Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021


 കൊറോണ ഹൈക്കൂ

എം.കെ.ഹരികുമാർ


 

 

 

ഒരു മാസ്കിനകത്തായിരുന്നു
ഞാൻ.
അന്നെനിക്കു പേരോ
മതമോ ഉണ്ടായിരുന്നില്ല
ഞാനൊരു മാസ്ക്
തന്നെയായിരുന്നു
ഇളം നീല നിറമുള്ള
സുന്ദരമായ മാസ്ക്‌.

സോപ്പു കൊണ്ട്
കൈ കഴുകിയാൽ
എൻ്റെ കൈകൾ
സംവേദനക്ഷമമാകുമായിരുന്നു.
ഒന്നു തൊട്ടു നോക്കാൻ കൊതിച്ചതെല്ലാം
വളരെ അകലേക്ക് പോയി അപരിചിതമായി

ഞാൻ ശരീരമാണ്
കാണാമറയത്തുള്ള
അണുവിൻ്റെ 
നിരീശ്വരമായ ശരീരം




എനിക്ക്
ശാരീരിക ചോദനകളില്ല ;
ഉണ്ടാകരുത് .
ഞാൻ വൈറസിൻ്റെ
പരിധിയിലാണ് .
എന്നെ ആരും അറിയുന്നില്ല
എന്നെ കാണാനേയില്ല.
ഞാൻ മാസ്ക്കും
സോപ്പുവെള്ളവുമാണ്.
എൻ്റെ ആത്മമിത്രങ്ങളിപ്പോൾ കൃത്യമായ അകലം പാലിക്കുന്നു. 

നേരത്തെ അവർ പാലിച്ച അകലം ഇപ്പോൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു
എൻ്റെ  ഓർമ്മകൾക്ക് മേൽ അണുബാധയാണ് .

പഴയതെല്ലാം
അയാഥാർത്ഥവും
മിഥ്യയുമായി
കണ്മുന്നിലൂടെ പോകുന്നു
പഴയ ഫോട്ടോകൾ ,കൂടിച്ചേരലുകൾ
അവിശ്വസനീയവും
ഭയപ്പെടുത്തുന്നതുമായി ...
വിശ്രമിച്ചപ്പോൾ സ്വസ്തത കിട്ടിയില്ല.
എന്നാൽ നിന്നു തന്നെ അകലുകയായിരുന്നല്ലോ ഞാൻ.


എന്നിൽ നിന്നുള്ള അകലം
എന്നെ നിർവേദ പുരുഷനാക്കി
പ്രണയം എന്നെ
സംശയത്തിൻ്റെ ഇരയാക്കി.

ലൈംഗികത
ഉള്ളിലെ എരിഞ്ഞടങ്ങലായി.
വൈറസിൽ നിന്ന്
ഓടിയോടി
മൗനത്തിൻ്റെ താവോയിലേക്ക്.
ഒന്നിനോടും ദ്വേഷമില്ലാത്തവിധം മനുഷ്യന്
സ്വയം കേന്ദ്രീകരിക്കാനാകുമോ?

വല്ലപ്പോഴും പട്ടണത്തിൽ കണ്ടവർ
പാത മറന്നവരായിരുന്നു ,
പാതി തെളിഞ്ഞ ചന്ദ്രബിംബത്തെപ്പോലെ.
പൂച്ച കൊക്കിൽ കുടുങ്ങിയ മുള്ള് കാറിയും ചീറ്റിയും
പുറത്തു കളയുന്നത് പോലെ ഓരോരുത്തരും പഴയ ജീവിതങ്ങൾ ഉപേക്ഷിച്ചുകൊണ്ടിരുന്നു.

വൈറസ് ഭീതിയിൽ
ഞങ്ങളെല്ലാം ചുവടുകൾ മാറ്റിയും  ഇടത്ത് ഒഴിഞ്ഞും
പുതിയ മനുഷ്യരായി .
ചിലർ നില്ക്കാൻ പഠിച്ചു;
അണുവിനെ കബളിപ്പിച്ച്
സൂത്രശാലിയായി.
ഇടത്തേ കാലിലും
വലത്തേ  കാലിലും
മാറി മാറി ഊന്നി 
കടകൾക്ക് മുന്നിൽ
ഒരു വള്ളം കളി തന്നെ നടത്തി.
രോഗാണുവിനെ  ഗോദയിൽ
എതിരെ നിറുത്തി
കളിച്ച കളിയിൽ
മനസ്സിൽ നിറഞ്ഞത് ശൂന്യത.




മാസ്ക് ധരിച്ച് എന്ത് സംസാരിക്കാൻ?
തടവറയിൽ കിടന്ന് എന്ത്  പ്രതിഭ തെളിയിക്കാൻ ?
ആരോടാണ് ഇനി
കവിതയെക്കുറിച്ച് പറയാനുള്ളത്?
മനുഷ്യവിരുദ്ധനായ
കൊറോണയെ ഭയന്ന്
ഞാൻ മരക്കൂട്ടത്തിലേക്ക്  ചെന്നു.

മരങ്ങൾ എനിക്ക്
സമാധാനം നൽകി .

മനുഷ്യരിൽ നിന്ന്
അകലുന്നത്
പവിത്രവും സദാചാരപരവുമായ
ഒരു സന്ദേശമാണോ ?

കൊല്ലുന്ന ,ഹിംസിക്കുന്ന,
ചതിക്കുന്ന,  പല മാനങ്ങളുള്ള,
നടിക്കുന്ന  മനുഷ്യരെയല്ല പിന്തുടരേണ്ടത് .
ഒരു പ്രത്യയശാസ്ത്രവുമില്ലാതെ പ്രകൃതിയിൽ  ലയിക്കുന്ന
ലതകൾ , മരങ്ങൾ ,പറവകൾ....


സായാഹ്നങ്ങളുടെ ആൽമരച്ചോട്ടിൽ ഇപ്പോൾ തിരക്കില്ല .
അശരീരിയായി ,കാറ്റിൽ
മാതൃസ്നേഹത്തിൻ്റെ കവിതകൾ.
മനുഷ്യാനുഭവങ്ങൾക്ക് വെളിയിൽ
സാന്ത്വനഗീതങ്ങൾ

മനുഷ്യന് വായിക്കാനാകാത്ത കവിതകൾ.
മനുഷ്യൻ കേൾക്കാത്ത പാട്ടുകൾ മനുഷ്യൻ വരയ്ക്കാത്ത
ചിത്രങ്ങൾ.
മനുഷ്യൻ ഓർക്കാത്ത കാലങ്ങൾ. മനുഷ്യൻ കാണാത്ത
ആകാശങ്ങൾ, അസ്തമയങ്ങൾ.

മനുഷ്യൻ വന്ന് മലിനമാക്കാത്ത
അനുഭവങ്ങളുമായി
പക്ഷികൾ
പറക്കുകയാണ്.
ആ പക്ഷികളെ
ആലിലകകളാൽ
ഛിഹ്നഭിന്നമായ
ആകാശം
ഏറ്റെടുത്തു കഴിഞ്ഞിരുന്നു .
 

BACK TO HOME

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...