sky ink india

Thursday, December 31, 2020

 



അഭിമുഖം

എം.കെ.ഹരികുമാർ / രാജേന്ദ്രൻ നിയതി
 
 
 



വാക്കിനെ പ്രപഞ്ചലീലപോലെ 
 പുനർസൃഷ്ടിക്കുന്ന സുവിശേഷം


നവാദ്വൈതത്തിൻ്റെ മഹാപ്രഹേളികയായ വാക്കുകളുടെ തരുണ സൂര്യനാണ് എം.കെ.ഹരികുമാറിലെ എഴുത്തുകാരൻ.വചസിൻ്റെ വേനലുകളിൽ തപം ചെയ്ത് ശൂന്യതയുടെ ചിമിഴുകളിൽ ഊർന്നു കയറി അതിജീവനത്തിൻ്റെ ആകാശത്തിൽ അവ അലയുന്നുണ്ട്.വാക്ക് അവിടെ പുതുമഴ എയ്യുന്നു.ഭൂമി ഗർഭംധരിച്ച വിത്തുകളുടെ ചുണ്ടിലൂറുന്ന ഹരിതഭണങ്ങൾ പുഞ്ചിരിക്കുന്നു.നശ്വരത അനശ്വരമാകുന്നതും പക്ഷി ചക്രവാളത്തിനെതിരെ കൂടണയുന്നതും വാക്കുകളുടെ പുറപ്പാടും പരിണാമവുമാണ്.അതു തന്നെയാണ് എം.കെ.ഹരികുമാറിലെ നവാദ്വൈതം."കൂടലങ്കരിക്കുന്ന കിളിയെപ്പോലെയാണ് വാക്കുകൾ.അവയുടെ അനന്തമായ സ്നേഹസ്പർശങ്ങൾ തരുണ വേനലുകൾക്കായി കൂട് സംരക്ഷിക്കുന്നു.ദൈവത്തിനുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും മഹത്തായത് സ്നേഹമാണെന്ന് ഓർത്തുകൊണ്ടുതന്നെ പദങ്ങളും അവയുടെ ആത്മഭാവങ്ങൾക്കായി മഞ്ഞിൻ തൂവലുകളുള്ള കൂട്ടിലേക്ക് യാത്രയാവുന്നു" എന്ന് ഹരികുമാർ ആത്മായനങ്ങളുടെ ഖസാക്കിൽ എഴുതുന്നു.

      വസ്തുക്കൾ ശൂന്യമായതിനാലാണ് ഒന്നിനു മറ്റൊന്നായി രൂപംപ്രാപിക്കാൻ കഴിയുന്നതെന്ന് ബുദ്ധൻ പറയുന്നു.അതുകൊണ്ടുതന്നെ സത്യം രണ്ട് തരമുണ്ട്.വ്യാവഹാരികം എന്നും ആത്യന്തികം എന്നുമുള്ള രീതിയിൽ വസ്തുവിനെ രണ്ടായി കാണാം.പൂവ് വ്യവഹാരികമാണ്.അതിനെ നമുക്ക് കാണാം.സ്പർശിക്കാം.മണക്കാം.പൂവിനെ കണികകളാക്കിയാലോ? അത് ശൂന്യമാകുന്നു.ഇതാണ് ആത്യന്തികമെന്ന് ബോധിസത്വൻ.ഹരികുമാറിൻ്റെ നവാദ്വൈതം പറയുന്നതും  വാക്കുകളുടെ നിരന്തര ഉപയോഗം സൃഷ്ടിക്കുന്ന ശൂന്യതയാണ്.ഇത് സർഗ്ഗപ്രക്രിയയിൽ മടുപ്പ് ഉളവാക്കുന്നു.വാക്കിനെ പ്രപഞ്ചലീലപോലെ പുനർസൃഷ്ടിക്കുന്ന സുവിശേഷമാണ് നവാദ്വൈതം.

ചോദ്യം :ഒരു സാഹിത്യകാരൻ്റെ  ജീവിതവീക്ഷണം ഇന്ന്  സ്വാധീനശക്തിയാകുന്നുണ്ടോ?

എം.കെ.ഹരികുമാർ: ഇന്ന് അവാർഡുകളാണ് സംസാരിക്കുന്നത്. അതു  കിട്ടുന്നതാകട്ടെ ,പലപ്പോഴും സാഹിത്യബാഹ്യമായ സ്വാധീനങ്ങളുടെ ഫലമായാണ് .കുറെ എഴുത്തുകാർ അത് ചീത്ത സംസ്കാരമായി വളർത്തിയെടുത്തിരിക്കുന്നു. എല്ലാം തങ്ങൾക്ക് മാത്രം മതി; അർഹതയുള്ള സഹഎഴുത്തുകാർക്ക് കിട്ടാത്തതിൽ ദു:ഖമില്ലാത്ത ,ദുരമൂത്ത ചിലർ എല്ലാം കൈയടക്കുകയാണ്.

