Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

എം.കെ.ഹരികുമാർ

 കുട്ടപ്പൻ സാർ -
വെളിച്ചത്തിനു വെളിച്ചമാവാതെ വയ്യ



 

 

 

 

എം.കെ.ഹരികുമാർ
 

''സ്വയം പിൻവാങ്ങി നടന്ന സാർ ആർക്കും പിടികൊടുത്തില്ല. ജീവിതത്തിൻ്റെ നിരർത്ഥകതയും നൈമിഷികതയും മനസ്സിലാക്കിയ സാർ അതിൽ ദു:ഖിച്ചില്ല;ഉള്ളതിൻ്റെ പേരിൽ സ്വയം നിറയുകയാണ് ചെയ്തത്''



ഫ്രഞ്ച് നോവലിസ്റ്റ് വിക്ടർ ഹ്യൂഗോ (Victor Hugo) പറഞ്ഞു , കലയിലും ജീവിതത്തിലുമുള്ള സ്വാതന്ത്യമാണ് പരമപ്രധാനമെന്നും ഇതു രണ്ടും നേടാൻ വേണ്ടിയാണ് മാനവരാശിയുടെ പക്വമതികളായ പ്രതിഭകൾ പൊരുതിയതെന്നും. ഈ ചിന്ത കുട്ടപ്പൻ സാറിനും ഇണങ്ങും. അദ്ദേഹം സ്വന്തം ഭൗതികസാഹചര്യങ്ങളിൽ  വ്യക്തിപരമായ മോഹം ഉപേക്ഷിച്ച് ഒരു ജ്ഞാനസമൂഹത്തിൻ്റെ രൂപീകരണത്തിനായി  കർമ്മ ബദ്ധനാവുകയായിരുന്നല്ലോ. താൻ പ്രവർത്തിച്ച മേഖലയിൽ സ്നേഹ ജ്ഞാനത്തിൻ്റെ പ്രലോഭനം മാത്രമേ സാറിനുണ്ടായിരുന്നുള്ളു. ഹൈസ്കൂൾ മലയാളം  അദ്ധ്യാപകനെന്ന നിലയിൽ സാർ ഒരു മാർഗമായിരുന്നു.എന്നാൽ അവിടെ നിന്നുകൊണ്ട് അതിനപ്പുറവും പ്രവർത്തിച്ചു. സാംസ്കാരിക ജീവി  എന്ന നിലയിൽ ധാരാളം വായിച്ചു.പുസ്തകങ്ങൾ വാങ്ങി. സിലബസിനു പുറത്തു നിന്നും അറിവ് ശേഖരിച്ച് കുട്ടികൾക്ക് പകർന്നു. വായിക്കുമ്പോഴാണ് നല്ല മനുഷ്യനുണ്ടാകുന്നതെന്ന തത്ത്വം സാറിൻ്റെ പ്രചോദന കേന്ദ്രമായിരുന്നു.  സഹൃദയത്വത്തിൻ്റെ മേഖലകളെ അറിവിലൂടെയും വായനയിലൂടെയും നിരന്തരം വികസിപ്പിച്ച കുട്ടപ്പൻ സാർ സ്നേഹജ്ഞാനമാർഗങ്ങളെ ഒരിക്കലും തളരാൻ അനുവദിച്ചില്ല. അദ്ദേഹം തലമുറകളുടെ അധ്യാപകനാണ്.

