Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

ശ്രീനാരായണായ:
മിഴികൾക്കകമേയുള്ള  വെളിച്ചത്തിൻ്റെ 

സ്ഥായീപ്രഭ


 തുളസി കോട്ടുക്കൽ



എം.കെ.ഹരികുമാറിൻ്റെ 'ശ്രീനാരായണായ ' എന്ന നോവലിനെ മുൻനിറുത്തി ഒരു ദാർശനിക വിചാരം.



'സാകല്യം' എന്ന പദം  നൽകുന്ന അനുഭൂതി ഒരു ഗ്രന്ഥം ആസ്വദിക്കുമ്പോൾ ലഭിക്കുക എന്നത് കേവലമായ ഒരു പരിതോവസ്ഥയല്ല.  വാഗതീതമായ ഒരു സംസ്കൃതിയാണ്, ദാർശനികാനുഭുതിയാണ്  അനുവാചകരിൽ  ഊർജ്ജമായി പരക്കുന്നത്. ഋഗ്വേദത്തിൻ്റെ പത്താം മണ്ഡലം , പ്രത്യേകിച്ചും പുരുഷസൂക്തവും  ഭാഗ്യസൂക്തവും വായിച്ച  സൂക്ഷ്മദർശിയായ ഒരു അന്വേഷകനു , 'സാകല്യസംഹിത ' വേണ്ടും വിധം ഉൾക്കൊള്ളുവാൻ 'ശ്രീനാരായണായ ' വായിച്ചാൽ  സാധിക്കുമെന്നതിനു സംശയമില്ല.പുനരുജ്ജീവാത്മകമായ ഒരു ഭാവുകത്വത്തെ അനുവാചക മനസ്സിൽ അങ്കുരുപ്പിക്കുന്നതിൽ 'ശ്രീനാരായണായ ' എന്ന ആഖ്യായിക വഹിക്കുന്ന പങ്കു ചെറുതല്ല .കീഴ് വഴക്കം സൃഷ്ടിക്കുന്ന നോവലുകളുടെ വിഭാഗീയതകളെ പതുക്കെപ്പതുക്കെ തോൽപ്പിച്ചുകൊണ്ട് ഉത്ക്കർഷകാരിയായ ഒരു നവചേതന, നാമറിയാതെ നമ്മുടെ ഭാവുകത്വത്തിൽ  ജനിപ്പിക്കുകയാണ് ഈ നോവൽ.ഇതിലെ പതിനഞ്ച് അധ്യായങ്ങൾ അഥവാ അനുകീർത്തനങ്ങൾ, ഭക്തിയുടെയും ജ്ഞാനത്തിൻ്റെയും ദാർശനികതയുടെയും സമ്മോഹനമായ നൂതനത്വം സംസ്കാരസമ്പന്നമായ വായനയുടെ തനത്  അനുഭവം സൃഷ്ടിക്കുന്നു.