എഴുത്തുകാരുടെ കൃതികൾ  പിന്തള്ളപ്പെട്ടുപോയി .മുണ്ടശ്ശേരി, കുട്ടികൃഷ്ണമാരാർ തുടങ്ങിയവരുടെ കാലത്ത് അവാർഡുകൾ ഇങ്ങനെ ശക്തി പ്രാപിച്ചിരുന്നില്ല; ഉണ്ടായിരുന്നില്ല. എന്താണ് എഴുത്തുകാരൻ പറയുന്നതെന്ന് ആളുകൾ ശ്രദ്ധിച്ചിരുന്നു. അതിനുള്ള സാഹചര്യമുണ്ടായിരുന്നു. കൃതികൾ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇന്ന്  അവാർഡുകളാണ് ചർച്ചചെയ്യപ്പെടുന്നത്. ഒരെഴുത്തുകാരനു  വലിയ തുകയുള്ള പുരസ്കാരം കിട്ടിയില്ലെങ്കിൽ അയാൾ എന്തെഴുതിയാലും ചർച്ചചെയ്യില്ല. ആ രീതിയിൽ മാധ്യമങ്ങളുടെ വീക്ഷണം മാറിപ്പോയിരിക്കുന്നു. എത്ര വലിയ അവാർഡായാലും മാധ്യമങ്ങൾ എഴുത്തുകാരുടെ ചിത്രവും ക്യതിയുടെ പേരും മാത്രമേ റിപ്പോർട്ട് ചെയ്യൂ. കൃതി പ്രതിയായ അവസ്ഥ. സാഹിത്യം എന്താണ് മനുഷ്യവംശത്തോടു പറയുന്നതെന്ന് ഇപ്പോൾ പത്രങ്ങളിൽ വരാറില്ല .അതുകൊണ്ട് അവാർഡുകളിലൂടെ വ്യക്തികൾക്ക് പ്രശസ്തി ലഭിക്കുന്നതിനപ്പുറം സമൂഹത്തിന് പ്രയോജനമില്ല .
രാജേന്ദ്രൻ നിയതി


 
വളരെ വലിയ അവാർഡുകൾ ലഭിച്ച ഒ.വി.വിജയൻ, ആനന്ദ് തുടങ്ങിയവർ എന്താണ് ചിന്തിച്ചതെന്ന്  ഒരു ശരാശരി മലയാളിക്ക്  അറിയാൻ നിവൃത്തിയില്ല. അവരുടെ ഫോട്ടോകളാണ് ഇതിനുപകരമായി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത്.എഴുത്തുകാരൻ ഇന്ന് ആശയമല്ലാതായിരിക്കുന്നു. ആശയങ്ങൾ ബഹിഷ്‌കരിക്കപ്പെടുകയാണ്; പകരം വ്യക്തികളുടെ വിവരങ്ങൾ മാത്രം വായിക്കുന്നു .ഇതു നമ്മുടെ ജീവിതവീക്ഷണത്തിലും സാംസ്കാരിക സമീപനങ്ങളിലും വലിയ തിരിച്ചടികളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒന്നിൻ്റെയും  തത്വചിന്താപരമായ, സാഹിത്യപരമായ മൂല്യം അന്വേഷിക്കപ്പെടാതെ നാം മുന്നോട്ട് പോവുകയാണ് .ചിലപ്പോൾ ഒരു കഥാസംഗ്രഹമായി ജോർജ് ഓർവെല്ലിൻ്റ  '1984 ' മാധ്യമങ്ങളിൽ ഇടംപിടിച്ചേക്കാം. ചെറിയ മാഗസിനുകളിൽ മുൽക്ക് രാജ് ആനന്ദിനെക്കുറിച്ചോ ,ഹെർമ്മൻ ഹെസ്സെയെക്കുറിച്ചോ വരുന്ന  ലേഖനങ്ങൾ സാമാന്യജനങ്ങൾ വായിക്കുന്നില്ല.

 പതിറ്റാണ്ടുകളായി മികച്ച സാഹിത്യവും  അതിനെക്കുറിച്ചുള്ള ലേഖനങ്ങളും സാധാരണക്കാർക്ക്  ലഭിക്കുന്നില്ല .അവർക്ക് പലരുടെയും പേരുകൾ അറിയാം .അതിനപ്പുറം അവർ പോകാൻ പാടില്ലത്രേ. പുസ്തകങ്ങളിൽ  ഉറങ്ങിക്കിടക്കുന്ന ആശയങ്ങൾ ചർച്ചചെയ്യുന്ന മാധ്യമ സംസ്കാരമാണ് ഇനിയുണ്ടാകേണ്ടത്. അതിനു വലിയ എഴുത്തുകാർ ഉണ്ടാകണം;പത്രാധിപന്മാരും . എല്ലാ അവാർഡും തനിക്കു മാത്രം എന്ന് ചിന്തിക്കുന്ന സ്വാർത്ഥരെ ഭയന്നോടേണ്ട സ്ഥിതിയാണിപ്പോൾ .ഇക്കാര്യത്തിൽ സ്ഥാപിതതാൽപര്യത്തിന് പുറത്ത്  വിശാലത കൈവരിക്കാനാകണം.

സാഹിത്യകാരൻ്റെ  ജീവിതവീക്ഷണം എന്ന ആശയം തന്നെ അട്ടിമറിക്കപ്പെട്ടു. ഒരു ക്ലിപ്തമായ വീക്ഷണം ജീവിതത്തിനുണ്ടോ ?ഒരു സംഘടനയിലെ നിയമങ്ങളനുസരിച്ച്, പ്രത്യേക ലക്ഷ്യങ്ങളോടെ ജീവിക്കാൻ എഴുത്തുകാരനു സാധ്യമാണോ? പൂർവ്വ നിശ്ചിതമായ ഒരു വീക്ഷണത്തെ അവതരിപ്പിക്കാൻ വേണ്ടി പതാകയേന്തുന്നവനാണോ യഥാർത്ഥ സാഹിത്യകാരൻ? എങ്കിൽ അയാൾക്ക് എന്താണ് അപ്രതീക്ഷിതവും നൈസർഗ്ഗികവുമായ ജീവിതചോദനകളിൽ നിന്ന് കണ്ടെടുക്കാനുള്ളത്? അയാൾ പലരുടെയും വീക്ഷണങ്ങളുടെ ഇരയായിത്തീരില്ലേ? വളരെ നിലവാരപ്പെട്ട ഒരു ജീവിത വീക്ഷണത്തിന് പിന്നാലെ പോകുന്നത് ആത്മഹത്യാപരമല്ലേ?