കുട്ടപ്പൻ സാർ



കോട്ടയം സ്വദേശിയായ കുട്ടപ്പൻ സാർ എറണാകുളം ജില്ലയുടെ അതിർത്തി പട്ടണമായ കൂത്താട്ടുകുളം ഹൈസ്കൂളിലാണ് ഞങ്ങളെ പഠിപ്പിച്ചത്.പതിറ്റാണ്ടുകൾ നീണ്ട ആ അദ്ധ്യാപന കാലഘട്ടം കുട്ടപ്പൻ സാറിൻ്റേതായിരുന്നു. മറ്റൊരു അദ്ധ്യാപകനും ഇത്രമാത്രം പ്രഭാവലയമില്ലായിരുന്നു. സാറിൻ്റെ പേരിലാണ് സ്കൂൾ അറിയപ്പെട്ടതെന്ന് പറയുന്നതാവും ശരി. സാർ വിവാഹം കഴിച്ചില്ല. വീടു പണിതില്ല.ജീവിതകാലമത്രയും വാടക വീട്ടിലായിരുന്നു. സ്വന്തമായി ഒരു വാച്ചു പോലുമില്ലായിരുന്നു. സാർ ജീവിച്ചത് മരണത്തിനെതിരെയായിരുന്നു. കാരണം മരണത്തിനു ആ ജീവിതത്തിൽ നിന്നും കാര്യമായൊന്നും അപഹരിക്കാനൊത്തില്ല .കുട്ടപ്പൻ സാർ ജീവിക്കാനാവശ്യമായതു മാത്രമെടുത്തു. ബാക്കിയെല്ലാം സ്വമനസ്സാലെ തള്ളിക്കളയുകയായിരുന്നു. ജീവിച്ചതാകട്ടെ മറ്റുള്ളവർക്ക് വെളിച്ചമാവാൻ വേണ്ടിയും. വെളിച്ചത്തിനു വെളിച്ചമാവാതെ വയ്യ. ഒരു ലാഭവും വേണ്ടാതെ ജീവിക്കുന്നതിൻ്റെ സുഖം ആർക്കെങ്കിലും മനസ്സിലാവുമോ ?

ഞാൻ അദ്ദേഹത്തിൻ്റെ ശിഷ്യനായത് 1975 ,1976 ,1977 കാലത്താണ്. എൻ്റെ ഹൈസ്കൂൾ കാലമാണത്. എനിക്ക് ആ കാലം നല്ല ദിശാബോധം നല്കി. ചീത്ത അഭിരുചികളിൽ നിന്ന് അകലം പാലിക്കാനുള്ള ആഹ്വാനം കുട്ടപ്പൻ സാറിൻ്റെ ക്ലാസുകളിൽ നിന്ന് ഞാൻ വായിച്ചെടുത്തതാണ്. മൂല്യങ്ങളെ തേടി സ്വപ്നത്തിലൂടെയും ജാഗ്രത്തിലൂടെയും സഞ്ചരിക്കണമെന്ന് കുട്ടപ്പൻ സാർ ക്ളാസിൽ പറഞ്ഞതോർക്കുന്നു.മുണ്ടശ്ശേരി, അഴീക്കോട് , കൈനിക്കര കുമാരപിള്ള തുടങ്ങിയവരെ പഠിപ്പിക്കുന്ന കുട്ടപ്പൻ സാർ ഓർമയിൽ കാന്തിയോടെ നില്ക്കുകയാണ്.അത് ഗദ്യം എന്ന കലയുടെ  ആവശ്യമായിരുന്നു. ഗദ്യം സാറിലൂടെ  പാOമുക്തി  തേടുകയായിരുന്നു.ഗദ്യം അപ്പോൾ  മറ്റെന്തൊക്കെയോ ആവുമായിരുന്നു .ഒരു കാര്യം ഞാൻ ഓർക്കാറുണ്ട് ,ശമ്പളത്തിനോ പദവിക്കോ വേണ്ടി ക്ലാസെടുക്കാൻ തയ്യാറായതല്ല കുട്ടപ്പൻ സാർ.അദ്ദേഹം തൻ്റെ സ്നേഹജ്ഞാനപാതകളിലുടെ അവിടേക്ക് നടന്നെത്തിയതാണ്.ഭട്ടതിരി സാറിനെപ്പോലെ  കുട്ടപ്പൻ സാർ  ഈണത്തിൽ കവിത ചൊല്ലിയില്ല.എന്നാൽ അർത്ഥവും സൗന്ദര്യവും ആ കൈളിൽ ഭദ്രമായിരുന്നു.  മലയാളം അധ്യാപകൻ, വായിക്കുന്ന പ്രകൃതക്കാരനാണെന്ന് കുട്ടപ്പൻ സാറിനെ കണ്ടാണ് മനസിലാക്കിയത്. വായന എന്നാൽ സിലബസിനു പുറത്തുള്ള വായനയാണ്.

