Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

 ജലഛായ :ശില്പചാതുരിയുടെ 

ആത്മീയഫലിതം


രാജു ഡി മംഗലത്ത് 

 

 എം.കെ.ഹരികുമാറിൻ്റെ 'ജലഛായ' യുടെ വായന


ഒരു നോവലിൻ്റെ ശരീരം അതിൻ്റെ  ആത്മീയതയായിത്തീരുന്ന നവാനുഭവത്തെയാണ്   എം.കെ.ഹരികുമാറിൻ്റെ 'ജലഛായ' യുടെ വായന നിർമ്മിക്കുന്നതെന്ന് പറയുമ്പോഴും ആ കൃതിയുടെ ലാവണ്യത്തിൻ്റെ പല തളിരിലത്തുമ്പുകളും ആസ്വാദനത്തിൻ്റെ ഫ്രെയിമിനു  പുറത്തു തന്നെയായിരിക്കും. വായനക്കാരൻ്റെ സ്ഥിതപ്രജ്ഞയുടെ  ചരടുകൊണ്ട് കെട്ടിയൊതുക്കാൻ പറ്റാത്ത വിധം ബഹുലവും ശക്തവുമായ അന്തർബോധങ്ങളുടെയും ഭാഷാപരമായ ഭ്രമാത്മകപഥങ്ങളുടെയും അഴിഞ്ഞാട്ടം കൊണ്ട് ആഖ്യാനഘടനയെ തന്നെ ഉള്ളടക്കമാക്കിത്തീർത്തിരിക്കുന്ന ഈ നോവൽ, സമകാല മലയാളസാഹിത്യത്തിൽ പതിക്കുന്ന മുദ്ര ദാർശനികമായ ഒരു കാരിക്കേച്ചറാണ്. ഭാഷകൊണ്ടുള്ള നിഷ്ഠൂര ഫലിതത്താൽ ബഷീറും വിജയനും വി.കെ. എന്നുമല്ലാത്ത  ഒരു വഴി ഹരികുമാർ തുറന്നിടുന്നു. ചരിത്രബന്ധങ്ങളെയും കാലഗണനയെയും വാസ്തവികതയെയും യുക്തിപരമായ കോമാളിത്തംകൊണ്ട് ഈ കൃതി മനപ്പൂർവ്വം അട്ടിമറിക്കുന്നു. 


പത്തൊമ്പതാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ടിൻ്റെ പകുതി വരെയുള്ള കേരളത്തിൻ്റെ കറുത്ത ചരിത്രം 'കുരുമുളക് മരണങ്ങൾ നൂറ്റാണ്ടുകളിലൂടെ ' എന്ന പുസ്തകത്തിൽ തങ്കായി വേലൻ രേഖപ്പെടുത്തുന്നതും  പെരുമ്പാവൂരിൽ റോഡ് ട്രാൻസ്പോർട്ട് ഡിപ്പോയിൽ മെക്കാനിക്കായ കെ.സി.എസ്. പണിക്കർ അവധിയെടുത്തു കോഴിപ്പള്ളിയിലെ 'പട്ടാള 'പ്പള്ളിയുടെ അടുത്തുള്ള സത്രത്തിൽ താമസിച്ച് പൂച്ച എന്ന ചിത്രം വരയ്ക്കുന്നതും  ഈ നോവലിലെ പ്രധാനപ്പെട്ട സംഭവങ്ങളല്ല. സമാനമായ നിലയിൽ നിരവധി ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സ്ഥലനാമവിമോചിതമായ ഫിലതനിർമ്മിതികളുടെ  സൗന്ദര്യാന്വേഷണത്തിൻ്റെ രണ്ട് ഉദാഹരണങ്ങൾ മാത്രമാണ് .നമ്മെ അയഥാർത്ഥമായ അജ്ഞതയുടെ ഇരുട്ടിൽ നിർത്താൻ ഈ കൃതി നിരന്തരമായി നടത്തുന്ന ഇത്തരം  പരിശ്രമങ്ങളിൽ പ്രകോപനമല്ല, ദാർശനികമായ ഒരു ചിരി നിലാവാണ്  ഒളിപ്പിച്ചിരിക്കുന്നത്.