വ്യക്തിക്ക് ജീവിതവീക്ഷണം   അസാധ്യമാണ്. കാരണം വ്യക്തി തന്നെ ഒരു മൗലികതയല്ല .പലതരം സ്വാധീനങ്ങൾക്കകത്താണ്  ഒരാൾ രൂപപ്പെടുന്നത്.വായിച്ചതും കണ്ടതും കേട്ടതും ഇഷ്ടപ്പെട്ടതുമെല്ലാം നിർണായകമാണ്. സ്വന്തം എന്ന് പറയാൻ ചിലപ്പോൾ ഒന്നും ഉണ്ടാകില്ല. അങ്ങനെയുള്ള ഒരാൾ സ്വന്തം ജീവിതവീക്ഷണം എങ്ങനെയാണ് അവതരിപ്പിക്കുന്നത് ? അതുകൊണ്ട്  എഴുത്തുകാരൻ്റ  ജീവിതവീക്ഷണം എന്ന ആശയം തന്നെ കാലഹരണപ്പെട്ടു. യഥാർത്ഥത്തിൽ, ജീവിതത്തെ ആകെ ചുഴുന്ന ഒരു വീക്ഷണമല്ല വേണ്ടത്. സാന്ദർഭികവും  സമകാലികമായ അനുഭവങ്ങളെ എങ്ങനെ വേർതിരിച്ചെടുത്ത് മനനം ചെയ്യാം എന്നാണ് പരിശോധിക്കേണ്ടത്.


റഷ്യൻ  എഴുത്തുകാരനായ യൂജിൻ വൊദോലാസ്കി (Eugin Vodolaskin) ൻ്റെ  'ലാറൂസ് (2012)  എന്ന നോവൽ വായിക്കുമ്പോൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ഒരു വീക്ഷണം അതിൽ നിന്ന്  വേണമെന്ന് വാശിപിടിക്കുന്നത് വ്യർത്ഥമാണ്. അങ്ങനെയൊരു ലക്ഷ്യം എഴുതിയ ആൾക്ക് പോലുമില്ല. വായിക്കുമ്പോൾ നമ്മെ പുതിയ ലോകങ്ങളിലേക്ക് കൊണ്ടുപോയാൽ മതി .ജീവിതസന്ദേശമല്ല വേണ്ടത്; സൗന്ദര്യമാണ്.നമ്മെക്കുറിച്ച് , നമ്മെപ്പോലെയുള്ള മനുഷ്യരെക്കുറിച്ച്, ഇതര ജീവജാലങ്ങളെക്കുറിച്ച് പുതിയതായി എന്തെങ്കിലും നിരീക്ഷണമുണ്ടോ എന്നാണ് നോക്കേണ്ടത്. ആ നിരീക്ഷണം നമ്മെ  സ്വയം കാണാൻ പ്രേരിപ്പിച്ചേക്കാം. അതിൽ അസ്തിത്വത്തെ അറിയുന്ന എന്തെങ്കിലും ഉണ്ടാകണം.


 2)താങ്കളുടെ നവാദ്വൈതം ,ഉൾപ്പരിവർത്തനവാദം  എങ്ങനെയാണ് സാഹിത്യവിമർശനത്തിൽ ഇടപെടുന്നത്?

എം.കെ.ഹരികുമാർ :സാഹിത്യവിമർശനത്തെ കലാശാലകളിലെ ഗവേഷണവും പേപ്പർ അവതരണവുമായി ചിലർ  മാറിയിരിക്കുകയാണ്. സാഹിത്യകലയുടെ അനുഭൂതികളിലേക്കും അതിലെ നിലീനവും സങ്കീർണവുമായ ദർശനത്തിലേക്കും കൊണ്ടുപോകുന്ന വിമർശനം കുറഞ്ഞു. ഇപ്പോൾ പാശ്ചാത്യ സർവകലാശാലകളിൽ  ഉൽപാദിപ്പിക്കുന്ന സിദ്ധാന്തങ്ങളുടെ മാതൃകകളെ അടിസ്ഥാനമാക്കി മലയാളകൃതികളെ അപഗ്രഥിക്കാനുള്ള ശ്രമങ്ങൾ മാത്രമാണുള്ളത്. സാഹിത്യത്തിൻ്റെ പരമോന്നതമായ, ത്രസിപ്പിക്കുന്ന, ആത്മീയ , സൗന്ദര്യാത്മക പ്രശ്നങ്ങൾ കലാശാലകളിലെ അക്കാദമിക്  സമൂഹത്തിന് അജ്ഞാതമായി നിൽക്കുകയാണ് .ഒരു ഗണിത ശാസ്ത്രപ്രശ്നത്തെ എന്ന പോലെയാണ് പലരും സാഹിത്യത്തെ സമീപിക്കുന്നത് .

