും ഉപയോഗിച്ച് അരുതാത്തത് ചെയ്യുന്ന ബുൾഡോസറുകളായി മനുഷ്യർ മാറുമ്പോൾ തോല്ക്കുന്നവരിൽ ഒരു രസം നിറയും.

'സഹയാത്രികൻ ' എന്ന കവിത തീക്ഷ്ണവും അഗാധവും ആകുന്നത് മൃത്യുവിനെക്കുറിച്ചുള്ള അറിവ് എന്ന നിലയിലാണ്. മൃത്യു എപ്പോഴുമുണ്ടെന്ന്  ഓർക്കാറില്ലല്ലോ. അതും കാണുന്നവരുണ്ട്. എന്നാൽ മരണം തന്നെ ഇല്ല. മരണത്തിനപ്പുറവും ജീവിതമാണെന്ന് ധരിക്കണം. അതുകൊണ്ടാണ് കവി
"മൃത്യുവല്ലിവൻ നിത്യത തൻ്റെ നേർ ചിത്രം "
എന്നെഴുതിയത്.

രാഗാന്വേഷണം

കവിതയുടെ അനായാസതാളവും  അകൃത്രിമലയവും ആശയപരമായ മൂർച്ചയും മധുവിൻ്റെ കവിതകളെ ശ്രദ്ധേയമാക്കുന്നു.  ഈ നാടിൻ്റെ  വിപുലമായ ജീവിതധാരകളിൽ ആണ്ടിറങ്ങിച്ചെല്ലുന്ന ഒരു മനസ്സ് കവിക്കുണ്ട് .അതിൻ്റെ നാനാതരത്തിലുള്ള അനുരണനങ്ങൾ സൂക്ഷ്മേന്ദ്രിയങ്ങളിലൂടെ  ആവാഹിക്കുന്നു. അത്  ശബ്ദസുഭഗമായ ഒരാന്ദോളനമായിത്തീരുന്നു .ഡോ. മധുവിനു  ഒരു കാവ്യശൈലിയുണ്ട്. അദ്ദേഹം വാക്കുകൾ കൂട്ടിച്ചേർക്കുമ്പോൾ മൗലികമായ ഒരു രാഗമുണ്ടാകുന്നു. ഭാഷയുടെ രാഗമാണത്. പ്രാചീനമായ നിശബ്ദതകൾ ജൈവരൂപങ്ങളായി ഉയിർത്തുവരുന്നു.

"ഇവിടെങ്ങും ദാരികവാഴ്വിൻ
പൊറുതിക്കേട് കണ്ടെൻ്റെമ്മേ ''
(മുടിയേറ്റ് )

"പ്രതിരോധത്തിനന്ത്യശ്രമവും
പാഴായവൾ
റെയിലിൽ ചാരെ ജീവഛവമായി കിടക്കുമ്പോൾ
അവൾതൻ മാതൃത്വത്തിൻ
ജനിവാടങ്ങൾ തുളച്ചാഴങ്ങൾ
അളക്കുന്നു ...
ലോഹദണ്ഡാലെ ചിലർ ...''
( മാനഭംഗം)

"പച്ചമണ്ണിന്നും  മനുഷ്യമനസ്സിനും
കുഷ്ഠരോഗം വന്നു ചീയും വ്രണ മുഖം' ''
(പൊറുക്കുക )

"വിഷുപ്പക്ഷി
വിഷമേറ്റെന്നേ ചത്തു... "
(വിഷുവിശേഷം )

ഈ വരികളുടെ സൗന്ദര്യം ഒരു കവിയുടെ തനതായ രാഗാന്വേഷണത്തിൻ്റെ  ഭാഗമാണ്. സ്വന്തമായ പദസങ്കലനങ്ങൾ അതിപ്രധാനമാണെന്ന് തിരിച്ചറിയുന്ന കവിയാണ്  ഡോ.മധു .

സ്വപ്നങ്ങളിൽ നഷ്ടപ്പെട്ട്

ഒരു തലമുറയുടെ ഓർമ്മകൾ പേറി വ്യഥിതനാവുകയാണ് കവി. ഒന്നിനും പരിഹാരമില്ല .മനുഷ്യൻ നന്നാവുകയേ വഴിയുള്ളു. അതിനു ആരോടു പറയും? .മിഥ്യകൾ കൊണ്ട് ഒരു യുദ്ധം നയിക്കകയാണ് നമ്മൾ .കവി തൻ്റെ മനസിനെ മൂടി നില്ക്കുന്ന വേദനകളെ അപഗ്രഥിക്കുകയാണ്. അത് വ്യാഖ്യാനമാവുകയാണ്.

'നൊമ്പരമൊഴികൾ' എന്ന കവിത പുതിയ മൗനസംക്രമമാണ്.

" മൊഴികൾ മുറിയും സ്നേഹജാലകംപൂട്ടി ഞാൻ
തപമാചരിച്ചേറെ നാളായ്...
ഒരു കുമ്പിളിൽ നീലസാഗരം കോരിയെൻ
ഹൃദയത്തിലെങ്ങോ നിറച്ചു...
അകലെയാകാശം ചമച്ചമേലാപ്പിനെ
കളിവീടുമേയാനെടുത്തു ...
മുകിൽമാലചൂടുന്ന പീലിക്കിരീടം
മഴവില്ലു ഞാനിങ്ങെടുത്തു ...
കൂരിരുൾ കാട്ടിലെ നക്ഷത്രമുല്ലതൻ
പൂവുകളെല്ലാമിറുത്തു
ഒരു നവ്യഹാരം കൊരുത്തു ഞാൻ ഗന്ധർവ്വ -
പദനിസ്വനം കാത്തിരുന്നു ...
എവിടെയാണെവിടെയാണിനിയുമെൻ കളിവീട്
പൂകാതെ നീ പോയ് മറഞ്ഞു ...'' .

സ്വപ്നങ്ങളിൽ സ്വയം നഷ്ടപ്പെടുന്ന കവി സ്വന്തം ജീവിതത്തിൻ്റെ അർത്ഥം തേടുകയാണ്.വിഷാദ,വിരഹത്തിൽ വീണ മനസ്സിനു ഒരു നക്ഷത്രമെങ്കിലും സൂചന തന്നെങ്കിൽ !

veda books
pho :9539009979

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...