മനസ്സ് എന്ന ആന്തരിക
അവബോധം


ഭൂമിയുടെ ഉർവ്വരത  ഓരോ തരം വിത്തുകളെ വിളയാൻ വ്യത്യസ്ത ഘട്ടങ്ങളായി പാലിക്കുന്നതല്ല;  മറിച്ച് വ്യത്യസ്ത വിളകളെ ഒന്നിച്ചുണർത്തുന്നതിലൂടെ ലഭ്യമാകുന്നതാണ്. പതിനഞ്ച്  മനുഷ്യ ബോധങ്ങൾ സംസ്കൃതിയുടെ അഭിലഷണീയമായ ആഗിരണശേഷിയെ  ഉൾക്കൊണ്ട് ഏകസത്തയിലേക്ക് നടത്തുന്ന പ്രയാണമാണല്ലോ 'ശീനാരായണായ '. ഈ പതിനഞ്ച്  മനുഷ്യബോധങ്ങളെയും നമ്മുടെ സംസ്കൃതിയുടെ അടിസ്ഥാന ശിലകളായി കണ്ട്  പഠനം നടത്തുന്ന ഒരു പതിനാറാം ബോധത്തിന് മാത്രമേ ഈ ആഖ്യായികയെ അടയാളപ്പെടുത്താനാവൂ. തൻ്റെ കാലത്തിൻ്റെ തൃഷ്ണകളെയും ,നൂറ്റാണ്ടുകളായി അടിഞ്ഞ ആചാരസ്ഥൂലതകളെയും  അതിക്രമിക്കുകയായിരുന്നുവല്ലോ  ഗുരുദേവൻ. ദാർശനികതയുടെ ഹരിത സാന്നിദ്ധ്യം  കർമ്മമണ്ഡലത്തിൽ അദ്വയീഭാവമായി  അണിനിരത്തിക്കൊണ്ടാണ് ഗുരുദേവൻ തൻ്റെ സഞ്ചാരം ആരംഭിക്കുന്നത്. അക്കാര്യം ആഖ്യായികയിൽ നന്നായി അവതരിപ്പിക്കുന്നു. സങ്കടങ്ങളെ സങ്കീർത്തനങ്ങളാക്കുന്ന രാസവിദ്യയിലൂടെയാണ് ഗുരുദേവൻ തൻ്റെ ചിന്തകൾ ഇവിടെ സമർപ്പിച്ചതെന്ന കണ്ടെത്തലും നൂതനത്വം തരുന്നു. ഈ ആഖ്യായികയിലെ പതിനഞ്ച് മനുഷ്യബോധങ്ങൾ നമ്മെ പഠിപ്പിക്കുന്നത് ഓരോ പ്രപഞ്ചവിതാനവും ഉരുത്തിരിഞ്ഞു വന്നത് അതിനുപരിയുളള മറ്റൊന്നിൽ നിന്ന്  എന്നാണ്. ഇതനുസരിച്ച്  ബോധത്തിൽ നിന്നാണ് മനസ്സ്  രൂപപ്പെട്ടത്. മനസ്സിൽ നിന്നാണ് ഭൗതികപ്രപഞ്ചം രൂപപ്പെട്ടത് .മനസ്സ് ഭൗതികമായ അസ്തിത്വത്തിനുവേണ്ടി ആഗ്രഹിക്കുമ്പോൾ അതിനു അഭിവ്യക്തമാകാൻ പാകത്തിനു ശരീരകോശങ്ങൾ രൂപപ്പെടുകയാണ് ചെയ്യുന്നത്. ആഖ്യായികാകാരൻ ഈ  ദാർശനിക പൊരുളിൽ ,മനസ്സെന്ന  അസ്തിത്വപ്പൊരുളിൽ നിന്ന് മുന്നോട്ടുപോവുകയാണ്. ശരീരകോശങ്ങൾ എന്നത് ഓരോ മനുഷ്യനുമാണ്. മനുഷ്യൻ എന്ന ബാഹ്യദൃശ്യത്തിൽ നിന്ന് മനസ്സെന്ന  ആന്തരിക അവബോധദൃശ്യത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ഗുരുദേവൻ്റെ മനസ്സിൽ നിന്നാണ്, ഷഡാധാര ബോധത്തിൽ നിന്നാണ് ഈ ആഖ്യായിക പിറന്നത് .അതിനാൽ തന്നെ ഗുരുവിൻ്റെ  നിയാമക ബോധധാരയുടെ പുര:പ്രക്ഷേപണം തന്നെയാണ് ഈ ഗ്രന്ഥം.


ദാർശനിക മഷിക്കൂട്ട്

സാകല്യ രൂപേണയുള്ള ഒരു സൗന്ദര്യദർശനം ആസ്വാദകൻ്റെ  അനുഭൂതിയിൽ പ്രദാനം ചെയ്യുന്ന 'ശ്രീനാരായണായ ' രചനയുടെ വ്യത്യസ്തമായ ഒരു തലമൊരുക്കുന്നു. ദൈവസ്മൃതി ഘനീഭവിച്ച അന്വേഷണത്തിൻ്റെ നാദശരീരവുമായി നിരന്തരം സഞ്ചരിച്ച ഗുരുദേവൻ്റെ  ആനന്ദാത്മകതലമാണ് എം.കെ. ഹരികുമാർ ഈ ആഖ്യായികയിലൂടെ അനാവൃതമാക്കുന്നത്. സമൂഹത്തിൽ ഗുരു നടത്തിയ പ്രവർത്തനങ്ങളുടെ ബോധധാരയാണ് ഹരികുമാറിൻ്റെ  അന്വേഷണ വിഷയം. സംഗീതം ഒരാൾ ശുദ്ധമായി ആസ്വദിക്കുന്നത് എപ്പോഴാണ്? . സംഗീതം  അവസാനിച്ചതിനു ശേഷമുള്ള നിശ്ശബ്ദതയിൽ. അവിടെ സംഗീതത്തിൻ്റെ  അദ്ധ്യാത്മികത  സ്ഫുടീകരിക്കുന്നു. യാഥാസ്ഥിതികത്വത്തെ കവച്ചുവച്ച് ശുദ്ധമായ നാദശരീരത്തെ ആശ്ളേഷിക്കുകയാണ് നമ്മൾ .അതു പോലെ  ഗുരുദേവൻ്റെ മിഴികൾക്കകമേയുള്ള വെളിച്ചത്തിൻ്റെ സ്ഥായീപ്രഭയാണ് എഴുത്തുകാരൻ പതിനഞ്ചായി പിരിച്ചു നമുക്ക് തുറന്നുതരുന്നത്. ഓരോ ചരത്തിലും നിർലീനമായിരിക്കുന്ന ഒരു താളപ്രമാണമുണ്ട്. പതിനഞ്ച്  ബോധമണ്ഡലങ്ങളിലൂടെ ഗുരുദേവനിലെ പതിനഞ്ച് താളപ്രമാണങ്ങളെ ദാർശനികമഷിക്കൂട്ടിൽ  തുറന്നുകാട്ടുകയാണ് ആഖ്യായികാ കാരൻ .രചനാതലത്തിലും ആവിഷ്കരണതലത്തിലും നൂതനത്വം നിർണിതമാകുമ്പോൾ അത്തരം ഗ്രന്ഥങ്ങൾ രണ്ടാംവായന ആവശ്യപ്പെടുന്നു. ശ്രീനാരായണായ അത്തരം  വായന ആവശ്യപ്പെടുന്ന ആഖ്യായികയാണ്.

