Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021


 അഫോറിസം


എം.കെ.ഹരികുമാറിൻ്റെ 

 101 സൂക്തവാക്യങ്ങൾ


ഹരികുമാറിൻ്റെ ലേഖനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത കലാപരവും തത്ത്വചിന്താപരവുമായ 101 സൂക്തങ്ങൾ

സമ്പാദനം: കിരൺലാൽ



1)പറന്നു പോകുന്ന കിളികൾ പ്രത്യാശയുടെ ഏകാന്തത വെളിവാക്കുന്നു. അങ്ങനെ കിളികൾ ആത്മാവിനോട് സാദൃശ്യപ്പെടുന്നു.


2)ചരിത്രം സംഭവങ്ങളല്ല, ആത്മാവുകളുടെ അനുസ്യൂതിയാണ്.


3)പ്രാക്തനകാലത്തെ വ്യഥകളെ  ചൊല്ലി പ്രപഞ്ചവുമായി കലഹിച്ചു നില്ക്കുന്ന വൃക്ഷം.


4)വീടിൻ്റെയും പരിസരത്തിൻ്റെയും വ്യാപാരത്തിൻ്റെയും ധ്യാനത്തിൻ്റെയും  ദൈവകല്പനകൾ ആരംഭിക്കുന്നത് മനുഷ്യശരീരത്തിൽ നിന്നാണ്.


5)വസ്തുവിൻ്റെ ഐഹികതയെയും ദൈവത്തിൻ്റെ രതിയെയും സമന്വയിപ്പിക്കുന്ന അപൂർവചാരുതയാണ് ജീവിതവേള.


6)ഉടലിൻ്റെ വില്ലും ശരവും ഓരോ ജീവകണത്തിലുമുണ്ട്.


7)സത്യം അതിനുവേണ്ടി സഹിക്കുന്നവർക്കുള്ളതാണ്.


8)സൃഷ്ടിപ്രക്രിയയുടെ അബോധ പ്രവർത്തനത്തിലൂടെ ,താനറിയാതെ തന്നെ കലാപകാരി സത്യത്തോട് അടുക്കുന്നു.


9)അയാളുടെ (കലാപകാരിയുടെ ) സ്വാതന്ത്ര്യം മനുഷ്യരുടെയെല്ലാം ഏകാന്തതയിൽ നിന്നും ചരിത്രത്തിൻ്റെ  അരക്ഷിതബോധത്തിൽ നിന്നുമാണ്.


10)പ്രചോദിപ്പിക്കുവാനും പ്രലോഭിപ്പിക്കുവാനും പറ്റിയ കിളികൾ മനുഷ്യാംബരത്തിലുണ്ട് .


11)മയിൽ ഒരു ലോകവീക്ഷണമാണ്. 



12 )നമ്മെപ്പോലെ കല്ലുകളും സ്വയം  ഒളിപ്പിക്കുന്നു.



13 )ശൂന്യമായ വഴികളിൽ എല്ലാ ഇഴജന്തുക്കളും വിജയിച്ചവരാണ്.


14)മരണത്തിനു വംശീയതയുണ്ട്.


15)മലയാളി മനസ്സ് അതിൻ്റെ തന്നെ കെണിയാണ്‌.


16)എഴുത്തുകാർക്ക് വേണ്ടിയുള്ള നിരൂപണം അവസാനിച്ചു.


17)സ്വന്തം ശവത്തിൽ ഒരാളും പ്രതിനിധീകരിക്കുന്നില്ല  


18)കവിത സ്വയം നിരസിക്കുന്നു എന്നറിയുമ്പോൾ വിമർശകന് അതിനെ പൂർണമായും ചുമക്കേണ്ട കാര്യമില്ല.


19)അന്നന്നത്തെ പച്ചക്കറി വാങ്ങുന്ന പോലെയാണ് ഇന്ന് ഓർമ്മകളും.