ഭാവിയുടെ അടരുകൾ

യഥാർത്ഥ്യംകൊണ്ട് പ്രതീതികൾ മാത്രം വെളിപ്പെടാനിടയാകുന്ന കാലത്ത്  പ്രതീതികൾകൊണ്ട് യാഥാർത്ഥ്യത്തെ വെളിപ്പെടുത്താനുള്ള വാതിൽ എഴുത്തുകാരൻ്റെ  മുന്നിൽ, ഏതൊരു മനുഷ്യൻ്റെയും മുന്നിലെന്ന പോലെ, തുറക്കാൻ ക്ഷണിച്ചുകൊണ്ട് അടഞ്ഞുകിടക്കുന്നു. അതുകൊണ്ട് റിയലിസം ,സ്യൂഡോ റിയലിസമായിത്തീരുകയന്നത് സത്യത്തിലേക്കും സൗന്ദര്യത്തിലേക്കും  തുറക്കുന്ന ഒരു വാതിലാണെന്നാണ് ഈ കൃതിയുടെ വ്യതിരക്തമായ ആഖ്യാനകൗശലം അറിയിക്കുന്നത്.ഇക്കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ആഖ്യാനശൈലിയിലും ശില്പഘടനയിലും  ഭാഷാശൈലിയിലുമുള്ള ഗണ്യമായ മാറ്റംകൊണ്ട് ഒരു നോവലും മലയാളിയെ അത്ഭുതപരവശനാക്കിയിട്ടില്ല. വ്യവസ്ഥാപിതമായിരുന്ന  ആഖ്യാനസമ്പ്രദായത്തെ 'ഖസാക്കിൻ്റെ  ഇതിഹാസം' ഞെട്ടിച്ചത് പോലെയൊന്നിന് ഒരു കൃതിയും മുന്നോട്ടു വന്നിട്ടില്ല. ഇനിയങ്ങനെയൊന്നും വരാനിടയില്ലാത്തവിധമുള്ള അതിസാധാരണത്വവും ഉപരിതലത്വവും   ജീവിതത്തെ കീഴ്പ്പെടുത്തിയിരിക്കുന്നുവെന്ന് പറഞ്ഞൊഴിയാനും, മികവുറ്റ കുറെ കൃതികൾ ഉണ്ടായിട്ടുണ്ടല്ലോ എന്ന്  സമാശ്വസിക്കുവാനും വരെ സഹൃദയത്വം ഇന്ന് തയ്യാറാണ്.ഹരികുമാറിൻ്റെ കൃതിയുടെ അസാധാരണമായ ഘടനയ്ക്കും ഭാഷയുടെ അബന്ധിതസഞ്ചാരത്തിനും സ്ഥാനീയമായ പുതുമകളിൽ അവിശ്വസിക്കുന്ന ഈ വായനാഭൂമിക മാത്രമാണ് പ്രവേശിക്കാൻ വേണ്ടിയുള്ളത്.  പരമ്പരാഗതമായ വായന വാഗ്ദാനം ചെയ്യുന്ന വിശ്വാസത്തിൻ്റെ  സ്വർഗ്ഗത്തെയാണ്  നോവലിസ്റ്റ് നിരസിച്ചിരിക്കുന്നത്. അതിനാൽ പുരസ്കാരങ്ങളിലേക്കും  മാധ്യമശ്രദ്ധയിലേക്കും തുഴഞ്ഞു കയറാനുള്ള അരയന്നത്തോണിയെ ഈ  എഴുത്തുകാരൻ ധീരതയോടെ ഉപേക്ഷിച്ചിരിക്കുന്നുവെന്ന് ഈ കൃതിയെ മുൻനിർത്തിപ്പറയാം.