ഭാരതത്തിൻ്റെ ഔപനിഷദമായ  പൊരുളുമായി സമരസപ്പെടുന്ന ഒന്നാണ് ഗുരുദേവനിൽ അന്തർലീനമായ താളവ്യവസ്ഥ. നദിയിൽ നിന്നു  പൊന്തിച്ച കല്ലിൽ ശിവലിംഗമെന്ന താളവ്യവസ്ഥ രൂപ രൂപപ്പെട്ടതു മുതൽ ഗുരുദേവൻ നടത്തിയ എല്ലാ പ്രതിഷ്ഠകളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട് നോവലിൽ. ഷഡാധാരത്തിലെ മണിപൂരകചക്രത്തിൻ്റെ പ്രഭയിൽ  ഉണരുന്ന അനുഭൂതിയിലേക്ക് ഈ പ്രതിഷ്ഠകൾ ഭക്തരെ (ആസ്വാദകരെ) നടത്തുന്നതെങ്ങനെയെന്നും ആഖ്യായിക വിലയിരുത്തുന്നു. മനസ്സിൻ്റെ  താളങ്ങൾക്ക്, യോഗങ്ങൾക്ക് ആസ്ഥാനമായ കേവല ശരീരം മാത്രമാണ് ബാഹ്യമായ ഗുരുദേവനെന്നും ആ പടം  പൊഴിച്ചു മാറ്റിയാൽ ദർശനീയമാവുന്ന ഗുരു കേവലതഥ്യയും പഞ്ചഭൂതാത്മകമായ ക്ഷേത്രവുമാണെന്ന് കണ്ടെത്തൽ ഈ ആഖ്യായികയുടെ  ഉന്നതമായ ഭാവം തന്നെ ,നം സമ്മതിക്കണം. പ്രകൃതിയുമായി സ്വരലയത്തിൽ വർത്തിക്കുമ്പോഴാണ് ഏത് ജീവനും സ്വച്ഛന്ദഭാവം  അണയുന്നതെന്ന വേദസത്യം ഗുരുദേവൻ്റെ  എല്ലാ പ്രതിഷ്ഠകളിലും  കാണാം. ആ  സത്യാന്വേഷണവും ഈ  ആഖ്യായികയുടെ ഒരു ധാരതന്നെയാണ്.


ഒരൊറ്റ ഉത്തരം മാത്രം

ഏറ്റവും നല്ല ഭാവന രൂപവും ഭാവവും തമ്മിലുള്ള അഭേദ്യബന്ധത്തിൽ നിന്ന് ജനിക്കുന്നതാണെന്ന് പാശ്ചാത്യർ .രൂപം കൃത്യമായി നിർണയിക്കാനാവുമെങ്കിലും ഭാവം നിർണയനത്തിന് ഏറ്റവും വഴങ്ങുന്ന ഒന്നല്ല. രചനയിൽ പ്രകടമാവേണ്ടത് സൗന്ദര്യമാണോ ലാവണ്യമാണോ എന്ന് ചോദ്യം നിരൂപകർ ചോദിക്കുന്നുണ്ട്, അതിഭാവുകത്വപരിസരത്തുനിന്നും ആദ്ധ്യാത്മികതയുടെ ലാവണ്യശാലീനത യിലേക്ക് അനുവാചകനെ നയിക്കുകയാണ് ആഖ്യായികയിലൂടെ ഹരികുമാർ .സാധാരണ മനസ്സുകൾക്ക് അപ്രതീക്ഷിതമായ ജഗത്ധാരണകളെക്കുറിച്ച് , അബോധമനസ്സിൻ്റെ  ചിന്തകളായി വേദങ്ങളും  ഉപനിഷത്തുക്കളും  അവതരിപ്പിക്കുന്ന ഭാവങ്ങൾ, ഹരികുമാർ നാരായണഗുരുവിൻ്റെ  മനസ്സിലൂടെ ലാവണ്യപൂർണമായി ഈ ആഖ്യായികയിൽ അവതരിപ്പിക്കുന്നു. ഈ ലാവണ്യം നിരവധി സംവാദങ്ങളിലൂടെയാണ് നോവലിൽ  അവതരിപ്പിക്കുന്നത്. ഉപനിഷത്തുക്കൾ  പരിശോധിക്കുക.ഭാരതത്തിൻ്റെ ആത്മലാവണ്യം  സംവാദങ്ങളിലൂടെയാണ് അതിൽ  ഇതൾവിരിയുന്നത് .അതേ സ്വരൂപം  തന്നെയാണ് ശ്രീനാരായണയയിലും  സ്വീകരിച്ചിരിക്കുന്നത്. കാരികകൾക്ക് പകരം ഇവിടെ ഹരികുമാർ ഗദ്യകാരികകൾ രൂപപ്പെടുത്തുന്നുവെന്നുമാത്രം.