20)ഈ കാലം, മറക്കുമ്പോഴാണ് ജീവിക്കുന്നു എന്ന് അഭിമാനിക്കുന്നത്.


21)ഭൂതകാലം മനസ്സിൻ്റെ ഭക്ഷണമാണ്.


22)മറവിയാണ് തത്ത്വശാസ്ത്രം.ഞാൻ മറക്കുന്നു ,അതുകൊണ്ട് ജീവിച്ചിരിക്കുന്നു എന്നതായിരിക്കണം ഇന്നത്തെ തത്ത്വശാസ്ത്രം.


23)ഇന്ന് ആത്മീയത ഭൗതികമാണ്.


24)ഓർമ്മകളല്ല, മറവികളാണ് ഈ കാലം നിർമ്മിക്കുന്നത് .


25)ജീവിതത്തിൻ്റെ മുന്നിൽ  പ്രകാശമുണ്ട് ;അത് പക്ഷെ, ഇരുട്ടിലേക്ക് പോകാനുള്ളതാണ്.


26)ജീവിക്കുന്ന അവസ്ഥ ,അത് ലൈംഗികമാണെങ്കിൽ പോലും മനുഷ്യർക്ക് പരിവ്രാജകത്വമാണ്.


27)യാത്ര ,ഒഴുക്ക്  സൂക്ഷ്മമായ ഡിസൈനിംഗിൻ്റെ പിൻബലമുള്ള ചലനം എന്നിവയിലൂടെ മത്സ്യങ്ങൾ അവയെത്തന്നെ മറവിയുടെ ഉല്പന്നമാക്കുന്നു.



28)പഴയ കാലം ഒരു ജീവിയായി ഫോട്ടോയിൽ നിക്ഷിപ്തമാണ്.


29)ചിന്തകൾക്ക് തമ്മിൽ പൊരുത്തമില്ല. അവ ഒരു വാസസ്ഥലത്ത് കഴിയുന്ന ആട്ടിൻപറ്റമല്ല ;അവ വൈരികളാണ് ,വൈരാഗികളുമാണ്.


30)മത്സ്യമാകട്ടെ ,കാലത്തെയും സ്ഥലത്തെയും ഒന്നാക്കി മാറ്റുന്നു.


31)ഭാവന പോലും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണ് .


32)വിലാപം പോലും ആസൂത്രിതവും  മുമ്പേ ഡിസൈൻ ചെയ്തതുമാണ്.



33)കവി ഉണ്ടാക്കിയ ലോകം വ്യാജമാണ് .


34)കാവ്യാത്മകത ഏറിയകൂറും നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്.


35)കവിതയ്ക്കൊന്നും വിനിമയം ചെയ്യാൻ പറ്റില്ല.


36)ഇന്നത്തെ ലോകത്ത് കവിത സ്വയം അനുകരിച്ചുകൊണ്ട് പിൻവാങ്ങുകയാണ് ചെയ്യുന്നത്‌.


37)ഇന്ന് കവിത സമകാലിക കാവ്യരൂപങ്ങളുടെ നിർമ്മാണ ഉപാധി മാത്രമാണ്.


38)ഭാവുകത്വം മരിച്ചു. ഇന്നത്തെ പുതിയ സാങ്കേതിക ,വേഗ ജീവിതത്തിൽ സവിശേഷ വികാരങ്ങളുടെയോ രഹസ്യ കോഡുകളായ ബൗദ്ധിക വ്യാപാരങ്ങളുടെയോ അപ്രമാദിത്വം ഒന്നിനുമില്ല .



39)സാഹിത്യത്തിനു മാത്രമുള്ളതായ  ലോകവീക്ഷണമോ പെരുമാറ്റമോ തത്ത്വചിന്തയോ ഇല്ലാതായി.


40)കാല്പന്ത് ശരീരത്തിൻ്റെ ജീവിതത്തെ അപാരമായി നീട്ടിപ്പണിയുന്നു.