രാജു ഡി മംഗലത്ത്




'ജലഛായ' എന്ന നോവൽ വായനക്കാരനോട് ആവശ്യപ്പെടുന്ന സംവേദനശേഷിയുടെ  നിരതദ്രവ്യം ഭാവിയുടെ അടരുകളിൽനിന്ന് പര്യവേക്ഷകരാൽ പിന്നീട് കണ്ടെടുക്കപ്പെടേണ്ടതും  എന്നാൽ അടിയന്തരമായി തന്നെ വിനിമയം  ചെയ്യപ്പെടേണ്ടതുമായ നാണയങ്ങളെ സഞ്ചയിച്ചതായിരിക്കണമെന്ന് പലയിടങ്ങളിലും ഈ നോവൽ ശാഠ്യം പിടിക്കുന്നുണ്ട് .എന്നാൽ ആയിടങ്ങളിൽ ഒക്കെയും ഒരു പാമ്പാട്ടിയുടെ തുറക്കാത്ത കുടകൾക്കകത്തെ  ഇഴയുന്ന സ്വർണ്ണപ്പുള്ളികളുടെ മൃതിഗന്ധിയായ സൗന്ദര്യം ആസ്വദിക്കുവാൻ നല്ല വായനക്ക് കഴിയുകയും ചെയ്യും. അതായത് ഈ നോവൽ വഴിയിലടർന്നു വീണ മാമ്പഴമല്ല, ഉന്മാദിയായ സർപ്പം കാവലുള്ള തോട്ടത്തിൽ ഇലച്ചാർത്തുകൾക്കിടയിൽ മറഞ്ഞുനിൽക്കുന്ന നീർമാതളമാണ്.

വ്യത്യസ്തമായ
സ്ഥലകാലസാദ്ധ്യതകൾ


ലൂക്ക് ജോർജ് എന്ന ദളിത് ക്രിസ്ത്യാനിയായ സുവിശേഷ പ്രസംഗകനാണ്  നോവലിലെ മുഖ്യകഥാപാത്രം. ലൂക്കിൻ്റെ 'വിശ്വാസം' അയാൾ  പ്രഭാഷകനാകുന്ന വേളയിൽ മാത്രമുള്ളതാണ്. ജോർദ്ദാൻ എന്ന  പത്രപ്രവർത്തക നടത്തുന്ന അഭിമുഖത്തിലൂടെയാണ്  അയാളുടെ കഥയെഴുതുന്നത്. തങ്കായ് ടി .വേലൻ്റെ  ചരിത്രപുസ്തകവും ഉറുമ്പുകളുടെ സുവിശേഷപുസ്തകവും പ്രത്യക്ഷപ്പെടുന്നതും ജോർദാൻ നടത്തുന്ന അഭിമുഖത്തിലൂടെയാണ്. മനു എന്ന കഥാപാത്രത്തെ പിന്തുടർന്ന് ലൂക്ക് എഴുതുകയും  വിവാദമുണ്ടാക്കുകയും ചെയ്ത 'നിശ്ശബ്ദതയുടെ ജലച്ചായം ' എന്ന  ആത്മകഥാപരമായ നോവൽ അകന്നും കലർന്നും  ഒപ്പത്തിനൊപ്പവുമായി  സഞ്ചരിക്കുന്നുണ്ട്. ദസ്തയെവ്സ്കിയുടെ 'ഫെറാപ്പോണ്ടിൻ്റെ കുരിശ് ' എന്ന സിനിമ ,ജോൺ എബ്രഹാം സർപ്പജീവിതത്തെ ആവാഹിച്ച് ചിട്ടപ്പെടുത്തിയ കഥകളി, ബിയാട്രീസിൻ്റെ 'പൂച്ചയും പല്ലിയും'   എന്ന കഥയ്ക്കെഴുതിയ വിമർശനം, കാഫ്കയുടെ അപ്രകാശിതകഥയായ 'വൃക്ഷശിഖരങ്ങളിലേക്ക് മതപരിവർത്തനം ചെയ്ത കാറ്റ്', നസീർ - ഷീല ദ്വന്ദങ്ങളുടെ  പതനം  തുടങ്ങിയ കല്പിതങ്ങളൊന്നും ഈ നോവലിലെ കേവലമായ ഉപാഖ്യാനങ്ങളല്ല .ഒരാളുടെ ജീവിതത്തിൻ്റെ  തന്നെ വ്യത്യസ്തമായ സ്ഥലകാലസാധ്യതകളുടെ  ഇൻസ്റ്റലേഷനുകളാണ്. 