സാഹിത്യവിമർശനത്തിൽ ഞാൻ നവാദ്വൈതപരമായ ഉള്ളടക്കം കൊണ്ടുവരാറുണ്ട്.നവാദ്വൈതം അഥവാ ഉൾപ്പരിവർത്തനം ഒരു  നിശ്ചലമായ അവസ്ഥയല്ല. വാക്കുകളുടെ അർത്ഥത്തിൽ നിന്ന്  നിരന്തരമായി ഉത്പാദിപ്പിക്കപ്പെടുന്ന അർത്ഥങ്ങളാണ്. ഇതൊരു  ലീലയാണ്. ഏത് നിശ്ചലതയിലും നിശ്ശബ്ദതയിലും അർത്ഥങ്ങൾ ജനിച്ചുകൊണ്ടിരിക്കുന്നു.ഓരോ ജീവിതത്തിൻ്റെയും  പ്രശ്നങ്ങൾ തുടർ ശൃംഖലകൾ സൃഷ്ടിച്ച് അനേകം ലീലകളായി വഴിപിരിയുന്നു. കാണാമറയത്താണ് അസ്തിത്വപ്രശ്നങ്ങൾ. വ്യക്തിപരമായ ആലോചനകളും ഭാവനകളും അർത്ഥതരംഗങ്ങളായി അന്യരിലേക്ക് ചെന്നുചേരുന്നു. ഒരാൾ ഒന്നും ചെയ്തില്ലെങ്കിലും അയാൾ മറ്റൊരുവനെ ബാധിക്കുന്ന പ്രശ്‌നമാകും. ഉൾപ്പരിവർത്തനത്തിൻ്റെ ഭാഗമാണിത്.നാം ആഗ്രഹിച്ച ജീവിതങ്ങളെ ശില്പങ്ങളാക്കാനാവും. ഏറ്റവും പരിപാവനവും വിഭാഗീയതയില്ലാത്തതുമായ  ചിത്രകല വേണമെന്ന് പറഞ്ഞാണ്  മനുഷ്യാതീതമായ Abstract Art പീത്ത് മോൺഡ്രിയാൻ (Piet Mondriaan) കണ്ടുപിടിച്ചത് .
ചിന്തയുടെ മറ്റൊരു വഴിച്ചാലാണിത്. ചിത്രകലയിൽ നിറങ്ങൾ ഉപയോഗിച്ച് മനുഷ്യസഹജമായ, പ്രകൃതിജന്യമായ, വൈജാത്യങ്ങളില്ലാത്ത വിശുദ്ധിയാണ് അദ്ദേഹം നേടിയത്.നവാദ്വൈതപരമായി  കാണാവുന്നതാണിത്‌. ഇതിൽ ഉൾപ്പരിവർത്തനമുണ്ട്. ബാഹ്യമായ  യാതൊരു സമ്മർദ്ദവുമില്ലാതെ തന്നെ  ആശയങ്ങൾ ,അർത്ഥങ്ങൾ പിറന്നുകൊണ്ടിരിക്കുന്നു.ഇത് വിമർശകൻ്റെ  സ്വാതന്ത്ര്യമാണ്. യാതൊരു തത്ത്വശാസ്ത്രത്തിൻ്റെയും കുറ്റിയിൽ ബന്ധിതമാകാത്ത സ്വതന്ത്രസഞ്ചാരമാണിത്. സൗന്ദര്യത്തെയും മനനത്തിൻ്റെയും പ്രക്രിയയാണിത്.


ഒരു വിമർശകനെന്ന നിലയിൽ ഞാൻ ഏതെങ്കിലുമൊരു കൃതിയെ സമീപിക്കുന്നത് അതിൻ്റെ രചയിതാവിനു വേണ്ടിയല്ല; ഏതെങ്കിലും തരത്തിലുള്ള പ്രചാരണാംശം ഇതിലുണ്ടാകാൻ പാടില്ല. സാഹിത്യകൃതിക്ക്  ജനമനസ്സുകളിൽ ഇടം നേടിക്കൊടുക്കേണ്ട ഉത്തരവാദിത്വം വിമർശകനില്ല. അങ്ങനെ ചിന്തിക്കുന്നതു തന്നെ അസാന്മാർഗികമാണ്‌. ഞാൻ സാഹിത്യത്തിൻ്റെ  അനുഭൂതിയെ കൂടുതൽ സൗന്ദര്യാത്മകമാക്കാനാണ് ശ്രമിക്കുന്നത്. അതെൻ്റെ വൈയക്തികസമസ്യയാണ്. എൻ്റെ  സൈദ്ധാന്തികവും ദാർശനികവുമായ ചിന്തകൾ അതിലുണ്ട്. അനുഭൂതിയെ വാക്കുകളിലൂടെ അന്വേഷിച്ച്, യുക്തിക്ക് അജ്ഞാതമായ ഇടങ്ങൾ തേടേണ്ടി വരാം.  അതിലൂടെ ഞാൻ എഴുതുന്നത് എൻ്റെ സ്വന്തം കൃതിയാണ്. ഒരു വിമർശകൻ അയാളുടെ മനസ്സിൻ്റെ അഗാധസമുദ്രത്തിൽ ആണ്ടുപോയ  സാഹിത്യലോകത്തെയാണ് ഓരോ രചനയിലൂടെയും ഉയർത്തിക്കൊണ്ടുവരുന്നത്. അയാൾക്ക്  രാഷ്ട്രീയലക്ഷ്യമോ തത്ത്വശാസ്ത്രപരമായ പക്ഷമോ  ഉണ്ടായിരിക്കുകയില്ല.എന്നാൽ താൻ എഴുതുന്നതിൻ്റെ ആശയപരമായ ലക്ഷ്യത്തെക്കുറിച്ച് ബോധ്യമുണ്ടായിരിക്കും. ഒരിടത്തും അവസാനിപ്പിക്കാൻ കഴിയാത്തതാണ് നവാദ്വൈതദർശനം. ഏത്  സാഹചര്യത്തിലും ,അത് വീണ്ടും വീണ്ടും ഉൾപ്പരിവർത്തനത്തിനു  വിധേയമാവുകയാണ്. സ്വാതന്ത്ര്യത്തിൻ്റെ  മഹാകാശമാണ് വിമർശകനു വേണ്ടത്; എന്നാൽ അത്  ധ്വംസനമാകരുത്. സാഹിത്യവിരുദ്ധമോ സൗന്ദര്യരഹിതമോ ആകരുത്.

ചോദ്യം :ആസ്വാദനമെഴുതുന്നവർ വിമർശകരല്ല എന്ന്  താങ്കൾ എഴുതിയത്  എന്തുകൊണ്ടാണ് ?