നോവലിലെ ഒരു സംവാദം നോക്കുക:
വെള്ളം ഒഴുകിവന്നപ്പോൾ
യുവാവ് അതിനോട് ചോദിച്ചു: "എങ്ങോട്ടൊഴുകുന്നു ?" "ഒന്നുമില്ലെങ്കിലും തിടുക്കപ്പെട് പോകുന്നതിൽ എല്ലാമുണ്ട് " .വെള്ളം പറഞ്ഞു.
"എങ്ങോട്ട്?"
"അതറിയുന്നതിനേക്കാൾ എവിടെയെങ്കിലും പോകുക എന്നതാണ് ലക്ഷ്യം" .
"എവിടെയെങ്കിലും " ?
യുവാവ്  ചോദിച്ചു .
"അതെ , എവിടെയായാലും ഒരുപോലെയാണ് " .
"ഒരുപോലെയാകുന്നതു " ?
"അതു പോയാലേ മനസ്സിലാകൂ .ഒഴുകിപ്പോകുമ്പോഴും കുറേ ഭാഗങ്ങൾ നഷ്ടമാകും. അത് മണ്ണിലലിയുന്നു .ഒഴുകിത്തുടങ്ങുമ്പോൾ ഉണ്ടായിരുന്നവ എത്തുമ്പോൾ കാണില്ല. അപ്പോഴും നാം എത്തിച്ചേരും " .