 എല്ലാ ഇൻസ്റ്റലേഷനുകളിലും അയാൾ  നേരിട്ട് പങ്കെടുക്കണമെന്നുമില്ല. രണ്ടു വ്യത്യസ്തമായ ഇൻസ്റ്റലേഷനുകളിലൊന്നിൽ ലൂക്ക്  ജോർജ് എയ്ഡ്സ് രോഗിയായിരിക്കുമ്പോൾ മറ്റൊന്നിൽ അത്  അയാളെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ട അഭ്യൂഹം മാത്രമാണ്. ജീവിതം ബഹുവിതാനവും വ്യത്യസ്തവുമായ ഇൻസ്റ്റലേഷനുകളുടെ ശ്രേണിയാക്കിത്തീർക്കാനുള്ള ഒരു ആത്മീയസാധ്യതയെയാണ് പുതിയകാലം  തുറന്നിടുന്നതെന്ന  പ്രത്യയശാസ്ത്രം ഈ നോവലിനുണ്ട്. അതിൻ്റെ  ശരിതെറ്റുകൾ വിലയിരുത്തുക  വേറിട്ട ഒരു ധർമ്മമാണ്. ഒരു ജീവിതത്തിൽ നിന്ന് വേറൊരു ജീവിതത്തെ ,ഇഹത്തിൽ നിന്നു കൊണ്ടു പരത്തെ, എത്തിപ്പിടിക്കുക എന്ന പരമ്പരാഗത ആത്മീയതയെ നിരാകരിച്ചുകൊണ്ട് ജീവിതത്തെ നിരാശപ്പെടുത്താൻ കഴിയാത്തവണ്ണം ബഹുജീവിതമാക്കുകയെന്ന നവസാധ്യതയെയും ,അതിലെ നൈമിഷിക  സൗന്ദര്യാത്മകതയുടെ ആധിപത്യത്തെയും  പ്രഘോഷിക്കുന്നതാണ് ഈ നോവൽ എന്ന് പറയുവാൻ കഴിയും .

അനന്തബഹുലമായ നിർമ്മിതികൾ


കഥയിലെ ഇൻസ്റ്റലേഷനുകളുടെ ശ്രേണി ഇന്ന് മലയാളിക്ക് ഒരു കേട്ടുകേൾവിയല്ല ,അനുഭവമാണ്. 2014 കൊച്ചി ബിനാലെയുടെ അനുഭവത്തിനു ശേഷം 'ജലഛായ' വായിക്കുന്ന ഒരാൾക്ക് അനുഭൂതിതലത്തിലുള്ള  ചില താരതമ്യങ്ങളെ ഒഴിവാക്കുക ആയാസകരമായിരിക്കും. അനന്തതയുടെ സൂക്ഷ്മ - സ്ഥൂലങ്ങളിലേക്കുള്ള ചാൾസ് ഈംസിൻ്റെ ക്യാമറാ സഞ്ചാരത്തിൽ നിന്ന്  തുടങ്ങി യാങ്ഷെങ്ങ് ഷോങ്ങിൻ്റെ 'അരിമണി തിന്നുന്ന കോഴികളിലൂടെ ' മേരി വെലാർദിൻ്റെ  'ഭാവിയുടെ കടലാസ് ' കടന്ന്  പാർവ്വതിനായരുടെ  ഭീമൻ കുരുമുളകു പടത്തിൽ നമ്മൾ മിഴികോർക്കുന്നു. അനീഷ് കപൂറിൻ്റെ  'ഡിസഷൻ' ഒരു നീർച്ചുഴിയാണ്. അത് ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയും  അതേസമയം നിലനിൽക്കുകയും ചെയ്യുന്ന ജീവിതത്തിൻ്റെ  രൂപഭാഷ തീർക്കുന്നു. അതിൻ്റെ  ചിത്രമെടുക്കുന്ന ഓരോ കാഴ്ചക്കാരനും  ഓരോ നിമിഷത്തിൻ്റെ  മാത്രം നിശ്ചലദൃശ്യ ശില്പിയായിത്തീരുന്നു. ഒരു നീർച്ചുഴി അതിൻ്റെ  അസംഖ്യമായ മാത്രകളെക്കൊണ്ട്  അനന്തബഹുലമായ  നിർമ്മിതികളായിത്തീരുന്നുണ്ട്. തിയോ എഷെട്ടുവിൻ്റെ 'ബ്രേവ് ന്യൂ വേൾഡ്' കാഴ്ചയും കാഴ്ചക്കാരനും തമ്മിലുള്ള ബന്ധത്തെ നിർവ്വചിക്കുന്നതിൽ ഉറഞ്ഞു കട്ടിയായ ദർശനസമഗ്രതകളെ  തകർത്തുകൊണ്ട് ഡിസഷനെ പിന്തുണയ്ക്കുന്നു. നൂറിലധികമായ ഈ  പ്രതിഷ്ഠാപനങ്ങളെ സൗന്ദര്യ ബഹുലതയുടെ ഒരു സങ്കല്പത്താൽ ബന്ധിക്കുന്നത് പോലെയാണ് 'ജലഛായ'യിലെ  ബഹുലമായ പ്രതിഷ്ഠാപനങ്ങളെ നോവലിസ്റ്റ് ഒത്തു ചേർത്തിരിക്കുന്നത്.

