Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

 


കവിതയിൽ അവ്യക്തരാഗം



എം.കെ.ഹരികുമാർ



 

മലയാളകവിതയിൽ ഇപ്പോൾ ഒരു പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. ആധുനികതയുടെ ക്ഷീണം എൺപതുകളുടെ ഒടുവിൽ തുടങ്ങി, രണ്ടായിരത്തോടെ പൂർണമായി. ഇപ്പോഴും ചിലർ ആധുനികതയുടെ അവശിഷ്ടഭാവുകത്വത്തെ  അവതരിപ്പിക്കുന്നുണ്ടെങ്കിലും അതെല്ലാം നിർജ്ജീവമായാണ്  അനുഭവപ്പെടുന്നത്. ഒറ്റക്കവിത എന്ന നിലയിൽ ഗാഢമായ മനനത്തിനും വിചിന്തനത്തിനും ഉതകുന്ന രചനകൾ തീരെയില്ലെന്ന് പറയാം .എങ്ങോട്ടാണ്   പോകേണ്ടതെന്ന ഒരു ശൂന്യത കവികൾ അഭിമുഖീകരിക്കുന്ന പോലെ  തോന്നുന്നു .




ആധുനികതയും ഉത്തരാധുനികതയും പാരമ്പര്യവാദവും എല്ലാം കൂടി ചേർന്ന് അവ്യക്തമായി  ഒഴുകുകയാണ് മലയാളത്തിൽ . അയ്യപ്പപണിക്കരുടെ കവിതകൾ തിരിച്ചുവരുന്നുണ്ട്. ഒ.എൻ.വിയുടെ  'കുഞ്ഞേടത്തി' യും മറ്റും വീണ്ടും കേൾക്കാൻ ആളുകൾ ആഗ്രഹിക്കുന്നു .സുഗതകുമാരിയുടെ 'തുലാവർഷപ്പച്ചകൾ' വല്ലാതെ ഗൃഹാതുരമാക്കുന്നു. അക്കിത്തത്തിൻ്റെ മൗനകാലം, ആ കവിയുടെ വേദാത്മകമായ പദാനുരണനങ്ങളിൽ വായനക്കാർ മോഹാലസ്യപ്പെട്ടു കഴിയുന്ന കാലമായിരുന്നല്ലോ.

ഓരോ കവിയും ഓരോ ആവിഷ്കാര നീർച്ചാലായി മാറുകയാണിന്ന്. കുറേ കവികളുടെ പേര് ചേർത്ത് ഒരു ഭാവുകത്വത്തിനു ശ്രമിക്കാൻ പറ്റാത്ത വിധം വിചിത്രമായ പഥങ്ങൾ ഉണ്ടായിരിക്കുന്നു.നവഭാവുകത്വവുമായിപരിചയമുണ്ടായാൽ പോരാ, അത് രസാനുഭവമാക്കണം. കവിത ഗണിതശാസ്ത്രമോ ഭാഷാശാസ്ത്രമോ അല്ല;അത് സൗന്ദര്യാനുഭവമായി മാറണം . ഈയിടെ  കെ.എ.ജയശീലൻ കവിതയെ കവികൾ  ഭാഷാശാസ്ത്രപരമായാണ്  കാണുന്നുതെന്ന് വിശദീകരിച്ചതോർക്കുന്നു .കവിത അതിൻ്റെ അബോധത്തെ  സൃഷ്ടിക്കുന്നത് കവിയുടെ പോലും ജ്ഞാനമണ്ഡലത്തിന് പുറത്താണെന്ന് ടി.എസ്.എലിയറ്റ് പറഞ്ഞിട്ടുണ്ട്. വാസ്തവികതയെ അറിയാനുള്ള സിദ്ധി പ്രധാനമാണ്. 'കരുണ'യിൽ വാസവദത്ത ഒടുവിൽ  കഴിയുന്ന ചുടലക്കാടിൻ്റെ  വിവരണം ആശാൻ നല്കുന്നത് കവിയുടെ ഈ നിരീക്ഷണ ബോധത്തിന് തെളിവാണ് .