41)മനുഷ്യരുടെ കപട ആദർശപ്രസംഗങ്ങൾ എപ്പോഴും ഉണ്ടാകുമെന്ന് ഭയന്നതുമൂലമാണ് പക്ഷിമൃഗാദികൾ മൗനികളായിപ്പോയത്.


42)സുന്ദരി സൗന്ദര്യത്തിൽ വേറൊരു ജീവിതം തേടുന്നു.


43)സാഹിത്യം പ്രത്യയശാസ്ത്രമല്ല; സൗന്ദര്യാനുഭവമാണ്.


44)ജീർണിച്ച ഒരു വ്യവസ്ഥിതിയിൽ ആദ്യം ദുഷിക്കുന്നത് വാക്കുകളായിരിക്കും.


45)ഗൂഗിളിൽ വായനക്കാരുടെ  സ്വഭാവഹത്യയാണ് നടക്കുന്നത്.


46)ചിലപ്പോൾ വാക്കുകൾ ദ്രവിച്ച് ദുർഗന്ധം ഉണ്ടായേക്കാം.ജഡസമാനമായ വാക്കുകൾ ഒന്നും ഓർക്കുകയില്ലല്ലോ .


47)പിക്കാസോയുടെ 'ഗ്വർണിക്ക 'എന്ന ചിത്രം ഒരിക്കലും മാറ്റിവരയ്ക്കേണ്ടതില്ല. കാരണം അത് ഭാവിയെ ആകെ സസ്പെൻഡ് ചെയ്തിരിക്കുകയാണ് .


48)കലയിലെ സൗന്ദര്യം താങ്ങാനാകാതെ ആത്മഹത്യ ചെയ്തവരുണ്ട്.


49)മനുഷ്യൻ അവന് അപ്രാപ്യമായ സൗന്ദര്യത്തിനു വേണ്ടി ജീവിക്കുന്ന സന്ദർഭങ്ങളുണ്ട്.


50)മനുഷ്യനിൽ ഒരു ചിതറിയ പ്രണയം എപ്പോഴുമുണ്ട് .ചിലപ്പോൾ അത് വാലും തലയുമില്ലാത്ത ഒരു ജീവിയുടെ ചിത്രം പോലെയായിരിക്കും.




51)പലപ്പോഴും സാങ്കല്പികവും സൗന്ദര്യ വിചാരാത്മകവുമായ മുറിവുകളായി  മനസ്സ് ചിലത്  നിർമ്മിച്ചെടുക്കുന്നുണ്ട്. അത് മനുഷ്യൻ്റെ ആവശ്യമാണ് .എന്നിട്ട് അതിൻ്റെ ഇരയായി മാറുന്നു.

 52) ഒരു വസ്തുവിനെ കണ്ടിട്ട് അതുതന്നെയാണെന്ന് സ്ഥാപിച്ചു കൊടുക്കലല്ല കവിതയുടെ ജോലി 


53)ഓരോ വസ്തുവിനും നവീനതയുണ്ട്.


54)ഒരു മരത്തിനുള്ളിൽ ചിത്രകാരൻ കണ്ട വേറൊരു മരമുണ്ട് .


55)ശൈലി ഒരർത്ഥാന്വേഷണമാണ്.


56)ഓരോ മനുഷ്യനും ഇന്ന് സ്വപ്‌നക്കച്ചവടക്കാരനാണ്.


57)പശുവിൻ്റെ കരച്ചിൽ പാരിസ്ഥിതികവും ഹൃദയാകുലവുമായ ചരിത്രസന്ദർഭങ്ങളിലേക്ക് കടന്നുചെന്ന് മുഴങ്ങുകയാണ്.


58)കവിത ഒരു ചാവേറാണ്.