ഈ സംവാദത്തിൽ തെളിയുന്ന ജീവധർമ്മം ഗുരുവിൻ്റെ അന്തരിന്ദ്രിയത്തിലുണരുന്ന ആത്മസത്തയാണ്. ഇങ്ങനെ നിരവധി സംവാദങ്ങൾ ഗുരു ആത്മാവിൽ ആ വിഷ്കരിച്ചതിൻ്റെ ബഹിർസ്ഫുരണമാണ് സ്ഥാപിച്ച ക്ഷേത്രങ്ങൾ എന്ന കണ്ടെത്തൽ ആഖ്യായികയിലെ നൂതനത്വമത്രേ. ഇവിടെ നാം ദർശിക്കേണ്ട പൊരുളുണ്ട്. ആരാണ് ദൈവം ?ദൈവം നാം തന്നെയാണെന്ന ഗുരുവിൻ്റെ ഉറപ്പും ആഖ്യായികയിൽ  തെളിയുന്നു. ഇതും  ആത്മസാക്ഷാത്കാരത്തിൻ്റെ  ലാവണ്യമാണ്‌. നോവൽ വായിച്ചു പോകുമ്പോൾ ആസ്വാദകനു  അനുഭവപ്പെടുന്നത് ഈ ലാവണ്യമാണ്‌.  ഗുരു  സഞ്ചാരിയായിരുന്നു .സാധാരണ മനുഷ്യന് അജ്ഞാതമായ ഏതോ 'സ്വത്വാത്മകത'യെ സ്വാംശീകരിച്ച് നാടിന് ,നാട്ടുകാർക്ക് ഉർവ്വരത നൽകുന്നതിനുള്ള ഒരു ലാവണ്യ സഞ്ചാരം. ഗുരുദേവൻ്റെ  സഞ്ചാരം ചരിത്രമാണ് . എം. കെ. സാനുമാഷും കോട്ടുകോയിക്കൽ വേലായുധൻ തുടങ്ങിയവരും ആ സഞ്ചാരം കുറിച്ചു വച്ചിട്ടുണ്ട്. ആ സഞ്ചാരത്തിനു ലാവണ്യ പൂർണിമ നൽകി ഭാവനയുടെ സമ്പൂർണ്ണതയിൽ സംജാതമാകുന്ന സംവാദങ്ങൾ കോർത്തിണക്കിയാണ് ഹരികുമാർ തൻ്റെ  ആഖ്യായികാലോകം തുറക്കുക. ഭാവനയുടെ നേർക്കതിർ ഒട്ടും ചരിത്രം ആവിഷ്കരിക്കില്ല. അഥവാ ,ഒരാളുടെ ജീവചരിത്രം ഭാവനയല്ല. അതു  ജീവിച്ചുതീർത്ത ഒരു ചരിത്രം മാത്രമാണ്. ഒരാളുടെ ജീവിതത്തിൽ ഭാവനയുടെ സ്പർശം എങ്ങനെ പുലർത്താനാകും? . അതിനൊറ്റ ഉത്തരം മാത്രം: "ശ്രീനാരായണായ " ആസ്വദിക്കുക. ഗുരുദേവൻ്റെ  ജീവിതം അങ്ങനെ ഒഴുകിപ്പോകുന്നത് പോലെ ഇതിൽ ആവിഷ്കരിച്ചിട്ടില്ല. എന്നാൽ കേരളത്തിലെ ചില പ്രശസ്ത ഇതിഹാസ നോവലുകൾ  വായിച്ചാൽ അതിൽ ആവിഷ്കരിക്കുന്നത് ആദർശ പുരുഷന്മാരുടെ ജീവിതം ക്രമമായി ജീവിച്ചുതീർത്ത സ്വരൂപത്തിലാണ്. "ഇനി ഞാൻ ഉറങ്ങട്ടെ., 'രണ്ടാമൂഴം ' , 'കർണ്ണൻ ' എന്നീ  നോവലുകൾ നോക്കുക. എന്നാൽ 'ശ്രീനാരായണായ 'ആ കൃതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാകുന്നത്  ഗുരുദേവൻ്റെ  ജനനം മുതൽ സമാധി വരെയുള്ള ജീവിതം അടുക്കായി പറയുന്നില്ല എന്നിടത്താണ്.  ഗുരുദേവൻ്റെ  ജീവിതത്തിൽ നടന്ന അവിസ്മരണീയ സംഭവങ്ങളിലൂടെ ആ ജീവിതത്തിലെ ആത്മീയദർശനങ്ങൾ  പുര:ക്ഷേപണം  ചെയ്യുന്നു. സാമൂഹ്യജീവിതത്തെ സ്വന്തം ചിന്തയുടെയും കർമ്മത്തിൻ്റെയും  അടിസ്ഥാനപ്രമാണമാക്കിയ  ഗുരു തൻ്റെ  ദാർശനിക ചിന്തകളിൽ തെഴുത്തുവച്ച ,രാഷ്ട്രീയചിന്തകളിൽ എഴുതിവച്ച സാമൂഹ്യബോധവും, സാമൂഹികതലത്തിൻ്റെ  കേന്ദ്രമാക്കിയ ദാർശനികബോധവും പതിനഞ്ച് മനുഷ്യ ബോധങ്ങളിലൂടെ എം.കെ. ഹരികുമാർ  ഉപനിഷത്‌സാരം പോലെ അന്വേഷിക്കുകയാണ് .ഈ ചിന്ത നമ്മുടെ ബോധതലത്തിന് അത്രവേഗം തെളിയുന്നതല്ല.  അത് ചിന്തയുടെ പ്രശ്നമല്ല .നമ്മൾ ശീലിച്ച പാഠങ്ങളുടെ പ്രശ്നമാണ്.
തുളസി കോട്ടുക്കൽ

 

ഒന്നുമില്ലായ്മയുടെ അസ്തിത്വം

പതിനഞ്ച് ബോധധാരകൾ  ഗുരുവിനെ എങ്ങനെ ദർശിക്കുന്നു എന്നതാണല്ലോ നോവൽ .ഈ ബോധങ്ങളെ  ഒന്നിപ്പിക്കാൻ നോവലിസ്റ്റ്  ഒരു ക്യാൻവാസ് തയ്യാറാക്കി.  ആ കാൻവാസാണ് 'വിവേകചൂഡാമണി' എന്ന സോവനീർ. ആ സൊവനീർ ഗുരു സൊവനീറാണ് .അത് എഡിറ്റു ചെയ്യുന്നത് മോഹനാംഗൻ പാഠശാലയും. എം.കെ.ഹരികുമാറിൻ്റെ  ദ്വന്ദവ്യക്തിത്വമാണ് മോഹനാംഗൻ .ഈ സോവനീറിൻ്റെ ഉള്ളടക്കമാണ്   നോവൽ .ഗുരുദേവൻ്റെ പ്രതിഷ്ഠകൾ ,വാക്കുകൾ ,വചനങ്ങൾ ,എഴുത്തുകൾ ,മനനങ്ങൾ   ,സംവാദങ്ങൾ എന്നിവയിലൂടെ രൂപപ്പെടുന്ന ആത്മീയതലം എന്ന മാനസികതലം പതിനഞ്ചായി ഇഴപിരിച്ച്  അന്വേഷിക്കുകയാണ് ഈ നോവലിൽ . ഗുരു എന്ന കഥാനായകൻ്റെ അസ്തിത്വതലത്തിൽ നിന്നും ബാഹ്യതലത്തിലേക്കുള്ള പ്രചാരണമാണ് നടക്കുന്നത്. നാലാംബോധം തയ്യാറാക്കിയ ഒരു ഭാഗം നോക്കുക:

"  അന്ന് ഗുരു പ്രസാദരഹിതമായ, ധ്യാനാനന്തര സൗഖ്യത്തെപ്പറ്റി ഓർത്തുകൊണ്ട് പറവൂരിൽ ,ആ സമുദ്രതീരത്തുള്ള കല്ലിൽ ഇരുന്നു. അങ്ങനെ എത്ര നേരമിരുന്നുവെന്ന്  പറയുക വയ്യ. നേരം എത്രയെന്നത്  ഘടികാരത്തിൻ്റെ  ലോകമാണ്. അതിനേക്കാൾ മനസ്സിനുള്ളിൽ പല കാലങ്ങളും ഉദിച്ചസ്തമിക്കുന്നു. സൂര്യന്മാർ  വന്നുപോകുന്നു.  നക്ഷത്രങ്ങൾ തിളങ്ങി ജ്വലിച്ചു കെട്ടുപോകുന്നു. എത്രയോ പതിറ്റാണ്ടുകൾ കിടന്നാലും നശിക്കാതെ ചില നക്ഷത്രങ്ങൾ. എല്ലാ നിയമങ്ങളും തെറ്റിച്ചുകൊണ്ടു പുനർജനിക്കുമോ ? കീറി പറത്തിവിട്ടു സ്വതന്ത്രരാവാൻ പ്രകാശരശ്മികളുടെ ആദിബീജത്തിനു കഴിവുണ്ട്. പ്രകാശകണങ്ങൾ കൊടും ഇരുട്ടിൽ  സഹസ്രാബ്ദങ്ങളോളം തപസ്സിരിക്കുന്നു. തീർത്തും അദൃശ്യമായി.അതിനു വിടരാൻ  ഒരു കാലം വേണം. ആ കാലം  താമരയിതളുകളെന്ന പോലെ ഒന്നിൽ നിന്ന് വളർന്ന് , പൊങ്ങി ,അഗ്രങ്ങളാൽ  സൂചീമുഖികളായി ,വിണ്ണിലേക്ക് സംക്രമിക്കുന്നു. വിണ്ണ്  ഒരു മായിക ലോകമാണ്. അത് നമ്മുടെ മനസ്സ് തന്നെയാണ്. അതിനുള്ളിൽ നക്ഷത്രങ്ങൾ പിറക്കുന്നു. മരിക്കുന്നു" .




മുകളിലെ  വാക് വൈഖരി ഗുരുവിൻ്റെ  ബോധവിശകലനമാണ്. നാദബിന്ദൂപനിഷത്ത് അടക്കം പല ഉപനിഷത്തുകളും മനുഷ്യമനസ്സിനെ ആകാശവുമായി ബന്ധപ്പെടുത്തുന്നുണ്ട്. പഞ്ചഭൂതങ്ങളിൽ ഒന്നായ ആകാശം എവിടെയുമുള്ള ഒന്നാണ് .ബാക്കിയുള്ള നാല് ഭൂതങ്ങൾക്കും  രൂപരസഗന്ധങ്ങളുണ്ട്. എന്നാൽ  അരൂപവും അസ്പൃശ്യവും അദൃശ്യവും രസഖിന്നവുമാണ് ആകാശം. അതെവിടെയുമുണ്ട്. ഏതു രൂപവും ധരിക്കും. ഏത് ഗന്ധവും വഹിക്കും. ഏത് രുചിയും സ്വീകരിക്കും. എന്നാൽ അതിനു സ്വന്തമായി ഒന്നുമില്ല. "നാസ്തി " "നാസ്തി '' എന്നു  ചൊല്ലി വേദങ്ങൾ എത്തിച്ചേരുന്നത് ഈ  ഒന്നുമില്ലായ്മയിലെ  അസ്തിത്വത്തിലാണ് .അതാണ് ചിത്തവൃത്തിയിലൂടെ വ്യവസ്ഥാപിതമാക്കാൻ ഗുരു ലക്ഷ്യം വച്ചത്. ഈ കണ്ടെത്തൽ നിസ്സാരമല്ല. നാരായണഗുരുവിൻ്റെ അസ്തിത്വത്തെ  നവ്യമായ കാഴ്ചപ്പാടിലൂടെ അരിച്ചെടുത്തു ഉറപ്പിക്കുകയാണ്.