പോയവർഷം വായിച്ച കവിതകളിൽ നിന്ന് പുതിയ തലമുറയിൽപ്പെട്ട കുറേ കവികളെയും അവരുടെ കവിതകളെയും ഓർത്തെടുക്കുകയാണിവിടെ. കെ.എ.ജയശീലൻ (നദീവൃത്തം,  മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 15), സ്റ്റെല്ലാമാത്യൂ (പൂവിറുക്കും പോലെ  മീൻപിടിക്കുന്നൊരുവൻ, ഭാഷാപോഷിണി ,നവംബർ ) , എം. ആർ .വിഷ്ണുപ്രസാദ് (ദൈവത്തിന് നിരക്കാത്ത വൈദ്യുതി, മലയാളം, നവംബർ 15 ) , കുഞ്ഞപ്പ പട്ടാനൂർ (ബഹുസ്വരത ,പ്രഭാതരശ്മി, ഒക്ടോബർ ), കെ.വി.സുമിത്ര (സൂര്യപ്രഭയുടെ ഇലക്കാലം, പ്രസാധകൻ, ഡിസംബർ ) , അനുഭൂതി ശ്രീധരൻ ( ഒരു വൈശാഖക്കനവ് ,കേസരി ,ഡിസംബർ 11 ) ,എം.എസ്. ബനേഷ് (പരിശീലനം, ഭാഷാപോഷിണി, ഡിസംബർ ),സുറാബ് (മടങ്ങിവന്ന കവിതകൾ ,എഴുത്ത് ,ഡിസംബർ ) ,വിജേഷ് എടക്കുന്നി (പനി ,മാധ്യമം ആഴ്ച്ചപ്പതിപ്പ് ,നവംബർ 9 ) , രാധാകൃഷ്ണൻ എടച്ചേരി (രാമകൃഷ്ണൻ, എഴുത്തു, ഡിസംബർ ) ,സുധീഷ് കോട്ടേമ്പ്രം (പച്ചിലപ്പേടി ,മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ,നവംബർ 28 ) ,എൻ.ജി. ഉണ്ണികൃഷ്ണൻ (സ്വകാര്യം ,മാധ്യമം ആഴ്ചപ്പതിപ്പ് നവംബർ  30 ) ,കാര്യാവിൽ  രാധാകൃഷ്ണൻ (അശരീരികൾ , അപ്രത്യക്ഷം, കേസരി , ഡിസംബർ 18 ) ,അടുതല ജയപ്രകാശ് (അമ്ളമഴ, ഗ്രന്ഥാലോകം ,നവംബർ ) , ജയപ്രകാശ് എറവ് (ചിന്തകൾക്ക് കൂട്ടിരിക്കുമ്പോൾ ,കലാപൂർണ ,ഡിസംബർ ) ,ബിജൂ  കാഞ്ഞങ്ങാട് (മീൻചാറിലെ നാവികൻ ,എഴുത്ത്, നവംബർ ) ,ശ്രീകല ചിങ്ങോലി ( ഒരേ തൂവൽ, എഴുത്തു, നവംബർ ) , തുടങ്ങിയവർ ഒരു പ്രസ്ഥാനത്തിനു വേണ്ടിയല്ല എഴുതിയത് .ഒരു വനത്തിലകപ്പെട്ട് ദിക്കറിയാതെ ഉഴറുമ്പോൾ നമ്മൾ സ്വയമൊരു  വഴിയായിത്തീരും.


അതുപോലെയാണ് കവനങ്ങൾ.

കുരീപ്പുഴ ശ്രീകുമാറിൻ്റെ ചില  സ്ഥലനാമങ്ങൾ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 22 ) , പി. നാരായണക്കുറുപ്പിൻ്റെ അമ്മൂമ്മച്ചന്തം (ആശ്രയ മാതൃനാട് ,ഡിസംബർ ) , കെ. വി .ബേബിയുടെ മാതൃകാ ദമ്പതികൾ (മാധ്യമം ആഴ്ചപ്പതിപ്പ്, നവംബർ 30 ) , മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെ  കപ്പിത്താൻ (കേസരി ഓണപ്പതിപ്പ് ) ,എസ്‌. രമേശൻ നായരുടെ വയലാർ (പ്രഭാത രശ്മി, സെപ്റ്റംബർ ) , ശ്രീകുമാരൻതമ്പിയുടെ പ്രണവോത്സവം (ജന്മഭൂമി ഓണപ്പതിപ്പ്) എന്നീ കവിതകൾ  സ്വതന്ത്രാവിഷ്കാരമായി നില്ക്കുകയാണ്.

രാജൻ കൈലാസിൻ്റെ 'മാവ് പൂക്കാത്ത കാലം' (ഡി.സി.),ഡോ.മധു മീനച്ചിലിൻ്റെ 'പാക്കനാർ തോറ്റം ' (വേദ ബുക്സ് )എന്നീ കവിതാസമാഹാരങ്ങളാണ് പോയവർഷം എന്നെ ആകർഷിച്ചത്. രണ്ടുപേരും ആധുനികവും  ഉത്തരാധുനികവുമായ ലോകത്തിൻ്റെ മിഥ്യകളെ മറികടന്നുകൊണ്ട് സ്വകീയമായ മിത്തുകൾ  കണ്ടെടുക്കുകയാണ്‌.അത് സമകാലികമാകുമ്പോൾ കവിതയുടെ രസച്ചരട് മുറിയുന്നുമില്ല.
"മാവു പൂക്കാത്ത ഒരു കാലത്ത് എങ്ങനെയാണ് കവിത പൂക്കുക "
എന്ന് രാജൻ കൈലാസ് ചോദിക്കുന്നത് നിഷ്കളങ്കമായാണ്.അതിൽ ,പക്ഷേ തൻ്റെ കാലവും കവിതയും നേരിടുന്ന പ്രശ്നങ്ങൾ അന്തർവഹിക്കുന്നുണ്ട്

BACK TO HOME 

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...