എം.കെ.ഹരികുമാർ :സാഹിത്യാസ്വാദനം ഒരു സാഹിത്യഗണമല്ല; കവിത ,കഥ, നോവൽ ,വിമർശനം എന്ന് പറയുന്നത് പോലെയുള്ള ഒരു ഗണമല്ല  ആസ്വാദനം. ആസ്വാദനമെഴുതുന്നതിൽ വിമർശകൻ്റെ കലയോ തത്ത്വചിന്തയോ ഉണ്ടായിരിക്കില്ല .സാഹിത്യപ0നങ്ങൾ പോലും വിമർശനത്തിൻ്റെ ഭാഗമാകുന്നില്ല. നിലവിലുള്ള ഉപകരണങ്ങൾ വച്ചുകൊണ്ട് ഒരു കൃതിയിൽ എന്താണ് വിവരിച്ചിട്ടുള്ളതെന്ന് സാമാന്യമായി  മനസ്സിലാക്കുന്ന പ്രക്രിയ മാത്രമാണത്. പഠനങ്ങളിൽ പുതുതായി  ഒന്നുമുണ്ടാകില്ല. അത് ഗവേഷണത്തിനു വിഷയങ്ങൾ തെരഞ്ഞെടുക്കുന്ന പോലെ യാന്ത്രികമാണ്. 'മേഘസന്ദേശം' ഒരു പഠനം എന്നു പറഞ്ഞാൽ ,ആ കൃതിയെപ്പറ്റി നിലവിൽ  പലരും പറഞ്ഞതു ക്രോഡീകരിക്കുക എന്നേ അർത്ഥമുള്ളൂ. മനശ്ശാസ്ത്രത്തിൽ ഫ്രോയിഡിനെപോലെയോ തത്ത്വചിന്തയിൽ നിഷയെപോലെയോ മൗലികമായ നിരീക്ഷണങ്ങൾ അതിൽ ഉണ്ടാകില്ല .പഠനം നിലവിലുള്ള വിജ്ഞാനത്തെ വേറൊരു ഭാഷയിൽ ക്രമീകരിക്കുകയാണ്. ആസ്വാദനമെഴുതുന്നവർ ഭൂരിപക്ഷവും  താഴ്ന്ന നിലവാരത്തിൽ  വായിക്കുകയാണ്. അത് അയാളുടെ വായനയല്ല. അവിടെ ഭാഷയോ സൗന്ദര്യശാസ്ത്രമോ മൗലികമായ കണ്ടെത്തലോ  അസാധ്യമായിരിക്കും. കലാശാലകളിൽ ഒരു അധ്യാപകൻ സാഹിത്യകൃതിയെപറ്റി പറഞ്ഞുകൊടുക്കുന്ന വിവരങ്ങൾ ആസ്വാദനത്തിൽ ഒതുങ്ങും.

വിമർശനം അതിനപ്പുറം പോകേണ്ടതുണ്ട്. വിമർശനം പലതിനെയും ചോദ്യം ചെയ്യണം; അസ്ഥിരപ്പെടുത്തണം. പുതിയ ക്രമം കണ്ടുപിടിക്കണം. 

സ്വയം എന്താണോ അതല്ലാതായി തീരുന്നതാണ് ഉൽപരിവർത്തനത്തിൻ്റെ ആന്തരപ്രക്രിയ .മിക്കപ്പോഴും സാമ്പ്രദായിക വിമർശനപദ്ധതികളിൽ നാം കാണുന്നത്, വിമർശകൻ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സ്വത്വത്തിലേക്കോ  തനിമയിലേക്കോ  നയിക്കുന്നതാണ്. അയാൾക്ക് സ്വന്തം ഇച്ഛയുടെ വക്താവാകണം.നവാദ്വൈത വിമർശനത്തിൽ സ്വന്തം ഇച്ചയുടെ തടവുകാരനാകുന്നതിനു പകരം സ്വയം നിരാസം ,സ്വയം നിർമ്മാണം എന്നീ ആന്തരകർമ്മങ്ങളിലൂടെ ഉൽപരിവർത്തനമാണ് സംഭവിക്കുന്നത്.  ഇതാകട്ടേ, ആനന്ദവുമാണ്. ഒരു കൃതി എന്താണോ അതല്ലാതാകാനാണ് വിമർശകനെ തേടുന്നത്; അല്ലെങ്കിൽ വിമർശകൻ അതിലാണ്  യാഥാർത്ഥ്യത്തെ അന്വേഷിക്കുന്നത്. കൃതിയെ അതിൻ്റെ സ്വയം  സമ്പൂർണവും ആന്തരികതയിൽ അവലംബിതവുമായ അവസ്ഥയിൽ നിന്ന് മോചിപ്പിച്ച് മറ്റൊന്നാക്കണം. ഇതു  കൃതിയിൽ തന്നെ സംഭവിക്കുന്നുണ്ട്. ഒരാൾ അതു  വായിക്കാതിരിക്കുമ്പോഴും അതിനെക്കുറിച്ചുള്ള പരിവർത്തനപാഠങ്ങൾ  അതിൽ തന്നെ നിറഞ്ഞിരിക്കുകയാണ്. ഒരാൾ വായിക്കുന്നതോടെ കൃതി സ്വയം നിരാകരിച്ച്‌  മറ്റൊരു സ്വയം നിർമ്മാണത്തിന് തയ്യാറെടുക്കുന്നു. ഇതു ഓരോ വായനയിലും  സംഭവിക്കുന്നു .എത്രപേർ വായിക്കുന്നുവോ അപ്പോഴൊക്കെ ഇതുണ്ടാകുന്നു. അതുകൊണ്ടു കൃതിക്കു  ശാശ്വതമായ വായനയോ അർത്ഥമോ ഇല്ല. അർത്ഥാന്തരങ്ങൾ  എപ്പോഴും മാറുകയാണ്. വിമർശകൻ മാറിക്കൊണ്ടിരിക്കുന്നു. അതു വായനയെ എപ്പോഴും മാറ്റുന്നു .