വസന്തകാലം വന്നതു പോലെ

  ഒരിക്കൽ  ജി. ശങ്കരക്കുറുപ്പിനോട് സാർ ചോദിച്ചു ,ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികൾ നമ്മുടെ  സാഹിത്യനായകന്മാരെ ഓർക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് . എഴുതാൻ തയ്യാറാകാതിരുന്ന കുട്ടപ്പൻ സാറിന് വായനയായിരുന്നു എല്ലാം. നല്ല വായനക്കാരൻ എഴുത്തുകാരനെ നിർണയിക്കുന്നു ,നിലനിർത്തുന്നു ,പരിവർത്തിപ്പിക്കുന്നു.  സാഹിത്യകാരന്മാരുടെ ഫോട്ടോ ക്ലാസ് മുറിയിൽ വയ്ക്കുന്നത് അവരെ ഓർക്കാനും തിരിച്ചറിയാനും  സഹായിക്കുമെന്നാണ്  ശങ്കരക്കുറുപ്പ് പറഞ്ഞത് .ഇക്കാര്യം കുട്ടപ്പൻ സാർ  തന്നെയാണ് ഞങ്ങളോട് പറഞ്ഞത്. ഇത്  വെറുതെ കേട്ട് മറക്കാൻ സാർ  തയ്യാറല്ലായിരുന്നു.അത് യാഥാർഥ്യമാക്കി. കുമാരനാശാൻ, വള്ളത്തോൾ ,ഉള്ളൂർ എന്നിവരുടെ ചിത്രങ്ങൾ , ഒരു  കലാകാരനെക്കൊണ്ടു വരപ്പിച്ചത്, ഒന്നരയടി സമചതുരത്തിൽ ചില്ലിട്ട് ഫ്രെയിം  ചെയ്തു അദ്ദേഹം ഞങ്ങളുടെ പത്താം ക്ലാസ് മുറിയിലെ ഭിത്തിയിൽ  സ്ഥാപിച്ചു ,സ്വന്തം ചെലവിൽ .

ഇതാക്കെ ഓർക്കുന്നതു തന്നെ വസന്തകാലം വന്നതു പോലെയാണ്. ഈ ചിത്രങ്ങൾ ആര്  അനാച്ഛാദനം ചെയ്യും? .കുട്ടപ്പൻ സാർ  പ്രശസ്ത ചിത്രകാരനും ലളിതകലാ അക്കാദമി ചെയർമാനുമായിരുന്ന എം.വി. ദേവനെ   സ്കൂളിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നു.  അനാച്ഛാദനം ചെയ്ത ശേഷം  ദേവൻ ഇങ്ങനെ  പറഞ്ഞു :"കലാകാരന്മാരും എഴുത്തുകാരും അവർ ജീവിച്ചിരിക്കുമ്പോഴല്ല മാറ്റുരച്ചു നോക്കപ്പെടുന്നത്, പിന്നീടാണ്. കാലത്തെ അതിജീവിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിലേ ഓർമ്മയുടെ ആനുകൂല്യം ലഭിക്കൂ. ഓർമ്മകൾ അനുഗ്രഹമാണ്. എന്നാൽ അതിൻ്റെ ആഴവും പരപ്പും വ്യത്യസ്തമായിരിക്കും, ഓർക്കപ്പെടുന്ന വ്യക്തിയുടെ മൂല്യത്തിനനുസരിച്ച് " .
ജയരാജൻ അമ്പാടി വരച്ച കുട്ടപ്പൻ സാറിൻ്റെ ചിത്രം