നിമിഷങ്ങൾ തോറും നിർമ്മിക്കപ്പെടുന്നത്

അത് നൈമിഷികതയെ ദർശനവത്ക്കരിക്കാനുള്ള  ശ്രമമാണ്.  മാർക്ക് ഫോർമനെക്കിൻ്റെ  'സ്റ്റാൻഡേർഡ് ടൈം' എന്ന പ്രൊജക്ഷ്നിൽ അഴിച്ചുമാറ്റുകയും ഘടിപ്പിക്കുകയും ചെയ്യുന്ന തടിക്കഷണങ്ങൾ കൊണ്ട് ഓരോ നിമിഷത്തെയും നിർമ്മിക്കുന്നത് പോലെയാണ് ജോർദാൻ മുതൽ കാഫ്ക  വരെ പണിയെടുത്തുകൊണ്ട് ലൂക്കിൻ്റെ ബഹുലനിമിഷങ്ങളെ നിർമ്മിക്കുന്നത് . കാലം ഒരു നിർമ്മിതിയാണെന്നതുപോലെ, ജീവിതവും ഒരു നിർമ്മിതിയാണെന്നും  അതിനെ നിമിഷങ്ങൾ തോറും ബഹുവിധമായി  നിർമിക്കാമെന്നുമാണ് ലൂക്കിൻ്റെ ജീവിതം നമ്മോട് പറയുന്നത് .ഒരു നിരൂപകനെന്ന നിലയിൽ ഹരികുമാർ  മുന്നോട്ടുവെച്ച നവാദ്വൈതം എന്ന സങ്കല്പത്തിൻ്റെ  ചിന്താപരിസരങ്ങളുമായുള്ള ആഖ്യാന പൊരുത്തത്തെ ഈ കൃതി പ്രണയിക്കുന്നുണ്ട്. 

 എന്നാൽ സ്വത്വപരിണാമത്തിൻ്റെ  മന്ദഗമനവും ജൈവജീവനത്തിനുള്ള പരവേശവും ഒഴിവാക്കാൻ കഴിയാതെ ഒരു സഹജീവിത വാഗ്ദാനം മാത്രമേ ഈ നോവലിന് മേപ്പടി പ്രണയത്തിനു  നൽകാൻ കഴിയുന്നുള്ളു.  നോവൽ വായിച്ചു തീരുമ്പോഴും ലൂക്കിൻ്റെ  ദളിത് സ്വത്വം ബാക്കി ചില്ലറ കൈമാറാതെ വെച്ചിരിക്കുകയാണ്. ഈ നോവലിലെ ഏറ്റവും ആകർഷകമായ കൽപ്പന താനൊരു സഞ്ചരിക്കുന്ന മരമാണെന്ന ലൂക്കിൻ്റെ  വിചാരത്തിലാണുള്ളത് .ഓരോ  സ്ഥാനീയ ബിന്ദുവിലും സഞ്ചരിക്കുന്ന മരം വേറിട്ട ഒരു മരമാണ് .എന്നാൽ  ഏതു സ്ഥാനീയ ബിന്ദുവിലും  മരം ആന്തരികമായി അതേ മരമാണ്. ഇങ്ങനെ ഉത്തരാധുനികതയുടെ സ്വത്വ സ്ഥിരതാദൗർബല്യങ്ങളെയും കാലദേശ പ്രതിഷ്ഠകളെയും മറികടക്കുവാനുള്ള വിസമ്മതം ഈ നോവൽ അതിൻ്റെ അബോധത്തിൽ  രേഖപ്പെടുത്തുന്നുണ്ട്. എന്തായാലും, ഈ  നോവലിൻ്റെ രൂപാത്മക പ്രകോപനത്തെയും  ദർശന ഫലിതത്തെയും  ചർച്ച ചെയ്യാതെ മറികടന്നുപോകാൻ മലയാളം ഭാവനയ്ക്ക് സാധ്യമല്ല  എന്ന് ഉറപ്പിക്കാം.

 

BACK TO HOME

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...