ചോദ്യം :സാഹിത്യവിമർശകൻ്റെ വ്യാമിശ്രമായ  പഠനോപകരണങ്ങളും സൈദ്ധാന്തികചിന്തകളും  തത്വചിന്താപരമായ ചരിത്രപാഠങ്ങളുമൊക്കെ കൃത്യമായി മനസ്സിലാക്കുന്ന വായനക്കാരുടെ വലിയൊരു  സമൂഹമുണ്ടോ?

എം.കെ.ഹരികുമാർ : വായനക്കാരുടെ  വലിയൊരു കൂട്ടത്തെ  വിമർശകൻ നയിക്കേണ്ടതുണ്ടോ ?ഇതു ജനാധിപത്യ സ്ഥാപനമല്ലല്ലോ. എന്തിനാണ് ആയിരക്കണക്കിനു വായനക്കാർ ?ഇരുനൂറ്റമ്പതു വായനക്കാർ മതി. അല്ലെങ്കിൽ നൂറു വായനക്കാരെങ്കിലും മതി.

 എപ്പോഴും കുറെ നല്ല വായനക്കാരു ണ്ടായിരുന്നു. അവർ സ്ഥാനമാനങ്ങളോ പദവിയോ നോക്കാത്തവരായിരുന്നു. അവാർഡ് കിട്ടിയതുകൊണ്ട് മാത്രം പുസ്തകങ്ങൾ വായിക്കുന്നവരെയല്ല ഞാനുദ്ദേശിക്കുന്നത് .അവർ യഥാർത്ഥ വായനക്കാരല്ല .പുരസ്കാരങ്ങൾ കിട്ടി  പ്രശസ്തമായതുകൊണ്ട് എന്തും വായിക്കാമെന്ന് കരുതുന്നവരുണ്ട്. എന്നാൽ വേറെയും വായനക്കാരുണ്ട്. അവർ തങ്ങളുടെ സ്വകാര്യ വായനയാണ്  ഇഷ്ടപ്പെടുന്നത് .അവർ സ്വയം കണ്ടെത്തുന്ന കൃതികളാണ് വായിക്കുന്നത്. ഇത്തരം വായനക്കാരുടെ പിന്തുണ എനിക്കെപ്പോഴും കിട്ടിയിട്ടുണ്ട്. ഇപ്പോഴും കിട്ടുന്നു.അവരാണ് എന്നെക്കൊണ്ട് എഴുതിക്കുന്നത്. അവർ എല്ലാ ആഴ്ചയിലും സന്ദേശങ്ങൾ അയയ്ക്കുന്നു. 

ഞാൻ 'അക്ഷരജാലക ' (മെട്രോ വാർത്ത)ത്തിൽ  തുടരുന്ന നിശിതമായ സമീപനങ്ങൾ തുടരണമെന്നാണ് ഇവർ പറയുന്നത്.ഇവർ സത്യസന്ധമായ  വായന ആഗ്രഹിക്കുന്നു.  ഒരാൾ എഴുതുന്നതിൻ്റെ സൂചനകൾ ശരിക്കും മനസ്സിലാക്കുന്നവരാണ് ഈ പ്രത്യേക വായനക്കാർ .സൂക്ഷ്മഗ്രാഫിയാകുന്നത് ,ഒരു വായനക്കാരൻ്റെ കാര്യത്തിൽ വലിയ നേട്ടമാണ്. വിമർശകനും അങ്ങനെയാകണം.  നോവലോ കഥയോ വായിക്കുന്ന വിമർശകൻ അതിൻ്റെ  കഥ വിസ്തരിച്ച് എഴുതി വയ്ക്കുന്നത് അനുചിതമാണ്. വായനക്കാരൻ  പ്രതീക്ഷിക്കുന്നത്, പ്രസ്തുത നോവലിലോ കഥയിയോ ഇല്ലാത്ത വെളിച്ചത്തിൻ്റെ  ഒരു കണമാണ്. അതു  നൽകുന്നവനാണ് വിമർശകൻ.

ഇന്നത്തെ  സാഹചര്യത്തിൽ വായനക്കാരുടെ വലിയൊരു കൂട്ടത്തെ കിട്ടുകയില്ല . കാരണം നമ്മുടെ മുഖ്യധാരാ മാധ്യമസംസ്കാരവും ജനപ്രിയതയും വിമർശകൻ്റെ സമീപനങ്ങൾക്ക് വളരെ ദൂരെയാണുള്ളത്‌.സാഹിത്യവിമർശനം ഒരു കൃതിയോടുള്ള സമീപനം മാത്രമല്ല; അത് വിമർശകനു തന്നോടു തന്നെയുള്ള സമീപനവുമാണ്.

ചോദ്യം: താങ്കൾ 23 വർഷമായി  ആഴ്ചതോറും 'അക്ഷരജാലകം' എഴുതുന്നു. സാഹിത്യസംസ്കാരത്തിൽ ഇടപെട്ട് പരിവർത്തനം വരുത്തുന്ന, പുതിയ ദിശകൾ ചൂണ്ടിക്കാണിക്കുന്ന പുതിയ സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുന്ന കോളമാണിത്. ഇതിനുമുമ്പ് ഇതുപോലൊരു അനുഭവമില്ല. മലയാളത്തിൻ്റെ  ഒരേയൊരു കോളമിസ്റ്റ് എന്ന സ്ഥാനം ഇപ്പോൾ  താങ്കൾ എങ്ങനെയാണ് ഉൾക്കൊള്ളുന്നത്?

