Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021


പുസ്തക നിരൂപണം


എം.കെ.ഹരികുമാർ


ഒരു വിമർശകൻ്റെ താർക്കികപ്രശ്നങ്ങൾ


എഴുത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും ഒരു കാലഘട്ടത്തെ ചിന്തകൊണ്ട് ആഴമുള്ളതാക്കുകയും ചെയ്ത പി.കെ.ബാലകൃഷ്ണൻ്റെ ആലോചനാജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങൾ ചർച്ച ചെയ്യുന്ന ഒരു കൃതി പുറത്തു വന്നിരിക്കുന്നു. ഡോ.എസ്.ഷാജി എഴുതിയ 'പി.കെ.ബാലകൃഷ്ണൻ - സാംസ്കാരിക കേരളത്തിലെ ഏകാന്തപ്രതിഭാസം' എന്ന ഈ കൃതി അതിൻ്റെ ടൈറ്റിൽ സൂചിപ്പിക്കുന്നതു പോലെ പ്രകടവും അർത്ഥദൃഢവും വാചാലവുമാണ്.ബാലകൃഷ്ണൻ്റെ ധാരാളം വാക്യങ്ങൾ ഇതിൽ ഉദ്ധരിക്കുകയും അതെല്ലാം നമ്മുടെ ഭാഷയുടെ സാംസ്കാരിക മേഖലയിൽ ഉണ്ടാക്കുന്ന പ്രകമ്പനങ്ങൾ എന്താണെന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഗ്രന്ഥകാരൻ പുലർത്തുന്ന നിഷ്പക്ഷതയും ആശയസംവാദ നിഷ്ഠയും പ്രധാനമാണ്.


ഒരു പ്രക്ഷോഭകാരിയായ എഴുത്തുകാരനെ ,സകല മേഖലകളിലും ഒത്തുതീർപ്പിനെ  ആരാധിക്കുന്ന ഒരു സമൂഹം എങ്ങനെയാണ് മനസിലാക്കുക എന്നത് ഒരു സമസ്യയാണ്‌. തൻ്റെ ചിന്താപരമായ അതിജീവനവും വിമോചനവുമായി എഴുത്തിനെ സമീപിച്ച ബാലകൃഷ്ണൻ തനിക്ക് ജീവിക്കാൻ  അഗാധമായ ചില കാഴ്ചകൾ ആവശ്യമാണെന്ന് ഇനി ഞാൻ ഉറങ്ങട്ടെ ,പ്ളൂട്ടോ പ്രിയപ്പെട്ട പ്ളൂട്ടോ  എന്നീ നോവലുകളിലൂടെ  സ്ഥിരീകരിച്ചു തന്നത് വായനക്കാർ ഓർക്കുമല്ലോ.

വിചിത്രസുന്ദരമായ ആത്മാവിഷ്കാരമാണ് ഈ ചിന്തകൻ സാഹിത്യവിമർശനത്തിലൂടെ നേടിയതെന്ന് ഷാജി വാദിക്കുന്നു. 'കാവ്യകല കുമാരനാശാനിലൂടെ' എന്ന കൃതി ബാലകൃഷ്ണൻ്റെ സമീപനത്തിലെ ഗാഢത തുറന്നു കാണിക്കുന്നുണ്ട്. ആ ഗ്രന്ഥനാമം തന്നെ വിപ്ളവകരമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ കാവ്യകല ,ദർശനത്തിലും കലാപത്തിലും പൊളിച്ചെഴുത്തിലും ,കുമാരനാശാനു  ചുറ്റും ഉദിച്ചസ്തമിക്കുന്നതായ ഒരു കടന്നു കാണൽ ആ ഗ്രന്ഥനാമത്തിലുണ്ട്. അതിൽ ഊന്നി നിന്നുകൊണ്ടാണ് ഷാജിയുടെ അവലോകനം .