പദാർത്ഥകാമങ്ങൾക്കപ്പുറത്ത്

ഒരിക്കൽ ,ക്ലാസ്സ് എടുക്കുനതിനിടയിൽ ,ഒരു  മലയാള സാഹിത്യകാരൻ്റെ പേര് പറയാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ മുതിർന്ന എഴുത്തുകാരുടെ പേരൊന്നും ഓർക്കാതെ പെട്ടെന്ന് പുനത്തിൽ കുഞ്ഞബ്ദുള്ള എന്നു പറഞ്ഞു. കുഞ്ഞബ്ദുള്ളയുടെ 'സ്മാരകശിലകൾ ' പരമ്പരയായി വരുന്ന കാലമായിരുന്നു അത്‌.  ഇത് കുട്ടപ്പൻ സാറിന് അത്ര രസിച്ചില്ല.അദ്ദേഹം ചോദിച്ചു , താൻ വൈക്കം മുഹമ്മദ് ബഷീർ, വൈക്കം ചന്ദ്രശേഖരൻനായർ, തകഴി, ദേവ്  തുടങ്ങിയവരെ  ഒന്നും കേട്ടിട്ടില്ലേ എന്ന്. എന്നിട്ട് സാർ ഇങ്ങനെ കൂട്ടി ചേർത്തു: 'വല്ല വാരികയിൽ  നിന്നും  കിട്ടിയതായിരിക്കും ഇത് ' . ഈ പ്രതികരണത്തിൽ നിന്ന് ഞാൻ  ആഴമുള്ള ഒരു സത്യം മനസ്സിലാക്കി. നമ്മൾ സാഹിത്യത്തിൻ്റെ  അരികുകളിൽ മാത്രം നോക്കിയാൽ പോരാ. ആകെ നോക്കണം. ഗഹനവും ഗാഢവുമായ അനുഭവങ്ങൾ കാണണം .അത് വലിയ സംസ്കാരത്തിൻ്റെ ഭാഗമാണ്.സാഹിത്യത്തിൻ്റെ തെരുവ് ആണ് പത്രമാസികകൾ എന്ന് പില്ക്കാലത്ത് സുകുമാർ അഴീക്കോട്  പറഞ്ഞു കേട്ടപ്പോൾ കുട്ടപ്പൻ സാർ അന്നു ചൂണ്ടിക്കാണിച്ചതിൻ്റെ  പൊരുൾ വ്യക്തമായി. വാരികകളിൽ വരുന്നതല്ല, അതിനുമപ്പുറമുള്ള അഗാധ ലോകങ്ങളെക്കുറിച്ചാണ് അറിവ് നേടേണ്ടത്. ഭാഗവതം ഉൾക്കൊള്ളാതെ മഹാഭാരതത്തെക്കുറിച്ച് എഴുതുന്നവരുണ്ട്. എന്നാൽ അത് നിഷ്പ്രയോജനമാണ്. മഹാഭാരതം അടിസ്ഥാനമായി എന്തെഴുതണമെങ്കിലും ഭാഗവത സംസ്കാരം വേണം. ഇന്ന് എഴുത്തുകാർക്കില്ലാത്തതും ഇതാണ്. കുട്ടപ്പൻ്റ സാറിൻ്റെ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു. ഞാൻ അതിനു ശേഷമാണ് നിലനില്പിനു വേണ്ടിയുള്ള വായനയ്ക്കപ്പുറം ബൗദ്ധികവും അത്മീയവുമായ ത്വരകളെ തൃപ്തിപ്പെടുത്താനുള്ള വായനയിലേക്ക് തിരിഞ്ഞത്. വേദബന്ധു, കൃഷ്ണചൈതന്യ ,എ.ഡി.ഹരിശർമ്മ ,വേലായുധൻ പണിക്കശ്ശേരി, നാലപ്പാട്ട് നാരായണമേനോൻ , കുട്ടികൃഷ്ണമാരാര് ,കേസരി ബാലകൃഷ്ണപിള്ള തുടങ്ങിയവരുടെ പുസ്തകങ്ങൾ തെരഞ്ഞെടുത്ത്  വായിക്കാൻ തുടങ്ങി. ഇങ്ങനെ വായിക്കുമ്പോഴാണ് ചിന്താപരമായി പൂർവ്വകാലം ആദരിക്കപ്പെടുന്നത്. സമകാലികതയിൽ ഇപ്പോൾ കടന്നു കൂടിയിട്ടുള്ള സാംസ്കാരിക അയിത്തവും സ്വജനപക്ഷപാതവും ആസൂത്രിതമായ വ്യക്തിതാല്പര്യങ്ങളും വിശാലവും വിപുലവമായ വായനയ്ക്ക് എതിരാണ്. മനുഷ്യൻ ജീവിക്കുന്നത് സാഹിത്യംകൊണ്ടു കൂടിയാണ്. ഭാവനയുടെ ധാർമ്മികമായ മൂല്യമാണത്. അത് സത്യത്തെക്കുറിച്ചുള്ള അവസാനിക്കാത്ത അന്വേഷണങ്ങളും അസ്തിത്വത്തിൻ്റെ നിഗൂഢമായ വഴികളുമാണ്. മനുഷ്യൻ ഇതിലൂടെ ജ്ഞാനിയാകേണ്ടതാണ്.
അന്ന് സാഹിത്യം ജ്ഞാനപാതകൾ സംഗമിക്കുന്ന വനാന്തരമായിരുന്നു. പദാർത്ഥകാമങ്ങൾക്കപ്പുറത്ത് ചില മനീഷികൾ ജീവിതത്തിൻ്റെ അർത്ഥം തേടിയത് സാഹിത്യത്തിലൂടെയാണ്.
കുട്ടപ്പൻ സാർ ഞങ്ങളെ പഠിപ്പിച്ച പത്താം ക്ലാസ് മുറി