പൗരാണിക മനുഷ്യൻ്റെയോ ആധുനിക മനുഷ്യൻ്റെയോ ഇതുവരെയുള്ള ഒരു മാപിനിയും വച്ച് ഗുരുവിൻ്റെ  ചിത്താസ്തിത്വം  അളക്കാനാവില്ല. അദ്ദേഹത്തിൻ്റെ  ജീവചരിത്രകാരന്മാരെല്ലാം ബാഹ്യമായി ആ ചിത്തം കണ്ട് ലേഖനവിദ്യയിൽ അഭിരമിച്ചവരാണ്. ഭാവപ്രധാനമായ ഒരു സംസ്കൃതിയെ സംബന്ധിച്ച്, ആ ചിത്തത്തിലേക്ക് ഹരികുമാർ പ്രവേശിച്ചത്  ഭാരതീയ സൗന്ദര്യദർശനത്തെ  കൂട്ടുപിടിച്ചുകൊണ്ടാണ്. വൈവിദ്ധ്യാത്മകമായ ഒരു ഭാവലോകം നോവലിൽ തുറന്നുതന്നുകൊണ്ടാണ് ദാർശനികതയിലേക്ക് അദ്ദേഹം കടക്കുന്നത് .മിഥ്യാത്മകമായ ഈ ജഗത്തിൻ്റെ , ലൗകികത്തിൻ്റെ  ഉണർവ്വുകളെ തീഷ്ണമായി തന്നെ ആലേഖനം ചെയ്യാൻ ജാഗരൂകമാവുകയായിരുന്നു ഹരികുമാറിൻ്റെ  മനസ്സ്. അതാണ് ഈ കണ്ടെത്തൽ. ഇത് നോവലിൻ്റെ  ഹൃദയവുമാണ്.

'ഉള്ളതൊന്നുമുള്ളതല്ല
ഉള്ളതിൻ്റെ  ഉള്ളിലുണ്ടൊരുള്ളത് '; ആ ഉള്ളതിലേക്ക് അനുവാചകനെ നടത്തുകയാണ് ഈ പതിനഞ്ചു ബോധങ്ങളും. ഇവിടെയാണ് 'ശ്രീനാരായണായ ' മറ്റൊന്നായി മാറുന്നത്. സരാഗിയുടെ വികാരഭാവങ്ങളുടെ പ്രക്ഷുബ്ധതകൊണ്ടാണ് വിശ്വപ്രസിദ്ധങ്ങളായ ആഖ്യായികകൾ ചിരസ്മരണീയമാകുന്നതെങ്കിൽ ഇവിടെ വിരാഗിയുടെ ജ്ഞാനലോകം നൂതനത്വമുള്ള ആത്മസ്പർശംകൊണ്ടാണ് ശ്രേഷ്ഠമാകുന്നത്. ഒരുപക്ഷേ, മലയാളത്തിലെ ആദ്യത്തെയും അവസാനത്തെയും നോവലാകാമിത്.ഈ ആഖ്യായിക യിലെ ഓരോ സന്ദർഭവും,  ആത്മാന്വേഷണവും ആത്മസംഘർഷവുമാകുന്നത് വിരാഗിയുടെ ചിന്തകൊണ്ടാണ്. പൂർണവിരാഗിയായ ഗുരു തൻ്റെ വിരാഗത്തിൽ നിന്ന്  സ്ഫുരിച്ച തേജോബിംബങ്ങൾ കവിതകളാക്കി നമുക്ക് തന്നപ്പോൾ അതിൻ്റെ  നിയാമക പൊരുളറിയാതെ നാം പാടി നടന്നു. ആ കുണ്ഡലിനിപ്പാട്ടും  ആത്മാപദേശശതകവുമെല്ലാം ഇനി ഈ നോവലിൻ്റെ വെളിച്ചത്തിൽ നാം പുതിയ പാഠങ്ങൾ തീർത്തു  പഠിക്കേണ്ടിയിരിക്കുന്നു.

ഇതു പുതിയതാണ് ,പുതിയത്
മാത്രമാണ്.