എം.കെ.ഹരികുമാർ: ഞാൻ 1998 ഫെബ്രുവരിയിൽ 'കേരളകൗമുദി'യിലാണ്  അക്ഷരജാലകം തുടങ്ങിയത്‌. ഇപ്പോൾ താങ്കൾ പറഞ്ഞതുപോലെ ഇരുപത്തിമൂന്നാം വർഷത്തിലേക്ക്   കടക്കുകയാണ് .ഞാൻ പ്രൊഫസറുമല്ല, അക്കാദമിഷ്യനുമല്ല ; പത്രപ്രവർത്തകനായിരുന്നു .എന്നിട്ടും എനിക്ക് ധാരാളം വായനക്കാരെ കിട്ടി. അവരുടെ സ്നേഹവും ആദരവും അനുഭവിച്ചുകൊണ്ടാണ് എഴുതിയത്.ഈയിടെ ഒരു വിദ്യാർത്ഥി എൻ്റെ  'പദാനുപദം' ( കേസരി ) പംക്തിയുടെ പേജുകൾ മുഴുവൻ കട്ട് ചെയ്തു വെച്ചിരിക്കുന്നതിൻ്റെ  ഫോട്ടോ എടുത്തു അയച്ചു തരുകയുണ്ടായി.   മുന്നൂറോളം പേജുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സൂക്ഷിക്കുന്നത്? ഇതുപോലെ വേറെയും ആളുകൾ ഉണ്ട്. അവരെ ധിഷണാപരമായി  ഉത്തേജിപ്പിക്കുന്നതിൻ്റെ  തെളിവാണിത്.


ചോദ്യം: എം കൃഷ്ണൻനായർ  അന്തരിച്ച ശേഷമാണ് താങ്കൾ കലാകൗമുദിയിൽ അക്ഷരജാലകം തുടങ്ങിയതെന്ന് ഒരാൾ എഴുതിക്കണ്ടു. ?

എം.കെ.ഹരികുമാർ: ഇതൊക്കെ അസഹിഷ്ണുതയുടെ  ഫലമായുണ്ടാകുന്ന വർത്തമാനങ്ങളാണ്.കൃഷ്ണൻനായർ  ജീവിച്ചിരിക്കുമ്പോൾതന്നെ എൻ്റെ കോളം നന്നായി സ്വീകരിക്കപ്പെട്ടു. ഒരിക്കൽ ഒരു പ്രോഗ്രാമിന് ബാംഗ്ലൂരിൽ ചെന്നപ്പോൾ പ്രസംഗം കേൾക്കാൻ വന്ന ഒരാളുടെ കൈയ്യിൽ ഞാൻ എഴുതിയ 'അക്ഷരജാലക 'ത്തിൻ്റെ  കട്ടിംഗുകളുണ്ടായിരുന്നു .എൻ്റെ പംക്തി വളരെ പ്രശസ്തമായപ്പോൾ, ഇതുപോലെ എഴുതുന്നത് നിസ്സാരമാണെന്ന് തോന്നിയ ചിലർ ഇടിച്ചു കയറി  ,അനുകരിച്ചു എഴുതുന്നത് കണ്ടിട്ടുണ്ട്. സ്വന്തമായി ഒരു ആശയമില്ലാതെ  മറ്റുള്ളവരുടെ ലേഖനങ്ങളിലെ ഭാഗങ്ങൾ വൃഥാ ഉദ്ധരിച്ചും  സ്വയം പുകഴ്ത്തിയും മുന്നേറാൻ ശ്രമിച്ചവർ എട്ടു നിലയിൽ പൊട്ടി താഴെ വീഴുന്നതാണ് കണ്ടത്. ഞാൻ എൻ്റെ  കോളത്തിൽ  എന്നെപ്പറ്റി എഴുതാറില്ല. സെക്സ് എഴുതാറില്ല. മാർക്കറ്റിൽ വരുന്ന പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്താറുമില്ല .കൃഷ്ണൻ നായർ  ഇതൊക്കെ ചെയ്തിരുന്നല്ലോ.

 എൻ്റെ കോളം ആളുകൾ താൽപ്പര്യത്തോടെ വായിച്ചു  ഫെയ്സ്ബുക്കിലും വാട്സാപ്പിലും അതിനെക്കുറിച്ചു എഴുതുന്നതു കണ്ടിട്ടുണ്ട്.  അവർ നല്ല വായനക്കാരാവാതെ തരമില്ല .

ചോദ്യം:താങ്കളുടെ നവവിമർശനപദ്ധതികളും കോളമെഴുത്തും  എങ്ങനെയാണ് യോജിച്ചുപോകുന്നത്?

എം.കെ.ഹരികുമാർ: കോളങ്ങളിൽ ഞാനെൻ്റെ ദാർശനിക ജ്ഞാന വഴികളാണ് തുറന്നിടുന്നത്. അതിനെ  ചിന്താപരമായ ഒരു ചുവടുവയ്പാക്കി മാറ്റാൻ ഞാൻ ശ്രമിക്കാറുണ്ട്. ഉത്തര- ഉത്തരാധുനികതയൊക്കെ പരിചയപ്പെടുത്തിയത് ഈ കോളത്തിലാണല്ലോ. കവിത  വിരുദ്ധ സൗന്ദര്യദർശനങ്ങളുടെ ഒരു സംഘാതമാണെന്ന ദർശനം എ .അയ്യപ്പനെ മുൻനിറുത്തി ആവിഷ്കരിമ്പത് ഇതിലാണ്. എന്നാൽ ഇത് പിന്നീട് ഒരു കവി  മോഷ്ടിച്ചു  സ്വന്തമാക്കാൻ ശ്രമിച്ചു .

ചോദ്യം :ഇപ്പോൾ വിമർശനം എന്ന ശാഖ മലയാളത്തിലില്ലെന്ന് ചിലർ പറഞ്ഞല്ലോ.

എം.കെ.ഹരികുമാർ:  അതൊക്കെ  വായനക്കാർ പെട്ടെന്ന് തിരിച്ചറിയും. സ്വന്തം അർശസു മറ്റുള്ളവരുടെ ശരീരത്തിൽ വച്ചു പിടിപ്പിക്കാൻ നടക്കുന്ന ഗതികെട്ടവരാണ് ഇക്കൂട്ടർ. നിരാശ ബാധിച്ച ഇവർ ഒന്നും വായിക്കുകയില്ലല്ലോ.  അവർക്ക് വേറെ വഴിയില്ല. 