ഭക്തനും കലാകാരനുമായ കവിയെ കൂട്ടിക്കെട്ടി അദ്വൈതാവസ്ഥയിൽ കൊണ്ടുനിർത്താൻ കഴിയുന്ന വിമർശകനാണ് ബാലകൃഷ്ണനെന്ന് ഷാജി അഭിപ്രായപ്പെടുന്നുണ്ട്. കുമാരനാശാനെയും എഴുത്തച്ഛനെയും താരതമ്യം ചെയ്യുന്നതിലുടെ ബാലകൃഷ്ണൻ ഒരു തെറ്റു ചെയ്യുകയായിരുന്നു. ഈ നിലപാട് ഷാജിക്കുമുണ്ട്. എഴുത്തച്ഛൻ്റെ വിവർത്തന ,ദാർശനിക മികവുകൾ  അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ കുമാരനാശാൻ ഇല്ലായിരുന്നെങ്കിൽ മലയാളകവിതയിൽ ആധുനികതയ്ക്ക് ഒരു സാധ്യതയുമുണ്ടാകുമായിരുന്നില്ല. നിഷ്പ്രയോജനമായ ഒരു വീണ പൂവിനെക്കുറിച്ച് ഒരു ചെറുകവിതയല്ല, കാവ്യം തന്നെ ആശാൻ എഴുതി. എല്ലാ ആധുനികതയും അവിടെ നിന്നാണ് ആരംഭിക്കുന്നത്.

എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം കണ്ട് ഭ്രമിച്ച് ആശാൻ ബുദ്ധചരിതം എഴുതിയെന്ന ബാലകൃഷ്ണൻ്റെ അഭിപ്രായത്തെയും ഷാജി തച്ചുടയ്ക്കുന്നു.ബാലകൃഷ്ണൻ്റെ അയുക്തികമായ ആ താരതമ്യം അർത്ഥങ്ങളുടെ പ്രതീക്ഷയറ്റ കാലുഷ്യമാണുണ്ടാക്കുന്നത്.
എങ്കിലും ബാലകൃഷ്ണനിൽ ഷാജി വിശ്വസിക്കുകയാണ്‌. ഒരു സമ്പൂർണ എഴുത്തുകാരനെന്ന നിലയിലുള്ള ഇടപെലുകൾ വായനയുടെ അർത്ഥത്തെ പുതുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
അദ്ദേഹം സിദ്ധാന്തം ,സർഗാത്മകത ,വിമർശനം എന്നീ മൂന്നു മണ്ഡലങ്ങളിലും ഒരുപോലെ തൻ്റെ ബൗദ്ധിക സാംഗത്യം ഉറപ്പു വരുത്തിയെന്നത് വലിയ കാര്യമാണ്.

ബാലകൃഷ്ണൻ്റെ സർഗാത്മക ,ചരിത്ര ,വിമർശന മേഖലകളിലുടെ സഞ്ചരിച്ചുകൊണ്ട് ഗ്രന്ഥകാരൻ ആശയപരമായ അസ്വസ്ഥതകൾ പങ്കുവയ്ക്കുകയാണ്. അദ്ദേഹം കണ്ടെത്തിയ ചരിത്ര വസ്തുതകൾ ,അത് ഈഴവരും ചേകവന്മാരും തമ്മിലുള്ള ബന്ധമാണെങ്കിൽ പോലും പില്ക്കാല ചരിത്രകാരന്മാർ അതേപടി ഏറ്റെടുത്ത് പ്രചരിപ്പിച്ചിട്ടുണ്ടെന്ന് ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. ജാതിവാദികളായ ചില ചരിത്രകാരന്മാരെ ഷാജി തുറന്നു കാണിക്കുന്നതു കാണുമ്പോൾ ഗാലറിയിലിരുന്ന് കളി കാണുന്ന ഒരുവനെപ്പോലെ നാം കൈയടിച്ചു പോകും.