'ഇദം ' എന്നതിനെ  'സർവ്വം, എന്നു  കാണുകയും അഹം  എന്നതിനെ  ആത്മം  എന്ന് അറിയുകയും ചെയ്യുമ്പോൾ മാത്രമേ ശ്രീനാരായണഗുരു സർവ്വഭൂതങ്ങൾക്കും ഗുരുവും മധുമായി തീരുകയുള്ളൂ. അതിശയകരമായ ഒരു അഭേദാനന്ദ ത്തിലേക്കാണ് ഈ ചിന്ത നമ്മെ നയിക്കുക. എല്ലാ ആനന്ദങ്ങളുടെയും മൂലഭാവം ആ  ഉള്ളതിൽ  ലയിച്ചിരിക്കുന്നതുപോലെ ,എല്ലാ പ്രകൃതിഭാവങ്ങളുടെയും മൂലഭാവം നാരായണഗുരു എന്ന വിരാഗിയിലേക്ക് കൊണ്ടെത്തിക്കുകയാണ് ഈ ആഖ്യായികയിൽ. ഗുരുദേവനെ സ്വരൂപമാക്കി മലയാളത്തിലിറങ്ങിയ എല്ലാ ഗ്രന്ഥങ്ങളും ,ഗുരു ചെയ്ത വസ്തുതകൾ അന്വേഷിച്ചു കണ്ടെത്തിയപ്പോൾ ഹരികുമാർ ഗുരു എന്ന വിരാഗിസമസ്യയെ തുറന്നു കാണിക്കുവാൻ, അതികഠിനമായി, പതിനഞ്ചു നേർചിത്രങ്ങളിലൂടെ ശ്രമിക്കുകയാണ് ഈ ആഖ്യായികയിൽ .ഇത് പുതിയതാണ് ;പുതിയത് മാത്രമാണ്. സസ്യാത്മകമാവുന്ന ഒരു സൗന്ദര്യദർശനത്തെ പതിനഞ്ച് രചനകൾ എന്ന  അധ്യായങ്ങളിലൂടെ  ഹരികുമാർ കൊണ്ടുവരുന്നുണ്ട് .ആത്മാവിൻ്റെ  വ്യാകരണത്തെയും ഭാഷയുടെ വ്യാകരണത്തെയും ഒരേ ബോധതലത്തിൽ  എത്തിക്കുമ്പോൾ നോവൽ നമ്മളിൽ സൃഷ്ടിക്കുന്നത് മറ്റൊരു അനുരണനമാണ്.അതുകൊണ്ടുതന്നെ ലളിതമായ വായനയ്ക്കോ ,ലളിതമനസ്സിനോ  ഈ കൃതി വഴങ്ങുകയില്ല. അങ്ങനെയാണ് ശ്രേഷ്ഠതകളെല്ലാം. നമ്മുടെ ഭവനത്തിടുത്തുള്ള ഒരു ചെറിയ കുന്നുകയറുന്ന ലാഘവത്തോടെ നമുക്ക് ഹിമാലയം കയറാനാവില്ലല്ലോ. ഹിമാലയ തുഞ്ചിൽ എത്തി അഭിരമിക്കുമ്പോഴുള്ള യാത്രികൻ്റെ  സുഖമാണ്  ആഖ്യായിക വായിച്ചെത്തുമ്പോൾ അനുവാചകനു  പ്രതീയമാനമാവുക.  കുറച്ചു കൂടെ ലളിതമാക്കിയാൽ മാങ്ങ കടിച്ചു തിന്നുന്ന ലാഘവത്തോടെ തേങ്ങ തിന്നാനാവില്ലല്ലോ. ആഖ്യായികയിലൂടെ കടന്നുപോകുമ്പോൾ ഗുരു തന്നെ ഒരു ക്ഷേത്രമാവുന്ന കാഴ്ച നമുക്ക് കാണാം. അവിടുത്തെ വിഗ്രഹം ഗുരുവിൻ്റെ ചിത്തമെന്ന ചിദാകാശമാണ്.ബാഹ്യചിഹ്നങ്ങളെല്ലാം കൊഴിഞ്ഞു കാറ്റും  തീയും ജലവും ഭൂമിയും ആകാശവും സംയോജനം നടത്തി പൂർണമാക്കിയ വിരാഗപ്രതിഷ്ഠയാണ് അവിടെ കാണുക. ആ കാഴ്ചയിലേക്ക് ഹരികുമാർ നമ്മെ  നടത്തുന്നു. നടക്കേണ്ടത് നാമാണ്.വിമനസ്സില്ലാതെ  നടക്കുകയാണെങ്കിൽ നാം ഗുരുവിൽ എത്തിച്ചേരും. സമുദ്രം പോലെ ഒരിക്കലും തുളുമ്പാത്ത ആനന്ദവുമായി ഗുരു വിരാജിക്കുന്നു. ആ സൗവർണ്ണപ്രഭയിൽ  അഭിരമിക്കാൻ നമ്മെ ഹരികുമാർ പ്രാപ്തനാക്കും, ഈ ആഖ്യായികയിലൂടെ .ദൈവസാത്മ്യം  എന്നത് ഉൽകൃഷ്ടനായ മനുഷ്യൻ്റെ  പ്രാപ്യസ്ഥാനമാണെങ്കിൽ ,സന്ദേഹം വേണ്ട, 'ശ്രീനാരായണായ ' പാനം ചെയ്യുക .ഉടലിൻ്റെ നിർവൃതിയും ഉയിരിൻ്റെ  നിർവൃതിയും നമുക്ക് ലഭിക്കും. ഇതാണ് ആത്മശുശ്രൂഷ; സർവാത്മാശുശ്രൂഷ.

 

M K HARIKUMAR

BACK TO HOME

 

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...