 ചോദ്യം: താങ്കൾ  40 വർഷമായി എഴുതുന്നു. 2000 ത്തിന് ശേഷം താങ്കളുടെ പ്രവർത്തനം എങ്ങനെയാണ് സ്വയം നോക്കി കാണുന്നത് ?
എം.കെ.ഹരികുമാർ: എൻ്റെ പംക്തികളിലൂടെ ധാരാളം പുതിയ ആശയങ്ങൾ, പദപ്രയോഗങ്ങൾ വന്നിട്ടുണ്ട്. സൈദ്ധാന്തികമായി പ്രയോജനവാദം, സകലവായന,ശകല വായന ,ഉൾപ്പരിവർത്തനം ,ഉത്തര- ഉത്തരാധുനികത , നിഴൽ എഴുത്തുകാരൻ , വ്യാജ യാഥാർത്ഥ്യം, തനിമനസ്സ് ,നവാദ്വൈതം ,,ഹിസ്റ്ററി ക്ലാസ് തുടങ്ങിയ എൻ്റെ സങ്കല്പനങ്ങളും സിദ്ധാന്തങ്ങളും  അവതരിപ്പിച്ചു .സാഹിത്യവിമർശകൻ്റെ മാനിഫെസ്റ്റോ (എൻ്റെ മാനിഫെസ്റ്റോ ,2010) ആദ്യമായി എഴുതിയത് ഞാനാണ്.  പിന്നീട് ഉത്തര- ഉത്തരാധുനികത ,സാഹിത്യത്തിൻ്റെ  നവാദ്വൈതം ,മറവിയുടെ നിർമ്മാണം, വീണപൂവ് കാവ്യങ്ങൾക്ക് മുൻപേ ,എൻ്റെ ജ്ഞാനമുകുളങ്ങൾ ,എം.കെ.ഹരികുമാറിൻ്റെ  സിദ്ധാന്തങ്ങൾ തുടങ്ങിയ കൃതികൾ രചിച്ചു. ഇതെല്ലാം  സൗന്ദര്യാത്മക സിദ്ധാന്തങ്ങളും വിമർശനങ്ങളുമാണ്. ഇതിനുപുറമേ 300 ലേറെ ലേഖനങ്ങൾ വിവിധ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചതുണ്ട്;ഇനിയും പുസ്തകമായിട്ടില്ല.  സാഹിത്യം, ചിത്രകല ,പ്രകൃതി, ഇൻറർനെറ്റ്, സംസ്കാരം ,ഹൈടെക് സാങ്കേതിക വിദ്യകൾ എന്നിവയെല്ലാം സമന്വയിപ്പിച്ചു കൊണ്ടാണ് ഞാൻ ഉത്തര- ഉത്തരാധുനികതയെക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതിയത് .


ചോദ്യം:താങ്കളുടെ സർഗാത്മക കൃതികൾ സിദ്ധാന്തങ്ങളുമായി എങ്ങനെയാണ് ബന്ധപ്പെടുന്നത് ?

എം.കെ.ഹരികുമാർ :എൻ്റെ  നോവലുകൾ (ശ്രീനാരായണായ, ജല ഛായ ,വാന്ഗോഗിന് )ആത്മീയ, ദാർശനിക ,സൗന്ദര്യാത്മക തലങ്ങളിൽ പുതിയ ടെസ്റ്റ് (Text)ഉണ്ടാക്കുകയാണ് ചെയ്തത്. പല വിഷയങ്ങളും ആദ്യമായി ഉണ്ടാകുകയും വിവരിക്കപ്പെടുകയും ചെയ്യുന്നു. താമരയുടെ ഘടന (ശ്രീനാരായണായ) സർപ്പങ്ങളുടെ കഥകളി (ജലഛായ) വാൻഗോഗിൻ്റെ യാത്ര (വാൻഗോഗിന്) തുടങ്ങിയ ആഖ്യാനങ്ങൾ  ഇതിനുമുമ്പ് എവിടെയും ഉണ്ടായിട്ടില്ല .ഇത് എൻ്റെ വ്യാജ യാഥാർത്ഥ്യം (Pseudo reality) എന്ന ആഖ്യാന തന്ത്രത്തെയാണ്  അവതരിപ്പിക്കുന്നത്.
 
BACK TO HOME





at December 31, 2020
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Note: Only a member of this blog may post a comment.

Newer Post Older Post Home
Subscribe to: Post Comments (Atom)

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...

  • എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only
    Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...
  • എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021
     അഭിമുഖം എം.കെ.ഹരികുമാർ റൗണ്ട് ടേബിൾ /എഴുത്തും പ്രമേയവും എം.കെ.ഹരികുമാറുമായി എഴുത്തുകാരും വായനക്കാരുമടങ്ങിയ ശ്രദ്ധാലുക്കളായ ഏതാനും പേർ സംസാര...
  • എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021
     പുനർവായന    ഖസാക്ക്: ആന്തരികമായ ഏകാന്തതയ്ക്ക്  ആഴം കൂട്ടുന്നു   എം.കെ.ഹരികുമാർ ഭാരതത്തിൻ്റെ ആത്മീയമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഒ.വി.വ...

home

  • m k harikumar new year special 2020

M K Harikumar new year special 2021

M K Harikumar new year special 2021
M K HARIKUMAR

Search This Blog

  • Home

About Me

Sky Ink India
View my complete profile

Report Abuse

Labels

  • GUEST EDITORIAL
  • m k harikumar new year special 2021

Blog Archive

  • December 2020 (40)
  • November 2020 (1)
Simple theme. Powered by Blogger.