സങ്കല്പത്തെ സാഹിത്യസമ്മേളനങ്ങളിലൂടെ നടപ്പാക്കിക്കാണിച്ചു. മതേതരത്വത്തിൻ്റെയും മാനവികതയുടെയും പ്രകൃതിബോധത്തിൻ്റെയും  സദ് സന്ദേശങ്ങളാണ് കുട്ടപ്പൻ സാർ കുട്ടികൾക്ക് നല്കിയത്. അതിൻ്റെ തുടർച്ചയായി കാണേണ്ടതാണ്  അദ്ദേഹം സി.ജെ.തോമസ് സ്മാരക സമിതിയുടെ സെക്രട്ടറി എന്ന നിലയിൽ
ചെയ്ത കാര്യങ്ങൾ . ആ സ്മാരകം ,വാസ്തവത്തിൽ , സിജെ തോമസിനെക്കുറിച്ചുള്ള ചർച്ചയല്ല നടത്തിയത്. കേരളത്തെ ഒന്നായി കണ്ട് ,പ്രാദേശിക സങ്കുചിതത്വം ഒഴിവാക്കി ഗൗരവതരമായ സൗന്ദര്യാത്മക ,സാഹിത്യ സെമിനാറുകളാണ് സംഘടിപ്പിച്ചത്.പൊൻകുന്നം വർക്കി ,തകഴി , കേശവദേവ് ,ജി.ശങ്കരക്കുറുപ്പ് ,കൈനിക്കര കുമാരപിള്ള ,ഒ. എൻ. വി, സുകുമാർ അഴീക്കോട് ,മുണ്ടശ്ശേരി ,എം .എൻ .വിജയൻ , ഉറൂബ് ,കാവാലം ,വൈക്കം ചന്ദ്രശേഖരൻ നായർ ,അയ്യപ്പപ്പണിക്കർ തുടങ്ങി എത്രയോ പേർ കൂത്താട്ടുകുളത്ത് വന്ന് പ്രസംഗിച്ചു! .ഇതിനെല്ലാം കാരണക്കാരൻ കുട്ടപ്പൻ സാറാണ്.കുട്ടപ്പൻ സാറിനു മുമ്പോ ശേഷമോ ഇതുപോലുള്ള അനുഭവമില്ല. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന സ്മാരക പ്രസംഗങ്ങൾ എത്രയോ പേരെ സാഹിത്യകലയിൽ താല്പര്യമുള്ളവരാക്കി. അദ്ദേഹത്തോടെ ആ സംസ്കാരവും ഇവിടെ ,ഇല്ലാതായി.

സ്വപ്നങ്ങൾ എൻ്റേതു മാത്രമല്ല

കുട്ടപ്പൻ സാറിനു ഒരു സ്മൃതികേന്ദ്രമില്ല; സ്മാരക പ്രഭാഷണവുമില്ല.അദേഹം വചസ്സിൻ്റെ ഗുണവും മൂല്യത്തിൻ്റെ പാതയുമായിരുന്നു. സ്വന്തം ആസ്തിയായി യാതൊന്നും പേരിനൊടു ചേർക്കാതെയാണ് വിടവാങ്ങിയത്.തൻ്റെ പിൻഗാമികളെ സൃഷ്ടിച്ചില്ല. സ്വയം പിൻവാങ്ങി നടന്ന സാർ ആർക്കും പിടികൊടുത്തില്ല. ജീവിതത്തിൻ്റെ നിരർത്ഥകതയും നൈമിഷികതയും മനസ്സിലാക്കിയ സാർ അതിൽ ദു:ഖിച്ചില്ല;ഉള്ളതിൻ്റെ പേരിൽ സ്വയം നിറയുകയാണ് ചെയ്തത്.എന്നാൽ അത് ആരെയെങ്കിലും ബോധിപ്പിക്കാൻ ശ്രമിച്ചുമില്ല. സാർ ജീവിക്കുന്നത് ഓഡിറ്റോറിയങ്ങളിലല്ല; എന്നെപ്പോലെയുള്ള വിദ്യാർത്ഥികളുടെ മനസ്സുകളിലാണ്.ഈ ലേഖനം പോലും ആ ഓർമ്മയുടെ പ്രസാദമാണ്. ഗുരുവിൻ്റെ മഹത്വം സംവേദനക്ഷമമായിരുന്ന ഒരു കാലത്താണ് സാർ ജീവിച്ചത് .അത് ചരിത്രത്തിൻ്റെ ഒരു ആശീർവാദമാണ്. എല്ലായ്പ്പോഴും വലിയ ഗുരുക്കന്മാർ ഉണ്ടാകില്ല.