59)കവിതയുടെ കാവ്യാത്മകത എന്നത് ,കവിതയ്ക്ക് പുറത്ത് കവി എങ്ങനെ സ്വയം പ്രതിഷ്ഠിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത് .


60)ഒരു പൂവിനു അതായിരിക്കാനുള്ള അവകാശമുണ്ട്‌.


61)നീലിമയ്ക്ക് വെളിയിലുള്ളതിനെയെല്ലാം അത് നിരാകരിക്കുന്നു.


62)നവമായ ലോകത്തെപ്പറ്റിയുള്ള നിരന്തരമായ ആലോചന ഓരോ വാക്കിലുമുണ്ട്.


63)ഓരോ നിമിഷവും പുതുതാകുന്ന പ്രക്രിയയിലാണ് വാക്കുകൾ.



64)കടൽ ഒരു വലിയ പാമ്പിനെ നൃത്തം ചെയ്യിക്കുകയാണ്.


65)ജ്ഞാനത്തിലേക്ക് നാം എത്തിച്ചേരുന്ന പോലെ കടൽ.


66)നായയ്ക്ക് മറയ്ക്കാൻ നഗ്നതയൊന്നും ബാക്കിയില്ല.


67)മുട്ടിയാൽ തുറക്കാത്ത ഒരിടം എല്ലാ കല്ലുകളും സൂക്ഷിക്കുന്നുണ്ട്.


68)ദയയോ സ്നേഹമോ ഇല്ലാത്ത സൗന്ദര്യമാണ് ഇന്നത്തേത്.


69)ഏത് യാഥാർത്ഥ്യത്തെക്കുറിച്ചും നുണ പറയാൻ കഴിവുള്ള നാം നമ്മുടെ അവലംബങ്ങളെത്തന്നെ അതിൽ മുക്കിക്കൊല്ലുന്നു.



70)പാറക്കെട്ടുകൾ ഇന്നത്തെ ഗദ്യകാരന്മാരേക്കാൾ ഹൃദയാലുക്കളാണ്.


71)സ്നേഹരഹിതമായ ,തീവ്രമായ ഏകാന്തതയുടെ ,വ്യക്തിരാഹിത്യത്തിൻ്റെ ഉപനിഷത്താണ് ഇൻറർനെറ്റ് .


72)ഇന്ന് ആളുകളുടേത്, സാങ്കല്പിക ക്യാമറകൾക്ക് മുന്നിലുള്ള പെരുമാറ്റമാണ്.


73)ആശുപത്രിയിൽ കിടക്കുന്ന ഒരാൾ ടി.വി.സീരിയലിലെ രോഗിയാണെന്ന് സങ്കല്പിക്കുന്നു.


74)ഗൃഹാതുരത്വം വ്യാജമായ ദു:ഖമാണ്.


75)പരിത്യാഗം ,ഓർമ്മ ,വിശുദ്ധി എന്നിവയിലുടെ കടന്നുപോകുന്നത് കല്ലുകൾക്ക് പ്രിയമാണ്.

76) ഇന്ന് കലാകാരൻ അല്ലെങ്കിൽ കലാകാരി സ്വന്തം കലയുടെ കേന്ദ്രം പോലുമല്ല ;അവർ കലയുടെ ഉല്പാദനോപാധി മാത്രമാണ്.


77)ഒരു കഥാകൃത്ത് അയാളുടെ ഉള്ളിൽ കെട്ടിയിടപ്പെട്ട കഥാപാത്രമാണ്.


78)എഴുത്തുകാരന് സ്ഥിരമായ സ്വത്വമുണ്ടെന്ന വാദം അസംബന്ധമാണ്.


79)കാർമേഘം നിറഞ്ഞ ആകാശത്തെ അഗാധമാക്കി ഒരു പ്രാവ് പറക്കുകയാണ്.