അദേഹം ഇങ്ങനെ എഴുതുന്നു: " കത്തിക്കൊണ്ടിരിക്കുന്ന ശവങ്ങളുടെ മധ്യേ ,ശ്മശാനത്തിൽ ദണ്ഡുമൂന്നി നിന്നിരുന്ന ഹരിശ്ചന്ദ്രമഹാ രാജാവിനെപ്പോലെ അധികാര ദണ്ഡുമായി നില്ക്കുന്ന ഡോ.പി.പല്പുവിനെ അവതരിപ്പിച്ചു കൊണ്ടാണ് 'ജീവചരിത്രവേദി' ആരംഭിക്കുന്നത്.പല്പുവിൻ്റെ സംഭവബഹുലമായ ,മഹത്തായ ജീവിതത്തിലെ പ്രധാന ഏടുകൾ ഹൃദ്യമായി സ്പർശിച്ചുകൊണ്ട് ഇങ്ങനെ ഉപസംഹരിക്കുന്നു: ഡോ. പല്പു ഇന്നില്ല. പ്രായം ചെന്ന ഈഴവരുടെ ഹൃദയത്തിൽ ഒഴിച്ച് അദ്ദേഹത്തിൻ്റെ സ്മരണയും ഇന്ന് ശേഷിപ്പില്ല.'പരശുരാമൻ്റെ കാലം മാറിയാലും പരശുരാമൻ്റെ മൂശയിൽ മാത്രം ദൈവങ്ങളെ വാഴിക്കുന്ന കേരളത്തിൽ പരശുരാമ ക്ഷേത്രം ഇന്ന് കുരിശുരാമ ക്ഷേത്രമാണ് ' എന്ന് പറഞ്ഞ ഡോ. പല്പുവിനു ഹൃദയംഗമമായ പൊതുസമാരാധ്യത ഇല്ലെന്നുള്ളത് കേവലം ന്യായം മാത്രമാണ്. എന്നാൽ താൻ വിഭാവനം ചെയ്തതും സ്ഥാപിച്ചതും വളർത്തിയതുമായ എസ്.എൻ.ഡി.പി.യോഗത്തിൻ്റെ ചരിത്രത്തിൽ നിന്നും ഡോക്ടർ പല്പു ഫലത്തിൽ തഴയപ്പെട്ടു പോകാനിടയാകുന്നത് ദൈവനീതിക്കും മനുഷ്യനീതിക്കും ചേർന്നതല്ല " .
പല്പുവിന് സംഭവിക്കുന്നത് ഒരു സാമൂഹ്യ യാഥാർത്ഥ്യത്തിൻ്റെ ഭാഗമായി കാണണം.എന്തിൻ്റെയും  ഉപയോക്താക്കളായി മാറുന്നവർ ഏറുകയാണ്. അവർ ധരിക്കുന്ന വസ്ത്രം പോലും ഉണ്ടാക്കിയിട്ടുള്ളത് മറവികൊണ്ടാണ്.

ബാലകൃഷ്ണൻ്റെ ഉത്ക്കണ്ഠകളെ ,പര്യവേക്ഷണങ്ങളെ  ,കലാപങ്ങളെ സമഗ്രമായി പിന്തുടരുന്ന ഈ കൃതി ഈ രംഗത്ത് പുതിയ ചർച്ചകൾക്ക് വഴിതുറക്കാതിരിക്കില്ല. അർത്ഥവത്തായ വായനകൾ ഇതിൻ്റെ ഭാഗമായുണ്ടാകും. ദീർഘകാലത്തെ പഠനവും അന്വേഷണവും ഷാജി ഇതിൻ്റെ രചനയ്ക്കായി ഏറ്റെടുത്തിരുന്നു. ഇതിൻ്റെ പ്രയോജനം ഇപ്പോൾ വായനക്കാർക്കും ലഭിക്കുകയാണ്.ഷാജി സാമൂഹ്യ ,സാംസ്കാരിക ബോധമുള്ള എഴുത്തുകാരനാണ്.അതുകൊണ്ട് ഈ ചരിത്രപ്രസക്തമായ പുസ്തകത്തിലൂടെ അദ്ദേഹം ഉന്നയിക്കുന്ന സാഹിത്യപരമായ താർക്കിക പ്രശ്നങ്ങൾ കൂടുതൽ നല്ല വായനക്കാരെ പ്രതീക്ഷിക്കുന്നുണ്ട് .പി.കെ.ബാലകൃഷ്ണൻ എന്ന ബഹുമുഖമായ സാഹിതീയ മനസ്സിനെ പിന്തുടരാനും ഭാവിയിലേക്ക് കൂടുതൽ ചർച്ചകൾക്ക് ഉപകരിക്കുന്ന ഒരു പുസ്തകമെഴുതാനും കാണിച്ച ആത്മാർത്ഥത മറക്കാൻ പാടില്ല. ഷാജി ഒരു അടിത്തറയാണ് പണിയുന്നത്.തുടർ ബാലകൃഷ്ണൻ പഠിതാക്കൾക്ക് ഇത് ഒരു ചവിട്ടുപടിയാണ്.

പി.കെ.ബാലകൃഷ്ണൻ :സാംസ്കാരിക കേരളത്തിലെ ഏകാന്ത പ്രതിഭാസം 

ഡോ.എസ്.ഷാജി.
പ്രസാധനം: പരിധി തിരുവനന്തപുരം
വില.: 350/-
pho:9442185111

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...