സ്കൂൾ വാർഷികം  ഉദ്ഘാടനം ചെയ്തുകൊണ്ട് കുട്ടപ്പൻ സാർ ഇങ്ങനെ പറഞ്ഞു :"മനുഷ്യരായ നമ്മളിൽ കലയുടെ ദീപം ഉണ്ടായിരുന്നു. അത് കളയാതെ എനിക്കും നിങ്ങൾക്കുമിടയിൽ വ്യക്തമായി നിലനിർത്തിയ തലമുറകളോട്  നാം കടപ്പെട്ടിരിക്കുന്നു. എൻ്റ  ഭാഷയിൽ  ഞാൻ കണ്ട സ്വപ്നങ്ങൾ എല്ലാം എൻ്റേതു മാത്രമല്ല; അതെൻ്റെ  പൂർവ്വസൂരികളുടെയും ഗുരുക്കന്മാരുടെയും കൂടിയാണ്. അവർ എനിക്കായി അത് ബാക്കിവച്ചതാണ് " .

ഓർമ്മകളിൽ നിന്ന് നഷ്ടപ്പെടുന്നത്

പ്രഭാഷണകലയെക്കുറിച്ച് സാർ പറഞ്ഞത് ഓർക്കുന്നു: "പ്രഭാഷകൻ  വേദിയിൽ ഒരു വ്യക്തിയാണെങ്കിലും അതങ്ങനെയല്ല ;അയാൾ സ്വന്തം ശബ്ദമല്ല; കാലത്തിൻ്റെ  ശബ്ദമാണ്. കാലത്തിൻ്റെ ശബ്ദം ആ  മനുഷ്യനിലൂടെ  പ്രവഹിക്കുകയാണ്. അതിൻ്റെ  ഊർജ്ജം ഏറ്റുവാങ്ങാനുള്ള ബുദ്ധിശക്തിയും ധൈര്യവും അവനുണ്ടാവണം. അവൻ  നമുക്ക് മുമ്പേയാണ് നടക്കുന്നത് .അത് സങ്കല്പമല്ല , യാഥാർത്ഥ്യമാവണം" .

എൻ്റെ 'മനഷ്യാംബരാന്തങ്ങൾ ' (1989) എന്ന പുസ്തകത്തിനാണല്ലോ 'അങ്കണം ' അവാർഡ് ലഭിച്ചത്. അതിനു ശേഷം ഒരു ദിവസം കോട്ടയത്ത് വച്ച് കണ്ടപ്പോൾ പതിവിലേറെ സന്തോഷം പ്രകടമാക്കിയത് ഓർക്കുകയാണ്. പൂനെയിൽ നിന്ന് 'രാഗസുധ' അവാർഡ് ലഭിച്ചപ്പോൾ കൂത്താട്ടുകുളം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ കുട്ടപ്പൻ സാർ  എനിക്കു ഉപഹാരം സമ്മാനിച്ചത് ഞാനപ്പോൾ ഓർത്തു. സാർ അന്നു പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു:  "സാംസ്കാരികമായി പൂർണ സജ്ജമാകാൻ പഴയതും വായിക്കണം. നല്ലതെല്ലാം നമ്മോട് കൂട്ടിച്ചേർക്കണം" .അതെന്നെ സ്പർശിച്ചു. എൻ്റെ പ്രതിവാര പംക്തികളായ അക്ഷരജാലകം (മെട്രോവാർത്ത) ,പദാനുപദം (കേസരി വാരിക) എന്നിവിടങ്ങളിൽ, എൻ്റെ ഓർമ്മകളിൽ നിന്ന് നഷ്ടപ്പെടുന്നവയെ തേപ്പിടിക്കാൻ ഞാൻ സദാ ശ്രമിക്കാറുണ്ട്.

ക്ളാസ് മുറിയുടെ പിൻവശം     BACK TO HOME 

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...