80)നായ ക്ഷോഭത്തോടെ ഒന്നു നോക്കിയ ശേഷം വേഗം തൻ്റെ അവസാനിക്കാത്ത സമരങ്ങളിലേക്ക് ഒറ്റയ്ക്ക് മടങ്ങുന്നു.


81)ഷേക്സ്പിയറിൽ തന്നെ പുതിയ ഷേക്സ്പിയറെ അന്വേഷിക്കുക.



82)പൂവിനു മതമുണ്ട്.


83)ഓരോ കവി എഴുതുമ്പോഴും കവിത നഷ്ടപ്പെടുന്നു .


84)ജലം സ്വന്തം നരകത്തെ ബാഹ്യവത്ക്കരിക്കുന്നതിനായാണ് തുളുമ്പുന്നത്.


85)ഭാഷ എപ്പോഴും അതിനെത്തന്നെ നിരാകരിക്കുകയാണ് ചെയ്യുന്നത്.


86)മനസ്സ് ഒരിടത്തും അവശേഷിക്കുന്നില്ല.


87)വെള്ളം എന്താണ് പറയുന്നത് ?ഇതുവരെ ഒഴുകിയതൊന്നുമല്ല ഒഴുക്കെന്നും അർത്ഥങ്ങൾ പൂർണമായി നിർവ്വചിച്ച് കഴിഞ്ഞിട്ടില്ലെന്നും നേരത്തേ നിശ്ചയിച്ച ഒഴുക്കല്ല ഇതെന്നുമാണ്.

88)വേഗത സൂപ്പർ സ്പേസാണ്.


89)മാധ്യമങ്ങൾ എല്ലാറ്റിൻ്റെയും ശവസംസ്കാരം നടത്തുന്നു.


90)പ്രണയിക്കുന്നതു പോലെ വിലപ്പെട്ടതാണ് പ്രണയഭംഗവും .


91)വേഗതയാണ് ഇന്ന് പ്രണയവും വേർപിരിയലും സൃഷ്ടിക്കുന്നത്.


92)പ്രാഥമികമായി ,ഉപയോഗമാണ് സൗന്ദര്യം;കേടായാൽ സൗന്ദര്യം പോയി.


93)അനുഭവങ്ങൾ വിലകൊടുത്ത് വാങ്ങാവുന്നതായിരിക്കുന്നു.


94)ഏത് അനുഭവവും സിനിമാറ്റിക്കാണ്.


95)കലാകാരന്മാർ പുതിയതായി ഒന്നും സൃഷ്ടിക്കേണ്ടതില്ല;നിലവിലുള്ള വസ്തുക്കളെ പുന:ക്രമീകരിച്ചാൽ മതി.



96)ലോകം ഒരു മൊണ്ടാഷാണ്.



97)നമ്മുടെ യാത്രകൾ, ശലഭങ്ങൾ ചിറകു വീശി പറക്കുന്നത് പോലെയാണ്; വഴികൾ ഉണ്ടാകുമ്പോൾത്തന്നെ മാഞ്ഞു പോകുന്നു.


98)യാത്രയിൽ വഴിയില്ല ,യാത്ര തന്നെയാണ് വഴിയായിത്തീരുന്നത്‌.


99)അനുഷ്ഠാനകലകളായ മുടിയേറ്റും തെയ്യവും പോലെ ഒരു തരത്തിലും വികസിക്കാത്ത കലയായി കവിതയും അധ:പതിച്ചു.


100)ഇന്നത്തെ വേഗം എഴുത്തുകാരൻ്റെ പിടിയിലൊതുങ്ങുന്നില്ല; എഴുതിത്തീരുന്നതാടെ ഔട്ട്ഡേറ്റഡാക്കുന്നു.


101)പ്രണയത്തിൻ്റെ മാരിവില്ല് എന്നു പറയുമ്പോൾ മാരിവില്ലിൽ പ്രണയവുമായി ബന്ധമുള്ള എന്തോ ഉണ്ട്.

BACK TO HOME

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...